ഊമക്കത്ത് I Kairos Malayalam I May 2026
- digital974
- May 13
- 1 min read

ഒരിക്കല്‍ ഒരിടവകയില്‍ ഒരു ഊമക്കത്ത് ലഭിച്ചു. അതില്‍ വികാരിയച്ചനെയും കമ്മറ്റി അംഗങ്ങളെയും കഠിനമായി വിമര്‍ശിച്ചിരുന്നു. വാക്കുകള്‍ മൂര്‍ച്ചയുള്ളതായിരുന്നു.
ചില കാര്യങ്ങള്‍ ശരിയായിരുന്നെങ്കിലും മറ്റുചിലത് അതിരു
കടന്നതും വക്രിച്ചതുമായിരുന്നു. കത്ത് കിട്ടിയ വികാരിയച്ചന്‍ അടുത്ത ദിവസങ്ങളില്‍ ഇടവകാംഗങ്ങളോട് പറഞ്ഞു: ''ഈ കത്തില്‍ സത്യമുള്ളത് ഞാന്‍ തിരുത്തും. പക്ഷേ, തന്റെ
പേരറിയിക്കാതെ എഴുതിയവനു വേണ്ടി ഞാന്‍ പ്രാര്‍ഥി
ക്കുന്നു. സ്‌നേഹത്തില്‍ സത്യം പറയാന്‍ ധൈര്യം ലഭിക്കട്ടെ.'' ചില വ്യക്തികളെ ചൂണ്ടിക്കാട്ടി, അവരായിരിക്കാം ഇത് ചെയ്തതെന്നും അവരുടെ വീട്ടില്‍ പോയി ചോദിക്കാം, നമുക്ക് കേസ് കൊടുക്കാം എന്നൊക്കെയാണ് കമ്മിറ്റിക്കാര്‍ പറഞ്ഞത്. വികാരിയച്ചന്‍ പക്ഷേ ദൃഢതയോടെ പറഞ്ഞു, ഇത് നമുക്ക് തിരുത്താനുള്ള സമയമാണ്. ഭീരുക്കളെ എന്തിന് ഭയക്കണം? ആ സംഭവം ഇടവകയെ ആഴത്തില്‍ സ്പര്‍ശിച്ചു. കാരണം അവിടെ ഒരു വലിയ സത്യം ഒളിഞ്ഞിരുന്നു. വിമര്‍ശനം ശരിയാകാം, പക്ഷേ അതിന്റെ രീതി തെറ്റിയാല്‍ അത് ഹൃദയത്തെ മുറിപ്പെടുത്തും.
അപകീര്‍ത്തിപരവും അപമാനകരവും അക്രമാസക്തവു
മായ പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി
പ്രചരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മറുപക്ഷത്ത് നില്‍ക്കുന്നവരെ തകര്‍ക്കാനും മനസ്സിന് ഇഷ്ടമില്ലാത്തവരെ ഇകഴ്ത്താനുമാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. വ്യക്തിയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനു പകരം വ്യക്തിത്വത്തെയാകെ ആക്രമിക്കുന്ന ഒരു രീതിയിലാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍. ആരോഗ്യകരമായ
സാമൂഹിക വളര്‍ച്ചയ്ക്ക് വിമര്‍ശനങ്ങളും തെറ്റുകള്‍ ചൂണ്ടിക്കാണിക്കലും വളരെ അത്യാവശ്യമാണ്. വിമര്‍ശിക്കാം, പക്ഷേ, അപമാനിക്കരുത്.
യേശുവിന്റെ ജീവിതം തന്നെ അതിന്റെ മികച്ച ഉദാഹരണമാണ്. അവന്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടി. പക്ഷേ, ഒരാളെയും അപമാനിച്ചില്ല. വ്യഭിചാരിണിയെ പിടിച്ചുകൊണ്ടുവന്നപ്പോള്‍ കുറ്റത്തെ നിഷേധിക്കാതെ നീ ഇനി പാപം ചെയ്യരുതെന്ന് സ്‌നേഹത്തോടെ ഉപദേശിച്ചു. സ്‌നേഹത്തില്‍ സത്യം
സംസാരിക്കുകയെന്ന പൗലോസ് അപ്പസ്‌തോലന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. സത്യം ഇല്ലാത്ത സ്‌നേഹം കപടതയും സ്‌നേഹമില്ലാത്ത സത്യം ക്രൂരവുമായിരിക്കും. ഇവ രണ്ടും കൂടിയാല്‍ മാത്രമേ ശരിയായ മാറ്റം സാധ്യമാകൂ. സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിമര്‍ശനമുന്നയിച്ച ഒരാള്‍ കുറച്ചു നാളുകള്‍ക്കുശേഷം യാതൊരു അഭിപ്രായവുമില്ലാതെ ഇരിക്കുന്നതുകണ്ട്, നിനക്കൊന്നും പറയാനില്ലേയെന്ന് സുഹൃത്ത് ചോദിച്ചു. ഒരു മാറ്റത്തിനു വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. ഈ സംഘടനയോടുള്ള സ്‌നേഹം കൊണ്ടാണ്. ഇന്നത് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹം മറുപടി പറഞ്ഞു. വിമര്‍ശിക്കുന്നവരെ അവഗണിക്കാതെ അവരെക്കൂടി ചേര്‍ത്തു പിടിക്കാനും തയ്യാറാകണം.
''നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ'' (കൊളോ 4, 6).
--------------------------------------------
അഡ്വ. കെ.ജെ. ജോണ്‍സണ്‍
.
Comments