വാര്‍ത്താവിചാരം | സണ്ണി കോക്കാപ്പിള്ളില്‍ | KAIROS MALAYALAM| MARCH 2025


അര്‍മേനിയന്‍ കൂട്ടക്കൊല സമാനതകളില്ലാത്ത ക്രൂരത
ചരിത്രത്തില്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്തതിനെ തമസ്കരിക്കുക എന്നത് വീഴ്ചകളെ മറയ്ക്കാനും ഇല്ലാത്ത മഹത്ത്വമുണ്ടെന്നു ഭാവിക്കാനും ചിലരുടെ അജണ്ടയായി മാറുന്നു. ചരിത്രത്തെ എത്ര വക്രീകരിച്ചാലും സത്യം എപ്പോഴെങ്കിലും പുറത്തു വരാതിരിക്കില്ല. ആയിരക്കണക്കിന് സംവത്സരങ്ങള്‍ നിലനിന്നിരുന്ന ഒരു സംസ്കാരത്തെ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കിയ സംഭവങ്ങള്‍ പൗരാണിക കാലത്തുണ്ടായതല്ല. ആധുനികകാലത്ത് തന്നെയാണ് ലക്ഷക്കണക്കിന് അര്‍മേനിയന്‍ ക്രൈസ്തവരെ ഇല്ലായ്മ ചെയ്തത്. കുരിശു യുദ്ധങ്ങളും ജര്‍മനിയിലെ യഹൂദ കൂട്ടക്കൊലകളും ചര്‍ച്ച ചെയ്യുന്നതുപോലെ അര്‍മേനിയന്‍ ക്രൈസ്തവരുടെ കൂട്ടക്കൊലകളും ചര്‍ച്ച ചെയ്യപ്പെടണം. പാഠപുസ്തകങ്ങളിലൂടെ ക്രൈസ്തവരെങ്കിലും അനന്തരതലമുറകള്‍ക്ക് പകര്‍ന്നു നല്കണംസമാനതകളില്ലാത്ത ക്രൂരതകളാണ് തുര്‍ക്കിയിലെ ഓട്ടോമന്‍ മുസ്ലിം ഭരണകൂടം ക്രൈസ്തവരെ തുടച്ചുനീക്കാന്‍ വേണ്ടി നടത്തിയത്. അര്‍മേനിയന്‍, അസീറിയന്‍, ഗ്രീക്ക് വംശഹത്യകളിലൂടെ ഒരു സംസ്കാരത്തെ തന്നെയാണ് അവര്‍ ഇല്ലാതാക്കിയത്. 1914 മുതല്‍ 1923 വരെയുള്ള 9 വര്‍ഷങ്ങള്‍ക്കിടെ 15 ലക്ഷത്തിലധികം ക്രൈസ്തവരെ തുര്‍ക്കി ഭരണകൂടം നിഷ്ഠൂരമായി കൊന്നൊടുക്കി. കാലങ്ങളായി ജീവിച്ചിരുന്ന അര്‍മേനിയന്‍ ക്രിസ്ത്യാനികളുടെ വാസസ്ഥലം ഓട്ടോമന്‍ തുര്‍ക്കികള്‍ കീഴടക്കിയത് പതിനാറാം നൂറ്റാണ്ടിലാണ്. അന്നുമുതല്‍ ആരംഭിച്ച പീഡനം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയതാണ് അര്‍മേനിയന്‍ കൂട്ടക്കൊല എന്ന പേരിലറിയപ്പെടുന്നത്.
അതിനു മുന്‍പ് 1895ല്‍ എദേസയിലെ ഒരു കത്തീഡ്രലില്‍ അഭയം പ്രാപിച്ച 3000ത്തോളം ക്രൈസ്തവരെ ജീവനോടെ ചുട്ടുകരിച്ച സംഭവവും ഓര്‍മിക്കേണ്ട തുണ്ട്. അക്കാലത്ത് എദേസ, ഉര്‍ഫ നഗരത്തില്‍ 300 ഓളം ദേവാലയങ്ങള്‍ ഉണ്ടെന്നോര്‍ക്കണം. ഇന്ന് അവിടെ ഒന്നു പോലുമില്ല. അന്ന് സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലവാരത്തില്‍ ജീവിച്ചിരുന്നവരാണ്. കച്ചവടസ്ഥാപന ങ്ങളും ബാങ്കുകളുമൊക്കെ മിക്കവാറും അര്മേനിയക്കാ രുടെ കൈവശ മായിരുന്നു. 1912-13 കാലത്ത് നടന്ന ബാല്‍ക്കണ്‍ യുദ്ധത്തില്‍ തുര്‍ക്കിയുടെ പരാജയവും ആഭ്യന്തര പ്രശ്നങ്ങളും ഒന്നാം ലോകമഹാ യുദ്ധത്തിന്റെ ആരംഭവും കാരണമാക്കി, ക്രൈസ്തവരുടെ വംശഹത്യക്ക് അന്നത്തെ തുര്‍ക്കി ഭരണകൂടം മുന്നിട്ടിറങ്ങി.
ഒരു വംശത്തെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിച്ചാല്‍ ആദ്യം വേണ്ടത് അവരുടെ ഇടയിലുള്ള ബുദ്ധിമാന്മാരെയും നേതാക്കളെയും ഇല്ലാതാക്കുകയാണ്. ഇത്തരത്തിലുള്ള 636 പേരെയാണ് 1915ല്‍ ഭരണകൂടം അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു മെത്രാനും ഉണ്ടായിരുന്നു. ഇവരെ ടൈഗ്രീസ് നദി വഴി കൊണ്ടു പോകുന്നതിനിടെ വസ്ത്രങ്ങള്‍ പോലും ഉരിഞ്ഞെടുത്ത് തോക്ക്, കഠാര, കോടാലി എന്നിവ ഉപയോഗിച്ച് കൊന്ന് നദിയില്‍ ഒഴുക്കി. ഇതിനെയാണ് 'ദിയാര്‍ ബെക്കിര്‍' കൂട്ടക്കൊല എന്നു വിളിക്കുന്നത്. ഇതോടെ അര്‍മേനിയ ക്കാരുടെ ഇടയില്‍ നേതാക്കള്‍ ഇല്ലാതായി.
പിന്നീട് തന്ത്രപരമായി ഒരു പ്രത്യേക നിയമം പാസാക്കി, അര്മേനിയക്കാ രുടെ സ്വത്ത് മുഴുവന്‍ ഗവണ്മെന്റ് തട്ടിയെടുത്തു. വീട് പൂട്ടി, കിട്ടുന്നത് കൈയിലെടുത്തുകൊണ്ട് രാജ്യം വിട്ടുപോകാന്‍ പറഞ്ഞു. സിറിയന്‍ മരുഭൂമിയിലേക്ക് അവരെ അട്ടിപ്പായിച്ചു. ആയിരത്തിലധികം കിലോമീറ്റര്‍ ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ നടക്കേണ്ടി വന്നു. പട്ടാളക്കാര്‍ അവരെ കുതിരപ്പുറത്ത് അനുഗമിച്ചിരുന്നു. അവിടെ എത്തുന്നതിനിടയില്‍ അനേകംപേര്‍ മരിച്ചു. സ്ത്രീകളെ ബലാത്സംഗം ചെയ്തു. കുറേപേര്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു.
അര്‍മേനിയന്‍ സ്വത്വം നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പിന്നിട് ആരംഭിച്ചു. സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി. കുഞ്ഞുങ്ങളെ അനാഥാലയങ്ങളിലാക്കി. തുര്‍ക്കിഷ് ഭാഷ പഠിപ്പിച്ച് ഇസ്ലാം മതവിശ്വാസികളാക്കിവളര്ത്തി. സ്ത്രീകളെ നിര്‍ബന്ധിത മതംമാറ്റത്തിന് ഇരയാക്കി.
1914ല്‍ അര്‍മേനിയന്‍ സമൂഹത്തിന് 2600 ദേവാലയങ്ങളും 450 ആശ്രമങ്ങളും 2000 സ്കൂളുകളും ഉണ്ടായിരുന്നു. അവയെല്ലാം നശിപ്പിച്ചു. പുസ്തകങ്ങള്‍ മുഴുവന്‍ അഗ്നിക്കിരയാക്കി. അങ്ങനെ ലോകത്തെ അതിപുരാതന സംസ്കാരത്തെ നശിപ്പിച്ചു. ക്രൈസ്തവര്‍ക്കായി വെറും 35 പള്ളികള്‍ മാത്രമാണ് തുര്‍ക്കിയില്‍ അവശേഷിച്ചത്.
1960ല്‍ മരിച്ച മരിയ ജോക്കോബ്സണ്‍ എന്ന ഡാനിഷ് മിഷണറി രചിച്ച ഡയറിക്കുറിപ്പുകളിലൂടെയാണ് അര്‍മേനിയന്‍ ജനത അനുഭവിച്ച കൊടുംക്രൂരതകള്‍ ലോകമറിഞ്ഞത്. അവര്‍ ഈ വംശഹത്യയെ നേരിട്ടു കണ്ടതാണ്. പുരുഷന്മാരെ കൊല്ലുന്നു, സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നു. കുഞ്ഞുങ്ങളെ മരിക്കാന്‍ വിടുന്നു. വിശപ്പ്
സഹിക്കാന്‍ കഴിയാതെ പതിനായിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഈ ലോകം വിട്ടുപോയി.
അക്കാലത്തെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ അമേരിക്കന്‍ അംബാസിഡര്‍ ഹെന്‍ട്രി മോര്ഗന്, അര്‍മേനിയന്‍ വംശഹത്യയെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വാഷിംഗ്ടണിലേക്ക് എഴുതിയിട്ടുണ്ട്. മനുഷ്യ ചരിത്രത്തില്‍ ഇന്നോളം ഇത്രമാത്രം ഭീകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലയെന്ന് എനിക്കുറപ്പുണ്ട് എന്നാണ് അദ്ദേഹം വിവരിച്ചിരിക്കുന്നത്.
15 ലക്ഷം അര്‍മേനിയക്കാരെ ലോകം ഇന്നേവരെ ദര്‍ശിക്കാത്ത പീഡനത്തി ലൂടെ കൊന്നുതള്ളിയ തുര്‍ക്കിയുടെ ആധുനിക ചരിത്രം, ക്രിസ്ത്യന്‍ പാഠപുസ്തകങ്ങളില്‍ ചേര്‍ക്കേണ്ടതുണ്ട്. നമ്മുടെ തലമുറകള്‍ ഇതും മനസ്സിലാക്കണം.
ഇതിനെ മറികടക്കാനാണ് വളരെ നിസ്സാരമായ ഒറ്റപ്പെട്ട ചില സംഭവങ്ങളെ പര്‍വതീകരിച്ച് സഭയ്ക്കെതിരെ ചിലര്‍ പടവാളുയര്‍ത്തുന്നത്. ഇതിലും ഭീകരമാണ് അസീറിയന്‍ വംശഹത്യ. ലോകം ചര്‍ച്ച ചെയ്യാതെ വിട്ടിരിക്കുന്ന അനേകം ക്രൈസ്തവ വംശഹത്യകള്‍ ഇനിയുമുണ്ട്. പ്രവാചക ശബ്ദം തുടങ്ങിയ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ ഈ വിഷയത്തെപ്പറ്റി കൂടുതല്‍ വിവരണങ്ങള്‍ നല്‍കുന്നുണ്ട്. ഇതൊന്നും സംസാര വിഷയമാക്കാത്തതാണ്, പലരും ക്രൈസ്തവര്‍ക്ക് മേല്‍ കുതിരകയറാന്‍ കാരണം. സമാധാനത്തിന്റെ വക്താക്കള്‍ എന്ന് വീമ്പിളക്കുന്നവരുടെ മുന്‍കാല ചരിത്രങ്ങള്‍, ജാഗ്രത പാലിക്കാനാണ് നമ്മോടാവശ്യപ്പെടുന്നത്.
___
തിരിച്ചറിവിന് എടുക്കുന്ന നാളുകള്‍
അവസാനം മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവച്ചു. ഇത് ആദ്യംതന്നെ ചെയ്താല്‍ പോരായിരുന്നോ? ഒരു ഭരണാധികാരി അക്രമത്തിന് കൂട്ടുനില്ക്കുക എന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ? അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിയതിനുശേഷം പദവി അലങ്കരിച്ചി ട്ടെന്തു കാര്യം. സര്‍ക്കാര്‍ വക ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ഒത്താശ ചെയ്തു കൊടുത്തിട്ട് അത് തിരിച്ചു പിടിക്കാന്‍ ഒരേര്‍പ്പാടും ചെയ്യാത്ത ആള്! ബീരേന്‍ സിങ് എന്ന മുഖ്യമന്ത്രി, ചരിത്രത്തിലെ കറുത്ത പൊട്ടാണ്. രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആണെന്ന് ഇന്നും പലരും വിലയിരുത്തുന്നു. മെയ്തേയി വിഭാഗവും കുക്കി വിഭാഗവും തമ്മില്‍ ചരിത്രത്തില്‍ പലപ്രാവശ്യവും പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, സംഘര്‍ഷം മൂര്‍ധന്യത്തില്‍ എത്തിയപ്പോള്‍ ക്രൈസ്തവരായ മെയ്തെയികളുടെ ദേവാലയങ്ങളും ആക്രമിക്കപ്പെട്ടതിന്റെ കാരണത്തെപ്പറ്റി ആര്‍ക്കും ഒന്നും പറയാനുമില്ല.
ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെ വസ്തുനിഷ്ഠമായി പരിശോധിക്കാതെ കണ്ണടച്ച് സ്വീകരിക്കാന്‍ ആരൊക്കെയോ വെമ്പല്‍ കൊള്ളുന്നു. മ്യാന്മറില് നിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, മയക്കുമരുന്നുകൃഷി എന്നൊക്കെ ധാരാളം വാദങ്ങള്‍ പലരുമുയര്‍ത്തി. എന്നാല്‍, ചോദ്യം ഇതാണ്: സംഘര്‍ഷത്തില്‍ ഗോത്ര ചിന്തകളെ മാറ്റിവച്ച് മതത്തെ മുന്‍നിറുത്തി അക്രമങ്ങള്‍ സംഘടിപ്പിച്ചതിന്റെ കാരണമെന്ത് ? ന്യായീകരണക്കാര്‍ ഇതിന് ഉത്തരം നല്‍കിയേ പറ്റൂ.

ലേഖകൻ കെയ്റോസ് മാസികയുടെ അസോസിയേറ്റ് എഡിറ്ററാണ്. താമസം കോഴിക്കോട് ഭാര്യ രണ്ട് മക്കൾ



Comments