ജൂബിലിനിറവിൽ ഷിബു അച്ചനും ബിറ്റാജു അച്ചനും | KAIROS MALAYALAN | MARCH 2026
- Kairos Media

- May 30
- 2 min read

പാലാരിവട്ടം പിഒസിയിൽ (POC) വെച്ച്, ജീസസ് യൂത്ത് മുന്നേറ്റത്തിലെ ഫാ. ഷിബു സേവ്യർ OCD യുടേയും ഫാ. ബിറ്റാജു പുത്തൻപുരയിൽ OSST യുടേയും പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർപ്പിച്ച ദിവ്യബലിയിലെ പ്രസംഗത്തിലെയും തുടർന്ന് നടന്ന അനുമോദന യോഗത്തിൽ പങ്കുവെച്ച, അവരെക്കുറിച്ചുള്ള ഓർമ്മകളുടെയും കുറിപ്പുകളാണിന. ഒത്തുകൂടിയവരിൽ ഒരുപാട് ആളുകൾ തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചെങ്കിലും ചിലത് മാത്രമാണിവിടെ കുറിക്കുന്നത്. എല്ലാവരുംതന്നെ സ്നേഹത്തിൽ ചാലിച്ചും നർമ്മത്തിൽ പൊതിഞ്ഞും തമാശരൂപേണയും ഹൃദയസ്പർശിയായും ഒക്കെയാണ് പങ്കുവെച്ചത്. സൗഹൃദത്തിൻറെ വർണ്ണക്കൂട്ടുകൾ ചാലിച്ച് വിതറുന്ന അനുഭവമായിരുന്നു ഈ ജൂബിലി ആഘോഷ കൂട്ടായ്മ. ഷിബു അച്ചനെയും ബിറ്റാജു അച്ചനെയും ഒപ്പം ജീസസ് യൂത്ത് മുന്നേറ്റത്തിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരെയും സമർപ്പിതരെയും ഈ സന്ദർഭത്തിൽ നമുക്കോർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.
…………………………….
മിനിസ്ട്രി ഓഫ് പ്രസൻസ്
ജീസസ് യൂത്ത് മുന്നേറ്റത്തിൽ പൗരോഹിത്യത്തിലേക്ക് വരുവാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ ബിറ്റാജു അച്ചൻ, ഒരു വർഷം ‘അവരോടൊപ്പം’ നടന്ന് അച്ചനുമായുള്ള ചർച്ചകൾക്കും അച്ചന്റെ ഡിസേൺമെന്റിലൂടെയുമാണ് അവരെയതിന് ഒരുക്കുന്നത്. മിതഭാഷിയാണെങ്കിലും സംസാരിക്കുന്ന കാര്യങ്ങളിൽ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഒക്കെ പൂർണ്ണത അച്ചനിൽ കാണാം.
മിനിസ്ട്രി ഓഫ് പ്രസൻസ് എന്നുപറയുന്നത് വിരുതുക്കുളങ്ങര പിതാവിനു ശേഷം ഷിബു അച്ചനിലാണ് പ്രകടമായിട്ട് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഒരേസമയം പലയിടങ്ങളിൽ 'പ്രത്യക്ഷപ്പെടാൻ' കഴിവുള്ള ഒരാളാണെന്ന് പലർക്കും അനുഭവപ്പെട്ടിട്ടുള്ളതാണ്. തന്റെ സാന്നിധ്യം മാത്രമല്ല വ്യക്തിപരമായി ആളുകളെ അറിഞ്ഞിടപെടുന്ന ഒരു വ്യക്തിത്വത്തിനുടമ കൂടിയാണ് ഷിബുവച്ചൻ.
- മനോജ് സണ്ണി
……………………………………
ഗൈഡ്
പാസ്റ്ററിംഗ്, എൽഡറിംഗ് എന്നൊക്കെ പറയുന്ന കാര്യങ്ങൾ ധാരാളമാളുകൾ അച്ചൻറെയടുക്കൽ ചെയ്യുന്നതായിട്ട് എനിക്കറിയാം. അത്തരത്തിൽ ആളുകളെ ഗൈഡ് ചെയ്യുന്ന ഒരു വ്യക്തിയാണ് ബിറ്റാജു അച്ചൻ.
അച്ചന്മാർ ചിലരൊക്കെ ഉച്ചയ്ക്ക് ഉറങ്ങുവാനായി സമയം കണ്ടെത്തുന്നവരാണ്. എന്നാൽ ഷിബുവച്ചൻ പകൽ മാത്രമല്ല രാത്രിയിലും ഉറക്കമില്ലാത്ത ഒരാളായിട്ടാണ് തോന്നിയിട്ടുള്ളത്. കാരണം, പല ആളുകളെ കാണുവാനും ചിലപ്പോൾ മരണം നടന്ന വീടുകൾ ആണെങ്കിൽ രാത്രിയാണെങ്കിലും അവിടെ എത്തുവാനും പ്രാർത്ഥിക്കുവാനുമൊക്കെ സമയം കണ്ടെത്തുന്ന വ്യക്തിയാണ് ഷിബുവച്ചൻ.
- വി.എം. ജോർജ്
……………………………….
പ്രകൃതം
എന്റെ മകളുടെയടുത്ത് തനിക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ടോ എന്നുള്ള അച്ചൻറെ ചോദ്യം, പലരോടും ചോദിക്കുന്ന സ്വാഭാവികമായ ചോദ്യമാണ്. പ്രായഭേദമന്യേ ഏവരോടും കൂട്ടുകൂടുന്ന പ്രകൃതത്തിന്റെ തെളിവാണത്.
ബുദ്ധിപൂർവ്വവും വിവേകത്തോടും സംസാരിക്കുന്ന ഒരു സ്വഭാവത്തിന് ഉടമയാണ് ബിറ്റാജു അച്ചൻ. ആവശ്യത്തിനുമാത്രം സംസാരിക്കുകയും ആവശ്യമുള്ളത് മാത്രം പറയുകയും ചെയ്യുന്ന പ്രകൃതം.
- ബേർളി ഏണസ്റ്റ്
…………………………..
അടയാളം
ഷിബുവച്ചൻ മറ്റുള്ളവരിലേക്ക് സ്ട്രെച്ച് (stretch) ചെയ്യുന്നത് കാണുന്നതാണ് എനിക്ക് അച്ചനിൽ നിന്ന് കിട്ടിയ ചലഞ്ച്.
തിയോളജിയുടെയും ഫിലോസഫിയുടെയും എബിസിഡി (ABCD) പോലുമറിയാത്ത എന്നെപ്പോലുള്ള ആളുകൾ പറയുന്ന 'വലിയ കാര്യങ്ങൾ' കേട്ടുകൊണ്ട് ചിരിച്ചുകൊണ്ടിരിക്കാനും പ്രോത്സാഹിപ്പിക്കാനും ബിറ്റാജു അച്ചൻ കാണിക്കുന്ന മനസ്സ്, അത് വിനയത്തിന്റെയും ഹൃദയ വിശാലതയുടെയും അടയാളമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
- ടോംസ് മൈക്കിൾ
……………………………….
അർത്ഥവത്താണ്
കൊരിന്തോസുകാരുടെ ലേഖനത്തിൽ സ്നേഹത്തെക്കുറിച്ച് പറയുന്ന തിരുവചനങ്ങൾ, ഷിബുവച്ചനെ കുറിച്ചും ബിറ്റാജു അച്ചനെ കുറിച്ചും ഓർക്കുമ്പോൾ അക്ഷരംപ്രതി അർത്ഥവത്താണ്.
- ബീന മനോജ്
…………………………………..
ചെരിപ്പുകളാകാൻ
നിങ്ങൾ ചെരിപ്പിടാറുണ്ടോ എന്നുള്ള ചോദ്യവും അതെ എന്നുള്ള ഞങ്ങളുടെ മറുപടിക്ക് ശേഷം എത്രപേർ ചെരിപ്പുകൾ ആകാൻ ആഗ്രഹിക്കുന്നു എന്ന രണ്ടാമത്തെ ചോദ്യവും ചോദിച്ചു കൊണ്ട് ഷിബുവച്ചൻ, കുർബാനയ്ക്കിടയിലുള്ള ഹോമിലി അവസാനിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ അനുഭവം... അതിന്നും ഓർക്കുകയാണ്.
- സിസി ജോസഫ്
…………………………………
ചാമിംഗ്
വചനം വ്യാഖ്യാനിച്ച് പങ്കുവെച്ചുകൊടുക്കാനുള്ള വളരെ സ്വതസിദ്ധമായ ഒരു കഴിവ് ബിറ്റാജു അച്ചനിൽ കണ്ടിട്ടുണ്ട്.
മറ്റുള്ളവരുടെ കൂടെ ആയിരിക്കുകയും സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഷിബുവച്ചൻറെ സാന്നിധ്യം വളരെ ചാമിംഗ് എന്ന് വേണം പറയാൻ.
- ഡോ. കൊച്ചുറാണി ജോസഫ്
…………………………………
പ്രകടമാകുന്ന ക്രിസ്തു
സമരിയാക്കാരി സ്ത്രീയുടെ കൂടെയിരുന്ന് അവൾ പോലുമറിയാതെ അവളെ രക്ഷയിലേക്ക് നയിച്ച ക്രിസ്തുവിനെയും എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ കൂടെ നടന്ന് അവരുടെ ഹൃദയം തുറന്ന ക്രിസ്തുവിനെയും പ്രകടമാക്കുന്ന നമ്മുടെ രണ്ട് പ്രിയപ്പെട്ട അച്ചന്മാരാണ് ബിറ്റാജു അച്ചനും ഷിബു അച്ചനും.
- ഫാ. ഡിറ്റോ ദേവസ്സി
……………………………………..
സാന്നിധ്യം
ചൂണ്ടയിട്ട് മീനെ പിടിച്ചു കഴിയുമ്പോൾ ചില മീനുകൾ കയ്യിൽ നിന്ന് വഴുതി പോകുന്നതുപോലെയാണ് ബിറ്റാജു അച്ചനെ ഓർക്കുമ്പോൾ തോന്നുന്നത്. കാരണം, ഒരുപാട് തവണ ആഗ്രഹിച്ചിട്ടുണ്ട് അച്ചനോടൊപ്പം ഇരിക്കാനും അച്ചൻറെ സാന്നിധ്യം നിരന്തരം ഞങ്ങൾക്ക് ലഭിക്കാനും. സംശയനിവാരണങ്ങൾക്കും പലതും പഠിക്കുവാനുമൊക്കെ ഞങ്ങൾ സമീപിക്കുമ്പോഴും കയ്യിൽ നിന്ന് വഴുതി പോകുന്ന അനുഭവമാണ് ഉണ്ടാകുന്നത്. അത്രയും ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു അച്ചൻറെ സാന്നിധ്യം ലഭിക്കുവാൻ.
- ബാബു ജോൺ



Comments