top of page

കരോൾ നവ്റോക്കി(Karol Nawrocki)- President of Poland I KAIROS MALAYALAM I MAY 2026

  • Writer: Kairos Media
    Kairos Media
  • May 21
  • 2 min read

ബോക്സിംഗ് റിംഗിൽ എതിരാളികളെ മലർത്തിയടിക്കുന്നത് പോലെ "അപ്രതീക്ഷിത പഞ്ചിൽ" പോളണ്ടിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണ് കരോൾ നവ്റോക്കി. നാല്പത്തിരണ്ടുകാരനായ കരോൾ നവ്റോക്കി പരമ്പരാഗത കത്തോലിക്കാ മൂല്യങ്ങൾക്കും സാംസ്കാരിക, രാഷ്ട്രീയ യാഥാസ്ഥിതികതയ്ക്കും ശക്തമായ മുൻതൂക്കം നൽകുന്ന വ്യക്തികൂടിയാണ്.


വിജയ പ്രസംഗം


പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അതിനു ശേഷവും അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അദ്ദേഹത്തിൻ്റെ സന്ദേശങ്ങളിൽ ഭൂരിഭാഗവും പോളണ്ടിൻ്റെ അടിസ്ഥാനമായി ക്രിസ്ത്യൻ മൂല്യങ്ങളെ മുറുകെ പിടിക്കാനുള്ള തൻ്റെ പ്രതിബദ്ധത എടുത്തു കാണിച്ചായിരുന്നു. ക്രൈസ്തവ വിശ്വാസത്തെ ദേശീയ സംസ്കാരത്തിൻ്റെ മൂലക്കല്ലായി താൻ കാണുന്നുവെന്നും ക്രൈസ്തവ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ നല്ലതായി കാണപ്പെടുന്നതെന്നും പോളിഷ് സർക്കാരും കത്തോലിക്കാ സഭയും തമ്മിൽ അടുത്ത ബന്ധം നിലനിർത്തുമെന്നും വിജയത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു.

ഓഫീസുകളിൽ നിന്ന് കുരിശുകൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെ പൊതു ഇടങ്ങളിൽ ക്രിസ്ത്യൻ ചിഹ്നങ്ങളെയും മൂല്യങ്ങളെയും മാറ്റി നിർത്താനുള്ള നീക്കങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവൻ സംരക്ഷിക്കണമെന്ന കത്തോലിക്കാ പ്രബോധനത്തെ കേന്ദ്രമാക്കി ഗർഭച്ഛിദ്രത്തെ ഉൾപ്പെടെ എതിർത്തും അദ്ദേഹം സന്ദേശം നൽകി.

"പോളണ്ട് ഒരു ക്രിസ്ത്യൻ രാഷ്ട്രമായി തുടർന്നില്ലെങ്കിൽ രാഷ്ട്രത്തിന് നിലനിൽപ്പില്ല. ഇത് നമ്മുടെ ഉത്തരവാദിത്വവും കടമയുമാണ്."

ആയിരത്തിൽപരം വർഷങ്ങളായി തുടരുന്ന ക്രിസ്ത്യൻ പൈതൃകത്തിൻ്റെ ആകെത്തുകയാണ് നമ്മളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തുവിനെ കൂടാതെ മനുഷ്യന് സ്വയം മനസ്സിലാക്കുവാൻ കഴിയുകയില്ലെന്ന പോളണ്ടുകാരനായ മുൻ പാപ്പ വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു. മനുഷ്യന് താൻ ആരാണെന്നും, തൻ്റെ ജീവിത ലക്ഷ്യം എന്താണെന്നും ക്രിസ്തുവിനെ കൂടാതെ അറിയുവാൻ കഴിയുകയില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദൈവത്തിൻ്റെകല്പനകൾ പിന്തുടരാത്തതാണ് ഇന്നത്തെ ലോകത്തിലെ എല്ലാ നിർഭാഗ്യത്തിൻ്റെയും കാരണം. എല്ലാവരും ദൈവത്തിൻ്റെ കല്പനകൾ അനുസരിക്കുകയാണെങ്കിൽ ലോകത്ത് ദൗർഭാഗ്യം ഉണ്ടാവുകയില്ല. അതുപോലെ തന്നെ ക്രിസ്ത്യൻ മൂല്യങ്ങളെ വലിച്ചെറിയുന്നവർ മാത്രമല്ല, ക്രിസ്ത്യൻ മൂല്യങ്ങൾക്ക് വിരുദ്ധമായി പൊരുതുന്നവരും പോളണ്ടിൻ്റെ അടിസ്ഥാനം അറിയാത്തവരാണ്.

റഷ്യയ്ക്കും ജർമ്മനിക്കുമിടയിലുള്ള മഹത്തായ രാഷ്ട്രമായ പോളണ്ടിലെ എല്ലാവരും ക്രിസ്ത്യൻ മൂല്യങ്ങളെ വലിച്ചെറിഞ്ഞവരായിരുന്നെങ്കിൽ ഇന്ന് പോളിഷ് ജനത റഷ്യൻ ഭാഷയോ ജർമ്മൻ ഭാഷയോ സംസാരിക്കുന്നവർ മാത്രമായിരുന്നേനേയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോളണ്ടിൻ്റെ ക്രിസ്ത്യൻ പൈതൃകവും സ്വത്വവും ചൂണ്ടിക്കാട്ടി നിരവധി തവണ അദ്ദേഹം സന്ദേശം നൽകിയിട്ടുണ്ട്. പോളണ്ടിൻ്റെ ആദ്യ ഭരണാധികാരിയായ മീസ്കോ ഒന്നാമൻ മാമ്മോദീസാ മുങ്ങിയ എ.ഡി 966 മുതലാണ് പോളണ്ടിൻ്റെ ക്രിസ്തീയവൽക്കരണം ആരംഭിച്ചത്. ഇന്ന് പോളിഷ് ജനതയിലെ 84% പേരും ക്രൈസ്തവരാണ്. ഇതിൽ ഭൂരിഭാഗവും കത്തോലിക്കാ വിശ്വാസികളാണ്.


ഹോട്ടൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനിൽ നിന്നും ഗുസ്തി താരത്തിലേക്ക്


ഹോട്ടൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനിൽ നിന്നും ബോക്സിംഗ് റിംഗിലേക്കും പിന്നീട് ചരിത്രകാരനിലേക്കുമെത്തിയ നീണ്ട കഥയുണ്ട് നവ്റോക്കിക്ക് പറയാൻ. പക്ഷേ, അപ്പോഴും തൻ്റെ യാഥാസ്ഥിതിക നിലപാടുകളെയും വിശ്വാസത്തെയും ദേശീയതയേയും നവ്റോക്കി മുറുകെ പിടിച്ചു.

ആധുനിക പോളിഷ് ചരിത്രത്തിൽ ഗവേഷണം നടത്തുകയും നാസി അധിനിവേശ കാലഘട്ടത്തിലെയും കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലെയും മറ്റും കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ റിമംബറൻസിൻ്റെ പ്രസിഡൻ്റായ നവ്റോക്കി നിരവധി പ്രവർത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിപ്പോരുന്നത്. 2022-ൽ റഷ്യ യുക്രെയ്നെതിരെ പൂർണ്ണ തോതിലുള്ള ആക്രമണം നടത്തിയശേഷം പോളണ്ടിലെ സോവിയറ്റ് കാലഘട്ടത്തിലെ സ്മാരകങ്ങൾ നീക്കം ചെയ്യുന്നത് നവ്റോക്കിയുടെ നേതൃത്വത്തിലായിരുന്നു മേൽനോട്ടം. നമ്മുടെ ചരിത്രം നശിപ്പിച്ചവരെ കൺമുന്നിൽ പോലും വേണ്ടെന്നായിരുന്നു നവ്റോക്കിയുടെ നിലപാട്. ഹ്യൂമാനിറ്റീസ് ഗവേഷകനായ നവ്റോക്കി തൻ്റെ ജന്മനാടായ ഡാൻസ്കിലെ രണ്ടാം ലോകമഹായുദ്ധകാലത്തെ മ്യൂസിയത്തിൻ്റെയും ചുമതലക്കാരനായിരുന്നു. യുദ്ധത്തിൽ പോളണ്ടുകാർ അനുഭവിച്ച ദുരന്തത്തിൻ്റെ നേർചിത്രമായി മ്യൂസിയത്തെ മാറ്റിയെടുക്കുന്നതിലും നവ്റോക്കി നിർണ്ണായക പങ്കുവഹിച്ചു. പോളിഷ് ചരിത്രത്തെ തൻ്റെ ദേശീയ താല്പര്യത്തോടെയുള്ള പൊളിച്ചെഴുത്ത് എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ റിമംബറൻസിൻ്റെയും മ്യൂസിയത്തിൻ്റെയും നവ്റോക്കി കാലഘട്ടത്തെ പിന്നീട് ഗവേഷകർ വിശേഷിപ്പിച്ചത്.


ഗർഭച്ഛിദ്രത്തെയും സ്വവർഗ്ഗരതിയേയും എതിർത്ത രാഷ്ട്രീയക്കാരൻ


രാജ്യത്ത് ഗർഭച്ഛിദ്ര നിയമം ഉദാരമാക്കണമെന്ന ആവശ്യം ഏറെനാളായി ഉയർന്നു വരുന്നതാണ്. പക്ഷേ, ഇതിനോട് നിഷേധാത്മക നിലപാടായിരുന്നു നവ്റോക്കി മുന്നോട്ടുവെച്ചിരുന്നത്. 2021-ന് മുൻപുണ്ടായിരുന്ന ഗർഭച്ഛിദ്ര ഒത്തുതീർപ്പ് പുനഃസ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഏതൊരു നിയമനിർമ്മാണത്തെയും താൻ വീറ്റോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ ഗർഭച്ഛിദ്ര ഒത്തുതീർപ്പ് തിരികെ കൊണ്ടുവരുന്ന ഒരു നിയമത്തിലും താൻ ഒപ്പിടില്ലെന്ന നിലപാടും നവ്റോക്കി കൈക്കൊണ്ടിരുന്നു. അമ്മയുടെ ജീവനോ ആരോഗ്യത്തിനോ അപകടകരമാണെങ്കിലോ അല്ലെങ്കിൽ ബലാത്സംഗം, അവിഹിത ബന്ധം പോലുള്ള ക്രിമിനൽ പ്രവൃത്തിയിൽ നിന്നോ ആണ് ഗർഭം ധരിച്ചതെങ്കിൽ മാത്രമാണ് നിലവിൽ പോളണ്ടിൽ ഗർഭച്ഛിദ്രത്തിന് അനുമതി ലഭിക്കുക. ഈ കർശന വ്യവസ്ഥകൾ മുന്നോട്ടുകൊണ്ടുപോകുമെന്ന അഭിപ്രായം വലിയ എതിർപ്പിനും വഴിവെച്ചിരുന്നു.


സമാനമാണ് സ്വവർഗ്ഗരതിയുടെ കാര്യത്തിലും നവ്റോക്കിയുടെ നിലപാട്. പോളണ്ടിൽ ആൺ/പെൺ എന്നീ രണ്ട് വിഭാഗങ്ങൾ മാത്രമാണുള്ളതെന്നും മറിച്ചുള്ള എന്ത് കാഴ്ചപ്പാടിനേയും അംഗീകരിക്കില്ലെന്നുമായിരുന്നു നവ്റോക്കി വ്യക്തമാക്കിയത്. ആണും പെണ്ണും തമ്മിലുള്ള ഒന്നിക്കലെന്നാണ് ഭരണഘടനപോലും വിവാഹത്തെ വിലയിരുത്തുന്നതെന്നും അതനുസരിച്ച് മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും നവ്റോക്കി ചൂണ്ടിക്കാട്ടിയിരുന്നു.

സമഗ്ര ലൈംഗിക വിദ്യാഭ്യാസം ഉൾക്കൊള്ളുന്ന, പ്രത്യേകിച്ച് ലിംഗ സ്വത്വം, ലൈംഗിക ആഭിമുഖ്യം പോലുള്ള വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന വിദ്യാഭ്യാസപരമായ പദ്ധതികളെയും നവ്റോക്കി ശക്തമായി എതിർത്തിരുന്നു. അത് കുട്ടികളെ 'ലൈംഗികവത്കരിക്കുമെന്നും' മാതാപിതാക്കളുടെ അവകാശങ്ങളെ ലംഘിക്കുമെന്നും അവകാശപ്പെട്ടുകൊണ്ട് മുൻ സർക്കാരിൻ്റെ ആരോഗ്യ വിദ്യാഭ്യാസ പാഠയപദ്ധതിക്കെതിരായ പ്രതിഷേധങ്ങളിലും അദ്ദേഹം പങ്കെടുത്തു.


-ജോബി ബേബി, കുവൈത്ത്

(ലേഖകൻ കുവൈറ്റിൽ നഴ്സായി ജോലി ചെയ്യുന്നു.)


 
 
 

Recent Posts

See All
FOREVER ON HIS MIND | KAIROS GLOBAL | MAY 2022

Author: Chris Cammarata Intro: We are forever remembered by God, and our lives have great value, writes Chris Cammarata. ‘You are an unrepeatable event. That is God’s gift to you.’ These were the word

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page