വെട്ടത്തിന്റെ നിനവ് I യുവ/മൈസ്റ്റോറി I ജിബി ജോര്‍ജ്, ഷാര്‍ജ I KAIROS MALAYALAM I JULY 2026
- smithajose4
- Jun 30
- 2 min read
ഈശോയെ സ്നേഹിക്കുന്ന യുവജനങ്ങൾ ഈ ലോകത്തെ മാറ്റിമറിക്കുമെന്ന പ്രത്യാശയുടെ സ്വപ്നം.

കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം
റാസ് അല്‍ ഖൈമയിലെ സെന്റ് ആന്റണീസ് പാദുവാ പള്ളിയില്‍ വച്ച് സമാദരണീയനായ ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട് അച്ചനെ അപ്രതീക്ഷിതമായി കാണാന്‍ കഴിഞ്ഞു. 1990കളിലും 2000ത്തിന്റെ ആദ്യകാലങ്ങളിലും യുവജനങ്ങളായിരുന്ന ഞങ്ങളുടെ ജീവിതങ്ങളില്‍ അച്ചന്റെ അജപാലന ശൈലി അതിഗംഭീരമായ സ്വാധീനം ചെലുത്തിയിരുന്നു. ക്രിസ്തു കേന്ദ്രീകൃതമായ വിതശൈലിയിലേക്ക് ഞങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ആത്മീയ പിതാവായിരുന്ന അച്ചന് വളരെ നിര്‍ണായകമായ പങ്കുണ്ടായിരുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ആ കൂടിക്കാഴ്ച എന്റെ ജീവിതത്തിലെ അനുഗ്രഹ നിമിഷങ്ങളിലൊന്നായി മാറി. എന്റെ ഭാര്യയോടും മക്കളോടും പേരുകള്‍ ചോദിച്ച് സ്നേഹത്തോടെ സംസാരിച്ച അച്ചന് കുട്ടികളെ അനുഗ്രഹിച്ച ശേഷം ഹൃദയത്തില്‍ പതിഞ്ഞുപോയ ചില വാക്കുകള്‍ പറഞ്ഞു: ''നിങ്ങളുടെ അപ്പന് ജീസസ് യൂത്തിലൂടെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നാളുകള്‍ ഇന്നലെയെന്നപോലെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ജിബിച്ചാ, നിനക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം നിന്നെ കുടുംബത്തോടെ കാണാന്‍ കഴിഞ്ഞത് വലിയ ദൈവനിയോഗമായി
ഞാന്‍ കരുതുന്നു.''
ബഹുമാനപ്പെട്ട അച്ചന് അവിടെ ഒരു ധ്യാനം നയിക്കാനായി വന്നതായിരുന്നു. ചില വാക്കുകള്‍ക്ക് കണ്ണുകളെ നനയിക്കാനുള്ള ശക്തിയുണ്ട്. ചില അനുഭവങ്ങള്‍ക്ക് ദൈവസാന്നിധ്യത്തിന്റെ മാധുര്യം പകര്‍ന്നു നല്കുന്ന ഒരു കാന്തിക പ്രഭയുമുണ്ട്. പറഞ്ഞറിയിക്കാനാവാത്ത ഒരു ദൈവാനുഭവത്തിലൂടെ എന്റെ മനസ്സ് കടന്നുപോയ അത്യന്തം മനോഹരമായ നിമിഷങ്ങളായിരുന്നു ആ കൂടിക്കാഴ്ച.
ഒരു യുവജന മുന്നേറ്റം എങ്ങനെ ജീവിതങ്ങളെ രൂപപ്പെടുത്തുന്നു എന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ജീസസ് യൂത്ത്. വാവായിരുന്നപ്പോള് മുന്നേറ്റത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു എന്നതിനപ്പുറം, എന്റെ യൗവനത്തെ ക്രിസ്തുവില്‍ വാര്‍ത്തെടുത്ത ആത്മീയ വിദ്യാലയമായിരുന്നു ജീസസ് യൂത്ത് എന്ന് ഞാന്‍ സ്നേഹപൂര്‍വം ഓര്‍മിക്കുന്നു.
കഴിഞ്ഞ ആഴ്ച ജ്യേഷ്ഠതുല്യനായ ഒരു പഴയ ജീസസ് യൂത്ത് സുഹൃത്തിനോടൊപ്പം ദീര്‍ഘനേരം സംസാരിക്കാന്‍ കഴിഞ്ഞു. പഴയ കൂട്ടായ്മകള്‍, സുവിശേഷവത്കരണത്തിന്റെ തീക്ഷ്ണത, പ്രാര്‍ഥനയുടെ രാത്രികള്‍, ഈശോ നയിച്ച അത്ഭുത വഴികള്‍ ഇതെല്ലാം വീണ്ടും മനസ്സില്‍ ജീവിച്ചു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ജീസസ് യൂത്തിലെ സുഹൃത്തുക്കളോട് ഇന്നലെയെന്നപോലെ ഹൃദയം തുറന്ന് സംസാരിക്കാന്‍ കഴിയുന്നത് ഒരു വലിയ ദൈവാനുഗ്രഹമാണ്. ഹൃദയം ഉജ്ജ്വലിപ്പിക്കുന്ന ദൈവാനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു ആ പഴയകാല ജീസസ് യൂത്ത് കൂട്ടായ്മകളെന്ന് എനിക്ക് നിസ്സംശയം പറയാന്‍ കഴിയും.
ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജീസസ് യൂത്ത്, സഭയ്ക്ക് പ്രത്യാശയുടെ വിളക്കായി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാന കാരണം ഈ മുന്നേറ്റത്തിന്റെയുള്ളിലുള്ള ആത്മീയ ദാഹം, ക്രിസ്തു കേന്ദ്രീകൃതമായ ജീവിതശൈലി, വിശുദ്ധ കുര്‍ബാനയോടുള്ള സ്നേഹം, തിരുവചനത്തില്‍ അധിഷ്ഠിതമായ ജീവിതം, കൂട്ടായ്മകളുടെ മാധുര്യം തുടങ്ങിയവയാണ്.
മാറിവരുന്ന ആല്‍ഫ, ബീറ്റാ പ്ലസ് തലമുറകള്‍ക്ക് ഈശോയോടുള്ള അഭിനിവേശം കൂടുതല്‍ ആഴമാകട്ടെ. കലാലയങ്ങള്‍ ക്രിസ്തുവിന്റെ വസന്തങ്ങളായി വീണ്ടും മാറട്ടെ. കൗമാരക്കാര്‍ വിശുദ്ധിയെ അഭിമാനമായി കാണുന്ന 'Smart Saint Attitude സ്വന്തമാക്കട്ടെ. ഞങ്ങളെ വാര്‍ത്തെടുത്ത ആത്മീയ അടിസ്ഥാനശിലകള്‍ പുതിയ തലമുറയുടെ ഹൃദയങ്ങളിലും ശക്തമായി പതിയട്ടെ. ആധ്യാത്മികതയില്‍ വളരാന്‍ സഹായിക്കുന്ന അജപാലകരുമായി, കൂട്ടായ്മയില്‍ ഒന്നിക്കുന്ന ഒരു യുവജനനിര വീണ്ടും രൂപപ്പെടട്ടെ.
ഇന്ന് ലോകം മാറുന്നു. ജീവിതശൈലികള്‍ മാറുന്നു. ലഹരികള്‍ യുവത്വത്തെ വിഴുങ്ങുന്നു. എന്നാല്‍, ഇരുട്ടിനെക്കുറിച്ച് മാത്രം സംസാരിക്കേണ്ട സമയമല്ല ഇത്. തെളിഞ്ഞ ഒരു ഉറവ പുഴയുടെ കലക്കം നീക്കുന്നതുപോലെ, ഈശോയെ സ്നേഹിക്കുന്ന യുവജനങ്ങള്‍ ലോകത്തിന്റെ മനോഭാവങ്ങളെ മാറ്റിമറിക്കുന്ന സമയം വീണ്ടും സമാഗതമായിരിക്കുന്നു.
''ഈശോയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ഒരിക്കലും മാന്ദ്യം സംഭവിച്ചിട്ടില്ല'' എന്ന് കൗമാരക്കാര്‍ അഭിമാനത്തോടെ പറയുന്ന ഒരു തലമുറ ഉയര്‍ന്നുവരട്ടെ. അതിന് മാറ്റം വരേണ്ടത് നമ്മുടെ മനോഭാവങ്ങളിലാണ്. നമ്മുടെ ചിന്തകളിലും ജീവിതശൈലിയിലും കുടുംബങ്ങളിലും ക്രിസ്തുവിനെ സ്ഫുരിപ്പിക്കുന്ന ഒരു നവീകരണം ഉണ്ടാകട്ടെ. യുവജനങ്ങള്‍ക്ക് ദൈവരാജ്യത്തോടുള്ള തീക്ഷ്ണത വീണ്ടും ജ്വലിക്കട്ടെ. വാക്കുകളില്‍ അല്ല, പ്രചോദനാത്മകമായ ക്രിസ്തീയ ജീവിതശൈലിയിലാണ് ഇന്നത്തെ കാലഘട്ടത്തിന്റെ പ്രത്യാശ. ജീവിത സാക്ഷ്യമാണ് യഥാര്‍ഥ സുവിശേഷവത്കരണം.
ഇന്ന് എന്റെ മക്കള്‍ യുവത്വത്തിലേക്ക് കടന്നുവരുമ്പോള്‍, അവരുടെ അപ്പന് അഭിമാനത്തോടെ സാക്ഷ്യപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും വവിശുദ്ധ
കുര്‍ബാനയോടുള്ള സ്നേഹം, ഈശോയുലിയ പൈതൃകം ജീസസ് യൂത്ത് എന്ന ആത്മീയ അനുഭവമാണ്. വിശുദ്ധ കുര്‍ബാനയോടുള്ള സ്നേഹം, ഈശോയുമായുള്ള വ്യക്തിബന്ധം, ജീവിത മാതൃകയില്‍ സാക്ഷ്യമായി ജീവിക്കാനുള്ള ആഗ്രഹം - ഇവയെല്ലാം ജീസസ് യൂത്തിലൂടെ ലഭിച്ച ദൈവാനുഗ്രഹങ്ങളാണ്.
ജീസസ് യൂത്ത് മുന്നേറ്റം വീണ്ടും കുരുന്ന് ഹൃദയങ്ങളിലേക്ക് വേരുപാകി, മാറുന്ന കാലഘട്ടത്തില്‍ മാറ്റമില്ലാത്തവന്റെ സാക്ഷ്യകൂടാരമായി സഭയില്‍ പ്രകാശിക്കട്ടെ.
ജിബി ജോര്‍ജ് കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ താമസിക്കുന്നു. ഷാര്‍ജ സെന്റ് മൈക്കിള്‍സ് ദേവാലയത്തിലെ മലയാളംകമ്മ്യൂണിറ്റി സെക്രട്ടറിയും സീറോ മലബാര്‍ വിശ്വാസ പരിശീലകനുമാണ്. ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ ലിനി, മക്കള്‍ കൃപ, ഗ്രീഷ്മ, ക്രിസ്റ്റഫര്‍.



Comments