വെയിൽ തണലാക്കിയ ആൽമരം I KAIROS MALAYALAM I MAY 2026
- digital974
- May 20
- 4 min read

സെമിനാരിയിൽ എല്ലാ ഞായറാഴ്ചകളിലും വിസിറ്റർ ഉള്ള ഏക വ്യക്തി ഒരുപക്ഷേ ഞാൻ മാത്രമായിരിക്കും. ആരെങ്കിലും വന്ന് 'ബ്രദർ ഫ്രാൻസിസ് ചുങ്കത്തിന് ഒരു വിസിറ്ററുണ്ട്' എന്ന് പറയുമ്പോൾ, എനിക്കറിയാം അത് അപ്പനാണെന്ന്. വീട്ടിൽ നിന്നും എന്നെ തേടി വരാൻ വേറെയാരുമില്ലായിരുന്നു. പാർലറിൽ (സെമിനാരിയിൽ അതിഥികളെ സ്വീകരിക്കുന്ന മുറി) ഒരു ചെറിയ അക്വേറിയത്തിനു താഴെ ഇരുമ്പ് കസേരയിൽ നിശ്ശബ്ദനായി അപ്പൻ അങ്ങനെ ഇരിക്കുന്നുണ്ടാകും. അക്വേറിയത്തിലെ നീല ബൾബിൻ്റെ വെട്ടം അപ്പൻ്റെ മുഖത്തേക്ക് ചാഞ്ഞിറങ്ങുന്നുണ്ട്. ഓർമ്മയിലെ അപ്പൻ എപ്പോഴും അങ്ങനെയായിരുന്നു. വളരെ കുറച്ചു മാത്രമേ സംസാരിക്കുകയുള്ളൂ. എഴുപതുകളിലെയും എൺപതുകളിലെയും അപ്പന്മാർ അല്ലെങ്കിലും അങ്ങനെയായിരുന്നല്ലോ. സ്നേഹം ഉള്ളിൽ ഒതുക്കി ജീവിക്കാനാണ് അവരെ പരിശീലിപ്പിച്ചിട്ടുള്ളത്. സ്നേഹമെന്നത്, പിശുക്കൻ്റെ മടിക്കൂത്തിലെ പൊൻനാണയം കണക്കായിരുന്നു അവർക്ക്. വാർദ്ധക്യത്തിലാണ് ഈ സ്വഭാവത്തിൽ അപ്പന് മാറ്റമുണ്ടായത്, അതോ പേരക്കുട്ടികൾ ഉണ്ടായപ്പോഴോ!
എന്തായാലും അന്ന് അപ്പനധികം സംസാരിക്കുന്ന പ്രകൃതമല്ലായിരുന്നു. ഞാൻ പറയുന്ന നുള്ളുനുറുങ്ങ് കാര്യങ്ങൾ കേട്ടങ്ങനെ ഇരിക്കും. പെറ്റിസെമിനാരിയിലെ ആദ്യകൊല്ലത്തെ ആവേശമാകാം ഒരുപക്ഷേ എനിക്ക് വീടിനെക്കുറിച്ച് ഒട്ടും ആകുലതയോ ആകാംക്ഷയോ ഒന്നും ഉണ്ടായിരുന്നില്ല.
ഇടവകയിലെ വികാരിയച്ചനും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാർ വരെ എൻ്റെ സെമിനാരി പ്രവേശനത്തെ പിന്തുണച്ചിരുന്നില്ല. ഞങ്ങളുടെ ജീവിതപ്രാരാബ്ധങ്ങൾ എന്താണെന്ന് അറിയാവുന്ന അവർക്ക് എന്നെ പ്രോത്സാഹിപ്പിക്കാൻ മനസ്സ് വന്നില്ല എന്നതാണ് യാഥാർത്ഥ്യം. "ഒരുത്തൻ വെള്ളം തോർന്ന് കരകയറി വന്ന് സഹായിക്കാനുണ്ടാകും എന്ന അവൻ്റെ
പ്രത്യാശയ്ക്ക് കത്തിവെച്ചിട്ടാണ് നീ പോകുന്നത് എന്ന് മറക്കേണ്ട ട്ടാ" എന്നായിരുന്നു അമ്മയുടെ അപ്പൻ്റെ സങ്കടം. അപ്പനും അതൊരു ഷോക്കായിരുന്നു. ഒറ്റയ്ക്കായി - സഹായത്തിന് ആളില്ല എന്നതിനാലല്ല, "നിനക്ക് വയറു നിറയെ കഴിക്കാൻ ഉള്ളത് പോലും വാങ്ങിത്തരാൻ അപ്പന് സാധിച്ചിട്ടില്ലല്ലോ മോനേ..." എന്നതായിരുന്നു അപ്പൻ്റെ സങ്കടം.
സെമിനാരിയിൽ കൊണ്ടുവന്നാക്കി യാത്ര പറയുമ്പോൾ, സെൻ്റ് പയസ് ഡോർമിറ്ററിയുടെ വരാന്തയിൽ, ആളുകൾ ഒഴിയാൻ അപ്പൻ കാത്തു നിന്നു. ഒടുക്കം എന്തോ കള്ളം ചെയ്യുന്നതുപോലെ എൻ്റെ കവിളിൽ അപ്പനൊരു ഉമ്മ തന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും അതൊരു പുതുമയായിരുന്നു. അപ്പൻ എനിക്ക് തന്ന എൻ്റെ ഓർമ്മയിലെ ആദ്യത്തെ ഉമ്മ ആ സെമിനാരി വരാന്തയിൽ വെച്ചായിരുന്നു.
സെമിനാരിയിൽ എന്നെ കാണാൻ വരുന്ന ഓരോ ഞായറാഴ്ചകളിലും, എൻ്റെ കാര്യങ്ങൾ പറയുക എന്നതിനപ്പുറം വീട്ടിലെ കാര്യങ്ങൾ ചോദിക്കാൻ ഞാൻ ഓർക്കാറില്ലായിരുന്നു. "അപ്പൻ എന്താ ഇപ്പോ ചെയ്യുന്നേ" എന്ന് ചോദിക്കാറു പോലുമില്ല. അവധികഴിഞ്ഞ് വീട്ടിൽ നിന്ന് മടങ്ങുമ്പോൾ, സെമിനാരിയിൽ അടയ്ക്കാനുള്ള പണത്തിനു വേണ്ടി അപ്പൻ ബുദ്ധിമുട്ടുന്നത് (മുന്നൂറു രൂപയോ മറ്റോ ആണ് മൂന്നു മാസം കൂടുമ്പോൾ അടയ്ക്കേണ്ട സംഖ്യ) കണ്ടിട്ടും ഞാൻ ചോദിച്ചിട്ടില്ല, അപ്പൻ ഇപ്പോ എന്താ ചെയ്യുന്നേ, എങ്ങനെയാ കുടുംബം നോക്കുന്നേ എന്ന്. പിന്നെ എന്നോ ഒരിക്കൽ ഞാൻ അത് ചോദിച്ചു.. മറുപടി ഒരു ചിരിയായിരുന്നു. അപ്പനൊന്നും പറഞ്ഞില്ല, പിന്നെ എന്നോ ഇളയപ്പൻ്റെ മക്കളാരോ എഴുതിയ കത്തിൽ നിന്നാണ് അപ്പൻ ലോട്ടറി കച്ചവടം ചെയ്താണ് കുടുംബം പോറ്റുന്നതെന്ന് ഞാൻ മനസ്സിലാക്കിയത്. അപ്പോഴേക്കും അപ്പൻ്റെ കച്ചവടങ്ങളും, പറമ്പുകളും മറ്റ് കൃഷിസ്ഥലങ്ങളും എല്ലാം ഞങ്ങളെ കൈവിട്ടിരുന്നു. അമ്മയും നാല് ചേച്ചിമാരും അനുജനും അടങ്ങുന്ന വലിയ കുടുംബമാണ് ഞങ്ങളുടേത്. അപ്പൻ അഭിമാനിയായിരുന്നു, പക്ഷേ ദുരഭിമാനിയായിരുന്നില്ല. കുടുംബം നോക്കാൻ അപ്പൻ തെരുവിലേക്കിറങ്ങി. പ്രത്യാശ എന്നത് അപ്പന് കേവലം ജീവിതത്തിൻ്റെ ഭാഗമായിരുന്നില്ല; ജീവിതം തന്നെയായിരുന്നു. "ശരിയാകും" എന്ന് അപ്പൻ പറയുമ്പോൾ അത് നൽകുന്ന ധൈര്യവും ഊർജ്ജവും എഴുതി ഫലിപ്പിക്കാനാകുന്നതല്ല. ഏതെങ്കിലും അത്ഭുതങ്ങൾ സംഭവിക്കാൻ കാത്തിരിക്കാതെ അദ്ധ്വാനിക്കാൻ ആ ജീവിതം ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. "പുരയ്ക്ക് മീതെ വെള്ളം വന്നാൽ, അതിന്നു മീതെ വള്ളം" എന്നതായിരുന്നു അപ്പൻ്റെ ലൈൻ.
"ഭയത്തെ നിരീക്ഷിക്കുക" എന്നത് ഞാൻ പഠിച്ചത് അപ്പനിൽ നിന്നാണ്. കുറേക്കാലം, ആൾ സഞ്ചാരമില്ലാത്ത നീണ്ടുകിടക്കുന്ന പറമ്പുകളുടെ മധ്യേ ഒരഞ്ച് സെൻ്റ് ഭൂമിയിലാണ് ഞങ്ങളുടെ വീട്. വൈദ്യുതിയില്ലാത്ത, ചുമര് തേച്ചിട്ടില്ലാത്ത, തറ ചാണകം മെഴുകിയ വീട്. ചുറ്റും മരങ്ങൾ കാട് തീർത്ത, നോട്ടക്കാരില്ലാത്ത പറമ്പുകൾ. വെള്ളം കുത്തിയൊലിച്ചിറങ്ങി നടവഴികളായി തീർന്ന നാട്ടുവഴികൾ. പറമ്പുകളുടെ അതിരുകൾ തലയ്ക്ക് മീതെ തീർത്ത മുള്ളുവേലികളിൽ പകൽ സമയത്തു പോലും അണലിയും മറ്റ് ഇഴജന്തുക്കളും അരിച്ചു നീങ്ങുന്നത് കാണാനാകും. കുഞ്ഞുചെറുപ്പത്തിൽ, തലയിൽ പറന്നു കൊത്തുന്ന പാമ്പുകളെ പറ്റി കഥപറഞ്ഞ് പേടിപ്പിച്ചത് അമ്മാമ്മയാണ്. നെറുകിൽ കടിച്ച പാമ്പുകൾ, പക തീർത്ത് മരക്കൊമ്പിൽ തലകീഴായി കിടക്കുമത്രേ. കടിയേറ്റ മനുഷ്യൻ വിഷമിറങ്ങാതെ ചാകുമെന്ന് ഉറപ്പുവരുത്താനായിരുന്നത്രേ അവ അങ്ങനെ തൂങ്ങിക്കിടന്നത്. ഭയന്നു വിറച്ച് കുഞ്ഞിപ്പൂങ്കണ്ണുകൾ തള്ളിപ്പിടിച്ചിരിക്കുന്ന എന്നെ ആശ്വസിപ്പിക്കാൻ "ഗീവർഗീസ് സഹദായുടെ" പ്രാർത്ഥന പഠിപ്പിച്ച് ധൈര്യപ്പെടുത്തിയതും അമ്മാമ്മയായിരുന്നു. എങ്കിലും പാമ്പുകൾ എന്നും ഭയപ്പെടുത്തിയിരുന്നു. വഴിയിൽ ഇരുട്ടാണ്. ഉണങ്ങിക്കിടക്കുന്ന കരിയിലകൾക്കിടയിൽ ഉണ്ടാകുന്ന ഓരോ ചെറുചലനവും എനിക്ക് ഉൾക്കിടുക്കമുണ്ടാക്കിക്കൊണ്ടിരുന്നു. ഓരോ ശബ്ദത്തിലും ഞാൻ ഞെട്ടുന്നത് അപ്പനറിയുന്നുണ്ട്. പെട്ടെന്ന് അപ്പൻ എന്നെ പിടിച്ചു നിർത്തി, ടോർച്ച് തെളിച്ച് കാണിച്ചു തന്നു. "ഡാ, എന്ത് കാണുമ്പോഴും, കേൾക്കുമ്പോഴും ഭയപ്പെട്ട് ഓടരുത്, ഇത് നോക്ക്. ഇതൊന്നും പാമ്പല്ല, ഒരു കുഞ്ഞു തവളയാണ്. നോക്കാതെ, കാണാതെ പേടിച്ചോടിക്കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ പേടിക്കേണ്ടി വരും". ഭയത്തെ നിരീക്ഷിച്ച് അറിയുന്നത് തന്നെയാണ് ഭയത്തെ കീഴടക്കുന്നതിലെ ആദ്യ പടി. അപ്പനായിരുന്നു പാഠപുസ്തകം.
നാളുകൾക്ക് ശേഷം, എൻ്റെ ദൈവവിളി "പൗരോഹിത്യം" അല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ സെമിനാരിയുടെ പടികളിറങ്ങി. അക്കാലത്ത്, സെമിനാരിയിൽ നിന്ന് തിരിച്ചുപോരുന്ന ഒരാൾ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും ഒരു പരിഹാസപാത്രമാണ്. അപ്പനായിരുന്നു ധൈര്യം നൽകിയത്. എക്കാലത്തും പ്രശ്നം വരുമ്പോൾ ഞാൻ ആദ്യം തേടുന്നത് അപ്പനെയാണ്. പ്രശ്നമൊന്നും പറഞ്ഞില്ലെങ്കിലും, ഫോൺ വെയ്ക്കുമ്പോൾ മനസ്സിന് വല്ലാത്തൊരാശ്വാസവും ധൈര്യവും തോന്നും.
ആദ്യമായി കുവൈറ്റിലേക്ക് പോരുന്നതിൻ്റെ തലേ രാത്രി ഞങ്ങൾ - അപ്പനും മോനും - രണ്ടുപേരും ഉറങ്ങിയതേയില്ല. "എല്ലാം ഒരു സ്വപ്നം പോലെ തോന്നാ മോനേ. തകർന്നുപോയവരായിരുന്നു നമ്മൾ, ദൈവം കൈവിട്ടില്ല, കൂട്ടിപ്പിടിച്ചു നിർത്തി.വെട്ടി, നല്ലതാക്കി മാറ്റണേ എന്ന് മാത്രം പ്രാർത്ഥിച്ചു. എന്നിട്ട് ദേ ഇതുവരെയും എത്തിച്ചില്ലേ. രണ്ട് ജപ്തി നോട്ടീസ് കയ്യിൽ വന്നിട്ടും ഞാൻ പേടിച്ചില്ല, നമ്മളെല്ലാവരും കൂടെ ആത്മഹത്യ ചെയ്യും എന്നു വരെ ചിന്തിച്ച ആളുകളുണ്ടായിരുന്നു, നമ്മടെ നാട്ടിലും സ്വന്തക്കാരിലും. നമ്മൾ തോറ്റില്ല. തോൽക്കാൻ നമ്മൾ തീരുമാനിക്കുന്നത് വരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. ഡാ, നീയും ഭയക്കരുത്. ഈ തടസ്സങ്ങളും പ്രശ്നങ്ങളും മാറും ഇനിയും മുന്നോട്ട് പോകും ധൈര്യം കൈവിടരുത്, അപ്പൻ പ്രാർത്ഥിച്ചോളാം..."
പ്രവാസത്തിനിടയിലെ ഏതോ ഒരവധിക്കാലത്ത് എല്ലാവരും ചേർന്ന് കുടുംബപ്രാർത്ഥനയ്ക്ക് ശേഷം ഒന്നിച്ചിരിക്കുമ്പോൾ, അപ്പൻ പറയാൻ തുടങ്ങി.."കേട്ടോ മെറിൻ, സന്തോഷിന് അവൻ്റെ പ്രായത്തിലുള്ള ആൺകുട്ടികൾക്കുണ്ടായിരുന്ന ഒന്നും തന്നെ കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. വേണ്ടത്ര സ്വാതന്ത്ര്യം പോലും. തൊട്ടുമുന്നിൽ പുഴ ഉണ്ടായിരുന്നിട്ടും, ഞാൻ അവനെ നീന്താൻ വിട്ടില്ല. സൈക്കിൾ ചവിട്ടാനും വിട്ടില്ല. എന്തിന്, എവിടെയെങ്കിലും ഉയരത്തിൽ കേറി നിൽക്കാൻ പോലും ഞാൻ സമ്മതിക്കില്ലായിരുന്നു. (പിന്നീടെന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുന്നത് അനിയൻ ബോബിയാണ്, അതും ഞാൻ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ.) ഇവന് എന്തേലും അപകടം പറ്റിയാലോ എന്നുള്ള ഭയമായിരുന്നു എനിക്ക്. ഇവൻ തല്ലുകൊണ്ടതുപോലെ ആരും കൊണ്ടിട്ടുണ്ടാകില്ല, സ്റ്റെല്ല പോലും (അത് എൻ്റെ നേരെ മൂത്ത ചേച്ചിയാണ്). നാശമായിപ്പോകല്ലേ ദൈവമേ എന്ന് ചിന്തിച്ചിട്ടാണ്. എന്താ ചെയ്യാ അത്രയ്ക്കുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ എനിക്ക്. മനുകുട്ടനെ അങ്ങനെയൊന്നും വളർത്തരുത് ട്ടാ.." ഇത്രയും പറയുമ്പോൾ അപ്പൻ്റെ കണ്ണിലെ നനവ് എനിക്ക് കാണാമായിരുന്നു..
എല്ലാ വഴികളും അടയുമ്പോഴും "തമ്പുരാൻ്റെ വഴി അടയുന്നില്ല" എന്ന് ഞങ്ങളെ പഠിപ്പിച്ചത് അപ്പനായിരുന്നു. ഒരു കുഞ്ഞു മെഴുകുതിരി ഉരുകിത്തീരുന്നതു വരെ അപ്പൻ മുട്ടിൽമേൽ നിന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുന്ന ഒരപ്പന് സ്നേഹം തന്നെയായ പിതാവായ ദൈവത്തെ മക്കൾക്ക് പരിചയപ്പെടുത്താൻ എളുപ്പമാണ്. അനുഭവിക്കാത്ത സ്നേഹം ഒരാൾ പങ്കുവെക്കുന്നതെങ്ങനെ!?
ഞങ്ങളുടെ അപ്പൻ്റെ പ്രാർത്ഥനയും മനസ്സും തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം. പക്ഷേ ആ തണൽമരം ദൈവം തിരിച്ചെടുത്തിട്ട് ആറുമാസങ്ങൾ കഴിഞ്ഞു. അപ്പനില്ലാത്ത ആറു മാസങ്ങൾ! പക്ഷേ അപ്പനില്ലാതാകുന്നില്ലല്ലോ. ഇങ്ങീ മരുഭൂമിയിലിരുന്ന് ഒന്ന് കണ്ണടച്ചാൽ, നെഞ്ചത്ത് കൈവെച്ചാൽ അപ്പനെ കാണാം, അപ്പനെ കേൾക്കാം. അത്രയ്ക്ക് അടുത്താണ് ആ സാന്നിധ്യം. അപ്പൻ യാത്രയാകുമ്പോൾ ഞങ്ങളോട് പറഞ്ഞതും അതു തന്നെയാണ്. "ഞാൻ ഇത്രയുംകാലം വളരെ സന്തോഷമായാണ് നിങ്ങളുടെ ഒപ്പം ജീവിച്ചത്. ഇനി ഞാൻ കടന്നുപോകാനുള്ള സമയമായി. ഒന്നിനെയും ഭയക്കരുത്. ദൈവം കൂടെയുണ്ട്, എല്ലാം ധീരമായി നേരിടണം. എന്നും ഒരുമിച്ച് നിൽക്കണം. അമ്മയെ നന്നായി നോക്കണം. ചെറിയ പ്രായത്തിൽ എൻ്റെ കൂടെ ജീവിക്കാൻ തുടങ്ങിയവളാണ്. നിങ്ങളെ ഞാൻ ഒരിക്കലും മറക്കുകയില്ല, നിങ്ങൾ അപ്പച്ചനെയും മറക്കരുത്. എൻ്റെ മക്കളെല്ലാവരും നന്നായിവരും." ഞങ്ങൾ സഹോദരങ്ങളെ പരസ്പരം ഭരമേൽപ്പിക്കാനും അപ്പൻ മറന്നില്ല.
പ്രശ്നങ്ങൾക്കിടയിൽ പ്രാർത്ഥനയാണ് താക്കോൽ എന്ന് ജീവിതത്തിൽ ഞങ്ങളെ പഠിപ്പിച്ചത് അപ്പനാണ്, ഇനിയും വായിച്ചുതീരാത്ത ഞങ്ങളുടെ മറ്റൊരു വേദപുസ്തകം! കണ്ണിൽ നിന്ന് മാഞ്ഞുപോയെങ്കിലും കൂപ്പിയ കൈകളുമായി അപ്പനവിടെയുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ ധൈര്യവും.
- സന്തോഷ് ചുങ്കത്ത് ---------



Comments