പള്ളിയച്ചൻ പഠിപ്പിച്ചത് ബന്ധങ്ങളിലൂന്നിയ ദൈവരാജ്യ നിർമ്മിതി | ഡോ. എഡ്വേര്ഡ് എടേഴത്ത് | KAIROS MALAYALAM | AUGUST 2026
- smithask2009
- Aug 1
- 4 min read
Updated: 1 day ago

വർഷങ്ങൾക്ക് മുൻപ് എറണാകുളത്തെ കുറെ കോളേജ് വിദ്യാർത്ഥികളെ ഒന്നിച്ചു കൂട്ടിയപ്പോൾ ആമുഖമായി ചെയ്തത് വ്യത്യസ്തമായ ഒരു സെഷൻ ആയിരുന്നു. ഇന്നത്തെ "പാട്ടുകളിലെ ദർശനം" എന്ന പേരിൽ ചെറുപ്പക്കാരുടെ ഇഷ്ടഗാനങ്ങൾ കണ്ടെത്തി അവയുടെ സന്ദേശവും സ്വാധീനവും ഒക്കെ ചർച്ചചെയ്യുകയായിരുന്നു. ഏറെ രസകരമായിരുന്ന ആ സെഷൻ. ഇത് ഞാൻ ഓർത്തത് പള്ളിവാതുക്കൽ അച്ചനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളിൽ അദ്ദേഹത്തിന്റെ ഇഷ്ട ഗാനങ്ങൾ പൊന്തിവന്നപ്പോഴാണ്.
പള്ളിവാതുക്കൽ അച്ചൻ ഒരു പാട്ടുകാരന്നായിരുന്നോ? അല്ല. എന്നാൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കുറെ പാട്ടുകൾ ഉണ്ടായിരുന്നു. ആ പല പാട്ടുകളുടെയും ഉൾക്കാമ്പ് സ്നേഹക്കൂട്ടായ്മയും. അച്ചൻ ആവർത്തിച്ചു പാടാൻ പറയുമായിരുന്ന ഈ വരികൾ എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർത്തുമായിരുന്നു. ആ വരികൾ ഇങ്ങനെയാണ്:
എല്ലാവരും പങ്കുവെച്ചും പരസ്നേഹത്തിൽ ജീവിച്ചാൽ എത്ര മനോഹരമീലോകം, സമത്വ സുന്ദരമീലോകം ഇവിടെ പറുദീസ, വിടരും പറുദീസ, സുരഭില പറുദീസ.
ഇതിനേക്കാൾ സുന്ദരമായി അച്ചന്റെ ജീവിത ദർശനം എങ്ങനെ പറഞ്ഞുവയ്ക്കാനാകും?
പല്ലിമിഠായി അല്ല പള്ളിമിഠായി
ഏതൊരു കൂട്ടായ്മയിലേക്കും പള്ളിയച്ചൻ ഒരു ചെറു പൊതിയുമായിട്ടേ വരൂ. എന്തെങ്കിലും ചെറു പലഹാരങ്ങൾ. അങ്ങനെ ഒരു കാലത്ത് വലിയ മീറ്റിംഗുകളിൽ വരുമ്പോൾ ചിലപ്പോൾ വലിയൊരു പൊതി ജീരക മിഠായിയുമായി അച്ചൻ എത്തും. വളരെ ചെറിയ ഈ മധുര ഗോളത്തെ പലരും പല്ലി മിഠായി എന്ന് വിളിക്കുമായിരുന്നു. അച്ചന് കളിതമാശകൾ ഏറെ ഇഷ്ടമാണ്, ഒപ്പം അച്ചനെ കളിയാക്കുന്നതും. അദ്ദേഹവും ഏതെങ്കിലും വിധത്തിൽ കൂട്ടായ്മകൾ ചിരികളികളുടെ ഇടങ്ങളാക്കും. അങ്ങനെ ആ ചെറു മിഠായിയെ ഞങ്ങളെല്ലാം പള്ളിമിഠായി ആക്കി മാറ്റി.
അന്നൊക്കെ പാന്റും ഷർട്ടുമിട്ട് കക്ഷത്തിൽ ഒരു കറുത്ത ബാഗുമായാണ് പള്ളിയച്ചൻ എല്ലായിടത്തും എത്തുക. ബാഗിൽ തീർച്ചയായും ഭക്ഷണപ്പൊതി ഉണ്ടാകും; പിന്നെ വല്ല ടീം മീറ്റിങ്ങും ആണെങ്കിൽ ഓരോരുത്തർക്കും നൽകാനായി അദ്ദേഹം ആയിടെ വായിച്ചു ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു ലേഖനത്തിന്റെ ഫോട്ടോസ്റ്റാറ്റുകളും. നാട്ടിലെ ഹൃദ്യമായ ഒരു കീഴ്വഴക്കമാണ് അതിലെല്ലാം അദ്ദേഹം തുടർന്നത്. സന്ദർശനത്തിന് ഒരു സമ്മാനം ഇല്ലാതെ എത്തുക എന്നുള്ളത് ഭംഗി കേടാണ്. ഏറ്റവും പുതുമയോടെ കാര്യങ്ങൾ ചിന്തിച്ചു ചെയ്തിരുന്ന പള്ളിവാതുക്കലച്ചന് ഇപ്രകാരം കുറെ പാരമ്പര്യ രീതികളും കൈമുതലായുണ്ടായിരുന്നു. ഈ പുതുമയുടെയും പാരമ്പര്യത്തിന്റെയും കൃത്യമായ തുലനമാണ് അച്ചനെ വ്യത്യസ്തനും ഒപ്പം പ്രിയങ്കരനുമാക്കിയത്.
അച്ചൻ ഓരോരുത്തരോടും സ്നേഹബന്ധം ഉറപ്പിച്ചു വളർത്തുന്ന രീതികൾ ഏറെ ഹൃദ്യമായിരുന്നു. യേശുവിന്റെ രീതി നമുക്ക് സുപരിചിതമാണ്, കളിപ്പേരുകൾ നൽകുന്ന, അപ്രതീക്ഷിത നർമ്മ ഭാവനിൽ പ്രതികരിക്കുന്ന കർത്താവിന്റെ മാതൃക പള്ളിയച്ചനും പ്രചോദനമായിരിക്കാം. എവിടെ ചെന്നാലും അച്ചൻ ഓരോരുത്തരെയും അടുത്തു പരിചയപ്പെടും; അവരുടെ വീടും നാടുമൊക്കെ അടുത്തറിയും. കൂട്ടത്തിൽ തമാശ പറയാനും കളിയാക്കാനും ഒക്കെ അച്ചൻ സമയമെടുക്കും. ചുരുക്കത്തിൽ ആദ്യ ഇടപെടലിൽ തന്നെ മിക്കവരും അച്ചനുമായി ഹൃദ്യമായ ബന്ധത്തിലാകും. ചിലർക്കെങ്കിലും ഈ സ്വാതന്ത്ര്യത്തിന്റെയും തമാശയുടെയും രീതികൾ ഒട്ടും ഇഷ്ടപ്പെടില്ല എന്നത് മറ്റൊരു കാര്യം.
തുടക്കം കുറിച്ച സൗഹൃദങ്ങൾ ഊഷ്മളതയോടെ തുടരുക എന്നതും പള്ളിയച്ചൻ ശ്രദ്ധിക്കുന്ന ഒരു കാര്യമായിരുന്നു. "അച്ചന്റെ നുള്ള് കിട്ടാത്തവർ ആരും ഉണ്ടാകില്ല" എന്ന് പല ചെറുപ്പക്കാരും ഓർക്കും. "വീട്ടിൽ ആരൊക്കെയുണ്ട്?" എന്നു തുടങ്ങുന്ന കുസൃതി ചോദ്യങ്ങളും ബന്ധങ്ങൾ ഹൃദ്യമാക്കുന്ന അച്ചന്റെ തനത് സമീപനങ്ങളായിരുന്നു. ഈശോയും വീട്ടിലുണ്ട് എന്ന് ഓർമ്മിപ്പിക്കാനായിരുന്നു ഈ ചോദ്യം.
നർമ്മ സംഭാഷണത്തിൽ തീരുന്നതായിരുന്നില്ല അച്ചന്റെ സൗഹൃദങ്ങൾ. പരിചയപ്പെട്ടവരെ അവരുടെ സ്ഥലം സന്ദർശിക്കുക, കൂടെ എന്തെങ്കിലും സമ്മാനങ്ങൾ കൊണ്ടുപോകുക, അവരുടെ വിശേഷങ്ങൾ ആരാഞ്ഞ് അവരോടൊത്ത് പ്രാർത്ഥിക്കുക ഇതെല്ലാം ബന്ധങ്ങൾ വളർത്താനുള്ള അച്ചന്റെ അടുത്ത പടികളായിരുന്നു. എത്ര വർഷങ്ങൾ കഴിഞ്ഞാലും അദ്ദേഹം ബന്ധങ്ങൾ മറക്കില്ല, സ്നേഹപൂർവ്വം പിന്തുടരുകയും ചെയ്യുമായിരുന്നു.
അചഞ്ചലമായ ദിവ്യസ്നേഹ മാതൃക
എന്നും മാറാത്ത സ്നേഹം എന്ന് നമ്മൾ പറയാറുണ്ട്, അത് പള്ളിയച്ചനെ സംബന്ധിച്ച് ഏറെ ശരിയായിരുന്നു. ഏതാണ്ട് അര നൂറ്റാണ്ട് മുൻപാണ് അച്ചനെ ഞാൻ കണ്ടുമുട്ടിയത്. ഡിഗ്രിക്ക് പഠിക്കുന്ന ഞാൻ അന്ന് ആലുവ ലൊയോളയിലാണ് താമസം. വലിയൊരു സ്ഥാപനത്തിൽ പ്രായമായ പോൾ അച്ചൻ മാത്രം കഴിയുന്ന ആ സ്ഥലത്ത് ഞാനും കൂടെ ചേർന്നു. കുറച്ചു മാസങ്ങൾക്ക് ശേഷം അമേരിക്കയിൽനിന്ന് നവീകരണത്തെക്കുറിച്ച് പഠനം പൂർത്തിയാക്കി ജോസ് കിഴക്കേടം അച്ചൻ അവിടെയെത്തി. ഞങ്ങൾ മൂന്നുപേരും കാരിസ്മാറ്റിക്കുകാർ. അങ്ങനെ അത് കേരളത്തിലെ കാരിസ്മാറ്റിക് നവീകരണത്തിൽ പലതിന്റെയും തുടക്ക സ്ഥലമായി. പിന്നെ അവിടേയ്ക്ക് ഒരു ചുറുചുറുക്കുള്ള കൊച്ചച്ചൻ കടന്നുവന്നു, എബ്രഹാം പള്ളിവാതുക്കൽ. വ്യത്യസ്തമായി ചിന്തിക്കുന്ന, ഒപ്പം സേവന സന്നദ്ധമായ ഊഷ്മള സ്നേഹമുള്ള അച്ചനെ കണ്ടത് അവിടെയാണ്.
നവീകരണം അന്ന് കേരളത്തിൽ പുതിയതാണ്. 1977 പള്ളിയച്ചനെ ആദ്യം കാണുമ്പോൾ അദ്ദേഹം ഏറെ തീക്ഷ്ണമതിയാണ്. എന്നാൽ കാരിസ്മാറ്റിക് നവീകരണവുമായി കാര്യമായ പരിചയമില്ല. താമസിയാതെ ഞങ്ങളുടെ താമസസ്ഥലത്ത് ഒരു നവീകരണ നേതൃപരിശീലനം നടന്നു. വിഷയം, എങ്ങനെയാണ് എൽ.എസ്.എസ് നടത്തേണ്ടത്? ഒരാഴ്ച നീണ്ട ഈ സെമിനാറിന് നേതൃത്വം നൽകിയത് കിഴക്കേടം അച്ചനാണ്. ബിഷപ്പ് ജെറോം, അച്ചന്മാരായ തുരുത്തിമാറ്റം, സിജെ വർക്കി, ആർമണ്ട്, ഗ്രേഷ്യൻ, സിസ്റ്റർ ക്ലിയോപാട്ര എന്ന് തുടങ്ങി പിന്നീട് നവീകരണ നേതൃനിരയിൽ വന്ന ധാരാളം പേർ ഇതിൽ പങ്കെടുത്തു. കൂട്ടത്തിൽ ചെറുപ്പക്കാരായ ആലീസ് കുട്ടിയും ഞാനും. ആ ഭവനത്തിൽ താമസക്കാരനായ പള്ളിയച്ചൻ സ്വതസിദ്ധമായ ചിരിയും സേവന സന്നദ്ധതയുമായി മുഴുവൻ സമയവും അവിടെയുണ്ടായിരുന്നു. എല്ലാവരുമായി അദ്ദേഹം ഇടപഴകിയെങ്കിലും ആലീസ് കുട്ടിയുടെ വിടാതെ ഉള്ള പ്രേരണയും നിർബന്ധവുമാണ് പള്ളിയച്ചനെ ഒരു കാരിസ്മാറ്റിക് ധ്യാനത്തിൽ എത്തിച്ചത്.
കുറച്ചുമാസങ്ങൾ കഴിഞ്ഞപ്പോൾ ആദ്യ കാരിസ്മാറ്റിക് നേതൃസമ്മേളനം മഞ്ഞുമ്മൽ സിആർസിയിൽ നടന്നു, ഇതിൽ വെച്ച് ആദ്യ കേരള നേതൃസമിതി രൂപീകൃതമായി. അതിന്റെ ആദ്യ മീറ്റിംഗിൽ തന്നെ യുവജനങ്ങളെ ഒന്നിച്ചുകൊണ്ടുവരാൻ തീരുമാനവുമായി. 1978 ലെ ഡിസംബർ സമ്മേളനത്തിന് ഒരുക്കമായി അനേക പരിപാടികൾ നടന്നു. ഇതിൽ ഏറ്റവും വിപുലമായത് എറണാകുളം സെന്റ് ആൽബർട്സ് സ്കൂളിൽ നടന്ന ഇംഗ്ലീഷിലും മലയാളത്തിലും ഒരുങ്ങിയ പ്രാരംഭ, വളർച്ച ധ്യാനങ്ങളായിരുന്നു. നാല് ധ്യാനങ്ങൾ. നൂറുകണക്കിന് പേർ ഓരോന്നിലും പങ്കെടുത്തു. അവിടെയായിരുന്നു പള്ളിയച്ചന്റെ കാരിസ്മാറ്റിക് പ്രഘോഷണ അരങ്ങേറ്റം. പിന്നെയങ്ങോട്ട് എന്നും അച്ചൻ നവീകരണ നേതൃനിരയിൽ സജീവമായി ഉണ്ടായിരുന്നു.
ദേശീയ കാരിസ്മാറ്റിക് കൺവെൻഷന് ആദ്യമായി കേരളം ആതിഥേയത്വം നൽകിയത് 1982 ൽ ആയിരുന്നു. ഇരുപത്തി അയ്യായിരത്തോളം പേർ താമസിച്ച് പങ്കെടുത്ത ആ സമ്മേളനത്തിന്റെ ഒരുക്കം നാടിനെ ഇളക്കിമറിച്ചു. വിഷയം, പാവങ്ങളോടുള്ള പ്രതിബദ്ധത. പള്ളിയച്ചനും ആലിസ്കുട്ടിയും കേരളം മുഴുവൻ നടന്ന് ഗ്രൂപ്പുകളെ ഒരുക്കി, ഒപ്പം സാമ്പത്തിക സമാഹരണവും നടത്തി. കേരള നവീകരണത്തിന് ഒരു ഭവനം എന്ന ആശയവും അതോടൊപ്പം ഉയർന്നു. ഇവയുടെയെല്ലാം ചരിത്ര പ്രാധാന്യം പറയേണ്ടതില്ലല്ലോ. കേരള കാരിസ്മാറ്റിക് നവീകരണ നേതൃരൂപീകരണം ഇതുവഴിയായിരുന്നു, മാത്രമല്ല ജീസസ് യൂത്തിന്റെ അടിത്തറയുടെ വ്യക്തതയും ദർശന രൂപീകരണവും ഒക്കെ ഇതിലൂടെ സാധ്യമായി. ഇതിനേക്കാളെല്ലാം ഉപരി കേരള നവീകരണത്തിന്റെ കേന്ദ്രമായ എമ്മാവൂസ് രൂപീകൃതമായതും ഇതിലൂടെ തന്നെ. ഇതിനെല്ലാം നേതൃത്വം നൽകിയതോ, പള്ളിവാതുക്കൽ അച്ചനും. ഇതിനിടെ എമ്മാവൂസും നവീകരണവും ഒക്കെ അൽമായ നേതൃപരിശീലന വേദികളാകണം എന്നതും അച്ചന്റെ നിർബന്ധമായിരുന്നു.
ദൈവരാജ്യ വിത്തുപാകി വളർത്താൻ
പള്ളിയച്ചൻ ഒരു വാഹനവും ഓടിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. മറിച്ച് ചുറുചുറുക്കോടെ നടന്നുചെന്ന് ആളുകളെ സന്ദർശിക്കുന്ന, സംഘാടന പ്രവർത്തനങ്ങളിൽ മുഴുകുന്ന അച്ചനാണ് എന്റെ ഓർമ്മയിൽ. ബന്ധങ്ങൾ പണിതുയർത്തുന്നതിൽ നിപുണനായിരുന്ന പള്ളിയച്ചൻ സ്ഥാപന സംവിധാനങ്ങളും വിപുലമായ സമ്മേളനങ്ങളും ഒക്കെ ഒരുക്കുന്നതിൽ ഏറെ വിദഗ്ദ്ധനായിരുന്നു.

ജീസസ് യൂത്ത് വളർച്ചാ പാതയിൽ തിരിഞ്ഞു നോക്കുമ്പോൾ ഓരോ വലിയ സംരംഭത്തിന്റെ ഒരുക്ക വേളയിലും നടത്തിപ്പിലും അതിനു ശേഷവും അച്ചന്റെ പങ്ക് നിർണ്ണായകമായിരുന്നു. ഏറെ ലളിതമായ രീതിയിലാണ് ജീസസ് യൂത്ത് എന്നും വലിയ സമ്മേളനങ്ങൾ പോലും സംഘടിപ്പിക്കാറ്. നേതൃത്വം നൽകുന്നത് സാധാരണ ചെറുപ്പക്കാരും. സമ്മേളനങ്ങൾ ഒരുങ്ങുമ്പോൾ അനേക സ്ഥാപനങ്ങളുടെ സഹകരണം വേണം. അധികാരികളുടെ സഹകരണം ഉറപ്പുവരുത്താൻ ഓരോ സന്ദർശനത്തിലും പള്ളിയച്ചനും വേണം. പരിപാടികൾക്കിടെ അപ്രതീക്ഷിത പ്രതിസന്ധികൾ പലതും ഉയരും. അവിടെയും ഇടപെടാൻ അച്ചൻ വേണം. പിന്നെ ആഘോഷമെല്ലാം കെട്ടടങ്ങുമ്പോൾ എല്ലാ ബില്ലുകളും ഒടുക്കണം. കടമെല്ലാം തീർക്കാൻ സാമ്പത്തിക ശേഷിയുള്ളവരെ പിഴിയണം. അച്ചൻ ചോദിച്ചാൽ ആരും പിന്മാറില്ല. പിന്നെ സ്ഥാപനങ്ങളോട് പല ചിലവുകളും എഴുതിത്തള്ളാൻ നിർബന്ധിക്കാനും അച്ചന് മടിയില്ല. "ഇതൊക്കെ നമ്മുടെ ചെറുപ്പക്കാരെ വളർത്താനാണ്." അച്ചന്റെ പ്രതിബദ്ധത കാണുമ്പോൾ ഈ വാക്കുകൾ പൂർണ്ണ വ്യാപ്തിയിൽ മനസ്സിലാക്കാൻ അവർക്കും ഒട്ടും പ്രയാസമില്ല.
ഏറെ നല്ല അനുഭവ സ്മരണകളും സുവിശേഷ വഴിയിലെ കുറെ സുന്ദര മാതൃകകളും ഒക്കെ അവശേഷിപ്പിച്ചിട്ടാണ് പള്ളിവാതുക്കൽ അച്ചൻ കടന്നുപോകുന്നത്. എന്റെ വ്യക്തിജീവിതത്തിലും പരിചയമുള്ള അനേക വ്യക്തികളിലും കുടുംബങ്ങളിലും അതിലും ഉപരി ജീസസ് യൂത്ത് മുന്നേറ്റത്തിലും സഭയിലും ഒക്കെ പള്ളിയച്ചന്റെ ശ്രദ്ധാപൂർവ്വമായ ഇടപെടൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ഒരുവിധത്തിൽ ഏറെ ലാളിത്യമുള്ള ഒരു സാധാരണ വൈദികനായിരുന്നു അദ്ദേഹം. പക്ഷേ, തന്റെ തീക്ഷ്ണമായ പ്രാർത്ഥനാ ജീവിതവും അതിൽനിന്ന് ബഹിർഗമിച്ച സ്നേഹബന്ധങ്ങളിൽ ഊന്നിയ സേവനതൽപരതയും അച്ചനെ ഏവർക്കും വേണ്ടപ്പെട്ടവനാക്കി. അച്ചൻ പറയുമായിരുന്നു, "ഇന്നത്തെ ചോദ്യങ്ങൾക്ക് ഇന്നലത്തെ ഉത്തരങ്ങൾ മതിയാകില്ല." മറ്റുള്ളവരുടെ ചോദ്യങ്ങളും ആകുലതകളും അഭിവാഞ്ഛകളും എല്ലാം അദ്ദേഹം ശ്രദ്ധിച്ചു, ചെവിയോർത്തുകേട്ടു. മാത്രമല്ല ദൈവാത്മ തീക്ഷ്ണതയിൽ ആ ചോദ്യങ്ങൾക്ക് അദ്ദേഹം ഹൃദയപൂർവ്വം പ്രതികരണം നൽകി. അതാണ് അച്ചനെ അനേകർക്ക് വലിയ ഒരനുഗ്രഹമാക്കിയത്. അച്ചന്റെ ഓർമ്മയും പ്രചോദനവും കൂടുതൽ ചലനാത്മകവും ഫലദായകവുമാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം, പ്രാർത്ഥിക്കാം.



Comments