top of page

തേനാണ് ദൈവംI KAIROS MALAYALAM I MAY 2026

  • digital974
  • May 19
  • 2 min read

ഒരു ബസ് യാത്രക്കിടയിൽ എവിടെയോ കാഴ്ചയിൽ പതിഞ്ഞ ഒരു പരസ്യ ശകലമാണ് "ദൈവങ്ങൾ വിൽക്കപ്പെടും". കടയ്ക്കു മുൻപിലെ മനോഹരമായ ബോർഡിൽ അറിയാവുന്നതും അറിയാത്തതുമായ കുറെയേറെ ദൈവങ്ങളുടെ ചിത്രങ്ങൾ, അതിനു മനോഹരമായ ഒരു അടിക്കുറിപ്പും, ത്രീഡി, എച്ച് ഡി, ഫോട്ടോകൾ ഫ്രെയിം ചെയ്തു നൽകപ്പെടും, കൂടാതെ പ്ലാസ്റ്റിക്, പ്ലാസ്റ്റർ ഓഫ് പാരീസ്, വെള്ളി, പിച്ചള, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളിൽ തീർത്ത പ്രതിമകളും, വിഗ്രഹങ്ങളും മിതമായ നിരക്കിൽ വിശ്വസ്തതയോടെ വിൽക്കപ്പെടും. പുറത്തെല്ലാവരും ഇവർക്കായി വടി പിടിക്കുകയും, കൊടി കുത്തുകയും, വാളെടുക്കുകയും, കുടപിടിക്കുകയും ചെയ്യുമ്പോൾ അകത്ത് അവരെല്ലാവരും ഒരുമിച്ചിരുന്ന് പുറത്തുള്ളവരുടെ ക്രയവിക്രയങ്ങളും പരാക്രമങ്ങളും കണ്ട് പരസ്പരം നോക്കി ചിരിക്കുന്നു. ഒരു കുടക്കീഴിൽ ഒരുമിച്ചിരിക്കുന്നവർക്കിടയിൽ ഒരകൽച്ചയില്ല, കുറ്റപ്പെടുത്തലുകളില്ല, പൊങ്ങച്ചം പറയലുകളില്ല, മാറ്റിനിർത്തലുകളോ, താഴ്ത്തിക്കെട്ടലുകളോ ഇല്ല. പക്ഷേ നാളെ ഇവരിൽ ആരെങ്കിലും വിറ്റഴിക്കപ്പെടുമ്പോൾ ഇവയെല്ലാം താനേ തലപൊക്കി തലയ്ക്കു മീതെ നിൽക്കുന്നു.


ആഘോഷങ്ങൾക്കും, ആർപ്പുവിളികൾക്കും, ഒരുക്കങ്ങൾക്കും എല്ലാം ഇടയിൽ എന്തെങ്കിലുമൊക്കെ നാം മറന്നു പോകുന്നുണ്ടോ..? എന്തെങ്കിലും ബോധപൂർവ്വം ഓർക്കാതെ പോകുന്നുണ്ടോ..? അതിഥിയായും അതിഥികൾക്കായും നാം നെട്ടോട്ടമോടുമ്പോൾ ജീവിതത്തിൽ നിന്ന് പടിയിറങ്ങി പോകുന്ന നല്ല മൂല്യങ്ങളെ, ജീവിത രീതികളെ നാം എപ്പോഴെങ്കിലും ഓർക്കാറുണ്ടോ..? മുഖത്തെ ഒരു പ്ലാസ്റ്റിക് ചിരി കൊണ്ട് നാം പലതിനെയും, പലരെയും ചിരിച്ചു തള്ളുമ്പോൾ ഓർക്കുക ഈ ആഘോഷങ്ങളും ആർഭാടങ്ങളും എല്ലാം ചെന്ന് നിൽക്കുന്നത് ഒരു കാലിത്തൊഴുത്തിലാണ്. ഓരോ ദിവസവും പുതുതായി തുടങ്ങണം, ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വേണം എന്നൊക്കെ മുൻകൂട്ടി നിശ്ചയിക്കുമ്പോഴും വാശിപിടിക്കുമ്പോഴും, പഴയ ജീവിതരീതികളെ ഒരു കണികപോലും മാറ്റാനോ തിരുത്തിക്കുറിക്കുവാനോ തയ്യാറാകുന്നില്ല എന്നതല്ലേ വാസ്തവം.


പുറംമോടികളിൽ മനം മറന്നു നാം അഹം മറക്കുന്നു. തിരക്കുകളിൽ തിക്കി ഞെരുക്കപ്പെടുന്നു എന്ന സത്യം ഒരു ഞെട്ടലോടെ എങ്കിലും നാം ഇനിയും മനസ്സിലാക്കണം. അതിനിടയിൽ എവിടെയൊക്കെയോ നാം നമ്മെ മറക്കുന്നു, ബന്ധങ്ങൾ മറക്കുന്നു, നന്മ മറക്കുന്നു. കണ്ണ് തുറന്നു കാണുവാനും അകം തുറന്ന് ശ്രവിക്കുവാനും നമ്മൾ മറന്നു പോയിരിക്കുന്നു.


ദൈവത്തെ തേടിയിറങ്ങിയ ഒരു കുഞ്ഞിൻ്റെ കഥ എവിടെയോ വായിച്ചതായി ഓർമ്മ വരുന്നു, ഒരു ദിവസം ആറു വയസ്സുള്ള ഒരു കുട്ടി കയ്യിൽ 50 രൂപ നോട്ടുമായി ദൈവത്തെ വാങ്ങുവാൻ ഇറങ്ങി. അവൻ കടകളായ കടകൾ മുഴുവൻ കയറിയിറങ്ങി. ഓരോ കടയിലും ചെന്ന് അവൻ ചോദിച്ചു ഇവിടെ ദൈവത്തെ വിൽക്കുമോ..? ആളെ കളിയാക്കുവാണോ എന്ന് ചോദിച്ചു പലരും അവനെ ആട്ടിയോടിച്ചു... ഇതേ ചോദ്യവുമായി അവൻ വൈകുന്നേരം വരെ ഓരോ കടകളിലും കയറിയിറങ്ങി പക്ഷേ അവനെ ദൈവത്തെ മേടിക്കുവാനോ കണ്ടെത്തുവാനോ ആയില്ല. വൈകുന്നേരം ആയി അവൻ അവസാനത്തെ കടയിൽ കയറി ചോദിച്ചു ചേട്ടാ എന്നെ ഒന്ന് സഹായിക്കണം ഇവിടെ ദൈവത്തെ വിൽക്കുമോ..? മധ്യവയസ്കനായ ആ കടക്കാരൻ അവനോട് ചോദിച്ചു എന്തിനാണ് നിനക്ക് ദൈവത്തെ..? അവൻ ഉത്തരം പറഞ്ഞു..! എനിക്ക് സ്വന്തമായി എൻ്റെ അച്ഛൻ മാത്രമാണുളളത് അദ്ദേഹം ഒരു അപകടം പറ്റി ആശുപത്രിയിലാണ് ദൈവത്തിന് മാത്രമേ അച്ഛനെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്ന് ഡോക്ടർ പറഞ്ഞു അതനുസരിച്ച് ദൈവത്തെ വാങ്ങുവാൻ ഇറങ്ങിയതാണ് ഞാൻ.. കുട്ടി വിചാരിച്ചു ദൈവം എന്നത് ജീവൻ രക്ഷിക്കാൻ സാധിക്കുന്ന എന്തോ മരുന്നാണെന്ന് അതനുസരിച്ച് അവൻ ദൈവത്തെ മേടിക്കുവാൻ ഇറങ്ങി തിരിച്ചു. കയ്യിലിരുന്ന 50 രൂപ മേടിച്ച് കടക്കാരൻ ഒരു ചെറിയ കുപ്പി നിറയെ തേൻ കൊടുത്തിട്ട് പറഞ്ഞു ഇതാണ് ദൈവം ഇത് കൊണ്ടുപോയി കൊടുത്ത് അദ്ദേഹത്തെ രക്ഷിക്കുക. ദൈവത്തെ കിട്ടിയ സന്തോഷത്തിൽ കുട്ടി ഹോസ്പിറ്റലിലേക്ക് ഓടി ആ കുപ്പി ഡോക്ടറെ ഏൽപ്പിച്ചു ഇതാണ് ദൈവം ഇതുകൊണ്ട് എൻ്റെ അച്ഛനെ രക്ഷിക്കുക. അച്ഛനെ രക്ഷിക്കുവാൻ താൻ നടത്തിയ പരിശ്രമങ്ങൾ വെറുതെ ആയില്ലല്ലോ എന്ന് സന്തോഷത്തിൽ ഇരിക്കുമ്പോൾ അവിടേക്ക് വലിയൊരു മെഡിക്കൽ ടീം വരികയും അവൻ്റെ അച്ഛൻ്റെ ചികിത്സ ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ അയാൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഡിസ്ചാർജ് ദിവസം മരുന്നുകളും ബില്ലുമായി ഹോസ്പിറ്റലിൽ അധികാരികൾ അദ്ദേഹത്തെ സമീപിക്കുമ്പോൾ അദ്ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു എങ്ങനെ ഹോസ്പിറ്റലിൽ ചിലവുകൾ അടച്ചു തീർക്കും എന്ന് കരുതി, എന്നാൽ ഹോസ്പിറ്റൽ ബില്ലുകളിൽ ക്യാഷ് പെയ്ഡ് എന്ന് കണ്ടപ്പോൾ അദ്ദേഹം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയി. ഇതെങ്ങനെ സംഭവിക്കും, ഇതാര് അടച്ചുതീർത്തു. അതിനു മറുപടിയായി കുട്ടി സംഭവിച്ച കാര്യങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞു. ഹോസ്പിറ്റൽ വിട്ട ഉടനെ തൻ്റെ മകന് ദൈവത്തെ കൊടുത്തുവിട്ട അദ്ദേഹത്തെ കണ്ടു നന്ദി പറയുവാൻ അവർ യാത്രയായി. ആ നാട്ടിലെ തന്നെ ഏറ്റവും വലിയ ധനവാനായ ഒരു മധ്യവയസ്കൻ ആയിരുന്നു അദ്ദേഹം. ചെയ്ത ഉപകാരങ്ങൾക്കെല്ലാം അവർ അദ്ദേഹത്തോട് നന്ദി പറഞ്ഞു. എന്നാൽ അദ്ദേഹം മറുപടി പറഞ്ഞു എനിക്കല്ല നിങ്ങൾ നന്ദി പറയേണ്ടത് അത് ദൈവത്തിനാണ്. കയ്യിൽ 50 രൂപ നോട്ടുമായി ദൈവത്തെ വാങ്ങുവാനായി ഇറങ്ങിത്തിരിച്ച നിങ്ങളുടെ മകൻ്റെ നല്ല മനസ്സിനെ സഹായിക്കുവാൻ ദൈവം എന്നെ ഒരു ഉപകരണമായി മാറ്റി എന്ന് മാത്രം. നല്ല ഹൃദയത്തിന് മാത്രമേ ദൈവത്തെ വാങ്ങുവാൻ കഴിയൂ.


ദൈവങ്ങളുടെ പ്രതിമകളെ വിലയ്ക്ക് വാങ്ങുവാൻ ആർക്കും സാധിക്കും പക്ഷേ അവയ്ക്ക് ജീവൻ നൽകുന്നത് നാം മനുഷ്യരുടെ സൽപ്രവൃത്തികൾ വഴിയാണെന്ന് നാം മറന്നു പോകരുത്. ദൈവത്തെ പകർന്നു കൊടുക്കുന്ന, ദൈവത്തെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്ന നല്ല മനസ്സുകൾക്കും മനസ്സാക്ഷികൾക്കും ഉടമയാകുവാൻ നമുക്ക് ശ്രമിക്കാം. ദൈവം അനുഗ്രഹിക്കട്ടെ. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. (മത്തായി 5 : 8)

………………………………………………

ജിതിന്‍ ജോസഫ്‌ : സമന്വയ തിയോളജി കോളേജ്, ഭോപ്പാൽ



 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page