വികാരനൗക I KAIROS MALAYALAM I MAY 2026
- digital974
- May 19
- 2 min read
ച്ചു.

ചെറിയ കാര്യങ്ങളിൽ തട്ടി വ്യതിചലിച്ചു പോവുകയെന്നത് ചെറുതല്ലാത്ത ഒരാരോപണമാണ്. 'പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം' എന്ന് തട്ടാൻ എഴുതിവെച്ചിരിക്കുന്നത് വായിച്ചിട്ട്, 'പൂച്ച നടത്തം' എന്ന് പണ്ട് പരിഹസിച്ച ഒരാളെ ഓർത്തതിനെ പ്രതി മൂക്കുകുത്താൻ വിസമ്മതിച്ച ഒരു കൂട്ടുകാരിയുണ്ട്. 'എന്തിനിവിടെ' എന്ന് ഫോക്കസ് നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ പാവം മനസ്സ്. 'Mind itself is a sickness' എന്നൊക്കെ പറഞ്ഞു വെച്ചത് ആരാണാവോ?
ഒരു തമാശയുണ്ട്, വലിയ ഫാക്ടറിയിൽ നിന്നും ഒരാൾ പണിക്ക് ശേഷം അർബാനയിൽ (wheelbarrow) ഒരു ചെറിയ പൊതിയുമായി പുറത്തേയ്ക്ക് വരികയാണ്. "എന്താണ് ?" സെക്യൂരിറ്റി ചോദ്യം ചെയ്തു. "കുറച്ച് അറക്കപ്പൊടിയാണ്." സെക്യൂരിറ്റി തുറന്നു നോക്കി, അതെ തടിപ്പൊടിയാണ്. രണ്ടാം ദിവസവും മൂന്നാം ദിവസവും നാലാം ദിവസവും ഇതുതന്നെ ആവർത്തിച്ചു. ഇത്തവണ സെക്യൂരിറ്റി പറഞ്ഞു. "നീ സത്യം പറ ഈ പൊടിയുടെ പേരിൽ എന്തോ ഇവിടുന്ന് നീ കടത്തുകയല്ലേ? ഞാൻ ആരോടും പറയില്ല! സത്യം പറയൂ! എന്താണത്?" അയാൾ രഹസ്യമായി പറഞ്ഞു. "അർബാന"!
ചെറിയ ഡിസ്ട്രാക്ഷനുകളാണ്, പിന്നെ വലുതൊന്നും തന്നെ കാണാൻ പറ്റാണ്ട് പോകുന്നു. ഹൃദയശാന്തി കെട്ടുതുടങ്ങുന്നതും ചെറിയ ചെറിയ കലർപ്പുകളിൽ നിന്നുമാണ്. ശരീരം മുഴുവനായും ഒരു അരങ്ങായി മാറിയാൽ 'ഹൃദയം' കെ. ടി. ഉമ്മറിൻ്റെ റോൾ ചെയ്യാനാണ് സാധ്യത, സംഗതി മറ്റൊന്നുമല്ല! വൈകാരിക കേന്ദ്രം എന്ന നിലയ്ക്ക് ഹൃദയം ഒരു വികാര ജീവിയാണ്. എന്ത് വില കൊടുത്തും ഹൃദയത്തിൻ്റെ സ്വച്ഛന്ദത നിലനിർത്തേണ്ടതുണ്ട്. അത് മറ്റുള്ളവരിലേയ്ക്ക് പടർത്തേണ്ടതുമുണ്ട്.
ആയിരത്തി എണ്ണൂറിൻ്റെ അവസാനം ടെന്നിസിൽ നടന്ന ഒരു പീഡന പരമ്പരയിൽ കുറേ പെൺകുട്ടികൾ പെട്ടു കെട്ടു പോയി, കൂടെ അവളും. ഉദരത്തിൽ ഉരുവായ ജീവനെ, കൂടെയുണ്ടായിരുന്ന പലരും ചീന്തി എറിഞ്ഞപ്പോഴും അവൾ, ദൈവം നൽകിയ പരീക്ഷണമായി കണ്ട് ആ കുഞ്ഞിന് ജന്മം നൽകി. 'ബെന്നി വാൾട്ടർ' എന്നായിരുന്നു അവൻ്റെ പേര്. ഹൃദയം നുറുക്കുന്ന ഒരു പ്രശ്നമുണ്ട്. തൻ്റെ അച്ഛൻ ആരാണെന്ന് അവനറിയില്ല! ഓരോ ദിവസവും ആരെങ്കിലും ചോദിക്കും, ഹൃദയം കനപ്പെടും. തനിക്കും കാലത്തിനും നിരക്കാത്ത വികാരവിക്ഷോഭങ്ങളുമായി ആ ചെറിയ ബാലൻ അലഞ്ഞു നടന്നു. ഒരിക്കൽ തൻ്റെ പള്ളിയിൽ പുതിയ ഒരച്ചൻ പ്രസംഗം നടത്തുന്നു എന്നുകേട്ട് സമാധാനം തേടി അവനവിടെയെത്തി. ഒരിക്കലും പിടിക്കാത്ത പള്ളി പ്രസംഗത്തിൽ അന്നവൻ പെട്ടിരുന്നു. നിറകണ്ണുകളുമായി തിരിഞ്ഞു നടക്കുന്ന അവൻ്റെ ചുമലിൽ ഒരു കൈ അവനെ തിരിച്ചു വിളിച്ചു.
"മോൻ ആരാ?" ബെൻ !"മോൻ്റെ അച്ഛൻ ആരാ?...
ആ നിശ്ചലതയിലെ നിസ്സഹായത തിരിച്ചറിഞ്ഞ പാതിരി എല്ലാവരും കേൾക്കെ ഉറക്കെ പറഞ്ഞു. "എനിക്കറിയാം ഇവൻ്റെ അച്ഛനാരാണെന്ന്!" ബെൻ ഒന്നുഞെട്ടി, അമ്മയ്ക്ക് പോലും അറിയില്ല! അച്ചൻ പറഞ്ഞു; "ഇവിടെ കൂടിയിരിക്കുന്നവർക്ക് അവരുടെ ഭൂമിയിലെ അച്ഛനെ മാത്രമേ അറിയൂ. നിനക്കാകട്ടെ അതറിയാത്തതുകൊണ്ട് നീ ആകാശത്തിലെ അച്ഛൻ്റെ കുഞ്ഞായിരിക്കുന്നു. ദൈവത്തിൻ്റെ കുഞ്ഞായിരിക്കുകയെന്നത് വലിയ ഒരു അവകാശമാണ്. ആ അവകാശത്തിന് അർഹനെന്ന കണക്കിന് മുമ്പോട്ട് ജീവിക്കുക."
ആ കുഞ്ഞാണ് 'ബെൻ ഹൂപ്പർ' എന്ന പേരിൽ ടെന്നീസിൻ്റെ ഗവർണർ പദവി അലങ്കരിച്ച, resilience-ൻ്റെ പര്യായമായി മാറിയ ആൾ. ഹൃദയ വികാരങ്ങൾക്ക് വേണ്ടത്ര തെളിമ കണ്ടെത്തലാണ് ഇന്നലെകളുടെയും ഇന്നിൻ്റെയും ശാന്തിയിലേയ്ക്കുള്ള പോംവഴി. അതിന് സഹജീവിക്ക് തണലൊരുക്കലാണ് നിയോഗം, അല്ലെങ്കിൽ മറ്റെന്താണത്?
EQ എന്ന ഇമോഷണൽ ക്വോഷ്യൻ്റിനെയൊക്കെയൊക്കെ ഒന്നു കാര്യമായി പരിഗണിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. 'The Power of Now' എന്ന പുസ്തകത്തിൽ Eckhart Tolle ഇമോഷനെ ഡിഫൈൻ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്, "Emotion : The Body's Reaction to Your Mind". അങ്ങനെ നോക്കുമ്പോൾ 'ഇമോഷണൽ ഇൻ്റലിജൻസ്' എന്നത് സാധകൻ പരിശീലിക്കേണ്ടുന്ന ഒരു ആട്ടക്കലയായി മാറുന്നു.
"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും" എന്ന് വേദപുസ്തകം പറയുന്നുണ്ട്. makarioi എന്ന വാക്കാണ് 'ഭാഗ്യവാൻ' എന്നതിന് മൂലഗ്രന്ഥങ്ങളിൽ ഉള്ളത്, 'ആനന്ദമോദർ' എന്നതാണ് ശരിയായ അർത്ഥം. opsontai എന്ന വാക്കിൻ്റെ അർത്ഥം കാണുക എന്നല്ല! അന്തരംഗത്തിൽ അനുഭവിക്കുക എന്നാണ്. അങ്ങനെ ആനന്ദമറിഞ്ഞവരുടെ ഹൃദയം ദേവാലയമാകുകയാണ്. അഹങ്കാരത്തിൻ്റെ ആവനാഴികളിൽ നിന്നും അഹംബോധത്തിൻ്റെ സേവനാഴികളിലേയ്ക്ക് ഉണർന്നവർ അപ്പനെ അറിയുകയാണ്! അപ്പം പങ്കുവെക്കുകയാണ്.
ബാല്യത്തിൻ്റെ അസംബ്ലിയിൽ നിന്നും ഒരു കീർത്തനമുയരുന്നുണ്ട്.
"ഹൃദയരാഗ തന്ത്രി മീട്ടി സ്നേഹഗീതമേകിയും
കർമ്മ ഭൂമി തളിരിടുന്ന വർണ്ണമേകിയും
നമ്മിൽ വാഴും ആദി നാദം എന്നും വാഴ്ത്തിടാം"
അകത്തുളളവനെ ഈ നിമിഷം വാഴ്ത്തുകയാണത്രേ എന്തിലേയ്ക്കുമുള്ള ഫോക്കസിൻ്റെ ജീവചരിത്രം രേഖപ്പെടുത്തുന്ന തലക്കല്ല്.
ജെ. ക്രൈസ്റ്റ് വോൺ.
…………………………………………….
ജെ. ക്രൈസ്റ്റ് വോൺ എന്നത് തൂലികാനാമം. ജിത്തു ജോർജ് എന്നതാണ് ശരിയായ പേര്. ഓസ്ട്രേലിയയിലെ പെർത്തിൽ കുടുംബമായി താമസിക്കുന്നു. ഓസ്ട്രേലിയൻ ഗവൺമെൻ്റ് ഓർഗനൈസേഷനായ ഡിപ്പാർട്ട്മെൻ്റ് ഓഫ് കമ്മ്യൂണിറ്റിയിൽ ഡാറ്റ എഞ്ചിനീയറായി പ്രവർത്തിക്കുന്നു.



Comments