ട്രംപ് ചെയ്ത ഒരു നല്ല കാര്യം | KAIROS MALAYALAM | MARCH 2026
- Kairos Media

- May 30
- 3 min read

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്ത് ഒരു വിവാദ പുരുഷനാണ്. അദ്ദേഹത്തിന്റെ പല നടപടികളും എല്ലാവർക്കും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. ലോകത്തെ തന്റെ കാൽകീഴിൽ നിലനിർത്താൻ അദ്ദേഹം നടത്തുന്ന പെടാപ്പാട് സംഘർഷവും വിവാദവും ഉണ്ടാക്കുന്നു. നന്മയ്ക്ക് ആണെങ്കിലും അല്ലെങ്കിലും എല്ലാം തുറന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ. ഏതു കാര്യം വന്നാലും അതിൽ അമേരിക്കയ്ക്ക് എന്ത് നേട്ടം കിട്ടും അല്ലെങ്കിൽ അതുവഴി തനിക്ക് കിട്ടാവുന്ന ലാഭം എത്രയാണ് എന്ന നിലപാടാണ് അദ്ദേഹം പുലർത്തുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ എന്തൊക്കെ വീഴ്ചകൾ ഉണ്ടെങ്കിലും ക്രിസ്തീയ വിശ്വാസത്തിനു വേണ്ടിയുള്ള നിലപാടുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു. പൊതുസമൂഹത്തിൽ മതത്തിന്റെ അടയാളങ്ങൾ പാടില്ലെന്നുള്ള പാശ്ചാത്യ ചിന്താഗതിയെ അദ്ദേഹം തന്റെ തീരുമാനങ്ങളിലൂടെ മാറ്റിമറിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സംഭവിക്കുന്നത്.
അമേരിക്കയിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും തങ്ങളുടെ വിശ്വാസം അനുസരിച്ച് പ്രാർത്ഥിക്കാനുള്ള അവകാശത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഈയിടെ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. മറ്റുള്ളവരെ ഇകഴ്ത്താതെയും അലോസരമുണ്ടാക്കാതെയും തങ്ങളുടെ വിശ്വാസം അനുസരിച്ച് പ്രാർത്ഥിക്കാം എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെബ്രുവരി അഞ്ചിന് പുറത്തിറങ്ങിയ പുതിയ നിർദ്ദേശപ്രകാരം വിശ്വാസികളുടെ പ്രാർത്ഥിക്കാനുള്ള അവകാശത്തിനെതിരെ സ്കൂൾ അധികൃതർ എതിരായി നിലകൊള്ളാൻ പാടില്ല. ഒരു പ്രത്യേക മതത്തോട് മാത്രമായി സ്കൂൾ അധികൃതർ പക്ഷപാതം കാണിക്കാൻ പാടില്ല. മറ്റൊരു മതത്തെ അധിക്ഷേപിക്കാനും പാടില്ല. സ്കൂളുകൾക്ക് എപ്പോഴും നിഷ്പക്ഷമായ നിലപാട് ഉണ്ടായിരിക്കണം. ഒരു മതത്തിന്റെ കൂട്ടായ്മയ്ക്കെതിരെ ആരും പ്രവർത്തിക്കുകയും അരുത്. ട്രംപ് സർക്കാരിന്റെ ഈ നിലപാടുകൾ വിശ്വാസം വളർത്താൻ ഏറെ സഹായകമാണ്. ജനാധിപത്യത്തിന്റെ ശരിയായ രീതിയാണിത്. ജനാധിപത്യം ഫാസിസത്തിലേക്ക് കടക്കുമ്പോഴാണ് മറ്റു മതങ്ങളെ അടിച്ചമർത്തുകയും സ്വന്തം വിശ്വാസത്തെ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത്.
ഇന്ന് ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ക്രിസ്തീയതയെ ഭയപ്പെടുന്ന ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തി പ്രാപിച്ചു വരുന്നു. ക്രിസ്തുമസ് ആഘോഷിക്കരുത്, നക്ഷത്രം തൂക്കരുത്, എന്ന് തുടങ്ങി നിരവധി നിരോധനങ്ങളാണ് ചിലയിടങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ചിലർക്ക് കുരിശു കാണുന്നതേ അലർജിയാണ്. സത്യത്തിൽ ക്രിസ്തുവിന്റെ ആകർഷണത്തെയാണ് ഇവരെല്ലാം ഭയപ്പെടുന്നത്. ഇതൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. ക്രിസ്തുവിന്റെ കാലഘട്ടം മുതൽ ഈ ആകർഷണം അധികാരികൾക്ക് എന്നും അസ്വസ്ഥതയായിരുന്നു. അന്നും ഇന്നത്തേത് പോലെ 'റൊട്ടി കൊടുത്തും വസ്ത്രം കൊടുത്തും' എന്ന ആരോപണം എതിരാളികൾ ഉന്നയിച്ചിരുന്നു.
സെക്കുലറിസത്തിന്റെ പേര് പറഞ്ഞ് വിശ്വാസത്തെ സ്വകാര്യവൽക്കരിച്ചപ്പോൾ മതനിരാസവും മൂല്യച്യുതിയും മുഖമുദ്രയാക്കിയ ഒരു തലമുറ വളർന്നുവന്നത് അത്യന്തികമായി ദോഷമാണ് വരുത്തിയതെന്ന് ഇപ്പോൾ പാശ്ചാത്യ ദേശം ചിന്തിക്കാൻ തുടങ്ങി. ഇതിന്റെ നേർക്കാഴ്ചയാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമെന്നും നമുക്ക് വിശ്വസിക്കാം.
സിബിസിഐ (CBCI) ആദരിച്ച മഹനീയ വ്യക്തിത്വം
2002 ലാണെന്ന് തോന്നുന്നു ആ സംഭവം നടക്കുന്നത്. കെയ്റോസ് ജീസസ് യൂത്തിന്റെ ആവേശമായിരുന്ന ഒരു കാലഘട്ടം. ഇടവകകൾ കേന്ദ്രീകരിച്ച് കെയ്റോസിന്റെ ഔട്ട്റീച്ച് പരിപാടികൾ ആരംഭിച്ചിരുന്നു. കൂടുതൽ വരിക്കാരെ കണ്ടെത്തുകയാണ് ലക്ഷ്യം. ജീസസ് യൂത്തിൽ പ്രവർത്തിക്കുന്ന കുറെ ചെറുപ്പക്കാർ ഒരിടവകയിൽ ഒരുമിച്ചു വരും. വൈകുന്നേരം മുതൽ രാത്രി വരെ പ്രാർത്ഥനയും വ്യക്തമായ പ്ലാനിങ്ങുമായി സമയം ചെലവഴിക്കും. പിറ്റേന്ന് രാവിലെ ബലിയർപ്പണത്തിന് ശേഷം ഗ്രൂപ്പായി തിരിഞ്ഞ് ഇടവകയിലെ യൂണിറ്റുകളിലേക്ക് യാത്ര തിരിക്കും. തലേ ഞായറാഴ്ച ഈ വിവരം വികാരിയച്ചൻ വിളിച്ചു പറഞ്ഞിട്ടുണ്ടാകും. കെയ്റോസ് എന്ന യുവജന മാസികയ്ക്ക് വരിക്കാരെ കണ്ടെത്താൻ അതിന്റെ നടത്തിപ്പുകാർ വരുമെന്നും ഈ ഇടവകയിലെ കുറെ യുവജനങ്ങളോട് ചേർന്ന് നിങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കുമെന്നും അവർക്ക് വേണ്ടത് നൽകണമെന്നുമാണ് വികാരിയച്ചൻ വിളിച്ചു പറയുക. അന്ന് ഞങ്ങൾ പോയത് തൃശ്ശൂർ അതിരൂപതയിലെ ഒല്ലൂർ എന്ന ഇടവകയിലേക്കായിരുന്നു. ഏതാണ്ട് 40 ഓളം യുവജനങ്ങൾ എത്തിച്ചേർന്നിരുന്നു എന്നാണോർമ്മ. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ആ ഇടവകയിൽ ഇതിന് നേതൃത്വം വഹിച്ച സ്വീറ്റ്ലി എന്ന ജീസസ് യൂത്തിന്റെ ഭവനത്തിൽ ആയിരുന്നു. ഭവനങ്ങളിൽ എല്ലാവരും ഗ്രൂപ്പ് തിരിഞ്ഞ് കയറി. ആ ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് 325 ഓളം വരിക്കാരെ കണ്ടെത്താൻ കഴിഞ്ഞു. മാസികയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയൊരു പ്രചോദനമായി ഈ ഔട്ട്റീച്ച്. സംഘാടനത്തിന്റെ മികവ് അന്നേ സ്വീറ്റ്ലിയിൽ കാണാനിടയായി.
പിന്നീട് കുറച്ചു നാളുകൾക്കു ശേഷം സ്വീറ്റ്ലി, തന്നെ സംബന്ധിച്ചുള്ള പ്രേഷിത പ്രവർത്തനം സ്വയം കണ്ടെത്തുകയും ചെയ്തു. കർത്താവിലുള്ള വിശ്വാസം മാത്രം കൈമുതലാക്കി ഇദ്ദേഹം ഇന്ന് ചെയ്യുന്ന മിഷൻ പ്രവർത്തനം ആഗോള സഭയ്ക്ക് തന്നെ ഒരു മുതൽക്കൂട്ടാണ്. ബൈബിൾ പ്രസിദ്ധീകരിക്കാത്ത ഭാഷകളിൽ ബൈബിൾ വിവർത്തനം ചെയ്ത് അച്ചടിച്ച് സൗജന്യമായി നൽകുക എന്ന വലിയ പദ്ധതിയാണ് സ്വീറ്റ്ലിയും കൂട്ടരും ഏറ്റെടുത്തത്. ഇംഫാൽ രൂപതയിലെ മാറാം ഭാഷയിൽ തുടങ്ങിയ ആ പദ്ധതി ഇന്ന് ആഫ്രിക്കൻ ഭാഷകളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. പ്രതിമാസം ഒരു ലക്ഷത്തിനടുത്ത് വരെ ബൈബിൾ അച്ചടിച്ച് ഇന്ന് വിതരണം ചെയ്യുന്നു.
ഇത്രയധികം വലിയ ഒരു പദ്ധതി ഇന്ന് മറ്റേതെങ്കിലും സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്. വലിയ വിദ്യാഭ്യാസമോ പണമോ ഒന്നും കൈവശമില്ലാതെ യേശുവിന്റെ സുവിശേഷം മാത്രം ലക്ഷ്യമാക്കിയുള്ള പ്രവർത്തിയെ ദൈവം സ്വീകരിച്ചു എന്നതാണ് ഇതിന്റെ വിജയവും സഭയുടെ അംഗീകാരവും എന്ന് നിസ്സംശയം പറയാം. നിസ്സാര പിടിവാശി മൂലം ലോക സമക്ഷം സഭയെ നാണം കെടുത്തുന്നവരും സുവിശേഷത്തിൽ കേന്ദ്രീകരിക്കാതെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കുന്നവരുടെ സ്ഥാപനം മാത്രമാണ് സഭ എന്ന് കരുതുന്നവരും ഈ അൽമായ മിഷണറിയെ കണ്ടു പഠിക്കണം. സാധാരണ മനുഷ്യർക്ക് അസാധ്യമായ കാര്യങ്ങളാണ് ‘ഫിയാത്ത് മിഷൻ’ എന്ന പേരിൽ സ്വീറ്റ്ലിയും സംഘവും ചെയ്യുന്നത്. ദിവ്യകാരുണ്യമാണ് അവരുടെ ഊർജ്ജം. ദൈവീക ഇടപെടലിന്റെ അവിശ്വസനീയമായ സംഭവങ്ങളാണ് ഇവരുടെ പ്രവർത്തനങ്ങളിലൂടെ കാണാൻ കഴിയുന്നത്. സമർപ്പണം, പ്രതിബദ്ധത എന്നീ വാക്കുകൾക്കൊക്കെ കൃത്യമായ വ്യാഖ്യാനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ അതിന്റെ പരിണിതഫലം എങ്ങനെയായിരിക്കും എന്നതിന് ശരിയായ ഉദാഹരണമാണ് ഇവരുടെ പ്രവർത്തനങ്ങൾ എന്ന് പറയാം. ഈ വിധത്തിൽ അനേകരുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആയിരിക്കും വരുംകാല സഭയെ ചൈതന്യവത്തായി കെട്ടിപ്പടുക്കുന്നതെന്നും സംശയമില്ല.
സണ്ണി കോക്കാപ്പിള്ളിൽ



Comments