top of page

'പ്രതീക്ഷ' നമ്മെ പ്രചോദിതരാക്കുന്നു I KAIROS MALAYALAM I MAY 2026

  • Writer: selmaelizabeth214
    selmaelizabeth214
  • 11 hours ago
  • 2 min read

ഈയടുത്തനാളിൽ കണ്ട ഒരു സിനിമയാണ് ഹോപ്പ്. ലോഗോസ് ഫിലിംസിൻ്റെ ഒരു സിജോയ് വർഗീസ് ചിത്രം. ക്രിസ്തീയത പ്രായോഗികമാക്കുമ്പോൾ സമൂഹത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളെ HOPE ൽ തുറന്നുകാട്ടുന്നു.


അനുദിന ജീവിതത്തിൽ ദൈവത്തിൽ ആശ്രയിക്കുമ്പോഴും ആശ്രയിക്കാതിരിക്കുമ്പോഴും ഉണ്ടാകാവുന്ന വ്യത്യസ്ത സാധ്യതകളെ ഈ സിനിമ നമ്മെ പരിചയപ്പെടുത്തുന്നു. പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിലുള്ള ആശ്രയത്വം ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളും അതുവഴി സമൂഹത്തിൽ ഉണ്ടാകുന്ന പരിവർത്തനങ്ങളും ഛിദ്രശക്തികളെ അത് എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നും സിനിമ നമ്മെ ഓർമ്മപ്പെടുത്തുന്നു. ദൈവവചനത്തിൻ്റെ പ്രാധാന്യത്തെ നിരവധി സംഭവങ്ങളിലൂടെ വ്യക്തമാക്കുന്ന ഈ ചിത്രത്തിൻ്റെ നിരൂപണം അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഇത്തരം ചിത്രങ്ങളുടെ ആവശ്യകത എടുത്തു പറയാൻ ആഗ്രഹിക്കുന്നു.


ഒരു ധ്യാനത്തിൽ പങ്കെടുത്തു കിട്ടുന്ന ആത്മീയ അനുഭവങ്ങൾ ഈ സിനിമ നമുക്ക് നൽകുന്നുണ്ട്. അതിനാൽ തന്നെ സൺഡേ സ്കൂളുകളിലും യുവജന കൂട്ടായ്മകളിലും ഈ സിനിമ ചെലുത്തുന്ന സ്വാധീനം വളരെ വലുതായിരിക്കും. എല്ലാ രൂപതകളിലെയും വിശ്വാസ പരിശീലന വിഭാഗവും യുവജന വിഭാഗവും ഈ സിനിമ തങ്ങളുടെ മേഖലകളിൽ പ്രദർശിപ്പിക്കുന്നത് വലിയ ആത്മീയ ഉണർവിന് കാരണമാകും. പ്രസ്തുത മേഖലയിലെ നിരവധി പ്രശ്നങ്ങൾക്ക് ഈ സിനിമ ഉത്തരം നൽകും.

ദൈവവചനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി എത്രയോ ക്വിസ് പരമ്പരകളും അതുപോലെ മറ്റു പരിപാടികളും സംഘടിപ്പിക്കുന്നു. ഉദ്ദേശിക്കുന്ന ഫലം അവയിലൂടെ ഉണ്ടാകുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടതാണ്. എന്നാൽ ഈ ചിത്രം ദൈവവചനത്തിന് ജീവിതത്തിൽ എത്രമാത്രം പ്രാധാന്യം ഉണ്ടെന്ന് വ്യക്തമായി കാഴ്ചക്കാരെ ബോധ്യപ്പെടുത്തുന്നു. യുവജന സംഘടനകളും പ്രാർത്ഥനാ ഗ്രൂപ്പുകളും ഈ സിനിമയെ പ്രമോട്ട് ചെയ്യണം.


എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവയെ തിരുത്തി, ഈ വിധത്തിലുള്ള നിരവധി സിനിമകൾ സമൂഹത്തിൽ ഉണ്ടാകണം. പുതുതലമുറയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് സിനിമയാണ്. കാഴ്ചപ്പാടുകളിൽ വലിയ മാറ്റമാണ് സിനിമ വരുത്തുന്നത്. ഇറങ്ങിയ സിനിമ സാമ്പത്തിക ലാഭം നേടിയാൽ മാത്രമാണ് കൂടുതൽ സിനിമകൾ ഈ മേഖലയിൽ സൃഷ്ടിക്കപ്പെടുകയുള്ളൂ. സഭയുടെ ആത്യന്തിക ലക്ഷ്യവും സുവിശേഷപ്രഘോഷണം മാത്രമായതിനാൽ അതിന് ശക്തമായ പ്രചോദനം നൽകുന്ന ഇത്തരം സിനിമകളുടെ നിർമ്മാണത്തിന് ഏറെ പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു.


FCRA എന്താ കുഴപ്പം?


ഇന്ന് കേരളത്തിൽ വലിയ ചർച്ചാവിഷയം ആയിരിക്കുന്ന എഫ് സി ആർ എ (FCRA) നടപ്പിലാക്കിയാൽ സത്യസന്ധമായി കാര്യങ്ങൾ നടത്തുന്നവർക്ക് എന്താണ് കുഴപ്പം എന്ന് പലരും ചോദിക്കുന്നു. വിദേശത്തുനിന്ന് വരുന്ന പണം ശരിയല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക് അല്ലേ പ്രശ്നമുള്ളത് എന്ന് പലരും ചോദിക്കുന്നു. ഒറ്റനോട്ടത്തിൽ അത് ശരിയെന്ന് തോന്നാം.


നമ്മുടെ ഒട്ടനേകം ദേവാലയങ്ങളും സ്ഥാപനങ്ങളും പണിതിരിക്കുന്നത് വിദേശ ഫണ്ട് കൂടി ഉപയോഗിച്ചാണ്. ഒരു സ്ഥാപനത്തിന് വന്ന ഫണ്ടിൽനിന്നും അല്പം പോലും മറ്റൊരു സ്ഥാപനത്തിന് നൽകരുതെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയുമോ? ഏതൊരു സ്ഥാപനവും നാട്ടുകാരുടെ വിഹിതം കൂടി ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. സ്കൂൾ, പള്ളി, അനാഥാലയങ്ങൾ തുടങ്ങിയവയുടെ മേൽ ഈ ഫണ്ടിൻ്റെ പേരിൽ സർക്കാരിന് അധികാരം ഉണ്ടെന്നു പറയുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിൻ്റെ മേലുള്ള അവകാശലംഘനമായി മാറിയില്ലേ?

ഈ സ്ഥാപനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ കണ്ടാൽ സർക്കാരിന് അത് ഏറ്റെടുക്കാനുള്ള നിയമ ഭേദഗതി മതസ്വാതന്ത്ര്യത്തിന് വിരുദ്ധമായി മാറുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥന് ഒരു സ്ഥാപനത്തോട് വിരോധം തോന്നിയാൽ വളരെ നിസ്സാരമായ കാരണങ്ങൾ ചുമത്തി മുഴുവൻ സ്വത്തുവകകളും സർക്കാരിലേക്ക് കണ്ടു കെട്ടാനുള്ള സാഹചര്യത്തെ തീർച്ചയായും നാം ഭയപ്പെടുക തന്നെ വേണം.


വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ ഒട്ടനവധി കാര്യങ്ങളാണ് സഭ ചെയ്യുന്നത്. യഥാർത്ഥത്തിൽ സർക്കാരാണ് ഇത് ചെയ്യേണ്ടത്. സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് വലിയ സഹായമാണ് സഭ നൽകുന്നത്. അതിനെ ശ്ലാഘിക്കുന്നതിനു പകരം അതിൻ്റെ പ്രവർത്തനങ്ങളിൽ കൈകടത്തുന്നത് മതങ്ങൾക്കും വ്യക്തികൾക്കും ഭരണഘടന ഉറപ്പു കൊടുക്കുന്ന സ്വാതന്ത്ര്യത്തെ നിയന്ത്രിക്കലാണ്. വിദേശ ഫണ്ടിൽ നല്ലൊരു ഭാഗവും വിദേശത്ത് ജോലി ചെയ്യുന്ന സഭാംഗങ്ങളുടേതാണ്.ക്രൈസ്തവർക്ക് മാത്രമാണ് ഈ നിയമഭേദഗതിയോട് എതിർപ്പുള്ളത്, ഹിന്ദു മുസ്ലിം സംഘടനകൾ എന്തുകൊണ്ട് എതിർപ്പില്ല എന്ന് ചോദിക്കുന്നവരെ കാണാം. സാമാന്യം സത്യസന്ധമായി ക്രൈസ്തവ സഭകൾ ഇക്കാര്യം കൈകാര്യം ചെയ്യുന്നതുകൊണ്ടും ബില്ലിൻ്റെ വീഴ്ചകൾ നിയമപരമായി മനസ്സിലാക്കിയതുകൊണ്ടുമാണ് കത്തോലിക്കാ സഭ എഫ് സി ആർ എ ബിൽ ഭേദഗതി കൂടുതൽ ചർച്ചയ്ക്ക് വയ്ക്കണമെന്ന് ചൂണ്ടിക്കാണിക്കുന്നത്. ഒരു ബിൽ അവതരിപ്പിക്കുമ്പോൾ വേണ്ടത്ര ചർച്ച നടത്താതെയും സെലക്ട് കമ്മിറ്റിക്ക് വിടാതെയും പാസാക്കാൻ ശ്രമിക്കുന്നതിൻ്റെ പിന്നിൽ അധികാരത്തിൻ്റെ അഹങ്കാരമുണ്ട്. ഞങ്ങൾ നിയമങ്ങൾ പാസാക്കും വേണമെങ്കിൽ ഞങ്ങൾക്ക് കീഴടങ്ങി ഞങ്ങളെ അനുസരിച്ച് ജീവിച്ചു കൊള്ളൂ എന്ന് ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യ സർക്കാരിനു യോജിച്ചതല്ല.


-സണ്ണി കോക്കാപ്പിള്ളില്‍

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page