ജോക്കുട്ടൻ്റെ യാത്ര I KAIROS MALAYALAM I MAY 2026
- selmaelizabeth214
- 11 hours ago
- 2 min read

ജോക്കുട്ടൻ്റെ മുന്നിൽ ഹെലികോപ്റ്റർ വന്നു നിന്നു. ഡ്രൈവർ സീറ്റിലുണ്ടായിരുന്ന അങ്കിൾ കൈകൊണ്ട് ആംഗ്യം കാണിച്ച് അവനെ അകത്തേക്ക് വിളിച്ചു. വിളിക്കേണ്ട താമസം വലിയ സന്തോഷത്തോടെ ജോക്കുട്ടൻ ഹെലികോപ്റ്ററിൽ കയറി. വലിയ നീളമുള്ള പങ്കകറക്കി ഹെലികോപ്റ്റർ ഉയർന്നു പറക്കാൻ തുടങ്ങി. ഉയരത്തിൽ എത്തിയപ്പോൾ ഗ്ലാസിലൂടെ അവൻ പുറത്തേക്ക് നോക്കി. ഹായ് എന്തു രസം... താഴെയുള്ള മരങ്ങളെല്ലാം ചെറിയ പൂന്തോട്ടം പോലെ അവനു തോന്നി. ഹെലികോപ്റ്റർ പറന്നു പറന്ന് കായലിനു മുകളിലൂടെ പറക്കാൻ തുടങ്ങി. ചെറു വഞ്ചികളും ബോട്ടുകളുമൊക്കെ കടലാസ് വഞ്ചികൾ പോലെ കായലിൽ ഒഴുകുന്നത് ജോക്കുട്ടൻ കണ്ടു. അവൻ ദൂരേക്ക് നോക്കിയപ്പോൾ അങ്ങകലെ ചെറിയ ചെറിയ തെങ്ങിൻ തോപ്പുകളും കണ്ടു. മുകളിലുള്ള വെള്ളമേഘങ്ങൾ കയ്യെത്തും ദൂരത്തിൽ ആണെന്ന് തോന്നി.
സന്തോഷം കൊണ്ട് മതിമറന്ന അവൻ അങ്കിളിനോട് ചോദിച്ചു: "അങ്കിൾ മേഘങ്ങൾക്കിടയിലൂടെ നമുക്ക് മുകളിലേക്ക് പോകാൻ പറ്റുമോ? ഇങ്ങനെ പൊങ്ങിപ്പൊങ്ങി ദൂരേക്ക് പോയാൽ മേഘങ്ങൾക്കിടയിലൂടെ നമുക്ക് സ്വർഗ്ഗത്തിലെത്താൻ പറ്റുമോ അങ്കിൾ?" ജോക്കുട്ടൻ്റെ ചോദ്യം കേട്ട് ഡ്രൈവറങ്കിൾ അവനെ നോക്കി പുഞ്ചിരിച്ചു. "ജോക്കുട്ടന് വിമാനയാത്ര ഇഷ്ടമായോ. ജോക്കുട്ടൻ ഭാഗ്യവാനാണല്ലോ. വിമാനയാത്ര തുടങ്ങുന്ന ആദ്യദിവസം തന്നെ ആദ്യം യാത്ര ചെയ്യാൻ നറുക്കെടുപ്പിലൂടെ അവസരം കിട്ടിയ ആൾ ജോക്കുട്ടനല്ലേ, മിടുക്കൻ. ഇനി ഇടയ്ക്കൊക്കെ പപ്പയുടെ കൂടെ ഇവിടെ വിമാനയാത്രയ്ക്ക് വരണം കേട്ടോ." ജോക്കുട്ടൻ തലയാട്ടി വരാമെന്ന് പറഞ്ഞു.
പിന്നെയും പറന്നു പറന്ന് കായലിനു കുറുകെയുള്ള പാലം കടന്ന് നഗരത്തിനു മുകളിലൂടെ പറന്നു തുടങ്ങി. താഴെ വണ്ടികളെ കണ്ടപ്പോൾ അവന് അത്ഭുതം. ഉറുമ്പിൻ കൂട്ടങ്ങൾ വരിവരിയായി പോകുന്ന പോലെ അവനു തോന്നി. പിന്നീട് അവിടെയുള്ള ഒരു ദേവാലയത്തിൻ്റെ കുരിശിൻ്റെ മുകൾഭാഗം തൊട്ടടുത്ത് അവൻ കണ്ടു. വീണ്ടും ഹെലികോപ്റ്റർ പറന്നു പറന്ന് പൊന്തക്കാടുകൾക്ക് മീതെ പറന്നു. കായലിനു മീതെ പറന്നു വീണ്ടും യാത്ര തുടങ്ങിയ സ്ഥലത്ത് തിരിച്ചെത്തി. ഹെലികോപ്റ്ററിൻ്റെ വാതിൽ തുറന്നു പുറത്ത് കടക്കുമ്പോൾ വേറെയും കുട്ടികൾ കയറുവാനായി മാതാപിതാക്കളോടൊപ്പം അവിടെ നിൽക്കുന്നുണ്ടായിരുന്നു. നഗരത്തിലെ കുട്ടികളുടെ പാർക്കിൽ പുതിയതായി ആരംഭിച്ച വിമാനയാത്രയുടെ ആദ്യ ദിനമായിരുന്നു അന്ന്. ഹെലികോപ്റ്ററിൽ നിന്നിറങ്ങി അവൻ പപ്പയുടെയും അമ്മയുടെയും അടുത്തെത്തി. അവിടെ നിന്നും പപ്പയുടെയും അമ്മയുടെയും കൂടെ സ്കൂട്ടറിൽ കയറി അവർ മടങ്ങി.
തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന ഗ്രൗണ്ടിൽ പുസ്തകമേള നടക്കുകയായിരുന്നു. അവിടെ കയറിയപ്പോൾ നല്ല തിരക്കായിരുന്നു. പുസ്തകങ്ങൾ കണ്ടുകൊണ്ട് നടക്കുമ്പോൾ ഈശോയുടെ അത്ഭുതങ്ങളുടെ ചിത്രകഥ കണ്ടപ്പോൾ ജോക്കുട്ടന് അതു വേണം. അമ്മ പുസ്തകം കയ്യിലെടുത്ത് തുറന്നു നോക്കി. നിറയെ പലവർണ്ണങ്ങളിലുള്ള ചിത്രങ്ങൾ. കുട്ടികൾക്ക് പറ്റിയ പുസ്തകം തന്നെ. അവർ ഒരെണ്ണം വാങ്ങി ജോക്കുട്ടൻ്റെ കയ്യിൽ കൊടുത്തു. അമ്മയും വാങ്ങി ഒന്നുരണ്ട് പുസ്തകങ്ങൾ. പുസ്തകമേളയും കഴിഞ്ഞ് വീണ്ടും അവർ യാത്ര തുടർന്നു. പോകുംവഴി ജോക്കുട്ടൻ പപ്പയോട് ചോദിച്ചു: "പപ്പാ, നെയ്റോസ്റ്റും വെള്ളച്ചമ്മന്തിയും കഴിച്ചാലോ?" ഇതു ചോദിച്ചു കൊണ്ട് അവൻ അമ്മയെ നോക്കി. കാര്യം മനസ്സിലായ അമ്മ തലയാട്ടിച്ചിരിച്ചു. പുറത്തെവിടെയെങ്കിലും യാത്ര പോയാലോ, കറങ്ങാൻ പോയാലോ മടങ്ങും വഴി ഒരു നെയ്റോസ്റ്റും വെള്ളച്ചമ്മന്തിയും വേണം. അവൻ്റെ ഇഷ്ടഭക്ഷണമാണത്. അതറിയാമായിരുന്ന അവൻ്റെ പപ്പ സ്കൂട്ടർ ഓടിച്ച് ഹോട്ടലിനു മുന്നിലെത്തി. പതിവുപോലെ നെയ്റോസ്റ്റും വെള്ളച്ചമ്മന്തിയും കഴിച്ച് അവർ വീട്ടിലേക്ക് മടങ്ങി.
അവധിക്കാലമായതിനാൽ പലപല പരിപാടികളാണ് ജോക്കുട്ടൻ്റെ ഫാമിലി പ്ലാൻ ചെയ്തിരിക്കുന്നത്. അടുത്തയാഴ്ചയിലാണ് മുത്തച്ഛൻ്റെയും മുത്തശ്ശിയുടെയും കൂടെ തറവാട്ടിൽ എല്ലാവരും ഒരുമിച്ചു കൂടുന്നത്. അങ്കിളും ആൻ്റിയും കസിൻസും എല്ലാവരും വരും. അടിച്ചുപൊളിക്കുവാനുള്ള ദിവസമാണത്. ഈ അവധിക്കാലത്ത് ദേവസഹായം പിള്ളയുടെ അടുക്കൽ പോകാമെന്ന് പപ്പ പറഞ്ഞിട്ടുണ്ട്. കൂടാതെ ജോക്കുട്ടൻ്റെ ലിസ്റ്റിലുള്ള ഒരു പരിപാടി കൂടിയുണ്ട്. അത് അവനിഷ്ടപ്പെട്ട ബീച്ചാണ്. ബീച്ചിൽ പോയി തിരയിൽ കളിക്കാനും ഓടിച്ചാടി നടക്കാനുമൊക്കെ അവനു വളരെ ഇഷ്ടമാണ്. ഇതിനെല്ലാത്തിനും പുറമേ ഏറ്റവും വലിയ ആഘോഷം നടക്കാനിരിക്കുന്നത് അടുത്തമാസമാണ്. ജോക്കുട്ടനും കുടുംബവും അതിനായി വളരെ ആഗ്രഹത്തോടെ കാത്തിരിക്കുകയാണ്. അടുത്തമാസമാണ് ജോക്കുട്ടൻ്റെ ആദ്യകുർബാന സ്വീകരണം. ആദ്യമായി ഈശോയെ നാവിൽ സ്വീകരിക്കുവാൻ വേണ്ടിയുള്ള ഒരുക്കത്തിൻ്റെ നാളുകളായിരുന്നു.
-സെറീന്‍ ഏഞ്ചല്‍



Comments