'ഈ കുട്ടി പപ്പടം ചോദിച്ചു; ആ കുട്ടി പപ്പടം കൊടുത്തില്ല.'I KAIROS MALAYALAM I MAY 2026.
- selmaelizabeth214
- 12 hours ago
- 2 min read

വാക്കുകൾക്ക് ഒരാളെ ഉണർത്തുവാനും ജീവൻ പകരാനും ശക്തിയുണ്ടെന്ന കാര്യം നമുക്കേവർക്കുമറിയാം. തളർന്നിരിക്കുന്നവരെ ശക്തിപ്പെടുത്താനും തകർന്നിരിക്കുന്നവരെ ആശ്വസിപ്പിക്കാനും മുന്നോട്ട് നീങ്ങാൻ പ്രചോദിപ്പിക്കുന്നതും വാക്കുകൾ തന്നെ. കൗൺസിലിംഗ് മേഖലയിലുള്ളവരുടെ പ്രവർത്തനവും സംസാരവുമൊക്കെ ഇതിനു നല്ലൊരു ഉദാഹരണമാണ്. ഈ മേഖലയിൽ അല്ലെങ്കിൽ പോലും എത്രയോ ആളുകളാണ് തങ്ങളുടെ നല്ല സംസാരത്തിലൂടെ മനുഷ്യരെ ചേർത്ത് പിടിക്കുന്നതും സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമൊക്കെ നയിക്കുന്നതും. ഇതൊരു കഴിവ് തന്നെയാണ്, കഴിവ് എന്നതിനേക്കാൾ ദൈവിക കൃപയാണിത്. ആഗ്രഹമുണ്ടെങ്കിലും ഒരുപക്ഷേ അതുപോലെ സംസാരിക്കുവാൻ സാധിക്കണമെന്നില്ല. ചില ആളുകളുടെ സംസാരരീതിക്ക് ഒരു മാജിക്കൽ പവറുള്ളതായും നമുക്ക് അറിയാൻ സാധിക്കും.
ജീവിതയാത്രയിൽ ശരിയായ തീരുമാനങ്ങളെടുക്കാനും കൺഫ്യൂഷൻ ഉണ്ടാകുമ്പോൾ വേണ്ടതെന്താണെന്നും ശരിയായ കാര്യങ്ങളെന്തെന്നും ഗ്രഹിക്കാനും ചിലരുടെ സംസാരരീതി നമുക്കേറെ സഹായകമാകുന്നുണ്ട്. ശാന്തമായും സൗമ്യമായും പ്രചോദനാത്മകമായും സംസാരിക്കുന്ന അത്തരം ആളുകളുടെ അടുത്തേക്ക് എത്തുവാനും സമയം ചെലവിടാനും ആശയവിനിമയം നടത്താനും ആളുകൾക്ക് താല്പര്യമുണ്ടാവും. മനുഷ്യജീവിതത്തിൽ നിരവധി ആളുകൾക്കിടയിലും കൂട്ടായ്മകൾക്കിടയിലും ഇത്തരം അനുഭവങ്ങൾ കാണാൻ സാധിക്കും. കുടുംബയൂണിറ്റുകൾ, കുടുംബശ്രീ തുടങ്ങിയ സൗഹൃദ കൂട്ടായ്മകളും സാമൂഹിക കൂട്ടായ്മകളുടെയൊക്കെ ഇത്തരം രീതിയിൽ ആളുകൾക്കിടയിൽ മോട്ടിവേഷൻ ലഭിക്കുന്ന ഇടങ്ങളായും മാനസിക സംഘർഷമില്ലാതെ ഉല്ലാസമനുഭവിക്കുവാനുമൊക്കെ സാധിക്കുന്ന ഇടങ്ങളായി മാറുന്നത് ഏറെ അനുഗ്രഹപ്രദമാണ്. പറഞ്ഞുവരുന്നത് വാക്കുകളുടെ ശക്തിയും മനോഹാരിതയുമാണ്. ഹീലിംഗ് പവറുള്ള ഔഷധം പോലെയും പലപ്പോഴും വാക്കുകൾ മാറാറുണ്ട്.
വീട്ടിലെത്തിയ ഭർത്താവ് ഭാര്യയെ കാണാതിരുന്നത് മൂലം എവിടെപ്പോയി എന്ന ചിന്തയിൽ കാത്തിരിക്കുകയായിരുന്നു. അല്പനേരം കഴിഞ്ഞ് തിരിച്ചെത്തിയ ഭാര്യയോട് ഭർത്താവിൻ്റെ ചോദ്യം: "നീ ഇതെവിടെപ്പോയി കിടക്കുകയായിരുന്നു?" ചോദ്യം കേട്ട ഭാര്യ ഉടനടി മറുപടി നൽകി: "അവിടെയും ഇവിടെയുമൊക്കെ കിടക്കാൻ പോകുന്നത് ഞങ്ങളുടെ സ്വഭാവമല്ല. അതു നിങ്ങളുടെ കുടുംബത്തിലെ സ്വഭാവമായിരിക്കും." ഇത്തരമൊരു സാഹചര്യത്തിൽ പിന്നീടെന്താണ് അവിടെ സംഭവിക്കാൻ പോകുന്നതെന്ന് നമുക്കൂഹിക്കാവുന്നതാണ്.
ഒരു പ്രത്യേക സാഹചര്യത്തിൽ, ചെയ്യാനായി പറഞ്ഞേൽപ്പിച്ച കാര്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നറിയാൻ അന്വേഷിച്ചപ്പോൾ ചെയ്തിട്ടില്ല എന്നറിയുന്ന നേരത്ത്, "നിന്നോടൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല, ബോധമില്ലാത്ത കഴുതകൾ, വെറുതെ മനുഷ്യൻ്റെ സമയം മെനക്കെടുത്താൻ..." ഇങ്ങനെ പറയുന്നതിൻ്റെയും കാര്യങ്ങൾ ചെയ്തിട്ടില്ല എന്നറിയുമ്പോൾ മുമ്പ് സൂചിപ്പിച്ചതുപോലെയുള്ള ദേഷ്യവും നിരാശയും നിറഞ്ഞ ആത്മഗതങ്ങൾ പറയാതെയും അവരെ ശകാരിക്കാനോ പുലഭ്യം പറയാനോ നിൽക്കാതെയും, ചെയ്യേണ്ട കാര്യങ്ങളിലേക്ക് ശ്രദ്ധിക്കുകയും അത് പ്രാവർത്തികമാക്കാനായി ശാന്തമായും സമാധാനമായും കർമ്മപഥങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണോ ഉചിതം. വഴക്കും ചീത്തയുമൊക്കെ കേൾക്കുവാൻ ആരാണിഷ്ടപ്പെടുക. തെറ്റ് പറ്റിയെങ്കിൽ പോലും അവരെ മനസ്സിലാക്കി, ചേർത്തു നിർത്തി, നല്ല വാക്കുകളിലൂടെ സംസാരിച്ച് അത്ഭുതകരവും ഗുണപരവുമായ കാര്യങ്ങളിലേക്ക് നീങ്ങുന്നത് വലിയൊരു കാര്യം തന്നെയാണ്.
"നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കണം.(" കൊളോസോസ് 4:6). നമ്മുടെ പരസ്പര സംസാരം ഹൃദ്യമായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. "സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു; പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു." (സുഭാഷിതങ്ങൾ 15:1). സംസാരിക്കുമ്പോഴും പ്രത്യേകിച്ച് മറുപടി പറയുമ്പോഴുമുള്ള അവസരങ്ങളിൽ ഉളവാകേണ്ട സൗമ്യതയെയും ശാന്തതയെയും കുറിച്ചാണ് ഇവിടെ നമ്മെ ഓർമ്മപ്പെടുത്തുന്നത്.
ഏത് മേഖലയെടുത്താലും അത് കുടുംബത്തിലായാലും ജോലിയിടങ്ങളിലായാലും വിദ്യാലയങ്ങളിലായാലും രാജ്യങ്ങൾ തമ്മിലും ഭരണകർത്താക്കൾ തമ്മിലും ആശയവിനിമയം നടത്തുമ്പോൾ ഇക്കാര്യം ഏറെ പ്രസക്തമാണ്. "ഈ കുട്ടി പപ്പടം ചോദിച്ചു; ആ കുട്ടി പപ്പടം കൊടുത്തില്ല." വലിയ അക്രമം നടക്കുന്നതിനിടയിൽ കാരണം അന്വേഷിക്കുന്ന ഒരാളോട് മറുപടി നൽകുന്ന, 'വാഴ' എന്ന സിനിമയിലെ ഈ ഡയലോഗ് ഇവിടെ ഓർത്തുപോകുന്നു.
ഇത് വായിക്കുന്ന നമ്മൾ ഓരോരുത്തരുടേയും മനസ്സിലൂടെ നമുക്കറിയാവുന്ന എത്രയോ ഉദാഹരണങ്ങൾ ഇപ്പോൾ വന്നുപോയിട്ടുണ്ടാകും. രാഷ്ട്രീയ മേഖലയിൽ നിത്യേന കാണാൻ കഴിയുന്ന കാര്യമാണിത്. പത്രത്തിലും ടിവിയിലുമൊക്കെ നമ്മൾ കാണുന്നതും കേൾക്കുന്നതും ഇതുതന്നെയാണ്. നേതാക്കൾക്കിടയിലുള്ള അവിവേകപൂർണ്ണവും ശത്രുത നിറഞ്ഞതുമായ സംസാരരീതികളും അതിന് ചുട്ട മറുപടി കൊടുക്കുന്ന മറ്റു പാർട്ടിയിലുള്ളവരും. ഇവരുടെ വർത്തമാനത്തിൻ്റെ രീതികളും ഇവർക്കിടയിലെ കോപ്രായങ്ങളും കാണാനും കേൾക്കാനും ഒക്കെയാണ് പലപ്പോഴും മാധ്യമങ്ങൾ നമ്മെ 'സഹായിക്കുന്നത്'.
ചുരുക്കത്തിൽ, വാക്കുകളും സംസാരവുമൊക്കെ ഒരു കലയാണ്. അത് പഠിക്കുക തന്നെ വേണം. നിരവധി ആളുകളുമായി ഇടപെടുന്നതിലൂടെയും വായനയിലൂടെയുമൊക്കെ ഇത് നമുക്ക് സ്വായത്തമാക്കിയെടുക്കാവുന്നതാണ്. ആളുകളെ കേൾക്കാനും സ്നേഹത്തിലും പ്രചോദനാത്മകമായും സംസാരിക്കാനും നമുക്കാവട്ടെ.
"നമ്മെ അനുസരിക്കുന്നതിനുവേണ്ടി കുതിരയുടെ വായിൽ കടിഞ്ഞാൺ ഇടുമ്പോൾ, അതിൻ്റെ ശരീരം മുഴുവനെയും നാം നിയന്ത്രിക്കുകയാണു ചെയ്യുന്നത്. വളരെ വലുതും, ശക്തമായ കാറ്റിനാൽ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിൻ. വളരെ ചെറിയ ചുക്കാൻ ഉപയോഗിച്ച്, ആഗ്രഹിക്കുന്ന സ്ഥലത്തേക്കു കപ്പിത്താൻ അതിനെ നയിക്കുന്നു. അതുപോലെ, നാവ് വളരെ ചെറിയ അവയവമാണ്. എങ്കിലും അതു വൻപു പറയുന്നു. ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണു ചാമ്പലാക്കുക! (യാക്കോബ് 3:3-5.)
-സാജൻ സി എ



Comments