top of page

മിന്നും താരങ്ങൾ I KAIROS MALAYALAM I MAY 2026

  • Writer: selmaelizabeth214
    selmaelizabeth214
  • 11 hours ago
  • 2 min read

ഏപ്രിൽ മാസത്തിൽ ബാംഗ്ലൂർ സോണിലെ ടീൻസ് ടീമിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ റോഡ് ടു ജീസസ് പ്രോഗ്രാം (RJ) അക്ഷരാർത്ഥത്തിൽ ഒത്തിരി കുഞ്ഞൻ കാര്യങ്ങൾ മനസ്സിലാക്കി തന്ന സമയമായിരുന്നു. വികൃതിയും കുസൃതിയും ഒപ്പത്തിനൊപ്പം നിൽക്കുന്ന മുന്നൂറിലധികം വരുന്ന ആൽഫാ ജനറേഷനെ ഈ വേനൽ കാലത്ത് ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ട് നിർത്തുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ 'മഹാ സംഭവങ്ങളും' മനസ്സിൽ പ്രതീക്ഷിച്ചു 'കാത്തോണേ കർത്താവേ' എന്ന പ്രാർത്ഥനയോടെയാണ് ഈ നിയോഗത്തിലേക്ക് ഞങ്ങൾ ഇറങ്ങിത്തിരിച്ചത്.


പ്രോഗ്രാമിൻ്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പിള്ളേരുടെ ഇടയിലേക്ക് എട്ടും പൊട്ടും തിരിയാത്തവരെന്ന മുൻധാരണയോടെ 'ഗൗരവക്കാരൻ' വേഷത്തിൽ ഇറങ്ങിച്ചെല്ലാനായിരുന്നു മനസ്സിലെ ആദ്യ കണക്കുകൂട്ടൽ. ആദ്യദിവസം തന്നെ മൈക്ക് കയ്യിൽ എടുത്തു സംസാരിക്കുന്നേരം അവരെ 'കയ്യിൽ എടുക്കാനായി' തമാശകലർത്തിയാണ് ഞാൻ കാര്യങ്ങൾ പറഞ്ഞത്. അതുവരെ സംസാരവും കുറേശ്ശെ അലമ്പും ഒക്കെ കാണിച്ചിരുന്ന കുട്ടികൾ ഈ ചെറിയ തമാശയും സർക്കാസവും ചേർത്ത വാക്കുകൾ അത്രയും ശ്രദ്ധയോടെ കേൾക്കുന്നതാണ് ഞാൻ കണ്ടത്. പിന്നീടങ്ങോട്ട് കുട്ടികളുമായുള്ള സമ്പർക്കം വളരെ ഈസിയായി നടക്കുന്നത് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.


ഓരോ കാര്യങ്ങൾക്ക് വേണ്ടിയും ടീമംഗങ്ങൾ ഓടിനടക്കുമ്പോൾ കുട്ടികൾ ഞങ്ങളെ കാണുമ്പോൾ 'ചേട്ടാ/ ചേച്ചി ഭക്ഷണം കഴിച്ചോ' എന്ന് ചോദിക്കുന്നു, 'ഇല്ല' എന്നാണ് ഞങ്ങൾ മറുപടി പറയുന്നതെങ്കിൽ 'നേരം കളയാതെ വേഗം പോയി കഴിക്ക് കേട്ടോ' എന്ന് ഈ 'കുഞ്ഞൻ കാരണവന്മാർ' പറയുന്നതുവരെ എത്തി ആ സ്നേഹം. അല്ലറ ചില്ലറ വികൃതിത്തരങ്ങൾ ഒക്കെ ഒപ്പിച്ച പിള്ളേരെ കാണുമ്പോഴും അവരുടെ അടുത്തിരുന്ന് ആദ്യം അവർക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാനും ശേഷം സ്നേഹത്തോടെ സംസാരിക്കാനും ചെറിയ തിരുത്തൽ നിർദ്ദേശങ്ങൾ അവരുടെ ആൽഫാ ഭാഷയിൽ പറഞ്ഞു കൊടുക്കാനും കഴിഞ്ഞത് ദൈവപരിപാലന കൊണ്ട് മാത്രം ആയിരുന്നു.വ്യക്തിപരമായി ടീനേജേഴ്സിനോട് ഇടപെടാൻ അത്ര പരിചയമില്ലാഞ്ഞിട്ടും ഈ യാത്രയെ ഇത്രയധികം മനോഹരമാക്കിയ ചില കാര്യങ്ങൾ ഇതൊക്കെ ആയിരുന്നു:

ഒന്നാമതായി, സ്വർഗ്ഗത്തിൻ്റെ കണ്ണിലൂടെ അവരെ നോക്കാൻ സാധിച്ചു. സ്നേഹത്തോടെ അവരെ കേട്ടാൽ, അവരോടു കാര്യങ്ങൾ പറഞ്ഞാൽ, ഒന്ന് തോളിൽ തട്ടിയാൽ പിന്നെ അവർ മിടുക്കരാകും. വാസ്തവത്തിൽ ഈശോ ലോകത്തെ നേടിയതും ഈ സ്നേഹത്തിൻ്റെ അടിത്തറയിലാണല്ലോ.

രണ്ടാമതായി നമ്മൾ അവരെ നോക്കുന്ന അതേ ഗൗരവത്തിൽ അവർ നമ്മളെയും നോക്കുന്നുണ്ട് എന്ന വസ്തുത. ഏറ്റവും നിസ്സാരമായി പറഞ്ഞാൽ, നമ്മൾ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ പ്രാർത്ഥിച്ചു കുരിശുവരക്കുന്നത്, ജപമാല കയ്യിൽ കൊണ്ടുനടക്കുന്നത്, മറുപടി പറയുന്ന രീതി ഒക്കെ അവർ ഫാൻബോയ് ഫാൻഗേൾ മോഡിൽ നമ്മളെ അവർ നിരീക്ഷിക്കുന്നുണ്ട്.

ആദ്യം ഇതൊരു അത്ഭുതമായി തോന്നി. പിന്നെ മനസ്സിലായി, നമ്മൾ അവരെ എത്രത്തോളം സ്നേഹത്തോടെ നോക്കുന്നോ അത്രത്തോളം താല്പര്യത്തോടെ അവർ നമ്മളെയും നോക്കും. ശരിക്കുപറഞ്ഞാൽ രണ്ട് ആംഗിളിൽ നിന്നും ഈശോ നോക്കുന്ന പോലെ. അവരിലെ ഈശോയിലേക്ക് ലീഡേഴ്സും നമ്മളിലെ ഈശോയിലേക്ക് പാർട്ടിസിപ്പൻ്റ്സും നോക്കുന്ന മനോഹരമായ അനുഭവം.ഈ പ്രോഗ്രാമിലേക്ക് ഇറങ്ങുമ്പോൾ മനസ്സിൽ ആഗ്രഹിച്ചതും പ്രോഗ്രാമിലൂടെ സംഭവിച്ചതും ഇനിയും തുടരാൻ ആഗ്രഹിക്കുന്നതുമായ കാര്യം മറ്റൊന്നുമല്ല: യൗവനത്തിൽ നമ്മൾ കണ്ടുമുട്ടിയ ഈശോയെ കൗമാരത്തിൽ ഈ കുട്ടികൾ അനുഭവിച്ചറിയണം. ജീസസ് പങ്കുവെക്കാനുള്ള സ്വപ്നവും ഇതാണ്: ടീനേജേഴ്സിനെ ഈശോയെ അറിയാൻ ഇടയാക്കുക. ദൈവസ്നേഹത്തിൽ വളരുന്ന ടീനേജേഴ്സിനെ കാണുന്നതിൽ കവിഞ്ഞ മറ്റെന്ത് സന്തോഷമാണ് സ്വർഗ്ഗത്തിന് ഉണ്ടാവുക!. എല്ലാം അറിയുന്ന, വ്യക്തിപരമായി സ്നേഹിച്ചു വഴിനടത്തുന്ന ഈശോയെ അല്ലാതെ മറ്റെന്ത് സമ്മാനമാണ് ആൽഫാ യൂത്ത് മുന്നേറ്റത്തിലൂടെ എനിക്ക് കിട്ടിയ അനുഗ്രഹത്തിന് പകരമായി നൽകാൻ എന്തുണ്ട് എന്ന് ചോദിച്ചാൽ, ജനറേഷന് സമ്മാനിക്കാൻ സാധിക്കുക. നാളത്തെ ഡൊമിനിക് സാവിയോയും കാർലോ അക്യുറ്റിസും മരിയ ഗൊരേത്തിയും മിന്നും താരങ്ങളായി നമുക്കിടയിൽ നമ്മളോടൊപ്പം ഉണ്ടെന്ന തിരിച്ചറിവിൽ പ്രാർത്ഥനയോടെ മുന്നോട്ട്.

(ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥി, ബാംഗ്ലൂർ ടീൻസ് ടീം മെമ്പർ & RJ പ്രോഗ്രാം ജനറൽ കോർഡിനേറ്റർ)

-ആൻ്റണി മഞ്ഞക്കുന്നേൽ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page