“ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്തായി 5:8) I KAIROS MALAYALAM I MAY 2026
- digital974
- May 20
- 2 min read

ഒരു ആത്മപരിശോധന; എൻ്റെ ജീവിതത്തിൽ ഞാൻ ആരാണ്?
യേശുവിൻ്റെ ഈ വാക്കുകൾ-, "ഹൃദയം ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ''- ഒരു നൈതിക നിർദ്ദേശമല്ല; അത് നമ്മുടെ ഉള്ളിലെ സത്യത്തെ തുറന്ന് കാണിക്കാൻ നമ്മെ ക്ഷണിക്കുന്ന ഒരു സ്വരമല്ലേ. മറ്റുള്ളവരുടെ മുൻപിൽ സ്വതവേ കാണുന്ന ആ വ്യക്തി തന്നെയാണോ ഞാൻ! അല്ലെങ്കിൽ ആരും കാണാത്തപ്പോൾ എൻ്റെ യഥാർത്ഥ രൂപം എന്ത്?
ഇത്തരം ചില ചോദ്യങ്ങൾ നാം സ്വയം ചോദിക്കുന്നത് നല്ലതല്ലേ? അവ നമ്മെ അല്പം അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ, അതും നല്ലതാണ്. കാരണം ഹൃദയശുദ്ധിയിലേക്കുള്ള ആദ്യ ചുവട് വയ്പ്പാണത്. ഹൃദയശുദ്ധി എന്നത് ഒരു "ക്ലീൻ" ജീവിതം മാത്രമല്ല; അത് ഒരു "അഖണ്ഡമായതും സമഗ്രമായതുമായ" ജീവിതമാണ്. ഇംഗ്ലീഷിൽ പറയുന്നതുപോലെ Integrity എന്നത് ഉള്ളിലും പുറത്തും ഒരേപോലെയായിരിക്കുന്നതാണ്; മുഖംമൂടികളില്ലാതെ ജീവിക്കുക; കപടതയില്ലാത്ത സത്യസന്ധത. "ആരും കാണുന്നില്ലെങ്കിലും ശരി ചെയ്യുക" എന്നതിന് അസാമാന്യ ധൈര്യം ആവശ്യമാണ്. ഒരു ശുദ്ധഹൃദയം ഒരിക്കലും കപടതയുള്ള ഒരു ഇരട്ട ജീവിതം നയിക്കില്ല. അത് ദൈവത്തിനും ലോകത്തിനും ഇടയിൽ പൊരുത്തക്കേട് സൃഷ്ടിക്കില്ല. പാപത്തിന് എതിരായ നമ്മുടെ യഥാർത്ഥ പോരാട്ടം പലപ്പോഴും പുറത്തല്ല ആരംഭിക്കുന്നത്, മറിച്ച് അത് ഉള്ളിൽ സംഭവിക്കുന്നു.
ഒരുപക്ഷേ ചെറിയ ഒരു അസത്യത്തിൽ... മറച്ചുവെച്ച ഒരു ആഗ്രഹത്തിൽ...ഒരു സ്വാർത്ഥമായ തീരുമാനം... ഒരു അഹങ്കാര ചിന്തയിൽ...അവിടെ നിന്നാണ് ഹൃദയം മങ്ങിത്തുടങ്ങുന്നത്. ഇന്നത്തെ ലോകം നമ്മെ പഠിപ്പിക്കുന്നത് "നീ എങ്ങനെ കാണപ്പെടുന്നു?" എന്നതാണ്. എന്നാൽ ദൈവം ചോദിക്കുന്നത്: "നീ ഉള്ളിൽ ആരാണ്? നീ എന്തായിരിക്കുന്നു?" There is a lot of difference between Being and Doing. നമ്മൾ പലപ്പോഴും നല്ല ഇമേജ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മറ്റുള്ളവരുടെ അംഗീകാരം തേടുന്നു, നമ്മുടെ യഥാർത്ഥ അവസ്ഥ മറയ്ക്കുന്നു. അവിടെ തന്നെയാണ് ഹൃദയശുദ്ധി തകരുന്നത്. ഹൃദയത്തിൻ്റെ നിശ്ശബ്ദതയിൽ ഒരു നിമിഷം ശാന്തമായി ഇരുന്ന് ചിന്തിച്ചു നോക്കൂ... ഞാൻ പറയുന്ന വാക്കുകൾക്കും ഞാൻ ജീവിക്കുന്ന ജീവിതത്തിനും തമ്മിൽ അന്തരമോ അകലമോ ഉണ്ടോ? ഞാൻ കാണിക്കുന്ന വിശ്വാസവും ഞാൻ ഉള്ളിൽ കരുതുന്ന ആഗ്രഹങ്ങളും തമ്മിൽ ഒത്തുപോകുന്നുണ്ടോ?
ഞാൻ ദൈവത്തോടും മറ്റുള്ളവരോടും എന്നോട് തന്നെയും സത്യസന്ധനാണോ? ഈ ചോദ്യങ്ങൾ ഒരുപക്ഷേ അസ്വസ്ഥത സൃഷ്ടിക്കും. പക്ഷേ ആ അസ്വസ്ഥത തന്നെയാണ് ആത്മാവിൻ്റെ ഉണർവ്വ്. അവിടെ നമുക്ക് ഹൃദയശുദ്ധിയിലേക്കുള്ള ഒരു വാതിൽ തുറക്കുന്നത് കാണാം. സത്യത്തിൽ ഹൃദയശുദ്ധി വളരെ ചെറുതായി തുടങ്ങുന്ന ഒന്നാണ്. അത് വലിയ തീരുമാനങ്ങളിൽ മാത്രം പ്രകടമാകുന്ന ഒന്നല്ല; അത് ചെറുതായ കാര്യങ്ങളിൽ വളരുന്ന ഒന്നാണ്. ആരും ശ്രദ്ധിക്കാത്തപ്പോൾ നീ എന്ത് തിരഞ്ഞെടുക്കുന്നു? എളുപ്പവഴിയിലൂടെ ക്രിയ ചെയ്തു പോകുന്ന തെറ്റിനെ ഒഴിവാക്കി കഠിനമായ ശരിയുടെ പാത തിരഞ്ഞെടുക്കുന്ന നിമിഷങ്ങൾ. നിൻ്റെ മനസ്സിൽ മാത്രം നടക്കുന്ന പോരാട്ടങ്ങൾ, വലിയ യുദ്ധങ്ങൾ. അവിടെ തന്നെയാണ് ഹൃദയം ശുദ്ധമാകുന്നത്. വീഴ്ചയും വീണ്ടെടുപ്പും സംഭവിക്കുന്നത്.
ശുദ്ധഹൃദയമുള്ളവരാകുന്നത് ഒരിക്കലും വീഴാത്തവരല്ല. പക്ഷേ വീണപ്പോൾ സ്വയം മറയ്ക്കാതെ ദൈവതിരുമുമ്പിൽ വരുന്നവരാണ്. ഹൃദയശുദ്ധി എന്നത് പിഴവ് മറയ്ക്കുന്നതല്ല മറിച്ച് അത് സമ്മതിക്കുന്നതാണ്. വീണ്ടും ഉയിർക്കാൻ തയ്യാറാകുന്നതാണ്. ദൈവം പൂർണ്ണരായ ആളുകളെ അന്വേഷിക്കുന്നില്ല; അവൻ സത്യസന്ധരായ ഹൃദയങ്ങളെയാണ് അന്വേഷിക്കുന്നത്.
അതുകൊണ്ടാണ് ഈ വചനത്തിൻ്റെ രണ്ടാം ഭാഗത്തിൽ "അവർ ദൈവത്തെ കാണും" എന്ന് പറയുന്നത്. ഒരു ശുദ്ധഹൃദയത്തിന് ഒരു പ്രത്യേക കാഴ്ചശക്തിയുണ്ട്. അത് കണ്ണുകൊണ്ട് മാത്രം കാണുന്നില്ല; അത് ഹൃദയം കൊണ്ട് കാണുകയും ഹൃദയങ്ങളെ കാണുകയും ചെയ്യുന്നു. പ്രാർത്ഥനയിൽ ദൈവം ജീവിച്ചിരിക്കുന്നവനായി അനുഭവപ്പെടുന്നു. ജീവിതത്തിലെ ചെറിയ സംഭവങ്ങളിൽ അവന്റെ സ്പർശനം കാണാനും മനുഷ്യരിൽ ദൈവത്തിൻ്റെ രൂപം തിരിച്ചറിയാനും സാധിക്കുന്നു. ഹൃദയം മങ്ങിയാൽ ദൈവം ദൂരെയായി തോന്നും. ഹൃദയം ശുദ്ധമായാൽ- ദൈവം മറഞ്ഞിരിക്കുന്നവനല്ല; അവൻ തെളിഞ്ഞുനിൽക്കുന്നവനാണ്.
ചുരുക്കത്തിൽ മുഖംമൂടികൾ തിരിച്ചറിയാനും പറിച്ച് കളയാനുമുള്ള ധൈര്യമാണ് ഹൃദയശുദ്ധിയുടെ കവാടം. അത് ഒരു നിയമപാലന പ്രക്രിയ അല്ല; മറിച്ച് അത് ഒരു ധൈര്യമാണ്. സ്വയം നേരിടാനും സ്വയം ആയിരിക്കാനുമുള്ള ധൈര്യം. സത്യത്തിൽ നിലനിൽക്കാനുള്ള ധൈര്യം, ദൈവത്തിനു മുന്നിൽ യഥാർത്ഥമായിരിക്കാനുള്ള ധൈര്യം. ഇന്നത്തെ ലോകം നമ്മോട് പല മുഖങ്ങൾ ധരിക്കാൻ ആവശ്യപ്പെടുന്നു. പക്ഷേ യേശു നമ്മോട് പറയുന്നു: "മുഖംമൂടി മാറ്റി വാ... ഞാൻ നിന്നെ അതുപോലെ തന്നെ കാണുന്നു." അവിടെ നിന്നാണ് ഹൃദയം ശുദ്ധമാകുന്നത്. അവിടെ നിന്നാണ് അഖണ്ഡതയും വ്യക്തിത്വത്തിലെ സമഗ്രതയും ആരംഭിക്കുന്നത്. അവിടെ നാം ദൈവത്തെ കാണാൻ തുടങ്ങുന്നു.
- ലിയോ ടോം, തൃശൂർ
..............................................................



Comments