top of page
Search

പത്രോസിന്റെ പാറയിൽ പള്ളിപണിത മലയാളി പെൺമക്കൾ | KAIROS MALAYALAM | JUNE 2026

  • Writer: Kairos Media
    Kairos Media
  • May 31
  • 3 min read

പ്രവാസലോകത്തും ലോകാതിർത്തികൾവരെയും ദൈവരാജ്യം വളർത്തുവാൻ സ്വജീവിതം തന്നെ വ്യയം ചെയ്ത് സഭയെ പടുത്തുയർത്തിയ, നഴ്സിംഗ് മേഖലയിലെ സഹോദരിമാർക്ക് ആദരമർപ്പിച്ചുകൊണ്ട് ഈ താളുകളിലൂടെ കടന്നുപോകാം.


മണ്ണിൽ പതിഞ്ഞു കിടക്കുന്ന കാൽപ്പാടുകൾ. ഒറ്റയും ഇരട്ടയുമായി ആദ്യം കാണുന്ന ആ പാദമുദ്രകൾക്ക് അമ്പതോ അറുപതോ വർഷം പഴക്കമുണ്ട്. പിന്നെയത് പത്തും നൂറും ആയിരവും പതിനായിരങ്ങളുമായി പെരുകി. ഒരു മഹാപ്രയാണത്തിന്റെ മുദ്രകൾ. നഴ്സിംഗ് ജോലികൾ സ്വീകരിച്ച് ജർമ്മനിയിൽ തുടങ്ങി വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യാത്രതിരിച്ച മലയാളി കത്തോലിക്കാ പെൺകുട്ടികളുടെ കാരുണ്യത്തിന്റെയും വിശ്വാസത്തിന്റെയും ഇതിഹാസമെഴുതിയ മഹായാത്രയെക്കുറിച്ച്..


വല്യപ്പച്ചനും വല്യമ്മച്ചിക്കും സ്തുതി ചൊല്ലി, അപ്പനമ്മമാരെയും കൂടെപ്പിറപ്പുകളെയും ഉൾപ്പിടച്ചിലോടെ ആശ്ലേഷിച്ച്, കണ്ണീർ പൊഴിച്ച് യാത്രപറഞ്ഞ് കടൽ കടന്ന പെൺമക്കൾ. ഭക്തിയും ദൈവവിചാരവുമായി, വീട്ടകങ്ങളിൽ പ്രിയപ്പെട്ടവരായി വളർന്നവർ. ഇടവക ദേവാലയത്തിലും ഭക്തസംഘടനകളിലും ചൈതന്യത്തോടെ ഉത്തമരായി വഴിനടന്നവർ.


സ്യൂട്ട്കേസുകളിൽ സഭയെ വഹിച്ചവർ


അന്യദേശത്തേക്കുള്ള യാത്രയിൽ അവരുടെ സ്യൂട്ട്കേസുകളിൽ ഹൃദയവായ്പോടെ അവർ കരുതിവച്ചു; കൊന്തയും ക്രൂശിതരൂപവും വണക്കമാസവും നൊവേനപ്രാർത്ഥനകളും. ഹൃദയത്തിൽ സൂക്ഷിച്ച ഒരു സഭയെയാണ് അവർ സ്യൂട്ട്കേസുകളിൽ കൊണ്ടുപോയത്.


വിദേശനഗരങ്ങളിലെ കൊച്ചുമുറികളിലും, ആശുപത്രികളുടെ ശാന്തമായ ഇടനാഴികളിലും, കേരളത്തിൽനിന്നുള്ള നഴ്സുമാരുടെ കുടിയേറ്റത്തിലൂടെ ഒരു നിശബ്ദ സഭാപ്രസ്ഥാനം പിറവിയെടുത്തു. അവർ ജപമാലകളും, ദിവ്യകാരുണ്യ ആരാധനയും, സുവിശേഷ കാരുണ്യത്തിന്റെ ഊഷ്മളതയും നെഞ്ചേറ്റി. മലയാളി കത്തോലിക്കാ സമൂഹത്തിന്റേതായി രൂപതാഘടനകൾ വേരൂന്നുന്നതിനും, ദേവാലയങ്ങളും പാരിഷ് ഹാളുകളും ഉയരുന്നതിനും മുൻപേ, യൂറോപ്പിന്റെയും ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും വടക്കേ അമേരിക്കയുടെയും മണ്ണിൽ കേരളത്തിലെ നഴ്സുമാർ ഭാരത കത്തോലിക്കാ സഭയുടെ ദൃശ്യസാന്നിധ്യങ്ങളായി.


തങ്ങൾക്ക് സുപരിചിതമായ മലയാളം കുർബാനയോ, ബലിയർപ്പകരായി മലയാളി വൈദികരോ ഇല്ലാത്ത ആ ദിനങ്ങളിലും, സ്വദേശത്ത് അവരുടെ വിശ്വാസത്തെ രൂപീകരിച്ച കത്തോലിക്കാ ആത്മീയനുഷ്ഠാനങ്ങളുടെ ഉപാസകരായി അവർ കൂട്ടായ്മയിൽ വളർന്നു. അവരുടെ ഹൃദയങ്ങളിൽ നിന്നും ജപമാലയുടെ മന്ത്രങ്ങൾ ഉയർന്നു, പ്രാർത്ഥനാകൂട്ടായ്മകൾക്ക് തിരിതെളിഞ്ഞു, തങ്ങളുടെ വിശ്വാസത്തെയും പൈതൃകത്തെയും അവർ ലോകത്തിന് മുൻപിൽ പ്രകാശിപ്പിച്ചു. അങ്ങനെ, ആത്മീയതയുടെ നൂലിഴകളിൽ കോർത്ത ഒരു പുതിയ പ്രവാസിസഭയ്ക്ക് അവർ അടിത്തറയിട്ടു. അത് വെറുമൊരു കൂട്ടായ്മയായിരുന്നില്ല, മറിച്ച് വിശ്വാസത്തിന്റെ തീക്ഷ്ണതയിൽ നിന്ന് ഉയിർകൊണ്ട ഒരു ചലിക്കുന്ന സഭ തന്നെയായിരുന്നു.


ഹോസ്റ്റലുകളുടെ ഇടുങ്ങിയമുറികളും സ്വീകരണമുറികളും, ആശുപത്രി ക്വാർട്ടേഴ്സുകളുടെ ഇടനാഴികളും പ്രാർത്ഥനകളുടെയും നൊവേനകളുടെയും സ്നേഹഭവനങ്ങളായി. മലയാളത്തിന്റെ ഈണം നിറച്ച്, അവർ കുട്ടികൾക്ക് വിശ്വാസത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകി. നഴ്സുമാരുടെ വീടുകൾ ഗാർഹിക സഭകളായി മാറി, അവിടെ സമൂഹ ആരാധനയുടെ ഊഷ്മളത നിറഞ്ഞു. യൂറോപ്യൻ, അമേരിക്കൻ മണ്ണിൽ, അവരുടെ പ്രയത്നങ്ങളിലൂടെ മലയാളി കത്തോലിക്കാ മിഷനുകൾക്ക് അടിത്തറ പാകി, പിന്നീട് അവ മഹത്തായ രൂപതകളായി വളർന്നു.


ഗൾഫ് കുടിയേറ്റം ശക്തിപ്രാപിക്കുകയും ആ രാജ്യങ്ങളിലേക്ക് ജോലികൾ സ്വീകരിച്ച് നഴ്സുമാരുടെ പ്രവാഹം ആരംഭിക്കുകയും ചെയ്തപ്പോൾ, വിശ്വാസവും ആത്മീയതയും ഭക്താநுഷ്ഠാനങ്ങളും പൊക്കിൾക്കൊടിബന്ധംപോലെ കാത്ത നഴ്സിംഗ് സമൂഹം, അവിടങ്ങളിലെല്ലാം സഭയോട് ചേർന്ന് തീക്ഷ്ണതയോടെ വളർച്ച പ്രാപിച്ചു.

സാന്ത്വനത്തിന്റെ ആ പ്രേഷിതർ പ്രസംഗപീഠങ്ങളിലൂടെ സുവിശേഷം അറിയിച്ചില്ല. മറിച്ച്, കാരുണ്യത്തിന്റെ ഭാഷയിൽ അവർ ക്രിസ്തുവിന്റെ പതിതമുഖങ്ങളെ, ദുർബലശരീരങ്ങളെ പരിചരിച്ചു. വൃദ്ധസദനങ്ങളുടെ നിശബ്ദതയിലും, മാനസികാരോഗ്യ വാർഡുകളുടെ ഏകാന്തതയിലും, പാലിയേറ്റീവ് യൂണിറ്റുകളുടെ നൊമ്പരത്തിലും, അവർ ക്രിസ്തുവിന്റെ സൗഖ്യദായക സാന്നിധ്യമായി. സൗമ്യതയും ക്ഷമയും ത്യാഗപൂർണ്ണമായ സേവനവും സുവിശേഷമൂല്യങ്ങളുടെ നിശബ്ദസാക്ഷ്യമായി ലോകമെങ്ങും പ്രഭ ചൊരിഞ്ഞു. അവരുടെ കരങ്ങൾ, വേദനാജനകമായ നിമിഷങ്ങളെ ആശ്വാസത്തിന്റെ സൗഖ്യസ്പർശങ്ങളാക്കി മാറ്റി.


ക്രൈസ്തവികതയുടെ സാംസ്കാരിക അംബാസഡർമാർ


രോഗികളുടെ കണ്ണുകളിലും തദ്ദേശവാസികളുടെ വാക്കുകളിലും ഭരണാധികാരികളുടെ വീക്ഷണത്തിലും വിസ്മയം നിറഞ്ഞുനിന്നു. അതിനുകാരണം മലയാളി നഴ്സുമാരുടെ സഹജമായ പ്രശാന്ത പ്രതികരണങ്ങളായിരുന്നു - ആഴമേറിയ ആത്മീയതയായിരുന്നു - തെളിഞ്ഞ ധാർമ്മികതയായിരുന്നു. നഴ്സുമാരുടെ ഈ സമൂഹം കേവലം പ്രൊഫഷണലുകൾ മാത്രമായിരുന്നില്ല, മറിച്ച് ക്രൈസ്തവികതയുടെ സാംസ്കാരിക അംബാസഡർമാരായി, മതേതരലോകത്തിന്റെ ഇടനാഴികളിൽ ക്രിസ്തീയ ധാർമ്മികതയുടെ വെളിച്ചം പകർന്നു. ഭാഷകളുടെയും ദേശീയതകളുടെയും അതിരുകൾ മായ്ച്ചുകൊണ്ട് അവർ മാനവികബന്ധങ്ങളുടെ പുതിയ പാലങ്ങൾ തീർത്തു. അവരുടെ വിശ്വാസം ഭിത്തിയിൽ തൂക്കിയ ഒരു ചിത്രമായിരുന്നില്ല; അത് പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്ന ജീവസ്സുറ്റ ശക്തിയായിരുന്നു.


പ്രവാസി സഭയുടെ ശില്പികൾ


പല പാശ്ചാത്യ നഗരങ്ങളിലും, രാവും പകലും ഇരട്ട ഷിഫ്റ്റുകളിൽ അദ്ധ്വാനിച്ച്, മിതവ്യയത്തോടെ ജീവിച്ച ഈ നഴ്സുമാരുടെ വിയർപ്പുകൊണ്ടും പ്രാർത്ഥനകൊണ്ടുമാണ് ആദ്യത്തെ മലയാളി ചാപ്പലുകൾ ഉയർന്നുവന്നത്. അവരുടെ നിസ്വാർത്ഥമായ പ്രയത്നം, വിശ്വാസത്തെ കെട്ടിപ്പടുത്തത് മാത്രമല്ല, ഒരു പ്രവാസി സമൂഹത്തിന്റെ മുഴുവൻ ഭാവിക്ക് ഉറച്ച അടിത്തറയിടുകയും ചെയ്തു. അവരുടെ ത്യാഗങ്ങൾ കേവലം വ്യക്തിപരമായ നഷ്ടങ്ങളായിരുന്നില്ല; അത് വിദേശമണ്ണിൽ സഭയുടെ ഭാവിക്കുവേണ്ടിയുള്ള നിക്ഷേപങ്ങളായിരുന്നു.


ആചാരങ്ങൾക്കപ്പുറം വളർന്ന ആ പ്രവാസി സമൂഹത്തിൽ, മാതൃഭാഷയായ മലയാളത്തിലുള്ള കുർബാനയോടുള്ള അവരുടെ തീവ്രമായ ആഗ്രഹം, വിവിധ ഭൂഖണ്ഡങ്ങളിൽ രൂപതകളുടെ പിറവിക്കുവരെ വഴിയൊരുക്കി.


ഷിക്കാഗോയിലെ സെന്റ് തോമസ് സീറോ-മലബാർ രൂപത, മെൽബണിലെ സെന്റ് തോമസ് രൂപത, ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ രൂപത, മിസ്സിസാഗയിലെ സീറോ-മലബാർ രൂപത, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷൻ ,കൂടാതെ മുംബൈയിലേയും ഡൽഹിയിലേയും മലയാളി കത്തോലിക്കാ നഴ്സുമാരുടെ വർദ്ധിച്ച സാന്നിധ്യവും അജപാലന ആവശ്യങ്ങളുംകൂടി പരിഗണിച്ചാണ് യഥാക്രമം കല്യാണിലും ഫരീദാബാദിലും രൂപതകൾ സ്ഥാപിക്കപ്പെട്ടത്.


അതുപോലെ, കേരളത്തിൽ നിന്നുള്ള ലത്തീൻ കത്തോലിക്കാ നഴ്സുമാർ, മുംബൈ, ഡൽഹി, ഗൾഫ് നാടുകൾ എന്നിവിടങ്ങളിലെ റോമൻ റീത്ത് ഇടവകകളിൽ ലയിച്ചുചേർന്നു. ഇടവകകൾക്ക് അവർ പുതുജീവൻ നൽകി. പരിശുദ്ധ അമ്മയോടുള്ള നൊവേനകളുടെ മധുരം അവിടെ നിറച്ചു, ദിവ്യകാരുണ്യ ആരാധനയ്ക്ക് അവർ വിളക്കുകൊളുത്തി. ഗൾഫ് ഇടവകകളുടെ ചലനാത്മകതയ്ക്ക് പിന്നിലും അവരുടെ അദ്ധ്വാനമുണ്ടായിരുന്നു. ഭക്തിയുടെ ആഴം, ആരാധനാക്രമത്തിന്റെ ചിട്ട, സമൂഹത്തെ ഒന്നിപ്പിച്ചു നിർത്താനുള്ള കരുത്ത് എന്നിവ അവരുടെ പാരമ്പര്യത്തിന്റെ അടിത്തറയായി.


പുനരൈക്യപ്രഭ പ്രസരിച്ച വിവിധമേഖലകളിൽനിന്ന് എത്തിച്ചേർന്ന നഴ്സുമാർ, ആഴമേറിയ മരിയൻ ഭക്തിയും കൂട്ടായ പ്രാർത്ഥനയുടെ ശക്തിയും കൂടെ കൊണ്ടുപോന്നു. അവരുടെ വരവ്, വടക്കേ ഇന്ത്യയിൽ ഡൽഹി ഗുഡ്ഗാവിലും, പൂനാ ഖഡ്കിയിലും ഇന്ത്യയ്ക്ക് പുറത്ത് യു. എസ്. എയിൽ-കാനഡയിൽ മലങ്കര കത്തോലിക്കാ രൂപതകളുടേയും യു.കെ സീറോ മലങ്കര എക്സാർക്കേറ്റിന്റെയും പിറവിക്ക് വഴിതെളിച്ചു.


മലയാളി കത്തോലിക്കാ കുടിയേറ്റ ചരിത്രത്തിലൂടെ യാത്രചെയ്യുമ്പോൾ സവിശേഷമായ ഒരേടാണ് ക്നാനായ കത്തോലിക്കാ നഴ്സുമാരുടേത്. വിദേശതൊഴിലിടങ്ങളിലേക്ക് ഔത്സുക്യത്തോടെ കടന്നുചെന്ന അവർ ആത്മീയതീക്ഷ്ണതയുള്ള കൂട്ടായ്മയും സഭയുമായി അവിടങ്ങളിൽ വളർന്നു.

.

ഭൂഖണ്ഡാന്തരങ്ങളിൽ ഇതിഹാസമെഴുതിയ സാന്ത്വനപ്രേഷിതർ


കേരളത്തിലെ നഴ്സുമാർ രൂപതകൾ സ്ഥാപിക്കാനായി യാത്ര തിരിച്ചതല്ല, മറിച്ച് അവരുടെ വിശ്വസ്തതയും, സുവിശേഷസാക്ഷ്യവും, ആത്മാർത്ഥമായ സമർപ്പണവും പ്രവാസിസഭയുടെ അപ്പസ്തോലിക അടിത്തറയായി മാറി. ആഗോളതലത്തിൽ പ്രിയപ്പെട്ടവരായി മാറിയ ആ സിസ്റ്റേഴ്സിന്റെ കരങ്ങൾ ശരീരങ്ങൾക്ക് സൗഖ്യമേകി, പ്രാർത്ഥനകൾകൊണ്ട് അവർ ആത്മാക്കളെ പോഷിപ്പിച്ചു, ജീവിതംകൊണ്ട് പ്രവാസി സമൂഹങ്ങളെ കെട്ടിപ്പടുത്തു.. പലപ്പോഴും ആരുടെയും ശ്രദ്ധയിൽപ്പെടാതെ, എന്നാൽ എല്ലായ്പ്പോഴും അനിവാര്യമായ ഒരു സാന്നിധ്യമായി അവർ നിലകൊണ്ടു.


അതുവരെ ലോകത്തിന് പരിചിതമല്ലാതിരുന്ന യുദ്ധസമാനമായ കോവിഡ് മഹാമാരിയുടെ കാലത്ത്, ലോകരാഷ്ട്രങ്ങളും നേതാക്കളും എന്തിന്, ആരോഗ്യരംഗം തന്നെ പകച്ചുനിന്നപ്പോൾ, പ്രതിസന്ധിയിലേക്ക് എടുത്തുചാടി ലോകത്തിന് മുഴുവൻ പ്രത്യാശയുടെ വിളക്ക് കൊളുത്തിവച്ചതും നമ്മുടെ പെൺകുട്ടികളായിരുന്നു. അതിനാൽ തന്നെയാണ് യൂറോപ്പിലെയും അമേരിക്കയിലെയും മിഡിൽ ഈസ്റ്റിലെയും ഭരണാധികാരികളും ഭരണകൂടങ്ങളും ഈ പുതിയകാലഘട്ടത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേലുമാർക്കുവേണ്ടി നന്ദിനിറഞ്ഞ മനസ്സോടെ സ്തുതി ചൊല്ലിയത്.


സാന്ത്വനത്തിന്റെ ഈ സ്നേഹസൈനികരുടെ ജീവിതകാണ്ഡം വെറുമൊരു കുടിയേറ്റത്തിന്റെ മാത്രം ചരിത്രമായിരുന്നില്ല. വിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും ഹൃദയമുദ്രകളോടെ സാധാരണക്കാരായ വിശ്വാസികൾക്ക് എങ്ങനെ ഒരു സഭയെ രൂപപ്പെടുത്താൻ കഴിയുമെന്നതിന്റെ ജീവിക്കുന്ന തെളിവാണത്. അവരുടെ ഓരോ പ്രവൃത്തിയും ഒരു പ്രാർത്ഥനയായിരുന്നു, ഓരോ സേവനവും ഒരു ആരാധനയായിരുന്നു. അങ്ങനെ, പ്രവാസലോകത്ത് സഭയുടെ ജീവനുള്ള ഹൃദയമായി അവർ മാറി.. പത്രോസിന്റെ പാറയിൽ ഭൂഖണ്ഡാന്തരങ്ങളിൽ പള്ളി പണിത മലയാളി പെൺകൊടിമാരുടെ സഹനവിജയഗാഥ.



ജോമോൻ എം. മങ്കുഴിക്കരി

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page