top of page

ഹൃദയശുദ്ധിയുടെ സുവിശേഷകർ I KAIROS MALAYALAM I MAY 2026

  • digital974
  • May 20
  • 3 min read

എഴുതപ്പെടാതെ പോയ ഒരു സുവിശേഷമുണ്ട് സുവിശേഷത്തിൽ ! മൗനം ഘനീഭവിച്ചതെന്ന് തോന്നിപ്പിക്കുമെങ്കിലും ആ സുവിശേഷത്തിന് എന്തൊരു മുഴക്കമാണ് ! വർണ്ണങ്ങളൊന്നുമില്ലാത്ത ബ്ലാക്ക് & വൈറ്റ് എന്ന് തോന്നിപ്പിക്കുമെങ്കിലും ആ സുവിശേഷത്തിന് എന്തൊരു അഴകാണ് ! എല്ലാ സുവിശേഷങ്ങളും ഇതൾ വിടർത്തിയത് ആ സുവിശേഷത്തിലാണ്. ആ സുവിശേഷമാണ് കരുണയാൽ മറിയത്തെ മരണത്തിൽ നിന്ന് വീണ്ടെടുത്തത്. ആ സുവിശേഷമാണ് 'ഗർഭസ്ഥദൈവത്തിന്' കാവലാളായത്. ആ സുവിശേഷമാണ് തീ പിടിച്ച ഹൃദയവുമായി പ്രിയതമയെയും പുത്രനെയും കൊണ്ട് പരക്കം പാഞ്ഞത്. ആ സുവിശേഷമാണ് മാംസം ധരിച്ച വചനത്തിന് അപ്പനും അപ്പവുമായത്.


ലളിതമായി സംഗ്രഹിച്ചാൽ ആ സുവിശേഷത്തെ ഹൃദയശുദ്ധിയുടെ സുവിശേഷം എന്നു വിളിക്കാം. അനുനിമിഷം ദൈവത്തെ കാണുകയും കാണിക്കുകയും ചെയ്ത ആ സുവിശേഷത്തിൻ്റെ സൗഭാഗ്യമോർത്തിട്ടാകണം "ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ ; അവർ ദൈവത്തെ കാണും" എന്ന് പിന്നീടൊരിക്കൽ ആ സുവിശേഷത്തിന് ഭരമേൽപ്പിക്കപ്പെട്ട ദൈവപുത്രൻ പറഞ്ഞത്.


'അവൻ്റെ അമ്മ ' എന്നാണ് പലപ്പോഴും മറിയത്തെ സുവിശേഷങ്ങൾ വിളിക്കുന്നത്. അയാൾക്ക് പക്ഷേ, വാഴ്ത്തുകളും വിശേഷണങ്ങളും അധികമില്ല. നീതിമാൻ എന്നൊരു അടയാളപ്പെടുത്തലുണ്ട്. 'നിൻ്റെ പിതാവും ഞാനും ' എന്ന് മറ്റൊരിക്കൽ അവൻ്റെ അമ്മ തന്നെ അവനോട് പറയുന്നുണ്ട്. അത്ര മാത്രമേയുള്ളൂ. അതുമതിയല്ലോ ! അയാൾക്ക് പരാതിയില്ലല്ലോ ! ശുദ്ധിയുടെ ശക്തിയിലും സിദ്ധിയിലും ഹൃദയം ഉറച്ചിരുന്നതിനാൽ പരാതികൾക്കും പരിഭവങ്ങൾക്കും ഇടവും സമയവുമില്ല. ഉള്ളം നിറയെ ആനന്ദമായിരുന്നു. നിയോഗപൂർത്തീകരണത്തിൻ്റെ, കൃതാർത്ഥതയുടെ, ദൈവാശ്രയത്തിൻ്റെ, ദൈവൈക്യത്തിൻ്റെ ആനന്ദം. ഹൃദയശുദ്ധിയാണ് സ്വർഗ്ഗീയാനന്ദത്തിൻ്റെ താക്കോൽ എന്ന് അയാൾ നന്നായി ഗ്രഹിച്ചിരുന്നു. അവൻ്റെ അമ്മ എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചതിന് രേഖയുണ്ട്. അയാളാകട്ടെ എല്ലാം സംഗ്രഹിച്ചത് ഹൃദയശുദ്ധിയിലാണ്. അതുകൊണ്ടാണ് നിദ്രയിലെ കിനാവുകൾ പോലും അയാൾക്ക് വഴികാട്ടിയത് ! കുഞ്ഞുങ്ങളുടെ ചോര കുടിച്ച വാളിൻ്റെ മുരൾച്ചകൾക്കിടയിലും ദൈവത്തിൻ്റെ മൃദുമർമ്മരങ്ങൾ അയാൾ ശ്രവിച്ചത്. അടിമത്തത്തിൻ്റെ ഭവനമാണ് ഈജിപ്ത്. പക്ഷേ, ഹൃദയമെന്ന കൽവിളക്കിൽ, ശുദ്ധതയുടെ എണ്ണയിൽ ജ്വലിക്കുന്ന ദീപമുള്ളപ്പോൾ ഈജിപ്തും നസ്രത്തും എല്ലാം അയാൾക്ക് ഒരു പോലെയാണ്. അതിനാലാണ് ആ കൽവിളക്ക് പ്രകാശഗോപുരം പോലെ ഇന്നും വിരാജിക്കുന്നത്. അതിനെല്ലാമുള്ള വാഴ്ത്തായിരിക്കും ഹൃദയശുദ്ധിയെ സൗഭാഗ്യമാക്കിയ മകൻ നൽകുന്നത്.


'തച്ചൻ്റെ മകൻ ' എന്നതായിരുന്നു നാട്ടുകാർ അവന് നൽകിയ ചെല്ലപ്പേര്. മകൻ പക്ഷേ, തച്ചൻ്റെ സുവിശേഷത്തിൽ നിന്ന് പഠിച്ചെടുത്തത് സ്വർഗ്ഗരാജ്യത്തിൻ്റെ തച്ചുശാസ്ത്രമാണ്. ഈ ഭൂമിയിൽ ആനന്ദത്തിൻ്റെ സൗധം പണിതുയർത്തുന്നത് അത്ര സങ്കീർണ്ണമല്ല എന്നതിന് മാതാപിതാക്കളോളം മികച്ച ഉദാഹരണങ്ങൾ അവനുണ്ടായിരുന്നില്ല. ദൈവവിശ്വാസത്തിൻ്റെ അസ്തിവാരം; ദൈവാശ്രയത്തിൻ്റെ ചുവരുകൾ ; ദൈവസ്നേഹത്തിൻ്റെ മേൽക്കൂര ; ആവൃതിയിൽ നിറയെ നീതിയും വിശ്വസ്തതയും സമാധാനവും. പ്രാണവായു പോലെ നിറയുന്ന ദൈവസാന്നിധ്യാവബോധം ! അവിടെ ശാന്തതയും കരുണയും അകനൈർമ്മല്യവുമുള്ള മനുഷ്യർ - ഇത്രയുമായാൽ സ്വർഗ്ഗത്തിൻ്റെ മിനിയേച്ചറായി ! അത്തരം മനുഷ്യരും ഭവനങ്ങളുമാണ് ദൈവത്തെ കാണുക മാത്രമല്ല ; കാണിക്കുകയും ചെയ്യുന്നതെന്ന് നസ്രത്തിലെ തൻ്റെ ചെറുഭവനത്തിൻ്റെ ഓർമ്മയിലാകണം അവൻ പറഞ്ഞത്. കണ്ടും കേട്ടും തൊട്ടും എല്ലാം പഠിക്കാനും പഠിപ്പിക്കാനുമായി രണ്ടു സുവിശേഷങ്ങൾ സദാ പുൽകിയും പുണർന്നും അവൻ്റെ കൂടെയുണ്ടായിരുന്നല്ലോ ! ആ സുവിശേഷങ്ങളുടെ ഓർമ്മയിലായിരിക്കും പുത്രൻ എല്ലാം പഠിപ്പിച്ചത്.


'ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന് ഇത്ര അറിവ് എവിടെ നിന്നു കിട്ടി ' എന്നു പറഞ്ഞ് യഹൂദർ വിസ്മയിക്കുന്നുണ്ട് ( യോഹ. 7 : 15). പാവങ്ങൾ ! അവർക്കറിയില്ലല്ലോ അവനെയും അവൻ്റെ കൂടെ വസിക്കുന്ന സുവിശേഷങ്ങളെയും !


എല്ലാറ്റിലും ഉപരി ദൈവം എന്നതാണ് ഹൃദയശുദ്ധിയുടെ സുവിശേഷകരുടെ ആത്മമന്ത്രം. എല്ലാറ്റിലും ദൈവഹിതം എന്നതാണ് അവരുടെ ആത്മാഭിനിവേശം. ഈ ലോകത്തിൽ - യുദ്ധവും പ്രണയവും ഭക്തിയും കാമവും മായയും മുക്തിയും ക്രൗര്യവും ദയയും ആർത്തിയും ഉപേക്ഷയും വിശപ്പും ഉന്മാദവും നിലവിളികളും പൊട്ടിച്ചിരികളും - എല്ലാമുള്ള ഈ ലോകത്തിൽ സ്വർഗ്ഗീയനാനന്ദം സാധ്യമാണെന്ന് പഠിപ്പിക്കുന്നത് ഹൃദയശുദ്ധിയുടെ സുവിശേഷകരാണ്. സുവിശേഷത്തിന് സമാന്തരമായി അവരുടെ പക്കൽ ഒരു ജീവിതഗ്രന്ഥമുണ്ട്. അവരുടെ ജീവിതനിഘണ്ടു എന്നോ മാനിഫെസ്റ്റോ എന്നോ അതിനെ വിളിക്കാം. അതിൽ നിറയെ അവർക്കു മാത്രം വെളിപ്പെടുന്ന വാക്കുകളും അക്ഷരങ്ങളും അർത്ഥങ്ങളുമാണ്! അതിൽ ആത്മനിന്ദ , അപകർഷത എന്ന പദങ്ങൾ ഉണ്ടാവില്ല. പകരം ആത്മനിർവൃതി, ദൈവാശ്രയത്തിലുള്ള അഭിമാനം എന്ന പദങ്ങളാണുളളത്. അതിൽ കുറ്റബോധം, അഹംഭാവം എന്ന പദങ്ങൾ ഉണ്ടാവില്ല. പകരം കൃതാർത്ഥത, വിനയം എന്ന പദങ്ങളാണുളളത്. അതിൽ നൈരാശ്യം, വിഷാദം എന്ന പദങ്ങളുണ്ടാവില്ല. പകരം പ്രത്യാശ, ആനന്ദം എന്ന പദങ്ങളാണുളളത്.


'അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ; ഒരു മാത്ര വെറുതെ നിനച്ചു പോയി ' എന്ന മനോഹരമായ ഒരു മെലഡിയില്ലേ ? ഹൃദയശുദ്ധിയുടെ സുവിശേഷകർക്ക് വിഷാദച്ഛായയോടെ ഒരിക്കലും അത് ആലപിക്കേണ്ടി വരില്ല. അരികിൽ , തൊട്ടരികിലുള്ള ദൈവത്തെ അവർ എപ്പോഴും കാണും. എമ്മാനുവേൽ എന്ന പേരുള്ള ദൈവം എപ്പോഴും അവരുടെ കൂടെ വസിക്കും. ഏതനുഭവത്തിലും അവർ ദൈവകരം ദർശിക്കും. ഏതിരുട്ടിലും മറ്റാർക്കും ദൃശ്യമല്ലാത്ത സ്രോതസ്സിലൂടെ അവർക്ക് വെളിച്ചം ലഭിക്കും. ഏത് ദുഃഖത്തിലും മറ്റാർക്കും ഗ്രഹിക്കാനാവാത്ത സമാശ്വാസത്താൽ അവർ നിറയും. ഏത് പ്രതിസന്ധികളിലും, ഒടുവിൽ ഒരു വാതിൽ അവർക്കായി തുറക്കും. ഒരു കരം ; അതിശക്തമായ ഒരു കരം; ഈ മഹാപ്രപഞ്ചത്തെ നിർമ്മിച്ച അതേ കരം ; എപ്പോഴും അവരെ താങ്ങും.


ഈജിപ്തെന്നോ ഇസ്രായേലെന്നോ ദേവാലയമെന്നോ തെരുവീഥിയെന്നോ മരുഭൂമിയെന്നോ മഹാഗിരിശൃംഗമെന്നോ കടൽത്തീരമെന്നോ കൊടുങ്കാറ്റെന്നോ ഭേദമില്ലാതെ എല്ലായിടത്തും അവർക്ക് തിരുസാന്നിധ്യം ലഭിക്കും. അവരുടെ സാന്നിധ്യവും വാക്കുകളും സുവിശേഷമാകും. അവരുടെ നിഴലുകളും തൂവാലകളും സൗഖ്യമേകും. കണ്ണ് അവർക്ക് ശരീരത്തിൻ്റെ വിളക്കാകും. സ്വർഗ്ഗത്തിലെ അവരുടെ പത്തായപ്പുരകൾ നിറഞ്ഞു കവിയും. ഈ ഭൂമിയിൽ പരാജിതരെപ്പോലെ കാണപ്പെട്ടാലും, നിത്യതയിൽ മഹിമയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന കുഞ്ഞാടിൻ്റെ വലത്തുഭാഗത്തിരുന്ന് അവർ ജനതകളെയും ഗോത്രങ്ങളെയും വിധിക്കും. അവരുടെ നാമങ്ങൾ ജീവൻ്റെ ഗ്രന്ഥത്തിൽ തങ്കലിപികളിൽ പതിയുകയും ചെയ്യും.


കുരിശിൻ്റെ വഴിയിലെ പ്രാർത്ഥന പോലെ , ദൈവം എളിയവരുടെ സങ്കേതമാണെന്ന് പഠിപ്പിക്കുന്നത് ഹൃദയശുദ്ധിയാണ്. ഞെരുക്കത്തിൻ്റെ കാലത്ത് ആശ്വസിപ്പിക്കുന്നത് ദൈവമാണെന്ന് ബോധ്യപ്പെടുത്തുന്നത് ഹൃദയശുദ്ധിയാണ്. കണ്ണുനീരിനെ ബലിവസ്തുവാക്കുന്നത് ഹൃദയശുദ്ധിയാണ്. എല്ലാറ്റിലും ദൈവത്തെ കാണാൻ ഉൾക്കണ്ണുകളെ തെളിക്കുന്നത് ഹൃദയശുദ്ധിയാണ്.


തുടക്കത്തിൽ പറഞ്ഞ സുവിശേഷത്തിലേക്ക് തിരികെ വരാം. അയാൾ തൊഴിലാളികളുടെയും നന്മരണത്തിൻ്റെയും മാത്രം മധ്യസ്ഥനല്ല; ഹൃദയശുദ്ധിയുടെ മധ്യസ്ഥനാണ്. ഇപ്പോഴും എപ്പോഴും മകനെ കണ്മുൻപിൽ കാണിച്ചു തരണമേ എന്നാണ് ആ മധ്യസ്ഥനോട് നിരന്തരം പ്രാർത്ഥിക്കേണ്ടത്.



- സജീവ് പാറേക്കാട്ടില്‍

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page