top of page

റിച്ചുവും റോമിയും | സ്മാർട്ട് കിഡ്സ് | സെറീൻ ഏയ്ഞ്ചൽ | KAIROS MALAYALAM | FEBRUARY 2025

സെറീൻ ഏയ്ഞ്ചൽ
14 hours ago
2 min read

റിച്ചു എന്ന് ഓമനിച്ചു വിളിക്കുന്ന റേയ്ച്ചലും ചേട്ടന്‍ റോമിയും അച്ഛനുമമ്മയും ഒരുമിച്ച് കാറിലാണ് യാത്ര. തൃശ്ശൂര്‍ മൃഗശാലയില്‍ പോകണമെന്നും മൃഗങ്ങളെ ജീവനോടെ അടുത്ത് കാണണമെന്നും ഏറെനാളുകളായി റേയ്ച്ചല്‍ ആഗ്രഹിക്കുന്നു. അച്ഛന്റെ ജോലിക്കിടയില്‍ ഇപ്പോഴാണ് അവിടെ പോകാന്‍ നേരം കിട്ടിയത്. അങ്ങോട്ടാണ് അവരുടെ യാത്ര.


റിച്ചുവും കുടുംബവും ടിക്കറ്റ് എടുത്ത് മൃഗശാലയ്ക്കകത്തു കയറി. വലിയ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ട് പെട്ടെന്ന് അവരെല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. അവര്‍ നടന്നുവന്ന് നിന്നത് ആനക്കൂട്ടങ്ങളുടെ അടുത്തായിരുന്നു. വലിയ ഗ്രില്ലുകള്‍ക്കുള്ളില്‍ മതില്‍ക്കെട്ടിനകത്തായി ആനക്കൂട്ടങ്ങള്‍ പനയോല തിന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഒരാന ചിന്നം വിളിച്ചതിന്റെ സ്വരം കേട്ടാണ് അവര്‍ ഞെട്ടിപ്പോയത്. പെട്ടെന്നാണ് റിച്ചു ആ കാഴ്ച കണ്ടത്. തൊട്ടപ്പുറത്ത് മാന്‍കൂട്ടങ്ങളുടെ സ്ഥലമായിരുന്നു. മഞ്ഞയില്‍ വെള്ളപ്പുള്ളിയുള്ള മാന്‍ കൂട്ടങ്ങള്‍ ഓടിക്കളിക്കുന്നു. എന്തൊരു ഭംഗിയാണ് അവയെ കാണാന്‍. ഇലകള്‍ തിന്നുകൊണ്ട് കൂട്ടംകൂട്ടമായി പാഞ്ഞു നടക്കുകയാണ്. ഗ്രില്ലിന്റെ അടുത്തുചെന്ന് താഴെ കിടക്കുന്ന ഇലകള്‍ പെറുക്കിയെടുത്ത് ഗ്രില്ലിന് ഇടയിലൂടെ മാന്‍കുട്ടികള്‍ക്ക് കൊടുക്കുകയാണ് റിച്ചു. അമ്മയ്ക്കരികില്‍ നില്‍ക്കുന്ന റിച്ചു നോക്കിയപ്പോള്‍ ചേട്ടന്‍ റോമിയും അച്ഛനും കുറച്ചപ്പുറത്ത് മാറി എന്തോ കണ്ടുകൊണ്ടിരിക്കുകയാണ്. അമ്മയുടെ കൈയില്‍ പിടിച്ചു വലിച്ചുകൊണ്ട് റിച്ചു അങ്ങോട്ട് ചെന്നു. ഹിപ്പോപ്പൊട്ടാമസുകള്‍ ആയിരുന്നു അവിടെ. കുരങ്ങന്മാരുടെസ്വരം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അതാ നില്‍ക്കുന്നു റിച്ചുവിന് തൊട്ടടുത്ത് ഒരു കുട്ടിക്കുരങ്ങന്‍. മൃഗശാലയില്‍ വന്നിരിക്കുന്നവര്‍ക്ക് അരികിലൂടെ കുരങ്ങന്മാര്‍ ഓടിച്ചാടി നടക്കുന്നുണ്ട്. ചില കുരങ്ങന്മാര്‍ മരത്തില്‍ തൂങ്ങിയാടുന്നു. കൂട്ടിലിട്ടു വളര്‍ത്തുന്ന കുരങ്ങന്മാരല്ല അവയൊന്നും. ഉപദ്രവകാരികളുമല്ല. അതുകൊണ്ടുതന്നെ കപ്പലണ്ടി എറിഞ്ഞു കൊടുത്തും പഴം കൊടുത്തുമൊക്കെ ആളുകള്‍ കുരങ്ങന്മാരെ കളിപ്പിക്കുന്നുണ്ട്.


റിച്ചുവിന്റെ കഥപ്പുസ്തകത്തില്‍ കാണുന്നതുപോലെ തന്നെയാണ് അവിടെ കണ്ട കുരങ്ങന്മാരും, റിച്ചു അമ്മയോട് പറഞ്ഞു. ഉച്ചയായപ്പോള്‍ മൃഗശാലയുടെ അടുത്തു തന്നെയുള്ള ഹോട്ടലില്‍ നിന്ന് റേയ്ച്ചലിന് ഏറ്റവും ഇഷ്ടമുള്ള ചിക്കന്‍ ബിരിയാണിയും എസ്‌ക്രീമും കഴിച്ചു കഴിഞ്ഞപ്പോള്‍ റെയ്ച്ചലിനും റോമിക്കും സന്തോഷം ഇരട്ടിയായി. പിന്നീട് അവര്‍ പക്ഷികളെ സന്ദര്‍ശിക്കാനായിരുന്നു പോയത്. എന്തൊക്കെ വര്‍ണങ്ങളില്‍ തൊപ്പിയുള്ളതും നീണ്ട വാലുള്ളതും മഴവില്‍ നിറത്തിലുള്ളവയും സ്വര്‍ണ നിറത്തിലുള്ളവയും എന്നുവേണ്ട അടിപൊളി രസമായിരുന്നു പക്ഷികളെ കാണാന്‍. പക്ഷിക്കൂടുകള്‍ക്ക് പുറമേ നിന്നുകൊണ്ട് അവര്‍ സെല്‍ഫിയൊക്കെ എടുത്തു.


മൃഗശാലയില്‍ വന്നതും മൃഗങ്ങളെയും പക്ഷികളെയും കണ്ടതും മറ്റെല്ലാ കാഴ്ചകളെയും കുറിച്ച് നന്നായി വിവരിച്ചു ഒരു യാത്രാവിവരണം എഴുതണമെന്ന് അമ്മ മുന്‍കൂട്ടി തന്നെ റേയ്ച്ചലിനോടും റോമിയോടും പറഞ്ഞിട്ടുണ്ടായിരുന്നു. അമ്മയെ കാണിക്കണമെന്നും അതിനുശേഷം സ്‌കൂളില്‍ കൊണ്ടുപോയി ക്ലാസ്സ് ടീച്ചറിനെയും കാണിച്ചു കൊടുക്കണമെന്നും അമ്മ പറഞ്ഞിട്ടുണ്ടത്രെ. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന റിച്ചുവും അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന റോമിയും കഥയെഴുതുന്നതില്‍ മിടുക്കരാണ്, സ്‌കൂളില്‍ സമ്മാനവും ലഭിക്കാറുണ്ട്. അവിടെ നിന്ന് മടങ്ങുന്നതിനു മുമ്പ് എഴുതുന്ന കാര്യത്തെപ്പറ്റി അമ്മ വീണ്ടും അവരെ ഓര്‍മപ്പെടുത്തി. പതിവുള്ളപോലെ അമ്മയും സമ്മാനം തരണമെന്ന് ഒരു കള്ളച്ചിരിയോടെ അമ്മയുടെ ചെവിയില്‍ അവള്‍ സ്വകാര്യം പറഞ്ഞു.


വൈകിട്ട് 4 മണി വരെ എല്ലാം ചുറ്റിക്കറങ്ങി നടന്നുകണ്ട് അവിടെ നിന്ന് പുറത്തിറങ്ങി. പോകുംവഴി സിനിമകൂടി കണ്ടിട്ട് പോകാമെന്ന് അച്ഛന്‍ പറഞ്ഞതനുസരിച്ച് അവരെല്ലാവരും സിനിമയ്ക്കുംകൂടി പോയിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page