ജീവനും മരണവും | പാഥേയം |ശശി ഇമ്മാനുവേല്‍ | KAIROS MALAYALAM | MARCH 2025


ഒരു കുടുംബം ഇത്തിരി ദൂരെയുള്ള ബന്ധുവീട്ടിലേക്ക് ഒരു വിവാഹത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ്. രാവിലെ പുറപ്പെട്ടതാണ്, വഴികാട്ടിയായി 'ഇതാണ് വഴി, ഇതിലെ പോവുക' എന്നരുള്‍ ചെയ്തു കൊണ്ട് ഗൂഗിള്‍ മാപ്പ് നയിക്കുന്നുമുണ്ട്. ഒടുവില്‍ സംഭവിക്കേണ്ടത് സംഭവിച്ചു. വഴി തെറ്റി, ഏതിലെയൊക്കെയോ കറങ്ങി ഒരു കാട് പോലെ തോന്നുന്ന ഒരു ഇടത്തെത്തി. ഇനി മുന്നോട്ട് പോവുക സാധ്യമല്ല, പിറകോട്ട് തിരിയാന്‍ എളുപ്പവുമല്ല. ഏവരും പരിഭ്രമിച്ചിരിക്കുമ്പോള്‍, വാഹനത്തിലെ CBSE അഞ്ചാം ക്ലാസ്സുകാരന്‍ വക ഒരു ആത്മഗതം ഉറക്കെ ഉയരുന്നു.'We are going to die for no reason!'' ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ ''നമ്മള്‍ ഒരു കഥയു മില്ലാത്തതിനുവേണ്ടി ചുമ്മാ ഒടുങ്ങുന്നു.''
താമസിക്കുന്നത് സാംസ്‌ക്കാരിക തലസ്ഥാനമായ തൃശ്ശൂരിലാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഗംഭീരമായ ഒരുക്കങ്ങള്‍ എവിടെയും തകൃതിയായി നടക്കുന്നതിന്റെ അതിവര്‍ണനകളുടെ വാര്‍ത്തകള്‍കൊണ്ട് എല്ലാത്തരം മാധ്യമങ്ങളും ശബ്ദമുഖരിതമാണ്. എന്തിന്, ഉള്ളില്‍ വല്യ സന്തോഷമൊന്നുമില്ലാത്തവര്‍പോലും ഹാപ്പിനെസില്‍ പൊതിഞ്ഞ ആശംസകള്‍ ചൂടോടെ വിതരണം ചെയ്ത് പുതുവത്സരത്തെ സ്വാഗതം ചെയ്യാനുള്ള തിരക്കിലാണ്.
പെട്ടെന്നാണ്, തൃശൂരില്‍ നിന്ന് ഒരു മരണവാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി എത്തുന്നത്. തേക്കിന്‍ കാട് മൈതാനിയില്‍ വെറും പതിനാലു വയസുള്ള ഒന്‍പതാം ക്ലാസ്സുകാരന്‍ മുപ്പതു വയസുള്ള ഒരാളെ കുത്തി വീഴ്ത്തുന്നു. നിസ്സാരമായ ഒരു തര്‍ക്കമാണ്. കൂടെയുള്ള പെണ്‍കുട്ടികളെ കുറിച്ചുള്ള സംഭാഷണമാണ് മദ്യലഹരിക്കാരനെ വധിക്കാന്‍ രാസലഹരിക്കാരന് (?) പ്രേരണയായത്.
അപ്പോള്‍ കാര്യങ്ങളൊക്കെ അങ്ങനെയാണ്, ആരു വേണമെങ്കിലും, കൊല്ലപ്പെടാം, ഒന്നുകില്‍ നിരത്തില്‍ (മത്സര ഓട്ടം, റീല്‍സ് ഷൂട്ട്) അതുമല്ലെങ്കില്‍ സ്വന്തം വീട്ടകത്ത്, കലാലയത്തില്‍ എന്നു വേണ്ട എവിടെയും. മരണസംസ്‌ക്കാരത്തിന്റെ വരവിനെക്കുറിച്ച് സൂചിപ്പിച്ച് ജീവന്റെ സുവിശേഷം രചിച്ച മാര്‍പാപ്പയോട് പലര്‍ക്കും പുച്ഛമായിരുന്നു. ലോകത്തിന്റെ അരൂപിക്ക് ഒട്ടും ചെവികൊടുക്കാതെ വിശുദ്ധനായ പാപ്പ മുന്നറിയിപ്പ് കൊടുത്തു. ഒരു കാലം വരുന്നു ''കൊല്ലണം, മരിക്കണം, നശിപ്പിക്കണം, ആത്മഹത്യ ചെയ്യണം, ഇല്ലാതാക്കണം'' എന്ന് മനുഷ്യന്‍ ചിന്തിക്കുന്ന ഒരു കാലം.
ഏറ്റം പരിഷ്‌കൃത സമൂഹമെന്ന് സ്വയം അഭിമാനിക്കുന്ന ''അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ക്രൈം ക്ലോക്ക് അനുസരിച്ച് അവിടെ 26.3 സെക്കന്റില്‍ ഒരു കൊടും ക്രൂരകൃത്യവും അരമണിക്കൂറില്‍ ഒരു അരുംകൊലയും അരങ്ങേറുന്നു. ഓരോ നാലു മിനിറ്റിലും ആരൊക്കെയോ മാനഭംഗത്തിനിരയാകുന്നുമുണ്ടത്രേ. (A violent, crime was committed every 26.3 seconds. A murder occurred every 32.1 minutes, a rape every 3.8 minutes,)
നമ്മളും ഒട്ടും പിറകിലല്ല എന്നതാണ് യാഥാര്‍ഥ്യം. മലയാള സിനിമാരംഗത്തെ നോക്കി, പ്രശസ്ത ഗാന രചയിതാവും, കവിയുമായ റഫീഖ് അഹമ്മദ് ഈയിടെ ഒരു അഭിമുഖത്തില്‍ ഇങ്ങനെയാണ് പങ്കുവച്ചത്:
''സമൂഹം ഏത് രീതിയില്‍ സഞ്ചരിക്കുന്നു എന്നുള്ളത് നമുക്ക് നമ്മുടെ സാഹിത്യത്തില്‍ നിന്നും സിനിമയില്‍ നിന്നും വായിച്ചെടുക്കാന്‍ പലപ്പോഴും കഴിയും. 2024ല്‍ ഏകദേശം നൂറോളം മലയാള സിനിമകള്‍ കണ്ട ഒരാളാണ് ഞാന്‍. ഈ സിനിമകളിലെ സിംഹഭാഗത്തിന്റെ പ്രമേയവും ഹിംസയാണ്. ചോരക്കളിയാണ്. പ്രതികാരമാണ്. വയലന്‍സാണ്. ഇത് മാത്രമാണ് ഈ സിനിമകളില്‍ കാണുന്ന കാര്യം...''
ഒരു സിനിമാക്കാരനായിട്ടു പോലും സ്വന്തം നിലനില്പിനെ അപകടത്തിലാക്കി (ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തും, തിരസ്‌കൃതനാക്കും) ഒരാള്‍ ഇപ്രകാരം തുറന്ന് പറയുന്നത് മരവിക്കാത്ത ഒരു മനഃസാക്ഷിയുള്ളതുകൊണ്ടുമാത്രമാണ്. ലഹരിയുമായി ബന്ധപ്പെട്ടതോ, അരും കൊലയുടേതോ ആയ ഒരു വാര്‍ത്തയുമില്ലാത്ത ഒരു ദിവസമോ, ദിനപ്പത്രമോ അസാധ്യമാകുമാറ് നമ്മള്‍ ഒരുപാടങ്ങ് മാറിക്കഴിഞ്ഞു.
ക്രിസ്തു ലോകത്തോട് ''കൊല്ലാനും, മോഷ്ടിക്കാനും നശിപ്പിക്കാനും വരുന്ന ഒരു ശത്രുവിനെക്കുറിച്ച് (യോഹ 10,10) ഓര്‍മപ്പെടുത്തിയിട്ടുണ്ട്.
ആ കൊച്ചു മിടുക്കന്റെ ആത്മഗതം പോലെ നമ്മുടെ പല യുവജനങ്ങളും, ടീനേജേഴ്‌സും 'ഒരു കഥയുമില്ലാത്തതിനു വേണ്ടി ചുമ്മാ ഒടുങ്ങുന്നവര്‍ ആയി മാറുന്ന കാഴ്ച എത്ര ഭീതിജനകമാണ്. തിരുവചനം നമുക്ക് മുന്നറിയിപ്പ് തരുന്നു. ''ശരിയെന്നു തോന്നുന്ന വഴി ചിലപ്പോള്‍ മരണത്തിലേക്കു നയിക്കുന്നതാകാം'' (സുഭാ 14,12).
മനോരമ പത്രത്തിലെ 'വാചകമേള' എന്ന കോളത്തില്‍ പ്രശസ്ത മന:ശാസ്ത്രജ്ഞനായ ഡോ. സി.ജെ.ജോണ്‍ പറഞ്ഞ ഒരു വാചകം കാണാനിടയായി ''ഫോണില്‍ തല പൂഴ്ത്തിയിരിക്കുന്ന 'ഗ്ലോ ജനറേഷ'ന്റെ മുഖങ്ങള്‍ മാത്രമേ ശോഭായമാനമായിരിക്കുന്നുള്ളൂ. കൊച്ചു തലച്ചോറുകളില്‍ അരുതാത്തതും വേണ്ടാത്തതുമായ പല ചിന്തകളാണ് ഈ ഉപകരണം പലപ്പോഴും കുത്തിനിറയ്ക്കുന്നത്. ഡിജിറ്റല്‍ അടിമത്തം കൊണ്ട് കുട്ടികള്‍ക്കു നഷ്ടമാകുന്നത് ജീവിതായോധനത്തിന് അവശ്യം വേണ്ട (SkiIIs) സ്‌കില്ലുകളാണ്.''
ഏത് ജീവിതാന്തസ്സിലായാലും വിജയിക്കാന്‍ അവശ്യം വേണ്ട ഘടകങ്ങളാണ് ക്ഷമയും, സത്യസന്ധതയും, കൃത്യനിഷ്ഠയും സഹനശീലവുമൊക്കെ. കൃത്രിമ
മായ ഒരു അയഥാര്‍ഥ ലോകത്തെ (ഡിജിറ്റല്‍) കഥാപാത്രങ്ങളും, കഥാ സന്ദര്‍ഭങ്ങളും, നായകന്മാരുമൊക്കെ (Heroes) സ്വാധീനിക്കുന്ന ഒരു തലമുറ "Learning to Live together' എന്ന കാര്യത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിടുകയാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരു കുടുംബം കെട്ടിപ്പടുക്കാന്‍, വിയോജിപ്പുകളെ ആഘോഷിച്ചുതന്നെ ഒരുമിച്ച് മുന്നോട്ട് തുഴയാന്‍, ത്യാഗത്തോടെ ജന്മം കൊടുത്ത്, വളര്‍ത്തിക്കൊണ്ടുവരാന്‍, പരാജയങ്ങളുടെ നടുവിലും പ്രത്യാശയോടെ മുന്നോട്ട് തുഴയാന്‍ ഇതിനൊന്നും ശേഷിയോ, കരുത്തോ ഇല്ലാത്തതിനാലാവണം ഇന്ന് കുടുംബജീവിത വിളിയെ വല്ലാതെ ഭയക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നത്.
മാലാഖയുടെ ബ്ലാക്ക് ബോര്‍ഡ് എന്ന തന്റെ ഗ്രന്ഥത്തില്‍ ബിഷപ്പ് ഷീന്‍ ഓര്‍മിപ്പിക്കുന്നു: ''മരണം കൊണ്ടല്ല ജീവിതം നഷ്ടമാകുന്നത്, ശ്രദ്ധയില്ലാത്ത ആയിരം കൊച്ചു കാര്യങ്ങള്‍ ദിവസം തോറും മിനിറ്റുകള്‍ തോറും ചെയ്യുന്നതിലൂടെയാണ്.'' വി. പത്രോസ് ശ്ലീഹായുടെ ഈ വചനങ്ങള്‍ ഓര്‍മിപ്പിക്കുന്നു: ''നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല'' (2 പത്രോസ് 1,10). ഒരു നിയോഗം കണ്ടെത്തുക എന്നത് എത്രയോ പ്രധാനപ്പെട്ട കാര്യമാണ്.
ജോനാഥ് കപ്പൂച്ചിന്‍ തന്റെ പാദുകം എന്ന പുസ്തകത്തില്‍ പറഞ്ഞ ഈ കഥ കൂടെ നമുക്ക് ചേര്‍ത്ത് വായിക്കാം:
ഒരു ദിവസം രാവിലെ നഗരകവാടത്തില്‍ ഒരു സഞ്ചാരി പ്രത്യക്ഷപ്പെട്ടു. അയാളുടെ മുഖത്ത് അസാധാരണമായൊരു തേജസ്സുണ്ടായിരുന്നു. ദൂരദേശത്തു നിന്നുമെത്തിയ അയാളുടെ പക്കല്‍ ഒരപൂര്‍വ പ്രതിമ യുണ്ടായിരുന്നു. ഒരു യുവാവിന്റെ ശില്പമായിരുന്നത്. അതിന്റെ വലത്തേ കൈയില്‍ ഒരു പ്രാവ് ഇരുന്നിരുന്നു. ആ പ്രതിമയുടെ മുഖത്തിന്റെ പകുതിഭാഗം ആ പ്രാവിന്റെ ശാന്തതയും നിഷ്‌കളങ്കതയും പ്രതി ബിംബിച്ചിരുന്നു. പ്രതിമയുടെ ഇടത്തേ കൈയില്‍ ഒരു സര്‍പ്പമാണ് ഉണ്ടായിരുന്നത്. മുഖത്തിന്റെ മറ്റേ പകുതി സര്‍പ്പത്തിന്റെ വിവേകതീക്ഷ്ണത തിളങ്ങിയിരുന്നു. അതു കണ്ട ആരോ സഞ്ചാരിയോടു ചോദിച്ചു, 'ഈ പ്രതിമയുടെ പേരെന്താണ്?' അയാള്‍ സൗമ്യമായി പറഞ്ഞു, 'ഈ യുവാവിന്റെ പ്രതിമയ്ക്ക് നിയോഗം എന്നാണ് പേര്. ഒരാള്‍ക്ക് തന്റെ ജീവിതനിയോഗം പൂര്‍ത്തിയാക്കാന്‍ സര്‍പ്പത്തിന്റെ വിവേകവും പ്രാവിന്റെ നൈര്‍മല്യവും അനിവാര്യമാണ്.''
ആരും വെറുതെ ഒടുങ്ങേണ്ടവരല്ല, വലിയ കാര്യങ്ങള്‍ക്കായി തന്റെ ഛായയില്‍ ദൈവം സൃഷ്ടിച്ച അപ്പന്റെ മക്കള്‍ തന്നെയാണ്, നമുക്ക് ജീവന്‍ തിരയാം, തിരഞ്ഞെടുക്കാം.

തൃശ്ശൂർ സ്വദേശിയായ ശശി ഇമ്മാനുവൽ തൃശൂർ നിർമലമാതാ സെൻട്രൽ സ്കൂളിൽ വാല്യൂ എജുക്കേഷൻ ടീച്ചറായി ജോലി ചെയ്യുന്നു. ഭാര്യ മൂന്ന് മക്കൾ.



Comments