top of page
Search

സ്വപ്നങ്ങളുടെ താഴ്‌വാരം I യുവ/കവിത I സുജമോള്‍ ജോസ്‌ I KAIROS MALAYALAM I JULY 2026

  • smithajose4
  • Jun 30
  • 1 min read

Updated: Jul 23

എഴുത്തുകാരിയും സൈക്കോളജിസ്റ്റുമായ സുജമോൾ ജോസിന്റെ കവിത...'സ്വപ്നങ്ങളുടെ താഴ്‌വാരം'

ഇത് സ്വപ്നങ്ങളുടെ താഴ്‌വര

ഞങ്ങളുടെ താഴ്‌വര

ഞങ്ങള്‍ സ്വപ്നങ്ങള്‍

ഇരുളിന്റെ ചിറകിലേറി

ഇരുളാര്‍ന്ന ജീവിതം തേടിയെത്തുന്നു.

അടച്ചിട്ട ജാലകങ്ങള്‍ താണ്ടി

നിങ്ങളുടെ ഹൃദയത്തില്‍ ചേക്കേറും സ്വപ്നങ്ങള്‍ ഞങ്ങള്‍


ഞങ്ങള്‍ സ്വപ്നങ്ങള്‍

നിങ്ങള്‍ കാണുന്ന സ്വപ്നങ്ങള്‍.

പേടിസ്വപ്നം, ദുഃസ്വപ്നം, നല്ല സ്വപ്നം, ചീത്ത സ്വപ്നം,

പാഴ് സ്വപ്നം, പകല്‍ സ്വപ്നം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ?

ഞങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടത്രേ..!

ചിലരാ ചിറകിലേറി പറക്കുന്നു.

കാതങ്ങള്‍ താണ്ടുന്നു.

ലക്ഷ്യങ്ങള്‍ നേടുന്നു.

ഞങ്ങള്‍ സ്വപ്നങ്ങള്‍ സ്വര്‍ഗകുമാരിമാരാണുപോലും

സ്വപ്നലോകത്തത്രെ ചിലര്‍

യാഥാര്‍ഥ്യം അവര്‍ക്കകലെയാണു പോലും.


ഞങ്ങള്‍ സ്വപ്നങ്ങള്‍, നിങ്ങളുടെ തോഴര്‍

ചിലര്‍ക്ക് പകല്‍ക്കിനാക്കള്‍ പ്രിയം

ചിലര്‍ പാഴ്ക്കിനാക്കള്‍ക്ക് പിന്നാലെയും

ചിലര്‍ ഞങ്ങളെ മുളയിലേ നുള്ളുന്നു

ചിലര്‍ മറ്റുള്ളവരുടെ സ്വപ്നച്ചിറകരിയുന്നു.

ചിലര്‍ സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തുന്നു.

കുഴിച്ചു മൂടപ്പെട്ട സ്വപ്നങ്ങളും ഉണ്ടിവിടെ.

ഇത് സ്വപ്നങ്ങളുടെ താഴ്‌വര.


ഞങ്ങള്‍ സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍ക്ക് വിലകൊടുക്കേണ്ടത്രേ.

വിലകൊടുക്കുന്ന സ്വപ്നങ്ങള്‍ ചിറകിലേറ്റുമെന്നും ചിലര്‍

ഇവിടെ ഞാന്‍ നില്‍ക്കുന്നു

ഈ താഴ്‌വരയില്‍.

എന്റെ പാഴ്ക്കിനാക്കളുടെയും പകല്‍ക്കിനാക്കളുടെയും

കാണാക്കിനാക്കളുടെയും

ഭാണ്ഡം പേറി.

ഇനിയും കാണാനുണ്ടേറെ സ്വപ്നങ്ങള്‍

മിഴിവാര്‍ന്ന സ്വപ്നങ്ങള്‍.

മധുരിക്കും സ്വപ്നങ്ങള്‍

എന്റെ മാത്രം സ്വപ്നങ്ങള്‍


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page