top of page

ജീവിതം ആഘോഷമാക്കാൻ I KAIROS MALAYALAM I MAY 2026

  • digital974
  • May 21
  • 5 min read

Updated: May 22

ഞാൻ ജനിച്ചത് ഒരു ടിപ്പിക്കൽ കത്തോലിക്കാ കുടുംബത്തിലായിരുന്നു. അതുകൊണ്ടുതന്നെ പപ്പയും മമ്മിയുമൊക്കെ വിശ്വാസം പകർന്നു തരികയും എന്നും രാവിലെ കുർബാനയ്ക്ക് പോകുവാൻ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. വ്യക്തിപരമായി താല്പര്യമില്ലെങ്കിലും അവരുടെ നിർബന്ധം കൊണ്ട് ഞാൻ രാവിലെ കുർബാനയ്ക്ക് പോകുമായിരുന്നു. പിന്നീട് ആദ്യകുർബാന സ്വീകരണത്തിന് ശേഷം അൾത്താര ബാലനായി ശുശ്രൂഷ ചെയ്യാനുമൊക്കെ തുടങ്ങിയെങ്കിലും വ്യക്തിപരമായി ഈശോ ആരാണെന്നും എങ്ങനെയാണെന്നുമൊക്കെയുള്ള അനുഭവം ഒന്നും ഉണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ച് ഈശോ എന്ന് പറയുന്നത് പള്ളിയുടെ നാല് ചുവരുകൾക്കുള്ളിൽ അല്ലെങ്കിൽ സക്രാരിയുടെ ഉള്ളിൽ വസിക്കുന്ന ഒരാളായിരുന്നു. പള്ളി വിട്ട് പുറത്തുപോകുമ്പോൾ ഈശോ എൻ്റെ കൂടെ വരുന്നില്ല, ഈശോ പള്ളിയിൽ തന്നെയാണ് എന്നൊക്കെയായിരുന്നു എൻ്റെ ഉള്ളിലെ ചിന്ത. പക്ഷേ പപ്പയും അമ്മയുമൊക്കെ പകർന്നു തന്ന വിശ്വാസം ഉള്ളിലുണ്ടായിരുന്നതുകൊണ്ട് എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ട് വരുന്ന സമയത്ത് ഈശോയിൽ ആശ്രയിക്കാനുള്ള ഒരു ബോധം എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നു.


പിന്നീട് അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തൊക്കെ ഞാൻ കണ്ണട ഉപയോഗിക്കുമായിരുന്നു. ഇടയ്ക്ക് കാഴ്ച പരിശോധനയ്ക്ക് പോകുമ്പോൾ കാഴ്ച കുറഞ്ഞു വരുന്നതായി അറിയാൻ സാധിച്ചു. അങ്ങനെ പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് വിശദമായ ഒരു ടെസ്റ്റ് നടത്തുന്നത്. ആ സമയത്താണ് റെറ്റിനൈറ്റിസ് പിഗ്മെൻ്റോസ (Retinitis Pigmentosa) എന്നൊരു അസുഖം എനിക്കുണ്ടെന്ന് ഡോക്ടർ പറയുന്നത്. പലപ്പോഴും ടെസ്റ്റിന് പോകുന്നത് ഞാൻ തന്നെയായിരുന്നതുകൊണ്ട് ഇതറിയുന്ന സമയത്തും ഡോക്ടറുടെ അടുത്ത് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇതിൻ്റെ ലക്ഷണമെന്നു പറയുന്നത്, എല്ലാ വർഷവും കാഴ്ചയുടെ 20% കുറഞ്ഞു കുറഞ്ഞു വരുന്നു എന്നുള്ളതാണ്. നാലോ അഞ്ചോ വർഷത്തിനുള്ളിൽ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു രോഗമാണ് ഇതെന്ന് അദ്ദേഹം അറിയിച്ചു. പതിനേഴ് വയസ്സ് പ്രായമുള്ള എന്നെ സംബന്ധിച്ച് ഇതറിയുന്നത് വളരെ ബുദ്ധിമുട്ടുളവാക്കുന്നതായിരുന്നു.


അൾത്താര ശുശ്രൂഷകനായി സേവനം ചെയ്യുകയും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കുകയും ഒക്കെ ചെയ്തിട്ടും ഇത്തരത്തിൽ നാലഞ്ച് വർഷം കൊണ്ട് എൻ്റെ കാഴ്ചശക്തി പൂർണ്ണമായും എടുത്തു മാറ്റപ്പെടുന്ന ഒരു അവസ്ഥ എന്നെ സംബന്ധിച്ച് ഒരു ഷോക്ക് ആയിരുന്നു. കാരണം മുന്നോട്ട് നോക്കുമ്പോൾ ജീവിതത്തിൽ ഇനി ഒന്നും ബാക്കിയില്ല, ഇരുട്ട് മാത്രം. കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർക്കപ്പെടുന്നു എന്നൊരു അവസ്ഥയിലായിരുന്നു ഞാൻ. നാലഞ്ച് വർഷത്തിനുള്ളിൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടും എന്നുള്ള ആ ഒരു യാഥാർത്ഥ്യം എനിക്ക് ഉൾക്കൊള്ളാൻ (Accept ചെയ്യാൻ) പറ്റുന്നില്ലായിരുന്നു.


അങ്ങനെ പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് എക്സാമൊക്കെ എഴുതി ബാച്ചിലർ ഓഫ് ഫാർമസി (B.Pharm) എന്ന് പറയുന്ന ഒരു കോഴ്സ് പഠിക്കുവാനായി തമിഴ്നാട്ടിൽ ഈറോഡ് എന്ന സ്ഥലത്ത് ജോയിൻ ചെയ്തു. അവിടെ ചെന്നപ്പോൾ എനിക്ക് ഒട്ടും പരിചയമില്ലാത്ത ഭാഷ, ഭക്ഷണം, സാഹചര്യങ്ങൾ... എല്ലാം വളരെ വ്യത്യസ്തമായിരുന്നു. അതെല്ലാം അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാൻ നാട്ടിൽ നിന്നും ജീസസ് യൂത്ത് (Jesus Youth) മൂവ്മെൻ്റിലൂടെ വന്നതുകൊണ്ടും പരിശുദ്ധ കുർബാനയുമൊക്കെ ഉണ്ടായിരുന്നതുകൊണ്ടും ഈറോഡിൽ വന്നതിനുശേഷവും ജീസസ് യൂത്ത് മുന്നേറ്റവുമായി ബന്ധപ്പെടാനും എനിക്ക് സാധിച്ചു. അങ്ങനെയിരിക്കെ ഒരിക്കൽ എൻ്റെ പഠനവുമായി ബന്ധപ്പെട്ട് റഫ് ആയി എഴുതിയിരുന്ന നോട്ട് മെയിൻ നോട്ട് ബുക്കിലേക്ക് എഴുതുന്നതിന് ശ്രമിക്കുന്നതിനിടയിൽ, നോട്ട് ചെയ്തിരിക്കുന്നത് എനിക്ക് വായിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരുന്നത് ഞാൻ കണ്ടു. തുടർന്ന് വീണ്ടും ഞാൻ ഡോക്ടറെ കാണുവാൻ ചെല്ലുകയും കാഴ്ചശക്തി കുറഞ്ഞുവരുന്ന അവസ്ഥ ഡോക്ടർ കൺഫേം ചെയ്യുകയും ചെയ്തു. കാഴ്ച കുറഞ്ഞു വരികയും അടുത്ത നാലഞ്ച് വർഷത്തിനുള്ളിൽ അത് പൂർണ്ണമായി ഇല്ലാതാവുകയും ചെയ്യുമെന്ന കാര്യം വീണ്ടും എന്നെ ഓർമ്മിപ്പിച്ചു.


രണ്ടാം വർഷം പഠിക്കുന്ന സമയത്താണ് ഇങ്ങനെ ഉണ്ടായത്. സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകുന്നതുകൊണ്ട് എക്സാമിന് ഞാൻ തോൽക്കുകയും ചെയ്തു. ഞാൻ പഠിച്ച യൂണിവേഴ്സിറ്റിയുടെ രീതിയനുസരിച്ച് മൂന്ന് വിഷയങ്ങളിൽ തോറ്റു കഴിഞ്ഞാൽ ഇയർ ബ്രേക്ക് (Year Break) ആവുകയും പിന്നീട് വീട്ടിലിരുന്ന് പഠിച്ച് ആറുമാസത്തിനുശേഷം വീണ്ടും എക്സാം എഴുതി, ജൂനിയേഴ്സിൻ്റെ കൂടെ കോഴ്സ് തുടരുകയും ചെയ്യാം. അങ്ങനെ അത്തരത്തിലുള്ള ഇയർ ബ്രേക്ക് ആ കോളേജിൽ എനിക്ക് മാത്രമായിരുന്നു കിട്ടിയത്. അന്നേരത്തൊക്കെ എൻ്റെ സുഹൃത്തുക്കൾ പലരും ചോദിക്കുമായിരുന്നു, ജീസസ് യൂത്ത് പരിപാടികളിൽ പോവുകയും പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്തിട്ടും നിനക്കെന്താണ് ഇങ്ങനെ സംഭവിച്ചതെന്ന്. അവരോട് പറയാൻ മറുപടിയൊന്നും എനിക്കുണ്ടായിരുന്നില്ല. വലിയൊരു ചോദ്യമായി ഇതെല്ലാം എൻ്റെയുള്ളിൽ അവശേഷിച്ചു.


പിന്നീട് ഞാൻ വീട്ടിൽ പോയി. കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ യൂണിവേഴ്സിറ്റിയിലെ ഇയർ ബ്രേക്ക് എന്ന സംവിധാനം നിർത്തലാക്കി. അതുപ്രകാരം അവസാനവർഷം ഇയർ ബ്രേക്ക് കിട്ടി പുറത്തുനിന്ന് പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് റീജോയിൻ ചെയ്യാനായിട്ടുള്ള അവസരവുമുണ്ടായി. ഇതിലൂടെ എനിക്ക് ലഭിച്ച ഒരു അനുഭവം എന്ന് പറയുന്നത്, ഞാൻ പഠിച്ചിരുന്ന കോളേജിൽ ഇയർ ബ്രേക്ക് എടുത്ത് പുറത്തുപോയത് ഞാൻ മാത്രമായിരുന്നു. യൂണിവേഴ്സിറ്റിയുടെ റൂൾസ് മാറ്റിയപ്പോൾ ആ കോളേജിൽ എനിക്കുവേണ്ടി മാത്രമായി ഈശോ മാറ്റം കൊണ്ടുവന്നതും പഠനം തുടരാൻ അനുവദിച്ചതുമൊക്കെ ഏറെ അത്ഭുതമുളവാക്കി. എനിക്കുവേണ്ടി യൂണിവേഴ്സിറ്റിയുടെ റൂൾസ് മാറ്റിമറിക്കാൻ ഈശോ അനുവദിച്ചത് എനിക്ക് വളരെ തിരിച്ചറിവുണ്ടാക്കിയ സന്ദർഭമായിരുന്നു. പക്ഷേ കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ ഇയർ ബ്രേക്ക് സംവിധാനം നിർത്തലാക്കിയത് തെറ്റായിപ്പോയ ഒരു തീരുമാനമായി കണ്ടുകൊണ്ട് വീണ്ടും ആ സംവിധാനം നിലവിൽ വരികയും ചെയ്തു. പക്ഷേ റീജോയിൻ ചെയ്ത വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അനുവാദം ലഭിക്കുകയും ചെയ്തു.ഞാൻ തുടർന്ന് പഠനം ആരംഭിച്ചുവെങ്കിലും, ടെക്സ്റ്റ്ബുക്ക് എങ്ങനെ വായിക്കും, പരീക്ഷയിൽ ചോദ്യപേപ്പർ എങ്ങനെ വായിച്ച് പരീക്ഷയെഴുതും എന്ന വലിയൊരു ചോദ്യം എൻ്റെ മുന്നിൽ ഉയർന്നു നിന്നു.


ഈ നാളുകളിൽ ഞാൻ പഠിച്ചിരുന്നത് എൻ്റെ കൂട്ടുകാരോടൊപ്പം ഇരിക്കുകയും അവർ വായിച്ചു പഠിക്കുമ്പോൾ അല്പം ഉറക്കെ വായിക്കാൻ പറയുകയും അത് കേട്ട് ഞാൻ പഠിക്കുകയും ചെയ്യുന്ന ഒരു രീതിയിലായിരുന്നു. ബാച്ചിലർ ഓഫ് ഫാർമസി എന്നുള്ള വിഷയത്തിൽ നിരവധി സ്ട്രക്ചറുകൾ എനിക്ക് പഠിക്കേണ്ടതുണ്ടായിരുന്നു. എൻ്റെ സുഹൃത്തുക്കൾ ഈ സ്ട്രക്ചറുകളെല്ലാം മതിലിൽ വരച്ച് എൻ്റെ കൈകൊണ്ട് അതിന്മേൽ വരപ്പിച്ച് എനിക്ക് പറഞ്ഞു തരുമായിരുന്നു. അങ്ങനെയാണ് ഞാൻ അതെല്ലാം പഠിച്ചത്. അങ്ങനെ പരീക്ഷയടുത്തപ്പോൾ യൂണിവേഴ്സിറ്റിയിൽ നിന്നും സ്ക്രൈബ് (Scribe) എന്ന് പറയുന്ന ഒരു സംവിധാനം എനിക്ക് അവർ നൽകുകയും ചെയ്തു. പരീക്ഷയിൽ എൻ്റെ കൂടെ എൻ്റെ സഹായിയായി എനിക്ക് ഒരാളെ കൊണ്ടുപോകാമെന്നതാണ് ആ സംവിധാനം. പഠിക്കുന്ന വിഷയവുമായി ബന്ധമില്ലാത്ത (Unrelated) മറ്റൊരു കോഴ്സ് പഠിക്കുന്ന ഒരാളെ കൂടെ കൊണ്ടുപോകാം. അവർ എനിക്കുവേണ്ടി ക്വസ്റ്റ്യൻ പേപ്പർ വായിച്ചു തരികയും ആൻസർ ഞാൻ പറയുമ്പോൾ അവർ അതനുസരിച്ച് ആൻസർ ഷീറ്റിൽ എഴുതുകയും ചെയ്യും. ഇതെല്ലാം നോക്കുവാനായി ഒരു സ്പെഷ്യൽ ഇൻവിജിലേറ്റർ കൂടെയുണ്ടാവും. ഇങ്ങനെ സ്ക്രൈബ് ഫെസിലിറ്റി ഉപയോഗിച്ചാണ് എൻ്റെ തുടർന്നുള്ള പഠനം മുഴുവൻ ഞാൻ ചെയ്തത്. എൻ്റെ നാലുവർഷത്തെ കോഴ്സ് നാലുവർഷം കൊണ്ടുതന്നെ ഞാൻ പഠിച്ചു പാസ്സായി. 60% മാർക്കോടുകൂടി ഞാൻ ആ കോഴ്സ് പൂർത്തിയാക്കുമ്പോൾ എന്നെ സഹായിച്ചും വായിച്ചുമൊക്കെ തന്നിരുന്ന പലരും പരാജയപ്പെട്ട സ്ഥലത്ത് ഇത്തരത്തിൽ വിജയിക്കുവാൻ എൻ്റെ ഈശോ എനിക്ക് ഇടവരുത്തി.


ഇങ്ങനെയൊക്കെയാണെങ്കിലും എഴുതാനും വായിക്കാനും ഒന്നും പറ്റാത്ത സാഹചര്യത്തിൽ കോഴ്സ് പൂർത്തിയാക്കി വിജയിച്ചുവെങ്കിലും തുടർന്ന് മുന്നോട്ട് പോകുമ്പോൾ എങ്ങനെ ജോലി ചെയ്യുമെന്നുള്ള ആശങ്കയുണ്ടായിരുന്നു. തുടർന്ന് പഠനം നടത്തുവാൻ ആഗ്രഹിച്ചപ്പോൾ വിദ്യാഭ്യാസ ലോൺ എടുത്തുകൊണ്ട് ചെയ്യുന്ന ആ കാര്യം സ്റ്റോപ്പ് ചെയ്ത് പൈസ സേവ് ചെയ്തുകൂടേ എന്ന് പലരും എന്നെ ഉപദേശിച്ചു. അപ്പോഴെല്ലാം ഞാൻ കൂടുതൽ ആശ്രയിച്ചത് എൻ്റെ ഈശോയിലായിരുന്നു. ആ സമയത്ത് എന്നെ ശക്തിപ്പെടുത്തിയത് ഒരു ദൈവവചനമായിരുന്നു:

"നിങ്ങളുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിൻ്റെ സമാധാനം കർത്താവായ യേശുക്രിസ്തുവിൽ നിങ്ങളെ കാത്തുസൂക്ഷിക്കും." (ഫിലിപ്പിയർ 4:7)

തുടർന്ന് ഈ വചനമായിരുന്നു എനിക്ക് എല്ലാത്തിനും ശക്തി പകർന്നത്. ജീസസ് യൂത്തിൽ സജീവമായി നിൽക്കാനും പഠനവുമൊക്കെയായി മുന്നോട്ടു പോകാനും എനിക്ക് ശക്തി തന്നതും ധൈര്യപ്പെടുത്തിയതും ഈ വചനമായിരുന്നു. അങ്ങനെ ഞാൻ തുടർന്ന് പഠിക്കുകയും പിന്നീട് ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റിൽ (HRM) എം.ബി.എ (MBA) ചെയ്തു. തുടർന്ന് വിപ്രോ (Wipro) എന്ന കമ്പനിയിൽ ജോലിക്ക് കയറി. അതിനുശേഷം ഞാനിപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യയിൽ ജോലി ചെയ്യുന്നു.


എൻ്റെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച ഒരു പാഠം എന്നത്, ഞാൻ മറ്റുള്ളവരെ കേൾക്കാൻ ആയിട്ട് ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ ഈശോ പറയുന്നത് കേൾക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ബാക്കിയുള്ളവർ പറയുന്നത് കേൾക്കാതെ ഈശോയുടെ മുന്നിലിരിക്കാനും പ്രാർത്ഥിക്കാനും അങ്ങനെ ഈശോ പറയുന്നത് കേൾക്കാനുമൊക്കെ സാധിച്ചതുകൊണ്ടാണ് മുന്നോട്ടുള്ള കാര്യങ്ങൾ എനിക്ക് വ്യക്തതയോടെ ചെയ്യാൻ ആയത്. അങ്ങനെ മനുഷ്യർ പറയുന്നത് മാത്രമാണ് ഞാൻ കേട്ടിരുന്നതെങ്കിൽ ഇപ്പോൾ ഞാൻ എവിടെയുമെത്താതെ പരമ്പരാഗതമായി, കാഴ്ചയില്ലാത്തവർ ചെയ്യാറുള്ളതുപോലെ കുട്ട നെയ്യുകയോ സോപ്പ് ഉണ്ടാക്കുകയോ ചെയ്യുന്നത് പോലെയൊക്കെ ചെയ്തുകൊണ്ട് ഞാൻ എവിടെയെങ്കിലും ആയിരുന്നേനെ. ഇതിൽ നിന്ന് വ്യത്യസ്തമായി കർത്താവ് പറയുന്നത് കേൾക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ഞാൻ തയ്യാറായതുകൊണ്ടാണ് ഇന്നിപ്പോൾ ഞാനായിരിക്കുന്ന അവസ്ഥയിലേക്ക് ഉയരാൻ എനിക്കായത്.


2008-2009 കാലയളവിലാണ് എനിക്ക് വായിക്കാൻ പറ്റാതായത്. പിന്നീട് രണ്ടു മൂന്നു വർഷത്തിനുള്ളിൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. ഞാനിന്ന് ഇടയ്ക്കിക്കിടെ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്, എന്തുകൊണ്ടാണ് എനിക്ക് ഇത്തരത്തിൽ ഒരു അസുഖം വരാനിടയായത് എന്ന്. അന്നേരത്തൊക്കെ ഈശോ പറഞ്ഞ കാര്യമാണ് എൻ്റെ ഓർമ്മയിൽ വരുന്നത്:

"ഇവൻ ഇങ്ങനെയായത് ഇവരുടെ പൂർവ്വികരുടെ പാപം നിമിത്തമോ ഇവൻ്റെ പാപം നിമിത്തമോ അല്ല, മറിച്ച് ദൈവകൃപ ഇവനിൽ പ്രകടമാകാൻ വേണ്ടിയാണ്."

പണ്ടൊക്കെ ഇങ്ങനെയൊരു ബോധം കാര്യമായിട്ട് എൻ്റെയുള്ളിൽ ഉണ്ടായിരുന്നില്ല. പക്ഷേ കാഴ്ച നഷ്ടപ്പെട്ടതിനുശേഷമാണ് ഞാൻ ചിന്തിച്ചത്, കാഴ്ച നഷ്ടപ്പെടുന്നവർ എങ്ങനെ ബൈബിൾ വായിക്കുമെന്ന്. അതിനുള്ള സാധ്യത മലയാളത്തിൽ ഇല്ലെന്ന് കണ്ടപ്പോൾ അതിനുവേണ്ടിയുള്ള ഒരു ശ്രമം ഞാൻ തുടങ്ങി. അങ്ങനെ 2015-ൽ ‘ഡെയ്സി’ (DAISY) എന്ന് പറയുന്ന ഫോർമാറ്റിൽ കാഴ്ചയില്ലാത്തവർക്ക് വായിക്കാൻ കഴിയുന്ന ഒരു മലയാളം ബൈബിൾ POC-യ്ക്ക് വേണ്ടി KCBC ബൈബിൾ സൊസൈറ്റിയുടെ ഭാഗമായിട്ട് ചെയ്യാനായി ഈശോ എന്നെ ഉപയോഗിച്ചു. ഇതെൻ്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു. കാരണം ഞാൻ ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിക്കപ്പെട്ടതിൻ്റെ കാരണം തന്നെ മറ്റ് പല കാര്യങ്ങളും ചെയ്യാൻ വേണ്ടിയിട്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.

സത്യത്തിൽ എൻ്റെ ഭാര്യയുടേയോ മക്കളുടേയോ മുഖം ഞാൻ ഇതുവരെ കണ്ടിട്ടില്ല, പക്ഷേ ഞങ്ങൾ ഹാപ്പിയാണ്. എൻ്റെ കണ്ണ് ഇവളാണ് - എൻ്റെ ഭാര്യ. ഞങ്ങൾ സിനിമയ്ക്ക് പോകുമ്പോൾ ഡയലോഗുകൾ ഇല്ലാത്ത ചില സീനുകൾ വരുമ്പോൾ ഇവളാണ് എനിക്ക് പറഞ്ഞു തരുന്നത് എന്താണെന്ന്. ഞങ്ങൾ സിനിമകൾ കാണുന്നു, യാത്രകൾ ചെയ്യുന്നു. 2025-ൽ ഞങ്ങൾ കാശ്മീരിൽ പഹൽഗാം ആക്രമണം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അവിടെ പോയിരുന്നു. അങ്ങനെ നിരവധിയായിട്ടുള്ള അനുഭവങ്ങൾ കർത്താവ് എനിക്ക് തന്നു. കാഴ്ചയില്ലെങ്കിലും കൂടെ നടക്കാൻ പറ്റുന്ന, എല്ലാത്തിനും സഹായിയായ ഒരു ഭാര്യയെ കർത്താവ് എനിക്ക് നൽകി.


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ഞാൻ ജോലി ചെയ്യുന്നത് കമ്പ്യൂട്ടർ സിസ്റ്റം വഴിയാണ്. കാഴ്ചയില്ലാത്തവർ എങ്ങനെയാണ് ഇത്തരത്തിൽ ജോലികൾ ചെയ്യുന്നത് എന്നുള്ളത് ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. സ്ക്രീൻ റീഡേഴ്സ് (Screen Readers) എന്ന് പറയുന്ന ഒരു ടെക്നോളജിയുണ്ട്. ടെക്സ്റ്റ് ടു സ്പീച്ച് (TTS) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ക്രീനിൽ കാണുന്നത് കണ്ട് ഉപയോഗിക്കുന്നതിനു പകരം ഓഡിയോ ഫോർമാറ്റിലേക്ക് മാറ്റി അത് കേട്ടുപയോഗിക്കാൻ തക്ക രീതിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കമ്പ്യൂട്ടറും മൊബൈൽ ഫോണും ഞാൻ ഉപയോഗിക്കുന്നത്.


എൻ്റെ ഭാര്യ ആൽഫയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഞങ്ങൾക്കുറപ്പുണ്ട്, ഞങ്ങളുടെ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെയെല്ലാം ഈശോ കാര്യങ്ങൾ ക്രമീകരിക്കുകയാണെന്ന്. ഇല്ലാത്തതിനെക്കുറിച്ച് ഓർത്ത് വിഷമിക്കാതെ ഈശോയോടൊപ്പം സന്തോഷത്തോടെ ആയിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എൻ്റെ ഭാര്യ ആൽഫ പലപ്പോഴും പറയാറുണ്ട്, നമ്മൾ ഈശോയോട് ചേർന്നു നിൽക്കുന്നതുകൊണ്ട് നമ്മുടെ കുറവുകളെല്ലാം വലിയ നിറവുകളായി മാറുന്നുവെന്ന്. ആൽഫയ്ക്കും ധാരാളം അനുഭവങ്ങൾ പറയാനുണ്ട് ഞങ്ങളുടെ ജീവിതത്തിൽ നിന്നും. ചുരുക്കത്തിൽ ജീവിതം ആസ്വദിക്കാൻ എല്ലാവർക്കും കഴിയും, പക്ഷേ ആസ്വാദനം ഒരു ആഘോഷമാക്കി ജീവിതത്തിലുടനീളം കൊണ്ടുപോകണമെങ്കിൽ നമ്മളോടൊപ്പം ഈശോ ഉണ്ടായേ തീരൂ. അങ്ങനെ ഈശോയോടൊപ്പം നമ്മുടെ എല്ലാവരുടെയും ജീവിതം ആഘോഷമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

- ജെറിൻ ജോസ്

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page