top of page
Search

സംസാരം തുടരട്ടെ. അത് കൂട്ടായ്മ വളർത്താൻ സഹായിക്കും, ഒപ്പം തളർത്താനും | KAIROS MALAYALAM | APRIL 2026

  • Writer: Kairos Media
    Kairos Media
  • May 29
  • 3 min read





"നിങ്ങളുടെ സ്മാൾ ഗ്രൂപ്പ് നന്നായി പോകുന്നോ?" മേരിയോട് ഞാൻ കുശലാന്വേഷണം നടത്തി. അടുത്തിടെ, അവരുടെ പ്രദേശത്തെ ജീസസ് യൂത്തിന്റെ ശ്രദ്ധ ഇപ്പോഴുള്ള കൂട്ടായ്മകൾ വളർത്താനും പുതിയവ തുടങ്ങാനും ആണ്. "ചിരിക്കണമോ കരയണമോ എന്നറിയില്ല." മേരി ആ പ്രദേശത്തെ ഗ്രൂപ്പുകളുടെ നന്മകളും വെല്ലുവിളികളും എണ്ണിപ്പറയാൻ തുടങ്ങി.


നല്ലൊരു കാര്യം, യുവാക്കളും കുടുംബങ്ങളും ചെറുകൂട്ടായ്മകളെ വളർച്ചാ വേദിയായി കണ്ട് കൂടുതൽ പേർ അതിൽ ചേരുന്നു എന്നതാണ്. ഒന്നിച്ചു പ്രഭാത നടത്തത്തിനു പോകുമ്പോൾ തനിയെ പോകുന്നതിനേക്കാൾ അത് തുടരാനുള്ള സാധ്യത കൂട്ടുമല്ലോ, അതുപോലെ. കൂടുതൽ പേർ ഒന്നിച്ചുവന്ന് ഗ്രൂപ്പുകൾ തുടങ്ങുന്നു. അങ്ങനെ എണ്ണത്തിലും ആഴത്തിലും വളർച്ച ഉണ്ടാകുന്നുണ്ട്. എന്നാൽ കുറെ പ്രശ്നങ്ങളും ഉണ്ട്, പ്രധാനമായും അവിടെയുള്ള ചില സംസാരങ്ങളുടെ പോരായ്മയും അതുവഴിയുള്ള ബന്ധങ്ങളുടെ ഉലച്ചിലും. പിന്നെ ഞങ്ങളുടെ ചർച്ച കൂട്ടായ്മകളിൽ പങ്കുവയ്ക്കുന്നതിനെക്കുറിച്ചായി.


ഗ്രൂപ്പിൽ പങ്കുവയ്ക്കുക ലളിതമാണ്, ഒപ്പം വെല്ലുവിളി നിറഞ്ഞതും


ആദ്യമായി ഒരു ഗ്രൂപ്പിൽ വരുമ്പോൾ പലർക്കും ഉള്ളുതുറന്ന് സംസാരിക്കാൻ എളുപ്പമല്ല. പലരും അത് പരിചയിച്ചിട്ടില്ല - വീട്ടിൽ പോലും. വിശേഷങ്ങൾ പറയുക അല്ലെങ്കിൽ കേൾക്കുക, പിന്നെ ഉപദേശം നൽകുക ഇതൊക്കെയാണ് സുപരിചിതം. ധാരാളം പേർക്ക് സംസാരം മാന്യമായ അഭിവാദ്യങ്ങളിൽ ഒതുങ്ങും. എന്നാൽ ഒരു ഗ്രൂപ്പിൽ കാര്യങ്ങൾ തുറന്നുപറയുന്നത് വളരെ വ്യത്യസ്തമാണ്. അത് പരിചയിക്കേണ്ടതുണ്ട്. മിക്കവർക്കും അവരുടെ അനുഭവങ്ങളെക്കുറിച്ചോ ആഗ്രഹങ്ങളെക്കുറിച്ചോ സംസാരിക്കാൻ പറ്റുന്ന നല്ല സുഹൃത്തുക്കൾ ഉണ്ടായിട്ടില്ല. സംസാരം ആകെ ആശയങ്ങൾ, വാർത്തകൾ ഒക്കെ മാത്രം. അതുകൊണ്ടല്ലേ പലരും ഗ്രൂപ്പിൽ സംസാരിക്കാൻ തയ്യാറാകാത്തത്?


പിന്നെ, അവർ സംസാരിക്കാൻ തുടങ്ങുമ്പോൾ, പലരും എളുപ്പവഴി സ്വീകരിച്ച് രാഷ്ട്രീയമോ പള്ളി ഗോസിപ്പോ ചർച്ച ചെയ്യും. "തിരഞ്ഞെടുപ്പ് വന്നപ്പോൾ, ഞങ്ങളുടെ ഗ്രൂപ്പ് തല്ലി പിരിയാറായി. മിക്കവാറും വാദപ്രതിവാദങ്ങൾ തന്നെ. ചുരുക്കം ചിലർക്കേ അതിൽ താല്പര്യമുള്ളൂ. എങ്കിലും ആ തർക്കങ്ങൾ എങ്ങനെ നിർത്തണമെന്ന് ഞങ്ങൾക്ക് അറിവുമില്ല." അതുപോലെ തന്നെയാണ് ഇടവകയിലും രൂപതയിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ. കുറച്ചുപേർക്ക് ഏറെ ഇഷ്ടപ്പെട്ട വിഷയം. അങ്ങനെ വിവിധ വിഷയങ്ങൾ. പക്ഷെ അവ പലതും പുത്തനുടുപ്പിട്ട പരദൂഷണങ്ങൾ മാത്രം. ഇതിലൊന്നും ശരിക്കും ഉള്ളുതുറക്കേണ്ട ആവശ്യവുമില്ല.


ഇതിനിടെ മറ്റൊരിടത്തുനിന്ന് ജാൻസി പറഞ്ഞ കാര്യം ഞാൻ ഓർത്തു, "ഞങ്ങളുടെ ഗ്രൂപ്പിലെ രണ്ടുപേർ, പങ്കുവെക്കാൻ തുടങ്ങിയാൽ, സംസാരം നിർത്തില്ല. ഒരു ഓർമ്മയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടും.


സാവധാനം എല്ലാവരുടെയും താല്പര്യം നഷ്ടപ്പെടും, ചിലർ വെള്ളം കുടിക്കാൻ വേണ്ടി എഴുന്നേറ്റ് പുറത്തുപോകും. പക്ഷെ അവർ അത് മനസ്സിലാക്കുകയും ഇല്ല." ഉള്ള സമയത്തിന്റെ ഭൂരിഭാഗവും ഒന്നോ രണ്ടോ പേർ എടുത്താൽ, എന്തൊരു കഷ്ടമാണ്. മറ്റെല്ലാവർക്കും നിരാശയും. ഒരാൾ വലിയ പ്രശ്നത്തിലൂടെ കടന്നുപോകുമ്പോൾ വല്ലപ്പോഴും അങ്ങനെയാകാം. എന്നാൽ ഒരാൾ നിരന്തരം ഗ്രൂപ്പിന്റെ എല്ലാ സമയവും എടുത്താൽ, അത് സ്നേഹക്കുറവും അന്യായവുമല്ലേ?


പിന്നെ ചില പ്രവർത്തന തൽപരരുണ്ട്. പങ്കുവയ്ക്കലിനു ഉപരി അവർക്ക് എന്തെങ്കിലും ചെയ്യണം അല്ലെങ്കിൽ പ്ലാൻ ഒരുക്കണം. ചെറുകൂട്ടായ്മയുടെ ഉദ്ദേശ്യം തന്നെ ഓരോരുത്തരും അവരുടെ ആന്തരിക ജീവിതം ദൈവാനുഗ്രഹം സ്വീകരിക്കാനായി കൂട്ടായ്മയിൽ തുറന്നുവയ്ക്കുക എന്നതല്ലേ? പക്ഷെ ഗ്രൂപ്പിനെ മറ്റു വഴികളിൽ തിരിച്ചുവിട്ടാലോ? ഒന്നുകിൽ കുറെ പാട്ടുകൾ ആകാം, നീണ്ട പ്രാർത്ഥനയാകാം, പിന്നെ വചന പഠനവും ആകാമല്ലോ. ഒരുവിധത്തിൽ വളരെ നല്ല കാര്യങ്ങൾ അസ്ഥാനത്ത് വന്നാലോ? അതുപോലെ തന്നെ കളികളോ ഭക്ഷണ സമയമോ ഉള്ളുതുറന്നുള്ള സംസാരത്തിന്റെ സമയം അപഹരിച്ചാൽ കൂട്ടായ്മയുടെ ലക്ഷ്യം പരാജയപ്പെടും.


സംഭാഷണം ഏതൊരു ഗ്രൂപ്പിന്റെയും ജീവരക്തമാണ് - അത് കുടുംബമായാലും, സുഹൃദ് വലയമായാലും, സഭാ സമൂഹമായാലും. ആ സംഭാഷണം എല്ലാവരും തമ്മിൽ അറിയാനും സ്നേഹത്തിൽ വേരൂന്നാനും അവർ ഒന്നാകാനും സഹായിക്കണം. എന്നാൽ സ്നേഹ ലക്ഷ്യത്തിലേക്ക് മുന്നേറാൻ സഹായിക്കുന്നില്ലെങ്കിൽ ആ സംഭാഷണം "മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ" ആയിരിക്കും (1 കോറി 13:1).


ഗ്രൂപ്പിലെ സംസാരം ഒരു സിനഡൽ യാത്രയാണ്


ഫ്രാൻസിസ് പാപ്പയുടെ കാലത്ത്, നാമെല്ലാം സിനഡാലിറ്റിയെക്കുറിച്ച് കേട്ടു. അതിന്റെ വാച്യാർത്ഥം "ഒരുമിച്ച് യാത്ര ചെയ്യുക" എന്നത്രേ. അതിന്റെ പടികൾ ഗ്രൂപ്പിലെ പങ്കിടലിനും അനുയോജ്യമാണ്. ഈ യാത്ര ആരംഭിക്കുന്നത് ഒരു മനപരിവർത്തനത്തോടെയാണ് - എന്റെ യാത്രയിൽ നിന്ന് നമ്മുടെ യാത്രയിലേക്കുള്ള മനം മാറ്റം. അതോടൊപ്പം കർത്തൃ സാന്നിധ്യത്തിലേക്കുള്ള തുറവിയും. ഈ മാനസാന്തരമാണ് എന്റെ പങ്കാളിത്തത്തിന്റെയും കൂട്ടായ്മ വളർച്ചയുടെയും പ്രധാന അടിത്തറ.


അനേക യുവാക്കൾ ഒരു ജെ-വൈ ചെറു സമൂഹം അവരെ എങ്ങനെ വളർത്തി, ജീവിതം മാറ്റി എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് - കുടുംബ ബന്ധങ്ങൾ, കരിയർ, ദൗത്യ മേഖല ഒക്കെ എങ്ങനെ മാറ്റി എന്ന്. അപ്രകാരം തന്നെ കുടുംബങ്ങളും ഇക്കാലത്തെ മാറ്റങ്ങൾക്ക് ഈ കൂട്ടായ്മ തങ്ങളെ എങ്ങനെ ഒരുക്കിയെന്നും. ഇതെല്ലാം ഈപ്പറഞ്ഞ ഒന്നിച്ചുള്ള സിനഡൽ യാത്രയുടെ ഫലം മാത്രം. ഈ മനോഭാവ മാറ്റം മറ്റെല്ലാ മാറ്റങ്ങളും കൊണ്ടുവരുന്നു. ഏറെ പ്രധാനം, ഗ്രൂപ്പിൽ എല്ലാവരും ഒരുമിച്ച് വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു യാത്രയിലാണ് എന്നതാണ്.


ഗ്രൂപ്പിൽ എങ്ങനെ നന്നായി സംസാരിക്കാം?


യാക്കോബിന്റെ ലേഖനം സംസാരത്തിന്റെ ശക്തിയെക്കുറിച്ചും അത് വരുത്തിവയ്ക്കുന്ന അപകടത്തെക്കുറിച്ചും സൂചിപ്പിക്കുന്നു. നമ്മുടെ വായകൊണ്ട് നമുക്ക് വലിയ കാര്യങ്ങൾ പങ്കുവയ്ക്കാനാകും ഒപ്പം നാശം വിതയ്ക്കാനും (യാക്കോ. 3:10), അതിനാൽ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. സ്നേഹം നിറഞ്ഞ സംസാരം പടുത്തുയർത്തുന്നു; അശ്രദ്ധമായ സംസാരം വളരെയധികം ദോഷം വരുത്തുന്നു. ചോദ്യം ഇതാണ്, ഏത് തരത്തിലുള്ള സംസാരമാണ് യഥാർത്ഥത്തിൽ പടുത്തുയർത്തുന്നത്?


യഥാർത്ഥ ഞാൻ : മുഖംമൂടി മാറ്റി മറ്റുള്ളവരുമായി സ്വന്തം വെല്ലുവിളികൾ പങ്കിടാൻ തയ്യാറാകുക. പലപ്പോഴും, ഒരാൾ ഇതിന് ധൈര്യപ്പെട്ടാൽ, മറ്റുള്ളവർ അത് പിന്തുടരും.


ഗ്രൂപ്പ് സ്വന്തമെന്ന ബോധ്യം: എന്റെ ഗ്രൂപ്പെന്നു കരുതി എന്റെ സമയവും പരിഗണനയും നൽകി ഒന്നിച്ചു വരുമ്പോൾ വലിയൊരു മാറ്റം തുടങ്ങും.


വ്യത്യസ്തത അംഗീകരിക്കുക, ക്ഷമിക്കുക:  ഗ്രൂപ്പിന് ഒരു പ്രാരംഭ ഹണിമൂൺ ഘട്ടമുണ്ട്, തുടർന്ന് സംഘർഷത്തിന്റെ ഒരു സമയവും. ആ സമയത്ത് ഒന്നിച്ച് പോകാൻ പ്രയാസം വരുമ്പോൾ പലരും ഗ്രൂപ്പ് വിടും. ഇത് എളുപ്പവഴിയായി തോന്നും. പക്ഷെ ശരിയായ വഴി സ്വീകാര്യതയുടെയും ക്ഷമയുടെയും ബുദ്ധിമുട്ടുള്ള പാതയാണ്.


വികാരവും ചിന്തയും ഒന്നിച്ച്: ഗ്രൂപ്പിൽ എപ്പോഴും അനുഭവ പങ്കു വയ്ക്കലുകൾ മാത്രമാണോ? ബൗദ്ധിക ചർച്ചകൾക്കും പഠനത്തിനും അവിടെ സ്ഥാനമുണ്ട്, പക്ഷെ ഒരു ബാലൻസ് വേണമെന്ന് മാത്രം.


മോഡറേറ്ററെ മാനിക്കുക - അല്ലെങ്കിൽ ഒന്നാകുക: ആളുകൾ ഒത്തുകൂടുമ്പോൾ, കാര്യങ്ങൾ ശരിയായ ദിശയിൽ തുടരുന്നുവെന്ന് ഉറപ്പാക്കാനും ആവശ്യമുള്ളപ്പോൾ ഇടപെടാനും ആരെങ്കിലും ആവശ്യമായി വരും. ഒരു ഇടപെടൽ ആവശ്യമായി വരുമ്പോൾ, ഗ്രൂപ്പിലെ ആരെങ്കിലും മുന്നോട്ട് വന്ന് കാര്യങ്ങൾ ക്രമീകരിക്കാൻ സഹായിക്കണം.


ലാളിത്യം വിനയം സാധാരണത്വം: ഒരു നല്ല ഗ്രൂപ്പിന് സ്വാഭാവികത സുപ്രധാനമാണ്. മുഖംമൂടികളില്ലാതെ, എന്നാൽ പരസ്പര ബഹുമാനത്തോടെ, ഓരോരുത്തരും തനിമയിൽ മുന്നേറാനാകണം. സന്തോഷവും, കളിചിരി സംഭാഷണവും ഒക്കെ ഇതിന്റെ ഭാഗമാണ്.


ദൈവരാജ്യ മാനം: ഒരു മിഷനറി മുന്നേറ്റമായ ജീസസ് യൂത്തിൽ ഓരോ കൂട്ടായ്മയും ആ വിളിയിൽ പങ്കുചേരുന്നു. ക്രിസ്തു കേന്ദ്രീകൃതരായി ഓരോരുത്തരും സുവിശേഷ ദൗത്യത്തിനായി പ്രചോദനം കിട്ടി സജ്ജരാകണം. ഇത് ഓരോ ചെറു കൂട്ടായ്മയുടെയും പ്രധാന ലക്ഷ്യമാകണം

.

പുതു ലോക നിർമ്മിതിക്ക് ഒരു ചെറുപടി


ഈയിടയ്ക്ക് ചില ജെ.വൈ. സുഹൃത്തുക്കൾ എന്നെ ഒരു ഹിസ്പാനിക് അച്ചന്റെ അടുത്ത് മുന്നേറ്റത്തെ പരിചയപ്പെടുത്താൻ കൊണ്ടുപോയി. സംസാരത്തിനിടെ അദ്ദേഹം വളരെ പ്രസക്തമായ ഒരു ചോദ്യം ഉന്നയിച്ചു: മറ്റ് സമാന ഗ്രൂപ്പുകൾ ധ്യാനങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കാൻ ശ്രദ്ധിക്കുമ്പോൾ അതിൽനിന്ന് വ്യത്യസ്തമായി ഫലപ്രദമായ ഗ്രൂപ്പ് വളർച്ചയിലും പങ്കാളിത്തത്തിലും ജീസസ് യൂത്ത് ഇത്രയധികം ശ്രദ്ധിക്കുന്നത് എന്തുകൊണ്ട്?


ആ വൈദികൻ നമ്മളെ ശരിയായി മനസ്സിലാക്കി എന്ന് ഞാൻ കരുതി. ഞാൻ തുടർന്നു. നല്ല കുടുംബങ്ങളും സന്തോഷം നിറയുന്ന പുതു ലോകവും നിർമ്മിക്കുകയായിരുന്നു യേശുവിന്റെ സ്വപ്നം. ഇതിന്റെ അടിത്തറ ആത്മാവിൽ പണിതുയർത്തുന്ന സ്നേഹ സമൂഹങ്ങളും. സിനഡൽ സഭയെക്കുറിച്ച് ഫ്രാൻസിസ് പാപ്പ പറഞ്ഞ കാര്യങ്ങൾ ഇവിടെയും ഏറെ പ്രസക്തമാണ്:

"നമ്മുടെ നോട്ടം മനുഷ്യരാശിയിലേക്കാകമാനം വ്യാപിക്കുന്നു... ചരിത്രത്തിലൂടെ സ്ത്രീപുരുഷന്മാരോടൊത്ത് അവരുടെ കഷ്ടപ്പാടുകളിൽ പങ്കുചേർന്ന് സഭ 'ഒരുമിച്ച് യാത്ര ചെയ്യുന്നു.' അങ്ങനെ ഓരോ വ്യക്തിയുടെയും അലംഘനീയമായ അന്തസ്സിന്റെ പുനർകണ്ടെത്തലും അധികാരം സേവനമെന്ന തിരിച്ചറിവും പൊതുസമൂഹത്തെ നീതിയിലും സാഹോദര്യത്തിലും കെട്ടിപ്പടുക്കാൻ സഹായിക്കുന്നു. അതുവഴി വരും തലമുറകൾക്ക് കൂടുതൽ മനോഹരവും മാനുഷികവുമായ ഒരു ലോകം ലഭ്യമാകുമെന്നും നമുക്ക് സ്വപ്നം കാണാം."

ഡോ. എഡ്‌വേർഡ് എടേഴത്


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page