top of page
Search

നീതിമാനായ വിശുദ്ധൻ | KAIROS MALAYALAM | MARCH 2026

  • Writer: Kairos Media
    Kairos Media
  • May 30
  • 4 min read

വിശുദ്ധ യൗസേപ്പ് കുടുംബങ്ങളുടെ മധ്യസ്ഥനും സഭയുടെ കാവൽക്കാരനും നമ്മുടെ മാതൃകയും



രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ആരംഭ സമയം. ഭാഗ്യസ്മരണാർഹനായ യോഹന്നാൻ 23-ാമൻ മാർപ്പാപ്പ വിശുദ്ധ യൗസേപ്പിതാവിനെ സൂനഹദോസിന്റെ സംരക്ഷകനായി പ്രഖ്യാപിച്ചു. കൂടാതെ സൂനഹദോസ് നടന്ന അവസരത്തിലെ ലത്തീൻ ക്രമത്തിലുള്ള പരിശുദ്ധ കുർബാനയിൽ ദൈവമാതാവിനെ അനുസ്മരിച്ചതിനുശേഷം യൗസേപ്പിതാവിനെ അനുസ്മരിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആധുനിക യുഗത്തിലും അനുപേക്ഷണീയമായ ഒന്നായി ഈ ഭക്തി വളർന്നുകൊണ്ടിരിക്കുന്നു. ആകമാന കത്തോലിക്കാ സഭ മുഴുവനും അമ്മയ്ക്ക് കൊടുക്കുന്ന അതേ ആദരവും സ്നേഹവും ഭക്തി വണക്കങ്ങളും യൗസേപ്പിതാവിനും നൽകുകയും ചെയ്യുന്നു. വിശുദ്ധ യൗസേപ്പിതാവ് പിതാവായ ദൈവത്തിന്റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്റെ വളർത്തു പിതാവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ പരിശുദ്ധ കന്യകയുടെ വിരക്ത ഭർത്താവും ആയതിനാൽ മറ്റ് സകല വിശുദ്ധരേക്കാൾ വണക്കത്തിനർഹനാണ് എന്നനുസ്മരിക്കുന്ന ഈ സമയത്ത് പിതാവിനെ കുറിച്ച് കൂടുതൽ ധ്യാനിക്കുകയും ചിന്തിക്കുകയും ചെയ്യാം.


ബേത്‌ലഹേമിന്റെ തെരുവീഥികളിൽ ആശാരിപ്പണിയിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ഒരു മനുഷ്യൻ തനിക്ക് വന്ന വിവാഹാലോചന സ്വീകരിക്കുന്നതിനായി ഒരു സദസ്സിലേക്ക് ആനയിക്കപ്പെടുന്നു. അവിടെയുള്ള ഒരു ഉണങ്ങിയ കമ്പിൽ തൊടണം, അതാണ് ദൗത്യം. ഈ മനുഷ്യൻ ശാന്തനായി കമ്പിൽ തൊട്ടു. അത്ഭുതമെന്ന് പറയട്ടെ, ഉടനെ അതിൽ പുഷ്പങ്ങളുണ്ടായി. മാതാവിന് പ്രതിശ്രുത വരനായി വിശുദ്ധ യൗസേപ്പിതാവിനെ കണ്ടെത്തിയത് ഇങ്ങനെയാണെന്ന് പഴമൊഴികളിൽ ചേർത്തുവയ്ക്കുന്നു. എന്നെ ചിന്തിപ്പിച്ചത് മറ്റൊന്നായിരുന്നു. പൂവിടുവാൻ മാത്രം ആ ഉണങ്ങിയ കമ്പിനെ പ്രേരിപ്പിച്ച ആ തലോടലിന്റെ മനോഹാരിത എന്തായിരുന്നു. ജീവിതത്തിലെ പല സഹനങ്ങളിലൂടെയും അപമാനങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും കടന്നുപോകാനുള്ള വിളിയായിരുന്നു ആ തലോടലെന്ന് ഈ യഹൂദനായ ആശാരി അറിഞ്ഞിട്ടുണ്ടാകുമോ? നിയമങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും കാതോർത്ത് ജീവിക്കേണ്ടവൻ, ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവൻ, കേട്ടതും അനുസരിച്ചതും മാനുഷിക നിയമങ്ങളായിരുന്നില്ല, മറിച്ച് ദൈവീക പദ്ധതികളായിരുന്നു.


ദൈവപുത്രന്റെ വളർത്തപ്പനാകാമോ എന്ന ചോദ്യവും അവന്റെ അമ്മയ്ക്ക് സംരക്ഷകനാകാമോ എന്ന ആഹ്വാനവും സ്വപ്നത്തിലൂടെ ദൈവദൂതന്റെ അറിയിപ്പായി കടന്നുവന്നു. അപ്പോൾ മുതൽ മാതാവിന്റെ മടിയിൽ തലചായ്ച്ച് ഈശോയുടെ കരം പിടിച്ച് നന്മരണത്തിലൂടെ സ്വർഗ്ഗത്തിലേക്ക് യാത്രയായ നിമിഷം വരെയുള്ള ദൈവീക പദ്ധതികൾ.


ഇറ്റുവീഴുന്ന ഈറ്റുനോവിന്റെ കണ്ണീർക്കണങ്ങളെ തുടയ്ക്കാൻ പോലുമാവാതെ നിറവയറുമായി കൃപ നിറഞ്ഞവൾ നടന്നു നീങ്ങുമ്പോൾ, വിറങ്ങലിച്ച ആ കൈകൾ ചേർത്തുപിടിച്ച് ചൂടുനൽകി കൊട്ടിയടക്കപ്പെട്ട വാതിലുകൾക്ക് മുന്നിലൂടെ കാലിത്തൊഴുത്തിന്റെ കണ്ണീർ നനവുകളിലെത്തി ഉണ്ണീ പിറവിയെടുക്കുമ്പോൾ മുതൽ, ജീവിതത്തിൽ ഒന്നുമല്ലാതായി തീരേണ്ടിയിരുന്ന രണ്ടു ജന്മങ്ങളെ ചങ്കോടു ചേർത്ത് അപമാനങ്ങൾക്കും കൂട്ടക്കുരുതിക്കും വിട്ടുകൊടുക്കാതെ സംരക്ഷിച്ച് തലമുറകൾക്ക് വേണ്ടി ദൈവഹിതത്തിന് പ്രത്യുത്തരം നൽകിയവൻ. സുവിശേഷം ഒരു പടികൂടി കടന്നാണ് ദൈവഹിതത്തിനു വിധേയനായ വിശുദ്ധ യൗസേപ്പിനെ വിശേഷിപ്പിക്കുന്നത്, നീതിമാൻ. അതെ; നീതിമാൻ. അങ്ങനെയുള്ള ഒരാളുടെ സ്പർശമേൽക്കുന്ന എന്തിലും കൃപയും അനുഗ്രഹവുമുണ്ടാകും. അത് ഉണങ്ങിയ കമ്പാണെങ്കിലും അത് ചേർത്ത് വെച്ചുണ്ടാക്കുന്ന എന്ത് തന്നെയായാലും. മരക്കമ്പുകളിൽ നിന്ന് അത്ഭുതം സൃഷ്ടിക്കുന്ന തച്ചപ്പണിയുടെ മഹത്വം നാം മനസ്സിലാക്കുന്നത് പോലും യൗസേപ്പിതാവിൽ നിന്നാണ്. കേവലം നാല് പട്ടിക അടിച്ചുക്കൂട്ടുന്ന പരിപാടി മാത്രമല്ല തച്ചപ്പണി. ഭൂമിയിലേക്ക് വെച്ച് ഏറ്റവും ധ്യാനവും ഭാവനയും സർഗ്ഗാത്മകതയും കൃത്യതയും ആവശ്യമുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഈ തൊഴിലിൽ നിന്നാവണം വിശുദ്ധ യൗസേപ്പിതാവ് തന്റെ ആത്മീയത രൂപപ്പെടുത്തിയതെന്ന് അനുമാനിക്കാം. സ്വയം ചിന്തേരിട്ട് ചെത്തിമിനുക്കി. ജീവിതനിയോഗങ്ങൾ സ്വപ്നങ്ങളായി കടന്നുവന്നപ്പോൾ അവ പ്രവർത്തിയിലേക്ക് എത്തുന്നതിനു മുന്നേ ഹൃദയത്തിന്റെ ആഴങ്ങളിൽ സംഗ്രഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ഈ ഒരു സാധന ഉള്ളിന്റെയുള്ളിൽ ഉള്ളതുകൊണ്ടാവണം.


സ്വർഗ്ഗത്തിൽ നിന്ന് ഏൽപ്പിച്ച കർത്തവ്യങ്ങൾ അങ്ങേയറ്റം ഭംഗിയായി നിർവ്വഹിച്ചതിനു ശേഷം സുവിശേഷത്തിന്റെ ആമുഖങ്ങളിൽ നിന്ന് അകത്തളങ്ങളിലേക്ക് മാറുന്ന വി. യൗസേപ്പിതാവ് ആരോടും സംസാരിച്ചതായി സുവിശേഷം രേഖപ്പെടുത്തിയിട്ടില്ല. മൗനം എന്ന സുകൃതത്തിൽ നിന്ന് ജീവിതനിയോഗങ്ങൾക്ക് പ്രത്യുത്തരം നൽകുകയായിരുന്നു അദ്ദേഹം. യൗസേപ്പിതാവ് സംസാരിച്ചതൊക്കെ ദൈവത്തോടാണ്. യൗസേപ്പിതാവിനോട് സംസാരിച്ചതോ ദൈവവും. ഈശോയെ രൂപപ്പെടുത്തിയ ആത്മീയ പരിസരങ്ങളിലൊന്ന് യൗസേപ്പിതാവായിരുന്നു. അതുകൊണ്ടുതന്നെ സുവിശേഷകർക്ക് വിശേഷിപ്പിക്കാൻ നീതിമാൻ എന്നല്ലാതെ മറ്റൊരു വാക്ക് കണ്ടെത്തേണ്ടതായി വന്നിട്ടില്ല. അവനവന് അർഹതപ്പെട്ടത് കൊടുക്കുന്നതാണല്ലോ നീതി. അങ്ങനെയെങ്കിൽ യൗസേപ്പിതാവ് കൊടുത്തതെല്ലാം നീതി മാത്രമായിരുന്നു. അങ്ങേയറ്റം അസ്വസ്ഥതകളിൽ കൂടി കടന്നു പോകുമ്പോൾ തന്റെ വേണ്ടപ്പെട്ടവർക്കെല്ലാം ഒന്നും നിഷേധിക്കാതെ എല്ലാം സമൃദ്ധമായി നൽകി. ദൈവത്തിന് ആരാധന, മാതാവിന് സംരക്ഷണം, ഈശോയ്ക്ക് വാത്സല്യം.


കുടുംബങ്ങളുടെ മധ്യസ്ഥൻ എന്ന വിശേഷണമാണ് തിരുക്കുടുംബത്തിന് നാഥനായ വിശുദ്ധ യൗസേപ്പിതാവ് ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ ദൗത്യം. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ഒരു പടികൂടി കടന്ന് അവയൊക്കെ തിരുക്കുടുംബങ്ങളായി മാറണമെങ്കിൽ ഈശോയുടെയും പരിശുദ്ധ അമ്മയുടെയും പിതാവിന്റെയും സാന്നിധ്യം, മധ്യസ്ഥം ആ കുടുംബത്തിൽ ഉണ്ടാകണം. എന്തായിരുന്നു തിരുക്കുടുംബത്തിന്റെ ആത്മീയത? പരസ്പര സ്നേഹവും സഹകരണവും ധാരണയും തിരുക്കുടുംബത്തിന്റെ മുഖമുദ്രയായിരുന്നു. പരസ്പരം സേവനം ചെയ്യുന്നതിൽ അവർ സദാ ഉത്സുകരായിരുന്നു. ചുരുക്കത്തിൽ നസ്രത്തിലെ തിരുക്കുടുംബം ഭൂമിയിലെ ഒരു സ്വർഗ്ഗമായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഈയൊരു പരിപൂർണ്ണതയിലേക്ക് എത്തുകയെന്നതാണ് ഇന്നത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വെല്ലുവിളി. ഇടറിപ്പോയ സഖിയെ ചേർത്തുനിർത്തി അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുക്കുന്ന ഭർത്താവാകാൻ, അനുസരണക്കേടിന്റെ വേലിയേറ്റങ്ങളിൽ നിൽക്കുന്ന മക്കളെ ഈശോയിലേക്ക് കൈപിടിച്ചുയർത്തുന്ന അപ്പനാകാൻ, ആശ്രയമില്ലാതെ നിലയുറപ്പിക്കാനാവാതെ ഇടറി നിൽക്കുന്ന മാതാപിതാക്കൾക്ക് ആശാകേന്ദ്രമാകുന്ന മക്കളാകാൻ നിനക്ക് കഴിയുമോ? എങ്കിൽ നീ യൗസേപ്പിതാവിന്റെ വഴിയിലാണ്. ഭർത്താവിനോടുള്ള വിധേയത്വം കാത്തുസൂക്ഷിക്കുന്ന ഭാര്യയാകാൻ, മാതൃവാത്സല്യത്തിന്റെ നിറവിൽ മക്കളെ നെഞ്ചോട് ചേർക്കുന്ന അമ്മയാകാൻ, ആദരവോടും അതിലുപരി സ്നേഹത്തോടും മുതിർന്നവരുടെ മുന്നിൽ നിൽക്കുന്ന മക്കളാകാൻ നിനക്ക് കഴിയുന്നുണ്ടോ? സംശയിക്കേണ്ട, നീ പരിശുദ്ധ അമ്മയുടെ നിഴലിലാണ്. ജ്ഞാനത്തിലും പ്രായത്തിലും ദൈവ മനുഷ്യപ്രീതിയിൽ വളർന്ന് മാതാപിതാക്കൾക്ക് വിധേയപ്പെട്ട് ജീവിച്ച ഈശോയെ അനുകരിക്കാൻ കുഞ്ഞുമക്കളായ നിങ്ങൾക്ക് കഴിയുന്നുണ്ടോ? എങ്കിൽ സന്തോഷിക്കുക, ഈശോ നിങ്ങളുടെ ഉള്ളിലുണ്ട്. അങ്ങനെ നീതിമാനായ വിശുദ്ധ യൗസേപ്പിനെ അനുകരിക്കുന്ന ഒരപ്പനും പരിശുദ്ധ അമ്മയിലാശ്രയിക്കുന്ന ഒരമ്മയും ഈശോയുടെ കരം പിടിക്കുന്ന മക്കളും ഒത്തുചേരുമ്പോൾ സ്വർഗ്ഗം സന്തോഷിക്കുകയും കുടുംബങ്ങൾ തിരുക്കുടുംബങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു, കാരണം അത് സ്വർഗ്ഗത്തിന്റെ മുന്നോടിയാണ്.


തിരുക്കുടുംബങ്ങളായി രൂപാന്തരപ്പെട്ട കുടുംബങ്ങൾ ഒത്തുചേരുന്ന കൂട്ടായ്മയാണ് സഭ. അത് മലമേൽ ഉയർത്തപ്പെട്ട പട്ടണം പോലെ ലോകത്തിന്റെ മുൻപിൽ സാക്ഷ്യമായി മാറുന്നു. ആ സാക്ഷ്യകൂടാരത്തിന് ഒരു കാവൽക്കാരനെ ആവശ്യമാണ്. ഇന്ന് ഗാർഹികസഭയായ കുടുംബവും സഭാകൂട്ടായ്മയും നിരന്തരം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ ഒരു കാവൽക്കാരന്റെ നിരന്തരമായ ശ്രദ്ധ സഭാഗാത്രത്തിന് അനിവാര്യമാണ്. നമുക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ആ കാവൽക്കാരൻ മറ്റാരുമല്ല. തിരുസഭയുടെ പാലകൻ എന്ന വിശേഷണത്തിന് യോഗ്യനായ വിശുദ്ധ യൗസേപ്പിതാവാണ്. ആ വിശേഷണത്തിനുള്ള കാരണങ്ങൾ അനവധിയാണ്. തിരുസഭയുടെ ആരംഭം തിരുക്കുടുംബത്തിൽ ആണല്ലോ. തിരുക്കുടുംബത്തിന്റെ സംരക്ഷകനായി അദ്ദേഹം നിലകൊണ്ടു എന്ന ആ വലിയ കാരണത്താൽ തന്നെ വിശുദ്ധ യൗസേപ്പ് സാർവ്വത്രിക സഭയുടെ സംരക്ഷകനുമാണ്.


ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ വിശുദ്ധ യൗസേപ്പിതാവിന്റെ കൈകളിൽ സാർവ്വത്രിക സഭയുടെ സുരക്ഷിതത്വം അളവാറ്റതാണ് എന്ന് യോഹന്നാൻ ഇരുപത്തിമൂന്നാമൻ പാപ്പയുടെ ഉദ്ബോധനത്തിൽ നിന്ന് മനസ്സിലാക്കാം. ലെയോ പതിമൂന്നാമൻ മാർപ്പാപ്പ 1889 ഓഗസ്റ്റ് 15-ന് പുറത്തിറക്കിയ വിശ്വപ്രസിദ്ധമായ 'ക്വാം ഫ്ലോറിസ്' (Quamquam pluries) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ വിശുദ്ധ യൗസേപ്പിതാവിനെ മധ്യസ്ഥനായി പ്രഖ്യാപിക്കുന്നുണ്ട്. പരിശുദ്ധ അമ്മയെയും ഉണ്ണിയേശുവിനെയും സംരക്ഷിച്ച് കരുതൽ നൽകി ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു പരിപാലിച്ചതുപോലെ എപ്പോഴും സഭാഗാത്രത്തിന് കാവലായിരിക്കണമേ എന്നാണ് നാം യാചിക്കേണ്ടത്. കൂടാതെ എത്രയും വിവേകമുള്ള കാവൽക്കാരനോട് ഈശോമിശിഹായുടെ തെരഞ്ഞെടുക്കപ്പെട്ട ജനത്തെ സംരക്ഷിക്കണമെന്നും അന്ധകാര ശക്തികളോടുള്ള നിരന്തരമായ യുദ്ധത്തിൽ സ്വർഗ്ഗത്തിൽ നിന്നും ഞങ്ങളെ സഹായിക്കണമേ എന്നുമാണ് നാം പ്രാർത്ഥിക്കേണ്ടത്.


വളർന്നുവരുന്ന തലമുറയ്ക്ക് തുറന്നു കൊടുക്കേണ്ട ഒരു വാതിലും മാതൃകയാക്കേണ്ട ഒരു വ്യക്തിത്വവുമാണ് വിശുദ്ധ യൗസേപ്പ്. ദാവീദിന്റെ വംശത്തിൽ പെട്ടവനാണ് എന്ന് എടുത്തു പറഞ്ഞിട്ടുണ്ടെങ്കിലും ചെയ്യുന്ന ഏതു തൊഴിലിനും അതിന്റേതായ മാഹാത്മ്യം ഉണ്ടെന്ന് നമ്മൾ തിരിച്ചറിയുന്നത് വിശുദ്ധ പിതാവിൽ നിന്നാണ്. സ്വർഗ്ഗസ്ഥനായ പിതാവിന്റെ പൈതൃക പരിപാലനയിൽ പരിപൂർണ്ണമായി തന്നെ അർപ്പിച്ചുകൊണ്ട് ജീവിതത്തെ നയിക്കുകയും തന്റെ തൊഴിലായ ആശാരിപ്പണിയിലൂടെ അധ്വാനപൂർണ്ണമായ ജീവിതം നയിക്കുകയും ചെയ്ത വ്യക്തിത്വമാണ് യൗസേപ്പിന്റേത്. കേവലം സാമ്പത്തിക ഭദ്രതയായിരുന്നില്ല യൗസേപ്പിതാവ് ലക്ഷ്യം വച്ചിരുന്നത്. സഹോദരങ്ങൾക്ക് സേവനമർപ്പിക്കുക എന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. സ്വാർത്ഥതയുടെ അനന്തവിഹായസ്സിൽ പറക്കുകയും ലക്ഷ്യബോധമില്ലാതെ ജീവിക്കുകയും സമ്പത്ത് മാത്രം നോക്കി ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുന്നവർക്ക് വെല്ലുവിളിയായി വിശുദ്ധ യൗസേപ്പ് നിലകൊള്ളുന്നു. കുടുംബജീവിതത്തിൽ ഉള്ളവരും അതിനായി ഒരുങ്ങുന്നവരും അനുകരിക്കേണ്ട ആ വലിയ മാതൃക വിശുദ്ധ യൗസേപ്പിന്റേതുമാത്രമെന്ന് അടിവരയിട്ട് നമുക്ക് പറയാം.


ഇന്ന് എനിക്കും നിങ്ങൾക്കും യൗസേപ്പിതാവിനോട് പ്രാർത്ഥിക്കാനുള്ള പ്രേരണകൾ ഉള്ളിലുണ്ടാകുന്നതും അതിനു മുടക്കം വരാത്തതും ആരംഭത്തിൽ നാം ചിന്തിച്ച അസാധാരണമായ അനേകം നന്മകൾ യൗസേപ്പിതാവിൽ വിളങ്ങി നിന്നത് കൊണ്ടാവാം. ഉപരിയായി നീതിമാൻ എന്ന വിശേഷണവും. നന്മകളുടെ സമ്പൂർണ്ണ നിധിയായ തിരുക്കുടുംബത്തിന്റെ നാഥനായ ഒരാളെയല്ലാതെ നാം ആരെയാണ് നമ്മുടെ കുടുംബങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥം ഭരമേൽപ്പിക്കേണ്ടത്. പരിശുദ്ധ അമ്മയ്ക്കും ഉണ്ണിയേശുവിനും കാവലാളായ ആളെയല്ലാതെ നാമാരെയാണ് സഭയുടെ കാവൽ ഏൽപ്പിക്കേണ്ടത്. അനേകം മാതൃകകൾ ലോകത്തിനു നൽകിയ ഒരാളെ അല്ലാതെ മറ്റാരെയാണ് നമ്മുടെ മാതൃകയാക്കേണ്ടത്. വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഫ്രാൻസിസ് പാപ്പയുടെ ഒരു പ്രാർത്ഥന ഈ അവസരത്തിൽ ധ്യാനിക്കുന്നത് ഉചിതമാണ്. അതിങ്ങനെയാണ്: "രക്ഷകന്റെ പാലകാ, പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതപങ്കാളി നിനക്ക് സ്വസ്തി. ദൈവം തന്റെ ഏകജാതനെ നിനക്ക് ഭരമേൽപ്പിച്ചു. മറിയം നിന്നിൽ അർപ്പിച്ചു. നിന്നോടുകൂടെ മിശിഹാ മാനവനായി തീർന്നു. ഭാഗ്യപ്പെട്ട മാർയൗസേപ്പേ നീ ഞങ്ങൾക്കും പിതാവായിരിക്കണം. ജീവിതയാത്രയിൽ ഞങ്ങൾക്ക് വഴികാട്ടേണമേ. കൃപയും കാരുണ്യവും ധൈര്യവും ഞങ്ങൾക്ക് ലഭിക്കുമാറാകട്ടെ. തിന്മകളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളേണമേ. ആമ്മേൻ."


ഡാരിസ്, ഇസ്രായേൽ


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page