top of page
Search

ജോസ് അന്തോണിയോ കാസ്റ്റ് (Jose Antonio Kast) | KAIROS MARCH | MARCH 2026

  • Writer: Kairos Media
    Kairos Media
  • May 30
  • 2 min read

ജോസ് അന്തോണിയോ കാസ്റ്റ്

ചിലിയുടെ പ്രസിഡന്റ്


തെക്കു പടിഞ്ഞാറൻ അമേരിക്കയിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നായ ചിലിയിൽ 35 വർഷത്തെ ഇടതു ജനാധിപത്യത്തിനൊടുവിൽ ആദ്യമായി തീവ്ര വലതു പക്ഷക്കാരൻ ജോസ് അന്തോണിയോ കാസ്റ്റ് 38-ാമത് പ്രസിഡന്റ് പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


"ചിലി ഒരു മാറ്റം ആഗ്രഹിച്ചു. വിജയം വ്യക്തിപരമല്ലെന്നും പാർട്ടിയുടെ നേട്ടവുമല്ലെന്നും ഭയമില്ലാതെ പ്രവർത്തിക്കുന്ന ചിലിയെ പ്രതീക്ഷിച്ച് വോട്ട് ചെയ്തവരുടെ വിജയമാണിതെന്നുമാണു" കാസ്റ്റിന്റെ ആദ്യ പ്രതികരണം. കുറ്റകൃത്യങ്ങളും അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടി, രാജ്യത്തെ ഏതൊരു പൗരനും ഭയമില്ലാതെ ജീവിക്കാൻ കഴിയണം, യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവർക്കും തുല്യത ലഭിക്കുന്നരീതിയിൽ നിയമ സംവിധാനങ്ങൾ നടപ്പാക്കുക, കത്തോലിക്കാ സഭയുടെ പ്രബോധന-മനുസരിച്ച് ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യജീവന്റെ സംരക്ഷണത്തിന് പിന്തുണ നൽകുക തുടങ്ങി ആരോഗ്യ സാമൂഹിക വിഷയങ്ങളിൽ തീവ്ര വലതു നിലപാടുകളാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചത്.


വിദ്യാഭ്യാസവും രാഷ്ട്രീയ തുടക്കവും


1966-ൽ സാന്തിയാഗോയിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച കാസ്റ്റ് ശക്തമായ വിശ്വാസാനുഭവമടയാളപ്പെടുത്തിയ കുടുംബത്തിലെ പത്ത് മക്കളിൽ ഏറ്റവും ഇളയവനാണ്. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്മാരിൽ ഒരാൾ കത്തോലിക്കാ പുരോഹിതനുമാണ്. സാന്തിയാഗോയിലെ ജർമ്മൻ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കാസ്റ്റ് പിന്നീട് ചിലിയിലെ പൊന്തിഫിക്കൽ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദ പഠനം പൂർത്തിയാക്കി. യൂണിവേഴ്സിറ്റി പഠനകാലത്ത് കത്തോലിക്കാ സഭയുടെ പ്രചോദനം ഉൾക്കൊണ്ട് ഗ്രീമിയൽ മൂവ്മെന്റിൽ അദ്ദേഹം ചേർന്നു. അവിടെവെച്ച് സ്വതന്ത്ര ജനാധിപത്യ യൂണിയന്റെ സ്ഥാപകനും ചിലിയിലെ ക്രിസ്ത്യൻ രാഷ്ട്രീയ ചിന്തയിലെ ഒരു പ്രധാന വ്യക്തിയുമായ ജെയിം ഗുസ്മാനെ പരിചയപ്പെടാൻ ഇടയായി. ഗുസ്മാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വസ്തുതാപരമായ ധാർമ്മിക തത്വങ്ങളാൽ നയിക്കപ്പെടുന്ന ഒരു സേവനമെന്ന നിലയിൽ രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ നിർണ്ണായകമായി സ്വാധീനിച്ചു.


ജനിക്കാൻ അനുവദിച്ച തീരുമാനം


ജീവന്റെ ഉറച്ച സംരക്ഷകനായ കാസ്റ്റ് തന്റെ കുടുംബത്തിന്റെ ഭാവി രൂപപ്പെടുത്തിയ ഒരു വ്യക്തിഗത കഥ ഒരിക്കൽ ഒരു അഭിമുഖത്തിൽ പങ്കുവെയ്ക്കുകയുണ്ടായി. "എന്റെ മാതാപിതാക്കൾ ജർമ്മൻ കുടിയേറ്റക്കാരാണ്. ഞങ്ങൾ ഏകദേശം 200 പേരോളമുള്ള ഒരു വലിയ കൂട്ടുകുടുംബമാണ്. എന്റെ അമ്മയ്ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ, അവൾക്ക് എക്ലാംസിയ (ഗുരുതരമായ ഗർഭകാല സങ്കീർണ്ണത) ഉണ്ടായിരുന്നു. ആയതിനാൽ അമ്മയ്ക്ക് ഇനി കുട്ടികളുണ്ടാകാനുള്ള സാധ്യതയില്ല എന്ന് ഡോക്ടർമാർ പങ്കുവെച്ചു. അത് ശരിയാകാനിടയില്ലെന്ന് എന്റെ പിതാവ് വിശ്വസിച്ചു. സ്വന്തം ഭാര്യയുടെ ജീവന് ഭീഷണിയുണ്ടായിട്ടും അദ്ദേഹം അമ്മയോട് പറഞ്ഞു, ദൈവം നമുക്ക് ധാരാളം കുട്ടികളെ തരാൻ ആഗ്രഹിക്കുന്നു എന്ന്. എന്റെ പിതാവിന്റെ ആ ദൃഢനിശ്ചയം ഞാൻ ഉൾപ്പെടെ എട്ട് കുട്ടികൾ കൂടി ജനിക്കാൻ ഇടയായി. മറിച്ചാണ് സംഭവിച്ചതെങ്കിൽ ഞാൻ ജനിക്കുമായിരുന്നില്ല" എന്നും അദ്ദേഹം പറഞ്ഞു.


"ആദ്യം ഞാൻ കത്തോലിക്കനാണ്, പിന്നെ ഒരു രാഷ്ട്രീയക്കാരനാണ്."


പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്റെ പ്രസംഗത്തിൽ വെള്ളം ചേർക്കുന്നതിനു പകരം അദ്ദേഹം തന്റെ നിലപാടുകൾ പരസ്യമായി പറയുകയുണ്ടായി. "ഒരു കത്തോലിക്കനായാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കൂടാതെ ഞാൻ ഒരു കുടുംബത്തിന്റെ പിതാവുമാണ്. ഇവയ്ക്ക് പുറമെയാണ് ഞാൻ രാഷ്ട്രീയക്കാരനായത്. ദൈവത്തെക്കുറിച്ചും, മാതൃരാജ്യത്തെക്കുറിച്ചും, കുടുംബത്തെക്കുറിച്ചുമാണ് ഞാൻ സംസാരിക്കാൻ പോകുന്നത്. നമ്മുടെ മാതൃരാജ്യത്തിന്റെ ദൃഢത നിലനിർത്തുന്ന മൂല്യങ്ങളാണിവ. ഇവയ്ക്കുകെതിരെ നമ്മോട് പറയുന്നവരുടെ മുന്നിൽ നാം ഭയപ്പെടരുത്. സാമൂഹിക വിശ്വാസം പുനർനിർമ്മിക്കുന്നതിന് അത്യാവശ്യമായ സംഭാഷണത്തിന്റെയും കണ്ടുമുട്ടലിന്റെയും ബഹുമാനത്തിന്റെയും ഒരു അന്തരീക്ഷം പ്രോത്സാഹിപ്പിക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കഷ്ടപ്പാടുകളും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളും വ്യാപകമായ അവിശ്വാസവും നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സമൂഹത്തിൽ ജീവിതം നിലനിർത്തുന്ന ബന്ധങ്ങൾ പുനർനിർമ്മിക്കാൻ കഴിവുള്ള നമ്മുടെ ജനങ്ങളുടെ ശക്തി, അന്തസ്സ്, പ്രതിരോധശേഷി എന്നിവയെ അംഗീകരിക്കുന്നു. നീതിയുക്തവും സാഹോദര്യപരവും കാരുണ്യപൂർണ്ണവുമായ ഒരു രാജ്യത്തേക്ക് നീങ്ങാനുള്ള പ്രതീക്ഷ ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഓർമ്മിപ്പിക്കുന്നു."


വിവാഹവും കുടുംബവും


പൊതുജീവിതത്തിനപ്പുറം കാസ്റ്റ് തന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ സേവനത്തിന്റെ അടിത്തറയായ കുടുംബ ജീവിതത്തിന് കേന്ദ്രസ്ഥാനം നൽകിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ വിവാഹജീവിതം നയിക്കുന്ന അദ്ദേഹം ഒമ്പത് കുട്ടികളുടെ പിതാവാണ്. ഭാര്യയായ അഡ്രിയേറ്റോളയുമായുള്ള വിവാഹം കേവലം ഒരു ജീവചരിത്ര വസ്തുതയായി മാത്രമല്ല പ്രതിബദ്ധത, ഉത്തരവാദിത്തം, സേവനം എന്നിവയെക്കുറിച്ചുള്ള തന്റെ ബോധ്യങ്ങളെ രൂപപ്പെടുത്തിയ ഒരു സുപ്രധാന അനുഭവമായും അദ്ദേഹം പങ്കുവെക്കാറുണ്ട്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസംഗത്തിൽ വർഷങ്ങളായി തന്റെ കുടുംബം തനിക്ക് നൽകിയ സുസ്ഥിരമായ പിന്തുണയ്ക്ക് നന്ദി പറയുകയുണ്ടായി. വെല്ലുവിളികളെ നേരിടാൻ ജ്ഞാനം, ആത്മനിയന്ത്രണം, ശക്തി എന്നിവ നൽകിയ ദൈവത്തോട് അദ്ദേഹം എപ്പോഴും നന്ദി അർപ്പിക്കുന്നത് പതിവാണ്.


'ഗർഭച്ഛിദ്രം ഒരു നിരപരാധിയെ കൊല്ലലാണ്'


കാസ്റ്റ് തന്റെ എല്ലാ പ്രസംഗങ്ങളിലും പറയുന്നത്, "ഗർഭച്ഛിദ്രം ഒരു നിരപരാധിയെ കൊല്ലുകയാണെന്ന് എത്ര പേർ മനസ്സിലാക്കും? ഈ കുട്ടികൾ നമ്മോട് എന്താണ് ചെയ്തത്? കുഞ്ഞുങ്ങളെ കൊല്ലാതെ ദത്തെടുക്കാൻ വിട്ടുകൊടുത്തു കൂടെ? നമ്മുടെ കുട്ടികൾ അനുഭവിക്കുന്ന സന്തോഷം നഷ്ടപ്പെടുത്താൻ പാടില്ല. ഇക്കാര്യത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് മറ്റൊരാൾ ചെയ്യുന്നത് വരെ കാത്തിരിക്കരുത്. ആരെങ്കിലും എന്തെങ്കിലും ചെയ്യണം. ഗർഭച്ഛിദ്രം മഹാപാപമാണെന്ന് തിരിച്ചറിയേണ്ട കാലമാണ് ഉള്ളത്."


ജോബി ബേബി, കുവൈത്ത്



 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page