top of page
Search

ഞങ്ങടെ സ്വന്തം പള്ളിയച്ചൻ | സാജൻ സി എ & സുജ മോൾ | KAIROS MALAYALAM | AUGUST 2026

  • smithask2009
  • Aug 1
  • 6 min read

Updated: 1 day ago

ജീസസ് യൂത്ത് മുന്നേറ്റത്തിൻ്റെ ‘പള്ളിയച്ചൻ’ എന്ന എബ്രഹാം പള്ളിവത്തുക്കലച്ചൻ ലോകമെമ്പാടുമുള്ള അനേകായിരം യുവജന ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു.


അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് മുന്നേറ്റത്തെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരിൽ ഒരാളായ പള്ളിയച്ചൻ എന്ന ഫാ. എബ്രഹാം പള്ളിവത്തുക്കൽ എസ്. ജെ. അക്ഷരാർത്ഥത്തിൽ ഈ യുവജനങ്ങളുടെ അപ്പൻ തന്നെയായിരുന്നു. ദൈവസ്നേഹത്തിൽ നിറഞ്ഞു ജീവിച്ച അച്ചൻ പരസ്നേഹത്തിലും പരസ്പര സ്നേഹത്തിലും ഹൃദയം നൽകി സ്നേഹിക്കുന്ന വ്യക്തിത്വമായിരുന്നു. ഏകദേശം രണ്ടു വർഷം മുൻപ് അച്ചനെ കുറിച്ചുള്ള അനേകരുടെ അനുഭവങ്ങളുടെ കുറിപ്പുകൾ ‘പള്ളിയച്ചൻ എന്ന വലിയ പള്ളിക്കൂടം’ എന്ന പേരിൽ കെയ്റോസ് മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. നിത്യ സമ്മാനത്തിനായി സ്വർഗ്ഗീയ പിതാവിൻ്റെ പക്കലേക്ക് തിരികെ പോയ അച്ചനെക്കുറിച്ചുള്ള ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച്, ദൈവത്തിനു നന്ദി പറഞ്ഞ് കെയ്റോസിന്റെ വായനക്കാർക്കായി ആ ഓർമ്മകൾ പുനഃപ്രസിദ്ധീകരിക്കുകയാണ്.

ഫാ. എബ്രഹാം പള്ളിവത്തുക്കൽ എസ് ജെ... പള്ളിയച്ചൻ ഒരു പാഠപുസ്തകം ആണെന്ന് പറയുന്നതിലപ്പുറം ഒരു പള്ളിക്കൂടം തന്നെയാണെന്ന് വേണം പറയാൻ.


ജീസസ് യൂത്ത് ഒത്തിരി സ്നേഹത്തോടെ അച്ചനെ വിളിക്കുന്നു... 'ഞങ്ങടെ സ്വന്തം പള്ളിയച്ചൻ'. പള്ളിവത്തുക്കൽ' എന്ന വീട്ടുപേര് അച്ചനെ സംബന്ധിച്ചിടത്തോളം തീർത്തും അന്വർത്ഥമാണ്. പള്ളിവത്തുക്കലച്ചന്റെ മുൻപിൽ എത്തുമ്പോൾ ഒരു ദേവാലയ കവാടത്തിന് മുൻപിൽ എത്തുന്നതിന് തുല്യമാണ്. സങ്കടങ്ങളും സന്തോഷങ്ങളും ജീവിതഭാരവും നിസ്സഹായതയും കടബാധ്യതയും രോഗാവസ്ഥയും അനാഥത്വവും ഒറ്റപ്പെടലും… അങ്ങനെ പറഞ്ഞറിയിക്കാനാവാത്ത പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും എടുത്താൽ പൊങ്ങാത്ത ഭാണ്ഡവും പേറി എത്ര പേരാണ് ഓരോ ദേവാലയ കവാടത്തിലൂടെയും ഉള്ളിലേക്ക് കടന്നിട്ടുണ്ടാവുക. കുന്നോളം വരുന്ന സങ്കടങ്ങളുടെ ഭാണ്ഡം അൾത്താരയ്ക്ക് മുന്നിൽ അർപ്പിച്ച് തിരിച്ച് ദേവാലയ കവാടത്തിലൂടെ പുറത്തേക്ക് വരുമ്പോൾ ഭാണ്ഡം കാലിയായിട്ടുണ്ടാകും. കുന്നോളമുള്ള സങ്കടങ്ങളെ കുമ്പസാരക്കൂട്ടിലും കാൽവരിക്കുരിശിലും അർപ്പിച്ചു പുറത്തേക്കിറങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ഇതേ അവസ്ഥ തന്നെയാണ് പള്ളിയച്ചന്റെ അടുത്തെത്തിയിരുന്ന ഓരോ വ്യക്തിക്കും അനുഭവിക്കാൻ കഴിഞ്ഞിരുന്നത്. പറയാതെതന്നെ തന്റെ പ്രിയപ്പെട്ടവരുടെ സങ്കടങ്ങൾ അറിയുന്ന, പറയുന്നതെല്ലാം ക്ഷമയോടെ കേട്ടിരിക്കുന്ന, ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളിൽ അറിഞ്ഞു സഹായിക്കുന്ന, കണ്ണീരൊപ്പുന്ന, മുറിവുണക്കുന്ന, ചേർത്തണക്കുന്ന, എല്ലാറ്റിലുമുപരി മറ്റുള്ളവരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താതെ പൊതിഞ്ഞു പിടിക്കുന്ന, പ്രിയപ്പെട്ട പള്ളിയച്ചനിൽ മറ്റൊരു ക്രിസ്തുവിനെ കാണാത്തവർ വിരളം.


ഒരിക്കൽ ഒരാൾ ഇങ്ങനെ പറഞ്ഞു: ‘എനിക്ക് അച്ചനെ അധികം പരിചയമൊന്നുമില്ല. അതുകൊണ്ടുതന്നെ ചോദിക്കുവാ, നിങ്ങളൊക്കെ എന്തുകൊണ്ടാണ് അച്ചനെ ഇങ്ങനെ സ്നേഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.’ ഉത്തരം അന്നും ഇന്നും ഒന്നുമാത്രം. "പള്ളിയച്ചൻ സ്നേഹിച്ചതുപോലെ, ചേർത്തുപിടിച്ചതുപോലെ, വീണപ്പോൾ താങ്ങിയത് പോലെ, സ്നേഹത്തോടെ നുള്ളി പറിച്ചതു പോലെ,.. വേറെ ആരും ഞങ്ങളെ സ്നേഹിച്ചിട്ടില്ല... ഈ ഭൂമിയിൽ ക്രിസ്തുവിന്റെ സ്നേഹം ഞങ്ങൾ അനുഭവിച്ചത് അച്ചനിലൂടെയാണ്." ഒന്നിനും സമയമില്ലെന്ന് പറഞ്ഞ് ഓടുന്നവരുടെ ഈ ലോകത്ത് ഓരോരുത്തർക്കും വേണ്ടി സമയം കണ്ടെത്താനും അവരോടൊപ്പം ആയിരിക്കാനും അച്ചന് വേണ്ടുവോളം സമയമുണ്ടായിരുന്നു. ആയിരക്കണക്കിന് യുവജനങ്ങളെ നെഞ്ചോട് ചേർത്ത, ഈശോയിലേക്ക് അടുപ്പിച്ച,.. "ഞങ്ങടെ സ്വന്തം പള്ളിയച്ചൻ.’ ഈശോയുടെ കയ്യൊപ്പുള്ള പുരോഹിതൻ, ആടുകളുടെ ചൂരുള്ള ഇടയൻ. സ്നേഹത്തിന്റെയും കരുതലിന്റെയും കാവലാൾ. പള്ളിയച്ചനെ കുറിച്ച് പറയാൻ വാക്കുകൾ പോരാ. സങ്കടങ്ങളും വേദനകളും പ്രതിസന്ധികളും ഇടിമിന്നൽ പോലെ ജീവിതത്തിനു മേൽ പതിക്കുമ്പോൾ പലപ്പോഴും "മുകളിൽ ഒരു ദൈവം ഉണ്ട്, താഴെ ഞങ്ങൾക്ക് ഒരു പള്ളിയച്ചനുണ്ട്.. എന്ന ചിന്തയിൽ എല്ലാ അശനിപാതങ്ങളെയും അതിജീവിച്ച അനേകരുടെ പ്രാർത്ഥന, അച്ഛന്റെ ഓർമ്മകൾക്കുമുമ്പിൽ പൂക്കളർപ്പിക്കുന്നു. പള്ളിയച്ചന്റെ സ്നേഹമറിഞ്ഞ ഓരോരുത്തർക്കും അച്ഛനെക്കുറിച്ച് പറയാൻ നൂറുനാവാണ്. പള്ളിയച്ചൻ എന്ന പള്ളിക്കൂടത്തിൽ നിന്നും അനേകർക്ക് പകർന്നു കിട്ടിയ നല്ല പാഠങ്ങൾ അവരിവിടെ പങ്കുവെക്കുന്നു.


ഇത്തരമാളുകൾ അധികമില്ല

1987 ൽ ആണെന്ന് തോന്നുന്നു, എറണാകുളത്ത് സ്നേഹ നിലയത്തിൽ വെച്ച് നടന്ന ക്യാമ്പസ് പൂൾ പ്രോഗ്രാമിൽ ഒരു ട്രഷർഹണ്ട് പരിപാടിയുണ്ടായിരുന്നു. അവസാന റൗണ്ടിലെത്തിയ രണ്ട് ആളുകൾ തമ്മിൽ തർക്കം ഉണ്ടാവുകയും അത് വളർന്ന് വലിയ പ്രശ്നത്തിൽ ആവുകയും ചെയ്തു. പ്രോഗ്രാം തകർന്നു പോകാൻ തക്ക രീതിയിലുള്ളതായിരുന്നു പ്രശ്നം. അന്ന് തന്നെ വൈകുന്നേരം കുർബാന ഉണ്ടായിരുന്നു. പള്ളിയച്ചനായിരുന്നു കുർബാനയ്ക്ക് വന്നത്. അച്ചനോട് കാര്യങ്ങളൊക്കെ പറഞ്ഞു. ഏതായാലും കുർബാന കഴിഞ്ഞത് അവിടെ കാര്യങ്ങൾ എല്ലാം സമാധാനപരമായി. വല്ലാതെ വിഷമിച്ചു പോയ ആ അവസരത്തിൽ അച്ചൻ എന്താണ് ചെയ്തതെന്ന് ഓർമ്മയില്ല, എന്തായാലും എല്ലാവർക്കും ആശ്വാസവും വിശ്വാസവും ഒക്കെ ലഭിക്കാനിടയായി. പിന്നീട് 92-96 കാലഘട്ടത്തിൽ ഞാൻ കോർഡിനേറ്റർ ആയിരിക്കുന്ന സമയത്ത് അച്ചനുമായിട്ട് ധാരാളം ഇടപഴകാൻ അവസരങ്ങളുണ്ടായി. ധൈര്യമായിട്ട് വഴക്കടിക്കാനും പിണങ്ങാനുമൊക്കെ പറ്റുന്ന രീതിയിലുള്ള ഇത്തരമാളുകൾ അധികമുണ്ടെന്ന് തോന്നുന്നില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെ പിന്നീട് അച്ചനെ കാണുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നിട്ടില്ല എന്ന മട്ടിൽ നമ്മോട് പെരുമാറാനുമൊക്കെ അച്ചന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. ജീസസ് യൂത്ത് മുന്നേറ്റത്തിൽ പല രീതിയിൽ പ്രവർത്തിച്ച് മൺമറഞ്ഞു പോയവരും പ്രോഗ്രാമുകളുടെ മുന്നിലും പിന്നിലും അല്ലാതെ മറ്റു പല രീതിയിൽ സജീവമായി നിന്നിട്ടുള്ള ആളുകളെയും ഓർമിക്കത്തക്ക രീതിയിലും എന്തെങ്കിലും സംവിധാനങ്ങൾ നമ്മുടെ മുന്നേറ്റത്തിൽ ഉണ്ടാവണമെന്നും ഞാൻ ഓർക്കുകയാണ്.


ഡോ. ചാക്കോച്ചൻ ഞാവള്ളിൽ

പാഠപുസ്തകം

ഒരായുസ്സുകൊണ്ട് ഒരു മനുഷ്യന് പതിനായിരങ്ങളുടെ ഹൃദയങ്ങളെ ക്രിസ്തുവിനായി നേടാനാവുമെന്ന് തെളിയിച്ചു തന്ന പള്ളിയച്ചനെ ഏതാനും വാക്കുകൾ കൊണ്ട് പ്രതിഫലിപ്പിക്കുക അസാധ്യമാണ്. പരിചയപ്പെട്ടവർക്കെല്ലാം ക്രിസ്തു സാന്നിധ്യമാകാനും അനേകരുടെ ജീവിതപ്രശ്നങ്ങൾക്ക് ഉത്തരമേകാനും അച്ചന് സാധിച്ചത് അച്ചന്റെ മഹത്വം തുറന്നുകാട്ടുന്നു. വാക്കിലും ജീവിതത്തിലും ലാളിത്യം മുറുകെ പിടിച്ചിരുന്ന അച്ചന്റെ ജീവിതം എന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു. ബന്ധങ്ങളുടെ വില, വിളിയുടെ വില, കരുതലിന്റെ വില... എല്ലാം പഠിപ്പിച്ചു തന്ന ഒരു വലിയ പാഠപുസ്തകമായിരുന്നു അച്ചൻ.

അഡ്വ. മിനി ഫ്രാൻസിസ്, പാലക്കാട്


അപൂർവ്വങ്ങളിൽ അപൂർവ്വം

എബ്രാഹം പള്ളിവത്തുക്കൽ അച്ചനെക്കുറിച്ച് ഞാൻ ഓർക്കുമ്പോൾ അച്ചന്റെ ഒരുപാട് ക്വാളിറ്റീസിനെക്കാളെല്ലാം അധികമായി എന്നെ സ്വാധീനിച്ചത് അച്ചന്റെ പ്രതിബദ്ധതയാണ്. നമ്മൾ പറയാറുള്ളതുപോലെ നീറു പോലുള്ള ഒരുതരം കമ്മിറ്റ്മെന്റ്. ഏതെങ്കിലും കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവസാനംവരെ അതിനുവേണ്ടി ഒപ്പം നിൽക്കുന്ന അച്ചന്റെ ആ പ്രതിബദ്ധത വളരെ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. അച്ചന് അനേകം ക്വാളിറ്റീസ് ഉണ്ടെങ്കിലും അതിനെയെല്ലാം അതിശയിക്കുന്നതാണ് അച്ചന്റെ പ്രതിബദ്ധത എന്ന് ഞാൻ അഭിമാനത്തോടെ പറയും.

ബേബി ചാക്കോ (ബേബിച്ചായൻ)


സ്വയം മറന്ന്

പള്ളിയച്ചനിൽ നിന്നുമാണ് സ്വയം മറന്ന് അപരനെ സ്നേഹിക്കേണ്ടതെങ്ങനെയെന്ന് ഞാൻ പഠിച്ചത്. അച്ചനെ കണ്ടുമുട്ടിയതിനു ശേഷം അച്ചനിൽ നിന്നും ലഭിച്ച ഒരപ്പന്റെ സ്നേഹവും ലാളനയും എനിക്കു കൂടുതൽ ധൈര്യവും, ജീവിതത്തെ നേരിടാനുള്ള പ്രത്യാശയും തന്നു. എന്റെ ആവശ്യങ്ങൾ മറ്റാരേക്കാളും മുൻപേ മനസ്സിലാക്കി എന്നെ ചേർത്തുനിർത്തിയ അച്ചനെക്കുറിച്ചു എത്രപറഞ്ഞാലും തീരില്ല.

റാണി ജോർജ് 



ബന്ധങ്ങളുടെ ഇഴയടുപ്പം

ഇതുപോലെ ഓരോ മനുഷ്യരുടെയും ജീവിതത്തിൽ ഇടപെടുന്ന ഒരു വൈദികനെ ഞാൻ കണ്ടിട്ടില്ല. വ്യക്തിപരമായി ഞാനും എന്റെ കുടുംബവും കടന്നുപോയ വേദനാജനകമായ അവസ്ഥകളിലും ദുഃഖങ്ങളിലുമൊക്കെ ക്രിസ്തു സാന്നിധ്യമായി കടന്നുവന്ന് ആശ്വസിപ്പിക്കുകയും മുന്നോട്ടുള്ള യാത്രയിൽ ദൈവത്തെ മുറുകെപ്പിടിച്ച് പ്രത്യാശയോടെ ജീവിക്കാനായി ഉൾക്കരുത്ത് നൽകുകയും ചെയ്തത് പള്ളിവത്തുക്കലച്ചനായിരുന്നു. ബന്ധങ്ങൾ തമ്മിലുള്ള ഇഴയടുപ്പം എന്നും കാത്തുസൂക്ഷിക്കണമെന്നത് പള്ളിവത്തുക്കലച്ചനിൽ നിന്നും കണ്ടു പഠിച്ചിട്ടുണ്ട്. നൽകുന്നതാണ് നേടുന്നതിനേക്കാൾ ശ്രേയസ്കരം എന്നത് അച്ചന്റെ മുഖമുദ്രയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.

റോസമ്മ ജേക്കബ്, എറണാകുളം.


ഫീൽ ചെയ്യുന്ന സ്നേഹം

പള്ളിയച്ചനിൽ എന്നെ ഏറ്റവും സ്വാധീനിച്ച കാര്യം അച്ചന്റെ unconditional love ആണ്. അച്ചനുമായി ഇടപഴകുന്ന ഒരു വ്യക്തിക്ക് അയാൾ അച്ചന് വളരെ പ്രധാനപ്പെട്ട ഒരാളാണെന്നും വളരെ സ്പെഷ്യൽ ആയി അച്ചൻ അയാളെ സ്നേഹിക്കുന്നുണ്ടെന്നും ഫീൽ ചെയ്യുന്നതോടൊപ്പം അച്ചന് ഏറ്റവും ഇഷ്ടം ആ വ്യക്തിയെയാണെന്നും ഓരോരുത്തർക്കും തോന്നും. അച്ചൻ അറിയുന്ന ഓരോ വ്യക്തികളുടെയും വളരെ മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങൾവരെ, അവർ പറഞ്ഞ കാര്യങ്ങൾ, അവരുടെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, ഭയങ്ങൾ, അവർക്ക് സ്പെഷ്യൽ ആയിട്ടുള്ള ഡേറ്റ്സ് ഇതെല്ലാം അച്ചൻ ഓർത്തുവയ്ക്കുകയും അവരെ വിളിക്കുകയും, അവർക്ക് വേണ്ടി സ്ഥിരമായി പ്രാർത്ഥിക്കുകയും ചെയ്യും, ഇതെല്ലാം പള്ളിയച്ചനിൽ ഞാൻ എക്സ്പീരിയൻസ് ചെയ്ത കാര്യങ്ങളാണ്. 'തങ്ങൾ ഒരാൾക്ക് അത്രമേൽ സ്പെഷ്യൽ ആണെന്നും അയാൾ തങ്ങളെ അത്രമാത്രം സ്നേഹിക്കുന്നുവെന്നു ഓരോരുത്തർക്കും ഫീൽ ചെയ്യുന്ന വിധത്തിൽ സ്നേഹിക്കുക' എന്ന വലിയ ഒരു ചലഞ്ച് ആണ് പള്ളിയച്ചൻ നമ്മുടെ മുന്നിൽ വച്ചിട്ടുള്ളത്.

ഡോ. ബീന മനോജ്

എന്നെ പഠിപ്പിച്ചത്

കരുതലിന്റെ ‘പള്ളി വാതിൽ" ആണ് എന്റെ ഹൃദയത്തിൽ പള്ളിയച്ചൻ. അപരനെ കുറിച്ചുള്ള കരുതൽ" എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് അച്ചനായിരുന്നു. ചിലവഴിക്കാൻ കിട്ടിയ അവസരങ്ങളിലൂടെ അച്ചൻ ഈ പാഠം എന്നെ പഠിപ്പിച്ചു. ഇന്ന് എന്നിലൂടെയും എന്റെ കുടുംബത്തിലൂടെയും അത് തുടരുക തന്നെ ചെയ്തു കൊണ്ടിരിക്കുന്നു.

ജെയിംസ് ഇലഞ്ഞേരി , കലൂർ.


ഡിസിപ്ലിൻ വേണമെന്ന് ആഗ്രഹിച്ചു

പള്ളിയച്ചനെ കുറിച്ച് മൂന്ന് കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്. ഒന്ന് അച്ചടക്കം. വ്യക്തികൾക്കും മുന്നേറ്റത്തിനും ഒരു ഡിസിപ്ലിൻ വേണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് അച്ചൻ. അച്ചൻ അംഗമായ ഈശോ സഭയുടെ അച്ചടക്കം എപ്പോഴും പുലർത്താനും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കാനും അച്ചൻ ശ്രദ്ധ പുലർത്തിയിരുന്നു. മറ്റൊന്ന് ചെറുപ്പക്കാരോടുള്ള ഒരു കമ്മിറ്റ്മെന്റ് ആണ്. യുവജനങ്ങളോടൊപ്പം സമയം സ്പെൻഡ് ചെയ്യാനും അവർക്കായി ഏതറ്റം വരെ പോകാനും അച്ചൻ എപ്പോഴും തയ്യാറായിരുന്നു. മറ്റൊന്ന് അച്ചന്റെ വാത്സല്യമെന്നോ, കരുതലെന്നോ, സ്നേഹമെന്നോ എന്താണ് വിശേഷിപ്പിക്കേണ്ടത് എന്നറിഞ്ഞുകൂടാ. എന്തു പരിപാടിക്ക് വരുമ്പോഴും ഒരു ബിസ്ക്കറ്റ് എങ്കിലും അച്ചൻ ഞങ്ങൾക്കായി കയ്യിൽ കരുതും..

അഡ്വ.കെ ജെ ജോൺസൺ


പങ്കുവെക്കുന്ന സ്നേഹം

പള്ളിവത്തുക്കൽ അച്ചൻ ആരെ കാണാൻ ചെന്നാലും ഏത് ഗ്രൂപ്പിലേക്ക് പോയാലും എന്തെങ്കിലും സമ്മാനവുമായേ പോകൂ. പ്രത്യേകിച്ച് എന്തെങ്കിലും ഭക്ഷണസാധനം കൊണ്ടുപോവുക എന്നത് അച്ചന്റെ ഒരു നിർബന്ധമായി പലപ്പോഴും തോന്നിയിട്ടുണ്ട്. വീട് സന്ദർശിക്കാൻ പോയാലും ആളുകളെ കാണാൻ പോയാലും ജീസസ് യൂത്ത് ഗാദറിങ്ങിൽ ആയാലും അച്ചൻ എന്തെങ്കിലും കരുതിയിട്ടുണ്ടാവും. വലിയ ഗ്രൂപ്പ് ആണെങ്കിൽ പോലും അവർക്ക് നൽകാൻ പണ്ടത്തെ പല്ലി മിഠായി ആണെങ്കിൽ പോലും അച്ചന്റെ കൈവശം ഉണ്ടാകും. ഞങ്ങൾ ഒടുവിൽ ആ മിഠായിയെ 'പള്ളി'മിഠായി എന്ന് വിളിക്കാൻ തുടങ്ങി. എല്ലാവരുടെയും കൈകളിൽ ആ കുഞ്ഞുമിഠായി എത്തുക, എല്ലാവരെയും സ്പർശിക്കുക, ഇതായിരുന്നു അച്ചൻ അതിലൂടെ ആഗ്രഹിച്ചിരുന്നത്. പള്ളിയച്ചന്റെ ഈ കൊടുക്കുന്ന സ്നേഹം, പങ്കുവെക്കുന്ന സ്നേഹം, ഇതാണ് മനുഷ്യനെ സ്പർശിക്കുന്നത്.

ഡോ. എഡ്വേർഡ് എടേഴത്ത്


അച്ചനെപ്പോലെ നമുക്കും സാധിക്കണം

ഈശോയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന നല്ലിടയനാണ് ഒരു വൈദികൻ എന്ന് മനസ്സിലാക്കിത്തരുന്ന ജീവിതമാണ് പള്ളിയച്ചന്റേത്. ഞങ്ങളുടെ ജീവിതത്തിലും മറ്റ് അനേകരുടെ ജീവിതത്തിലും അവരുടെ ജീവിതത്തിലെ ചെറിയ വിഷമങ്ങളിൽ, ആവശ്യങ്ങളിൽ, എത്ര ദൂരെയാണെങ്കിലും യാത്ര ചെയ്ത് അവരുടെ അടുത്തെത്തി, കൂടെയുണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന അച്ചൻ. ചിലപ്പോൾ വളരെ ചെറിയ കാര്യത്തിനായിരിക്കാം അച്ചൻ ഇങ്ങനെ യാത്ര ചെയ്യുന്നത്. എറണാകുളത്തു നിന്നും കാസർഗോഡിനും തലശ്ശേരിക്കുമൊക്കെ ഒരു മടിയും കൂടാതെ അച്ചൻ യാത്ര ചെയ്യുമായിരുന്നു. ഒരു ആത്മീയ ഗുരുവിന്റെ ഏറ്റവും നല്ല ഗുണം എപ്പോഴും അവൈലബിൾ ആവുക എന്നതാണ്. പള്ളിയച്ചനെ സംബന്ധിച്ചിടത്തോളം അച്ചന് സ്വന്തമായി ഒരു സമയം ഉണ്ടായിരുന്നില്ല. അച്ചന്റെ സമയം എപ്പോഴും മറ്റുള്ളവർക്കായി നീക്കി വെച്ചിട്ടുള്ളതായിരുന്നു. ജീവിതത്തിലുടനീളം അച്ചന്റെ ആ സാമീപ്യം അനുഭവിക്കാൻ ഇടവന്നിട്ടുണ്ട്. ഏത് സമയത്തും അച്ചനെ കാണാൻ നമുക്ക് സാധിക്കും. നമ്മൾ കാണാൻ സമയം ചോദിച്ചാൽ അച്ചൻ സ്നേഹത്തോടെ നമ്മളെ ക്ഷണിക്കും, അല്ലെങ്കിൽ അച്ചൻ നമ്മുടെ അടുത്തേക്ക് വരും. ആടിനെ തേടിവരുന്ന ഒരു നല്ല ഇടയൻ.. അതാണ് പള്ളിയച്ചൻ. അച്ചന്റെ വ്യക്തിത്വത്തിലെ ഈയൊരു സവിശേഷത എന്റെ ജീവിതത്തിൽ പകർത്തണമെന്നാണ് ഞാൻ ആഗ്രഹിക്കാറുള്ളത്. മറ്റുള്ളവരുടെ സങ്കടങ്ങളിൽ, പ്രശ്നങ്ങളിൽ, ആശങ്കകളിൽ, ക്രിസ്തീയ സ്നേഹത്തോടെ കൂടെ ആയിരിക്കാനും അവരെ ചേർത്ത് പിടിക്കാനും അച്ചനെപ്പോലെ നമുക്കും സാധിക്കണം.

മനോജ് സണ്ണി


ഉള്ളിൽ തട്ടിവിളിക്കാൻ

ഈശോ സ്ഥാപിച്ച സഭയിൽ, ഈശോയുടെ ചൈതന്യം പേറി ജീവിക്കുന്ന പള്ളിയച്ചനെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ " അച്ചാ" എന്ന് ഉള്ളിൽ തട്ടിവിളിക്കാൻ തോന്നിയിട്ടുള്ള ഏക പുരോഹിതൻ.

ആബേൽ എസ് എബ്രഹാം


ഈശോ നിങ്ങളോടൊപ്പം കാറിൽ ഉണ്ടായിരുന്നല്ലോ?

ഒരിക്കൽ ഞാൻ പള്ളിവത്തുക്കലച്ചനെ കാണാൻ പോയപ്പോൾ എന്നോടൊപ്പം രണ്ട് സെമിനാരിക്കാരും ഒരച്ചനും ഉണ്ടായിരുന്നു. ആ സെമിനാരിക്കാരനോട് അച്ചൻ ചോദിച്ചു നിങ്ങൾ എത്ര പേരാണ് വന്നത്? ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ അച്ചൻ പറഞ്ഞു അഞ്ചല്ലല്ലോ, ആറുപേർ ഉണ്ടായിരുന്നല്ലോ? ഈശോ നിങ്ങളോടൊപ്പം കാറിൽ ഉണ്ടായിരുന്നല്ലോ? " അച്ചൻ അങ്ങനെ പറഞ്ഞത് യഥാർത്ഥത്തിൽ ഞാൻ ഉൾപ്പെടെയുള്ള എല്ലാവർക്കും കിട്ടിയ വലിയൊരു സന്ദേശം തന്നെയായിരുന്നു. അച്ചൻ പറഞ്ഞതുപോലെ ജീവിതയാത്രയിൽ എപ്പോഴും ഈശോ കൂടെയുണ്ട്. ആ ഈശോ കൂടെ ഉള്ളതുകൊണ്ട് തന്നെയാണ് അച്ചന്റെ ജീവിതം ഇത്രമാത്രം ധന്യമായതും മറ്റുള്ളവർക്ക് അനുഗ്രഹപ്രദമായതും സഭയ്ക്ക് തന്നെ വലിയ കൃപയായി മാറിയതും. ജീസസ് യൂത്തിന്റെ പ്രാരംഭകരിൽ ഒരാൾ, പലതരത്തിലും മാർഗ്ഗദർശി, ആ ജീവിതം കൂടുതൽ ധന്യമായി, മറ്റുള്ളവർക്ക് അനുഗ്രഹമായി മാറി.

ബിഷപ്പ് അലക്സ് വടക്കുംതല


ദൈവത്തെ അറിഞ്ഞ ഒരപ്പൻ

പ്രിയപ്പെട്ട എബ്രഹാം പള്ളിവത്തുക്കൽ അച്ചൻ നമ്മുടെയെല്ലാം പ്രിയപ്പെട്ട പള്ളിയച്ചൻ...33 വർഷങ്ങൾക്കു മുമ്പ് ജീസസ് യൂത്തിൽ വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അച്ചനെ ഞാൻ പരിചയപ്പെട്ടതാണ്. അക്കാലം മുതൽ ഇന്നുവരെ ഒരു അപ്പന്റെ വാത്സല്യം, സ്നേഹം. ഒക്കെ അച്ചനിൽ നിന്ന് അനുഭവിക്കാൻ കഴിഞ്ഞു. അത് വെറുമൊരു അപ്പന്റെ സ്നേഹം അല്ല ; പിതാവായ ദൈവത്തെ അറിഞ്ഞ ഒരപ്പൻ എന്ന നിലയിലുള്ള സ്നേഹമാണത്. പള്ളിയച്ചനോടുള്ള ഓരോ ഇടപഴകലിലും അച്ചന്റെ സാന്നിധ്യത്തിലും അച്ചനെ കണ്ടുമുട്ടുമ്പോഴും അച്ചനോട് നേരിട്ട് സംസാരിക്കുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴും ആ പിതാവായ ദൈവത്തിന്റെ സ്നേഹവും ചൈതന്യവും അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്. അച്ചന്റെ ഉദാരമനസ്കത, ചേർത്തുപിടിക്കാനുള്ള വലിയ മനസ്സ്, അതോടൊപ്പം തിരുത്തേണ്ട കാര്യങ്ങളെ കാർക്കശ്യത്തോടെ തന്നെ തിരുത്തുന്ന സ്വഭാവം, ഇവയെല്ലാം എന്നിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരുപാട് തവണ അച്ചനിൽ നിന്നും വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. എപ്പോഴൊക്കെ അച്ചനിൽ നിന്നും ശക്തമായി വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടോ, ആ വഴക്കിന് ശേഷം കാലഘട്ടത്തിനനുസരിച്ച്, ഒരു 200 രൂപയോ 500 രൂപയോ പോക്കറ്റിൽ ഇട്ടുതന്നിട്ട്, "പോയി നല്ല ഭക്ഷണം, ബിരിയാണി ഒക്കെ വാങ്ങി കഴിക്കെടോ" എന്ന് പറയും. ഇത്രമാത്രം സ്നേഹിക്കുന്ന, കരുതുന്ന, പ്രൊട്ടക്ട് ചെയ്യുന്ന, നയിക്കുന്ന, ഒരപ്പനാണ് പള്ളിയച്ചൻ.

അഡ്വ.റൈജു വർഗീസ്


മനുഷ്യത്വം

മനുഷ്യത്വത്തിന്റെ മഹാ ഉടമയാണ് പള്ളിയച്ചൻ. സ്നേഹത്തിൽ ചാലിച്ച ശാകാരങ്ങൾ കൊണ്ടും സത്യത്തിൽ കടഞ്ഞെടുത്ത പുണ്യങ്ങൾ കൊണ്ടും അച്ചൻ പലപ്പോഴും എന്നെ വീർപ്പുമുട്ടിക്കുകയായിരുന്നു.

ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ


പള്ളിയച്ചനെ കുറിച്ച് രണ്ടു വാക്ക് എന്ന് പറഞ്ഞപ്പോൾ എത്ര പറഞ്ഞാലും മതിവരില്ല എന്ന് പറഞ്ഞ് അനേകർ മുന്നോട്ട് വന്നു. അത്രമാത്രം ഓരോരുത്തരുടെയും ജീവിതങ്ങളെ സ്പർശിക്കാൻ അച്ചന് കഴിഞ്ഞു. സീനിയർ ജീസസ് യൂത്തുകളുടെ ഏറ്റവും വലിയ നേട്ടവും പുതിയ ജീസസ് യൂത്ത് മക്കളുടെ നഷ്ടവുമാണ് പള്ളിയച്ചൻ. " ഇങ്ങനെ ഒരു പുരോഹിതൻ നമുക്കുണ്ടായിരുന്നോ? " എന്ന് പുതിയ തലമുറ വിസ്മയത്തോടെ ചോദിക്കാൻ ഉതകുന്ന ഒരു ജീവിതമാണ് പള്ളിയച്ചൻ കാഴ്ചവച്ചത്. ആ ജീവിതമാണ് പള്ളിയച്ചനെ 'ഞങ്ങടെ സ്വന്തം പള്ളിയച്ചനാക്കി മാറ്റിയത്


ചിലരെങ്കിലും പള്ളിയച്ചനെയും ബേബിച്ചായനെയും കുറിച്ച് പറയുന്ന ഒരു കമന്റുണ്ട്. " പള്ളിയച്ചനും ബേബിച്ചായനുമെല്ലാം ഒരു യൂത്തിനെ ഏറ്റെടുത്താൽ അവരോടൊപ്പം എന്നുമുണ്ടാകും". ഇങ്ങനെ അനേകർക്കും അവരുടെ മക്കൾക്കും തലമുറകളുടെ മാർഗ്ഗദീപമായി നിന്നിരുന്ന നമ്മുടെ സ്വന്തം പള്ളിയച്ചന്റെ സ്മരണകൾക്ക് മുന്നിൽ നമുക്ക് കൈകൾ കൂപ്പി നമ്രശിരസ്കരാകാം.


അച്ചൻ പലപ്പോഴും പാടാറുണ്ടായിരുന്നതും കൂട്ടായ്മകളിൽ പാടി പഠിപ്പിച്ചതുമായ ഒരു ഗാനശകലം കുറിക്കട്ടെ… ഈ വരികൾ മാത്രം മതി പള്ളിയച്ചൻ ആരായിരുന്നെന്നും അച്ഛന്റെ ഹൃദയം എവിടെയായിരുന്നു എന്നുമറിയാൻ.

എല്ലാവരും പങ്കുവെച്ചും പരസ്നേഹത്തിൽ ജീവിച്ചാൽ എത്ര മനോഹരമീ ലോകം സമത്വ സുന്ദരമീ ലോകം ഇവിടെ പറുദീസ, വിടരും പറുദീസ, സുരഭില പറുദീസാ...

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page