മെയ്ഡ് ഇൻ കൊറിയ | നിമ്മി ജോർജ്, ഓസ്ട്രേലിയ | KAIROS MALAYALAM | AUGUST 2026
- smithask2009
- Aug 1
- 3 min read
Updated: 1 day ago

ഈ വർഷം കണ്ട സിനിമകളിൽ എന്നെ ഒത്തിരി സ്പർശിച്ച, ചിന്തിപ്പിച്ച അതിമനോഹരമായ ഒരു തമിഴ് ചലച്ചിത്രമാണ് രാ. കാർത്തിക് സംവിധാനം നിർവ്വഹിച്ച റൈസ് ഈസ്റ്റ് എൻ്റർടെയ്ൻമെൻ്റിൻ്റെ 'മെയ്ഡ് ഇൻ കൊറിയ'. സ്നേഹത്തിന്റെ വിവിധ തലങ്ങളും നിസ്വാർത്ഥ സൗഹൃദത്തിന്റെ നൈർമ്മല്യവും കുടുംബബന്ധങ്ങളും ജീവിതപോരാട്ടങ്ങളും കോർത്തിണക്കിയ ഈ ചിത്രം പ്രേക്ഷകഹൃദയങ്ങളെ കീഴടക്കുമെന്ന് പറയാതെ വയ്യ! സിനിമയുടെ നല്ലൊരു ഭാഗം ചിത്രീകരിച്ചിരിക്കുന്ന കൊറിയയുടെ മനോഹരമായ ലൊക്കേഷനുകൾ ചിത്രത്തിന് കൂടുതൽ ദൃശ്യവിരുന്ന് ഒരുക്കുന്നു.
"പൂർണ്ണമനസ്സോടെ എന്തെങ്കിലും നേടാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പ്രകൃതി മുഴുവൻ ആ ആഗ്രഹസാഫല്യത്തിനായി കൈകോർക്കും" എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ അന്വർത്ഥമാക്കുകയാണ് 'Made In Korea' എന്ന ചിത്രത്തിലെ സിംബ എന്ന കഥാപാത്രം!
ഒരു നല്ല മകൾ, ആത്മാർത്ഥമായ പ്രണയിനി, വിശ്വസ്ത സുഹൃത്ത്, കരുണയും മാനുഷികതയും നിറഞ്ഞ ഒരു പെൺകുട്ടി; തുടങ്ങി എല്ലാ മുഖങ്ങളും അവളുടെ കഥാപാത്രത്തിൽ മനോഹരമായി തെളിഞ്ഞുനിൽക്കുന്നു. മാതാ പിതാ ഗുരു ദൈവം എന്ന, ജീവിതത്തിലെ അടിസ്ഥാന ബന്ധങ്ങളുടെ ആഴവും പ്രാധാന്യവും ഈ സിനിമ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.
കൊറിയ എന്ന രാജ്യം ഒരിക്കലെങ്കിലും കാണണമെന്ന സ്വപ്നവുമായി ജീവിക്കുന്ന സിംബ എന്ന പെൺകുട്ടി, സ്വപ്നങ്ങൾക്ക് ചിറകുവയ്ക്കാൻ അവൾ ആഗ്രഹിക്കുമ്പോൾ മാതാപിതാക്കളുടെ പ്രതീക്ഷകളും സ്നേഹവും, പ്രത്യേകിച്ച് അച്ഛന്റെ കരുതലും അവളെ പിന്നിലേക്ക് വലിക്കുന്നു. അതേസമയം ബാല്യകാല സുഹൃത്തിൽ നിന്ന് കാമുകനായി മാറിയ മണിയുമായുള്ള ബന്ധവും അവളുടെ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നു.
സാമ്പത്തിക പരിമിതികൾ അവളുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നു. ലോൺ അപേക്ഷിച്ചെങ്കിലും അത് ലഭിക്കാതെ പോകുന്നത് അവളെ നിരാശയിലാഴ്ത്തുന്നു. എന്നിരുന്നാലും സ്വപ്നങ്ങളെ ഉപേക്ഷിക്കാൻ തയ്യാറാകാത്ത സിംബ, മണിയുടെ ഉപദേശ പ്രകാരം കൊറിയയിലേക്ക് യാത്ര ചെയ്യാൻ തീരുമാനിക്കുന്നു. മണിയുടെ സ്നേഹത്തിലും സാമീപ്യത്തിലും വിശ്വാസമർപ്പിച്ച സിംബ പ്രത്യാശയോടെ മുന്നോട്ട് നീങ്ങുകയാണ്.
അവളെ സ്നേഹിച്ച അച്ഛൻ വർഷങ്ങളായി കഷ്ടപ്പെട്ട് സമ്പാദിച്ച തുക, ലോൺ ലഭിച്ച പണമാണെന്ന് പറഞ്ഞ് മണിയെ ഏൽപ്പിക്കുന്നു. എന്നാൽ ആ പണം ഏറ്റുവാങ്ങിയ മണി വാഗ്ദാനം പാലിക്കാതെ അവളെ വഞ്ചിച്ച് അകന്നുപോകുന്നു. വിമാനയാത്രയിൽ താൻ പൂർണ്ണമായും ഒറ്റയ്ക്കാണെന്ന തിരിച്ചറിവ് സിംബയെ മാനസികമായി തകർക്കുന്നു. എന്നാൽ അവൾക്കായി കൊറിയയിൽ ഒരു പുതിയ ലോകം തുറന്നുകിടക്കുകയായിരുന്നു! എല്ലാം അവസാനിച്ചുവെന്ന് കരുതുന്നിടത്താണ് പലപ്പോഴും പുതിയ തുടക്കങ്ങൾ ജനിക്കുന്നത്. ജീവിതത്തിന്റെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ നിമിഷത്തിൽ ദൈവത്തിന്റെ കരുണയുടെ കൈകളെന്നപോലെ ജൂണും, പിന്നെ വിധിയൊരുക്കിയ ഓരോ വഴിത്തിരിവിലും അവൾ കണ്ടുമുട്ടുന്ന കൊറിയൻ സുഹൃത്തുക്കളും, അവളറിയാതെ അവളുടെ ജീവിതത്തെ ചേർത്തുപിടിക്കുന്ന ദൈവത്തിന്റെ കരുതലിന്റെ കരങ്ങളായി മാറുന്നു.
ജൂണിന്റെ സഹായത്തോടെ ഒരു ഗ്രാനിയെ പരിചരിക്കാനുള്ള ജോലി സിംബയ്ക്ക് ലഭിക്കുന്നു. എന്നാൽ ജോലി ആരംഭിച്ചപ്പോഴാണ് അവൾ തിരിച്ചറിയുന്നത്, ആ ഗ്രാനിയും ഒരുകാലത്ത് വലിയ സ്വപ്നങ്ങൾ കണ്ടിരുന്ന, ജീവിതത്തിന്റെ മുറിവുകളിൽ തളർന്നുപോയ ഒരു അമ്മയാണെന്ന്. സ്വന്തം മക്കളിൽ നിന്നേറ്റ അവഗണനയും ഏകാന്തതയും കാരണം, രോഗത്തിന്റെ മുഖംമൂടിയണിഞ്ഞ് ജീവിക്കാൻ നിർബന്ധിതയായ ഒരമ്മ. വിധി കൂട്ടിയിണക്കിയ ഈ രണ്ടുപേർ പതിയെ നല്ല സുഹൃത്തുക്കളായി മാറുന്നു. പരസ്പരം താങ്ങും തണലുമായി ഒരാളുടെ സ്വപ്നങ്ങൾക്ക് മറ്റെയാൾ ചിറകേകുന്നു. ഗ്രാനിയുടെ ജീവിതകാല സ്വപ്നം സ്വന്തമായി ഒരു റെസ്റ്റോറൻ്റ് തുടങ്ങുക എന്നതായിരുന്നു. ജൂണിന്റെ പ്രോത്സാഹനവും പിന്തുണയും അവരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷയായി മാറുന്നു. ഒടുവിൽ തികച്ചും അപ്രതീക്ഷിതമായി ഒരു റെസ്റ്റോറൻ്റ് ആരംഭിക്കാനുള്ള അവസരം അവർക്ക് ലഭിക്കുന്നു. ഗ്രാനിയുടെ 'Kimchi Garlic Fried Rice' പോലുള്ള അതുല്യമായ റെസിപ്പികളും അച്ഛന്റെ ഹോട്ടലിൽ നിന്ന് സിംബ പഠിച്ച പാചകവൈദഗ്ദ്ധ്യവും ഒന്നിച്ചുചേർന്നപ്പോൾ, ആ റെസ്റ്റോറൻ്റ് രുചിയുടെയും സ്നേഹത്തിന്റെയും ഒരു പുതിയ ഇടമായി മാറുന്നു.
ഇതിനിടയിൽ തനിക്ക് താങ്ങും കരുത്തുമായി നിന്ന ജൂണിനെ പ്രചോദിപ്പിക്കാനും സിംബ മറക്കുന്നില്ല. ഒരു മികച്ച ബ്ലോഗറായിരുന്ന ജൂണിന്റെ കഴിവ് അവൾ തിരിച്ചറിയുകയും അവന് ആത്മവിശ്വാസം പകർന്നുനൽകി പുതിയ ചിന്തകളിലേക്കും സംഗീതത്തിന്റെയും ഡിജിറ്റൽ ലോകത്തിന്റെയും പുതിയ സാധ്യതകളിലേക്കും അവനെ നയിക്കുകയും ചെയ്യുന്നു. അവന്റെ കരിയറിലെ നിർണ്ണായക വഴിത്തിരിവിന് കാരണമായത് സിംബയുടെ പ്രോത്സാഹനവും കാഴ്ചപ്പാടുമായിരുന്നു.
പരസ്പരം താങ്ങായിമാറിയ ആ സൗഹൃദം ഒടുവിൽ ഒരു മ്യൂസിക് ട്രൂപ്പ് രൂപീകരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേരുന്നു. അച്ഛന് തിരികെ നൽകാനായി കരുതി വെച്ച തന്റെ സമ്പാദ്യംപോലും സുഹൃത്തുക്കളുടെ സ്വപ്നത്തിനുവേണ്ടി മടികൂടാതെ ചെലവഴിക്കാൻ സിംബ തയ്യാറാകുന്നു. ഗ്രാനി ആ തീരുമാനത്തെ എതിർക്കുന്നു. അപ്പോൾ സിംബ പറയുന്ന വാക്കുകൾ ഹൃദയത്തിൽ തൊടുന്നതാണ്: "എന്റെ അച്ഛന്റെ പണം എനിക്ക് എപ്പോൾ വേണമെങ്കിലും തിരികെ നൽകാം. പക്ഷേ ഈ പണം ഇന്ന് എന്റെ സുഹൃത്തുക്കൾക്കായി ചെലവഴിച്ചാൽ, ഒരുപാട് പേരുടെ സ്വപ്നങ്ങളാണ് സാക്ഷാത്കരിക്കപ്പെടുക." സ്വാർത്ഥമില്ലാത്ത കളങ്കമില്ലാത്ത സ്നേഹത്തിന്റെ ഉദാത്ത മാതൃകയാകുകയാണവൾ. എന്നാൽ, ഗ്രാനിയുടെ കയ്യിൽ സൂക്ഷിക്കാൻ ഏൽപിച്ചിരുന്ന പണം വാങ്ങാൻ എത്തിയപ്പോൾ, ഗ്രാനിയുടെയും മകന്റെയും മരുമകളുടെയും മുന്നിൽ സിംബ മോഷ്ടാവായി ചിത്രീകരിക്കപ്പെടുന്നു. ആ സംഭവത്തിന്റെ ആഘാതത്തിൽ ഗ്രാനി തളർന്നുവീണ് ആശുപത്രിയിലാകുന്നു.
അതിനിടെയാണ് നാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ തന്റെ കുടുംബവും പെട്ടുപോയെന്ന അപ്രതീക്ഷിത ദുഃഖവാർത്ത സിംബയെ തേടിയെത്തുന്നത്. സുഹൃത്തുക്കളോട് പോലും ഒന്നും പറയാതെ അവൾ നാട്ടിലേക്ക് തിരിക്കുന്നു. അവിടെയെത്തുമ്പോൾ മാതാപിതാക്കൾ സുരക്ഷിതരാണെന്ന് അറിയുന്നത് അവൾക്ക് വലിയ ആശ്വാസമാകുന്നു. തന്റെ കുടുംബത്തെ ആശുപത്രിയിലെത്തിച്ചതും സഹായിച്ചതും മണിയാണെന്ന് അവളറിയുന്നു! ഒരിക്കൽ തന്നെ വഞ്ചിച്ച് 'മണി'യുമായി കടന്നുകളഞ്ഞ മണിയെ അവൾ വീണ്ടും കണ്ടുമുട്ടുന്നു. പ്രേക്ഷകർ ഒരു മാസ് മറുപടി പ്രതീക്ഷിക്കുന്ന അവസരത്തിൽ സിംബ വളരെ ശാന്തമായി പറയുന്ന ഒരു വാക്ക് നമ്മെ അത്ഭുതപ്പെടുത്തുകയും ഒന്നിരുത്തിച്ചിന്തിപ്പിക്കുകയും ചെയ്യും. "എനിക്ക് നിന്നോട് പറയാൻ ഒന്നേയുള്ളൂ... താങ്ക്സ്. എന്നെ എന്റെ സ്വപ്നങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി." ക്ഷമയുടെയും പകയില്ലാത്ത സ്നേഹത്തിന്റെയും ഏറ്റവും മനോഹരമായ പ്രകടനം! വിദ്വേഷമില്ലാതെ ദീർഘക്ഷമയും ദയയുമുള്ള, അതിഭാവുകത്വമില്ലാത്ത അവളുടെ ഭാവപ്രകടനങ്ങൾ ഹൃദയത്തെ തൊടുന്നുണ്ട്.
ജൂണിൽ നിന്നുള്ള ഒരു ഫോൺ സന്ദേശത്തിലൂടെയാണ് അവന്റെ മനസ്സിൽ ഒളിപ്പിച്ചിരുന്ന പ്രണയത്തെക്കുറിച്ച് സിംബ അറിയുന്നത്. എന്നാൽ അതിലും വലിയ അത്ഭുതം അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവളെ അന്വേഷിച്ച് കൊറിയയിൽ നിന്നെത്തിയ സുഹൃത്തുക്കൾ, അവളുടെ നാടുംവീടും കണ്ടശേഷം, അവളെ വീണ്ടും കൊറിയയിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് വന്നിരിക്കുന്നത്. "ഒരു വിദേശരാജ്യത്തു നിന്ന് ഇത്രയും പേർ നിന്നെ അന്വേഷിച്ച് ഇവിടെ വരെ വന്നിട്ടുണ്ടെങ്കിൽ, അതാണ് നിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. അത് നിന്റെ നന്മയുടെയും കരുണയുടെയും തെളിവാണ്. എന്റെ മകൾ അവളുടെ സ്വപ്നങ്ങളിലേക്ക് എത്തിച്ചേർന്നു എന്നത്, ഈ അച്ഛന്റെ അഭിമാനമാണ്! നീ തിരിച്ചു പോകണം... നിന്റെ സ്വപ്നങ്ങൾക്ക് കൂട്ടായി ഞാനും അമ്മയും അവിടേക്ക് വരാം." പോകാൻ മടി കാണിച്ച സിംബയ്ക്ക് അച്ഛന്റെ വാക്കുകൾ ഉൾക്കരുത്തായി. മാതാപിതാക്കളുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന സ്നേഹത്തിന്റെയും പിന്തുണയുടെയും മനോഹരമായ പ്രതിഫലനം.
തിരികെ കൊറിയയിലെത്തുന്ന സിംബയെ കാത്തിരുന്നത് ഗ്രാനിയുടെ മരണവാർത്തയായിരുന്നു. എന്നാൽ, റെസ്റ്റോറൻ്റ് തുടർന്നും പ്രവർത്തിക്കണമെന്നത് ഗ്രാനിയുടെ ആഗ്രഹമായിരുന്നുവെന്ന് അവൾ മനസ്സിലാക്കിയിരുന്നു. മക്കൾക്കുവേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ചിട്ടും അവഗണിക്കപ്പെട്ട ഒരമ്മയുടെ സ്വപ്നം സിംബ ഏറ്റെടുക്കുന്നു. യഥാർത്ഥത്തിൽ അവൾ ഏറ്റെടുത്തത് ഗ്രാനിയുടെ സ്വപ്നം മാത്രമായിരുന്നില്ല; തന്റെ അച്ഛന്റെ സ്വപ്നങ്ങളും കൂടിയായിരുന്നു. മളുടെ സ്വപ്നങ്ങൾക്ക് എന്നും താങ്ങായി നിന്ന അച്ഛന്റെ വിശ്വാസത്തിന് സിംബ മനോഹരമായി മറുപടി നൽകുന്നു. വൈകാരികവും ജീവിതഗന്ധിയുമായ സീക്വൻസുകളിലൂടെയും പ്രചോദനാത്മകമായ സംഭാഷണങ്ങളിലൂടെയും ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്, ആശ്വാസത്തിന്റെയും പ്രതീക്ഷകളുടെയും പച്ചത്തുരുത്തിലേക്കാണ്. 'മെയ്ഡ് ഇൻ കൊറിയ' ഒരു യാത്രയുടെ കഥ മാത്രമല്ല; സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും വഴികളിലൂടെ, സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുന്ന മനുഷ്യമനസ്സിന്റെ കഥ കൂടിയാണ്.
പ്രധാന കഥാപാത്രമായ സിംബയെ മെർഷീന നീനുവും, മണിയെ മിഥുൻ എം. ദാസും മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. സുരേഷ് മേനോൻ, യോഗി ബാബു, വി.ജി.പി., മായ എസ്. കൃഷ്ണൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളിലൂടെ ചിത്രത്തിന് ശക്തമായ പിന്തുണ നൽകുന്നു. ഡി. ഇമ്മാന്റെ സംഗീതവും പ്രവീൺ ബാലുവിന്റെ മനോഹരമായ ഛായാഗ്രഹണവും ചിത്രത്തിനു മാറ്റു കൂട്ടുന്നു! ശ്രീനിധി സാഗറിന്റെ നിർമ്മാണത്തിൽ ഒരുങ്ങിയ ഈ ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
നിമ്മി ജോർജ് ഓസ്ട്രേലിയയിലെ പെർത്തിൽ ഭർത്താവ് നിബിനും രണ്ടു മക്കൾക്കുമൊപ്പം താമസം. പെർത്ത് ജീസസ് യൂത്ത് സജീവാംഗം. ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നു.



Comments