മനോഹരമായ വിളി I KAIROS MALAYALAM I MAY 2026
- Kairos Media

- May 21
- 2 min read

കുടുംബം, ഒരു മനുഷ്യന് യാതൊരുവിധ ചമയങ്ങളുമില്ലാതെ താൻ ആയിരിക്കുന്നതുപോലെ പെരുമാറാനും ഇടപെടാനും പറ്റുന്ന ഏറ്റവും മനോഹരമായ ഇടം. അത് കൂടുമ്പോൾ ഇമ്പമുള്ളതാണ്. എത്രയൊക്കെ പ്രശ്നങ്ങൾ ഒരു വ്യക്തിക്ക് നേരിടേണ്ടി വന്നാലും കുടുംബം ഒപ്പമുണ്ടെങ്കിൽ അത് നിഷ്പ്രയാസം അതിജീവിക്കാൻ അവന് സാധിക്കും. അതിന് ഏറ്റവും നല്ല ഉദാഹരണം ധൂർത്തപുത്രൻ്റെ ഉപമ തന്നെയാണ്. ഒരു ആവേശത്തിന്, എടുത്തുചാട്ടത്തിന് അവൻ നഷ്ടമാക്കിയത് അവൻ്റെ സന്തോഷങ്ങളായിരുന്നു. പ്രായത്തിൻ്റെ ചാപല്യത്തിൽ തൻ്റെ സ്വത്തുവകകളും അവകാശം പറഞ്ഞ് അപ്പനിൽ നിന്ന് മേടിച്ച്, സ്വന്തം കുടുംബത്തെയും ഉപേക്ഷിച്ചു പോയ അവൻ്റെ യാത്ര ആദ്യം മനോഹരമായിരുന്നെങ്കിലും പോകെപ്പോകെ അത് പ്രയാസത്തിലേക്ക് വഴിതുറന്നു. പക്ഷേ അവന് ഒരുനാൾ തോന്നിയ സുബോധം അവനെ തിരികെ അവൻ്റെ കുടുംബത്തിൽ എത്തിച്ചു. ഇത്രയൊക്കെ അവൻ ആ കുടുംബത്തെ വിട്ടു നിന്നുവെങ്കിലും "തൻ്റെ ഈ അവസ്ഥയിൽ പിതാവിൻ്റെ ഭവനത്തിലെ ഒരു വേലക്കാരനായി ജോലി ചെയ്യാം" എന്നോർത്ത് തിരികെച്ചെന്നവനെ അപ്പൻ സ്വീകരിച്ചത് ഇരട്ടി സ്നേഹത്തോടെയാണ്. എല്ലാ സന്തോഷങ്ങളുമാണ് അവന് തിരികെ നൽകിയത്. കൈവിടുന്ന അപ്പനെയല്ല, ചേർത്തുപിടിക്കുന്ന അപ്പനെയാണ് അവന് അവിടെ കാണാൻ കഴിഞ്ഞത്.
കുടുംബത്തെ മനോഹരമാക്കുന്നത് ഇത്തരത്തിലുള്ള വിട്ടുവീഴ്ചകളും കാത്തിരിപ്പുകളുമാണ്. ധൂർത്തപുത്രൻ്റെ വരവിനായി കാത്തിരുന്ന അപ്പൻ തൻ്റെ പ്രതീക്ഷ കൈവിട്ടിരുന്നില്ല; അവൻ തിരിച്ചു വരും എന്ന ശുഭപ്രാപ്തി വിശ്വാസം, അത് വളരെ വലുതായിരുന്നു. അതുപോലെ, "എന്നെ ഒരു വേലക്കാരനായെങ്കിലും അപ്പൻ സ്വീകരിക്കും" എന്നത് ആ മകൻ്റെ വലിയ പ്രതീക്ഷയും ആശ്വാസവുമായിരുന്നു.
ഓരോ കുടുംബവും മനോഹരമാകുന്നത് ഈ പരസ്പര സ്നേഹത്തിലും ഐക്യത്തിലും കൂട്ടായ്മയിലും പങ്കുവെക്കലിലും വിട്ടുകൊടുക്കലിലുമാണ്.
ഈയടുത്ത് കുറച്ചു കുടുംബങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ അവസരം ലഭിച്ചു. ഒത്തിരി വർഷങ്ങളായി മക്കളില്ലാതെ ജീവിക്കുന്ന കുടുംബ സുഹൃത്തുക്കളായ ദമ്പതിമാർ; ഒരു രാത്രിയിൽ പതിവുപോലെ കാണാൻ വന്നപ്പോൾ അത് അവർക്ക് കിട്ടിയ ഒരു സദ്വാർത്ത അറിയിക്കാനാണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അതിനാൽ തന്നെ അത് ഇരട്ടി മധുരമുള്ളതായിരുന്നു.
നാളുകളായി കുടുംബകോടതിയുടെ വരാന്തയിൽ പിടിവാശിയിൽ നിൽക്കുന്ന ദമ്പതികൾ, കുട്ടികൾ എന്ന കാരണം ഒഴിച്ചാൽ പരസ്പരം അടുക്കാൻ ഒരു സാധ്യതയും ഇല്ലാതിരുന്നിട്ടും ഈ അടുത്ത ദിവസങ്ങളിൽ ഒരുമിക്കാൻ തീരുമാനമെടുത്തു എന്നറിഞ്ഞപ്പോഴും, ജീവിതപങ്കാളിയുടെ രോഗാവസ്ഥയിലും പ്രതീക്ഷകൾ കൈവിടാതെ നിന്നുകൊണ്ട് ഇന്നും പുഞ്ചിരിയോടെ അതിനെ തോൽപ്പിച്ച് മുന്നേറുന്നത് കാണുമ്പോഴും,
ജോലി നഷ്ടപ്പെട്ടിരിക്കുന്ന സുഹൃത്തിൻ്റെ കുടുംബത്തിലെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായം വാഗ്ദാനം ചെയ്യുന്ന സൗഹൃദ കൂട്ടായ്മയും തങ്ങൾക്ക് ഉള്ളതിനേക്കാൾ മറ്റുള്ളവർക്ക് ദാനം നൽകാൻ മടിക്കാത്ത കുടുംബവും,
വല്ലപ്പോഴും ഒന്ന് മെസ്സേജ് അയക്കുന്ന കൂട്ടുകാർ, 15 വർഷത്തെ ഇടവേളയിൽ ഒരാൾ ഏത് അവസ്ഥയിൽ ആണെന്ന് പോലും നോക്കാതെ സാമ്പത്തിക പ്രതിസന്ധിയിൽ സഹായിക്കുന്നതും കുടുംബത്തിൻ്റെ നേർക്കാഴ്ചകളാണ്. അതിനാൽ തന്നെ ചാവറ പിതാവിൻ്റെ വാക്കുകൾ കൂടുതൽ മനോഹരമാകുന്നു:
"ഒരു നല്ല കുടുംബം ആകാശ മോക്ഷത്തിൻ്റെ സാദൃശ്യമാകുന്നു."
ഒപ്പം ദമ്പതികൾ വിവാഹദിനത്തിൽ എടുക്കുന്ന പ്രതിജ്ഞ ഇത്തരത്തിലുള്ള ഓരോ സാഹചര്യങ്ങളെയും കൂടുതൽ മികവാർന്നതാക്കുന്നു. തകർച്ചയുടെ വക്കിൽ നിന്ന് വീണ്ടും ഉയിർത്തെഴുന്നേൽക്കുന്ന കുടുംബങ്ങൾ നമുക്ക് മുൻപിൽ തുറന്നിടുന്ന വലിയൊരു സത്യമുണ്ട്; ഒരു കുടുംബവും നശിച്ചു പോകാൻ ഈശോ അനുവദിക്കില്ല. കുടുംബജീവിതം അതിനാൽ തന്നെ മനോഹരമായ ഒരു വിളിയാണ്. ഏതു പ്രതിസന്ധിയിലും അത് ഉലയാതെ നിൽക്കാൻ അതിൻ്റെ അമരത്ത് തോണിക്കാരനായി രക്ഷകനായ ദൈവം ഉണ്ടായാൽ മാത്രം മതി. ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനിൽക്കുന്നു.
നസ്രത്തിലെ തിരുകുടുംബം പല പ്രതിസന്ധികളിലൂടെയും കടന്നുപോയെങ്കിലും ഏറ്റവും അനുയോജ്യമായി നിലകൊണ്ടത് തന്നെ കുടുംബങ്ങൾക്ക് നൽകുന്ന കരുത്തും പ്രത്യാശയും വളരെ വലുതാണ്. കുടുംബങ്ങൾ സ്നേഹത്തിൻ്റെ, പ്രത്യാശയുടെ, പങ്കുവെക്കലിൻ്റെ, കരുതലിൻ്റെ വേദികളായി തന്നെ നിലകൊള്ളട്ടെ.
ദമ്പതികളോട് ചില പ്രായോഗിക നിർദ്ദേശങ്ങൾ...
ബന്ധം പവിത്രമായിരിക്കട്ടെ: പരസ്പരം രഹസ്യങ്ങൾ സൂക്ഷിക്കാതിരിക്കുക.
സാമ്പത്തിക അച്ചടക്കം: സാമ്പത്തിക കാര്യങ്ങൾ പരസ്പരം അറിഞ്ഞുകൊണ്ടുള്ളതാകട്ടെ.
മികച്ച സൗഹൃദം: ഏറ്റവും നല്ല സുഹൃത്തുക്കൾ നിങ്ങൾ തന്നെ ആയിരിക്കട്ടെ.
മാന്ത്രിക പദങ്ങൾ: Sorry, Please, Thank you, May I തുടങ്ങിയ മനോഹരമായ മാന്ത്രിക പദങ്ങൾ അനുദിനം നിങ്ങളുടെ കുടുംബത്തിൽ വളർത്തിയെടുക്കുക.
അഭിപ്രായവ്യത്യാസങ്ങൾ: അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും സ്നേഹത്തിൻ്റെ വഴികളിലെ സന്ദർശകരാണ്; അവയെ പിടിച്ചുവെക്കാതെ പറഞ്ഞു വിട്ടേക്കുക.
ആവശ്യങ്ങൾ തിരിച്ചറിയുക: മക്കൾക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും വാങ്ങി നൽകുന്ന മാതാപിതാക്കളാകാതെ, "എനിക്ക് ഇത് ആവശ്യമുണ്ടോ?" എന്ന് തിരിച്ചറിഞ്ഞു ചിന്തിച്ചു പ്രവർത്തിക്കാൻ മക്കളെ മനസ്സിലാക്കി കൊടുക്കുക.
ബന്ധങ്ങൾക്ക് വില കൽപ്പിക്കുക: പണത്തേക്കാളുപരി ബന്ധങ്ങൾക്ക് വില കൽപ്പിക്കാൻ കഴിയട്ടെ.
ഒരുമിച്ചിരിക്കാം: ദിവസത്തിൽ ഒരു നേരമെങ്കിലും കുറഞ്ഞത് ഒരു പത്ത് മിനിറ്റെങ്കിലും കുടുംബത്തിലുള്ളവർ ഒരുമിച്ച് ചെലവഴിക്കട്ടെ.
സമയം കണ്ടെത്തുക: എല്ലാ തിരക്കുകളും മാറ്റിവെച്ച് നിങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കാൻ സമയം ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കുക.
എല്ലാറ്റിലുമുപരി ദൈവസ്നേഹത്തിൽ പരസ്പരം സ്നേഹിച്ചും ഒരുമിച്ച് പ്രാർത്ഥിച്ചും കുടുംബം മുന്നോട്ട് കൊണ്ടുപോവുക.
- രശ്മി ജോയ്



I genuinely enjoyed reading this. It's refreshing to see content that's both useful and enjoyable to read. I've been reading a lot about slots and casino games recently, and it's surprisingly difficult to find resources that are actually helpful. Not long ago I discovered https://slotgameswiki.com/ while comparing different slot games and providers, and I found the content genuinely informative. What I appreciate most is the focus on practical information instead of unnecessary hype. It has the same kind of straightforward presentation that keeps people reading. Thanks again for putting this together.