top of page
Search

മാനം മുതൽ മരവുരി വരെ | KAIROS MALAYALAM | APRIL 2026

  • Writer: Kairos Media
    Kairos Media
  • May 29
  • 2 min read
അപ്പോഴാണ് ശരിക്കും വെളിവ് വന്നത് ! കാണാതെ പോയ ആൾ താനാണ് ! അതെ, ഈ കാലത്തെങ്കിലും അവനവനെ തന്നെ തേടുകയും കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്.

ചോദ്യങ്ങളാലാണ് വേദപുസ്തകം തുടങ്ങുന്നത് തന്നെ. ആദ്യ ചോദ്യം നുണകളുടെ അപ്പൻ മനുഷ്യരോട് ചോദിച്ചതാണ്. "നന്മ തിന്മയുടെ മരത്തിൽ നിന്നും കഴിക്കരുതെന്ന് ശരിക്കും ദൈവം പറഞ്ഞിട്ടുണ്ടോ?" എന്നതാണ് ആദ്യ ചോദ്യം. എല്ലാം രണ്ടെന്ന് സംശയം ജനിപ്പിക്കലാണ് ഏക സത്യത്തിൽ നിന്നും മനുഷ്യനെ അടർത്തി മാറ്റാനുള്ള എളുപ്പമാർഗ്ഗം, സംശയമുണ്ടോ?


ദൈവത്വത്തിൽ നിന്നും മുഴങ്ങിയ രണ്ടു ചോദ്യങ്ങളെ പിന്തുടരുക-

യെന്നതാണ് ആ നഷ്ടപ്പറുദീസയിലേക്കുള്ള വാതിൽപ്പാളികൾ. ആ രണ്ടു ചോദ്യങ്ങളും മനുഷ്യരാശിക്കായുള്ള വീടിന്റെ പിൻവിളികളാണ്.


നന്മതിന്മയുടെ പഴം കഴിച്ച് ഞാനാരാണെന്ന് മറന്നുപോയപ്പോഴാണ് ആദത്തോട് ദൈവം ആ ചോദ്യം ചോദിച്ചത്. "നീയെവിടെ?". നന്മയെയും തിന്മയെയും വേർതിരിച്ച് വച്ച് വിധിച്ച് തുടങ്ങുന്നവർക്കെല്ലാം അന്നും ഇന്നും ഒരേ വിധി തന്നെയാണ് കാത്തിരിക്കുന്നത്. തന്റെ സ്വരൂപവും സാദൃശ്യവും മറന്ന് ഞാനാരെന്ന് അറിയാതെ അലയലും ഉലയലും തന്നെ.


തുർക്കിയിലെ ബർസയിൽ ഒരു രസകരമായ സംഭവം നടന്നു. 'ബയ്ഹാൻ മുക്താൽ' എന്നൊരാൾ കമ്പനിയടിക്കാൻ കൂട്ടുകാരുടെ കൂടെ പോയി. രണ്ടെണ്ണം വിട്ട ആശാൻ നടന്നു നടന്നു കൂട്ടം തെറ്റി ആ വനാന്തരത്തിൽ ഒറ്റപ്പെട്ടുപോയി. ഭർത്താവിനെ കാണാതെ വന്നപ്പോൾ ഉണ്ടായ പരാതിയിൽ ഒരു അന്വേഷണ സംഘം രൂപം കൊണ്ടു. സമയകാല ബോധം പോയി

വനത്തിലൂടെ അലയുന്ന ബയ്ഹാൻ യാദൃശ്ചികമായി ഈ സംഘത്തെ കണ്ടു. അവർ ആരെയോ തിരയുന്നു എന്നത് മനസ്സിലാക്കിയ ബയ്ഹാൻ അവരുടെ കൂടെ കൂടി മറ്റാർക്കോ വേണ്ടി എന്ന പോലെ തിരച്ചിൽ ആരംഭിച്ചു. കുറേ മണിക്കൂറുകൾക്ക് ശേഷം ഒരു ക്ലിഫിൽ അടുത്തിരുന്ന ഒരു ഓഫീസർ താഴ്‌വാരത്തിലേക്ക് വിളിച്ചു ചോദിച്ചു. "ബയ്ഹാൻ നീ എവിടെയാണ്?" അപ്പോഴാണ് ശരിക്കും വെളിവ് വന്നത്! കാണാതെ പോയ ആൾ താനാണ്! അതെ, ഈ കാലത്തെങ്കിലും അവനവനെ തന്നെ തേടുകയും കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. കൂടെയുള്ളവരുടെ ചെറിയപ്രാണന്റെ മേലുള്ള കരുതൽ മറന്നു പോയ ശേഷമാണ് മറ്റൊരു ചോദ്യം കായേനോട് ദൈവം ഉയർത്തിയത്. "നിന്റെ സഹോദരൻ എവിടെ?"


മുകുന്ദാനന്ദയുടെ ഒരു പുസ്തകത്തിൽ വായിച്ചൊരു കഥയുണ്ട്. 'പത്തൊൻപത് രൂപയുടെ മിറക്കിൾ' എന്ന കഥയാണ്. ഭുവനേശ്വറിലെ ഒരു ഫാർമസിയുടെ മുൻപിൽ അത്ര പരിചയമില്ലാത്ത ഒരു ചോദ്യം ഒരു കുട്ടി ചോദിക്കുകയാണ്. "ഇവിടെ മിറക്കിൾ കിട്ടുമോ?" ചോദ്യം കേട്ട ഫാർമസി ഉടമയായ ഡോക്ടർ തമാശയായി പറഞ്ഞു. "കിട്ടും, ആട്ടെ എന്താണ് കാര്യം?"


പോക്കറ്റിലെ പത്തൊൻപത് രൂപയുടെ ചില്ലറ നീട്ടിക്കൊണ്ട് അഞ്ച് വയസുകാരൻ പറഞ്ഞു. "എന്റെ അനിയത്തി കിടപ്പിലാണ്. ഇന്നലെ രാത്രി അച്ഛൻ അമ്മയോട് പറഞ്ഞത് ഞാൻ കേട്ടു. ഒരു മിറക്കിൾ മാത്രമാണ് ഇനി വഴി, പണം കയ്യിലില്ലത്രേ. എന്റെ കുടുക്കയിൽ ഉണ്ടല്ലോ". കളി കാര്യമായി! ഡോക്ടറുടെ ചിരിമാഞ്ഞു. എന്തു മറുപടി പറയും എന്നോർത്ത് നിൽക്കവേ ഡോക്ടറുടെ ഉള്ളം ഒന്നുകാഞ്ഞു. പിന്നീട് ആ ചില്ലറകൾ വാങ്ങി എണ്ണി. എന്നിട്ട് പറഞ്ഞു "മിറക്കിളിന് ഇത്തിരി കൂടി പണമാകും പക്ഷെ നിനക്ക് ഞാൻ ഒരു ഡിസ്കൗണ്ട് തരാം". മിറക്കിളിനായി കൈ നീട്ടി പിടിച്ചു നിൽക്കുന്ന അവനോട് പറഞ്ഞു. "കുഞ്ഞുങ്ങൾക്ക് ഇത് എടുക്കാൻ പറ്റില്ല! ഇത് ഇത്തിരി വലുതാണ്, വീട്ടിൽ കൊണ്ടുവന്നു തരാനേ സാധിക്കൂ". ആ കരഗ്രഹണത്തിൽ ചെറു ചൂണ്ടുവിരൽ വഴിപ്പലകയായി.


വീട്ടിലെത്തിയ ഡോക്ടർ അനിയത്തിക്കുഞ്ഞിനെ പരിശോധിച്ച് തന്റെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഒടുക്കം ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ പത്തൊൻപത് രൂപയുടെ ഒരു ബിൽ ആ കുഞ്ഞിന്റെ കയ്യിൽ വച്ച് കൊടുത്തു പറയുന്നുണ്ട്, ഈ മിറക്കിളിന് ഗ്യാരണ്ടി ഉണ്ട് പോലും, എന്തു പറ്റിയാലും തിരിച്ച് ഇങ്ങോട്ടേക്ക് വരാമത്രേ! ഇത്തരം ഈറനണിയിക്കുന്ന കഥകൾക്കപ്പുറം മറുചോദ്യം മുഴങ്ങുന്നു. അത് മനുഷ്യൻ ദൈവത്തോട് ചോദിച്ചതാണ്? "ഞാനാണോ അവന്റെ കാവൽക്കാരൻ?"


മായ വെച്ചുനീട്ടിയ സംശയത്തിൽ നന്മതിന്മകളെ വിധിച്ച്, മരവുരിയുടെ മറയിലെ നാണത്തിലേക്ക് സ്വയം ചുരുങ്ങി ഭാതൃഹത്യയിലെത്തി നിൽക്കുമ്പോഴും അതിന്റെ ഉത്തരവാദിത്വം മറ്റൊരാളുടെ പിടലിയിൽ ചാർത്തുന്ന ദയനീയതയാണ് നമ്മൾ മനുഷ്യർ. പറുദീസയിലേക്ക് തിരിച്ചുള്ള വഴി 'കാവലാവുക' എന്നത് തന്നെയാണ്. മറ്റൊരു ചോദ്യം കൂടി ആകാശത്ത് മുഴങ്ങുന്നുണ്ട്. എഴുത്തുകാരാ നിന്റെ മുഖമെന്താണ് മ്ലാനമായിരിക്കുന്നത്? ഉത്തരവും അതേ പുസ്തകത്തിലുണ്ട്. വല്ല നല്ല കാര്യവും ചെയ്തിരുന്നെങ്കിൽ ! പോട്ടെ എഴുതിയിരുന്നെങ്കിൽ ! അതും പോട്ടെ സ്വപ്നം കണ്ടിരുന്നെങ്കിൽ !


  ജെ ക്രൈസ്റ്റ് വോൺ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page