top of page
Search

"ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കും" | KAIROS MALAYALAM | JUNE 2026

  • Writer: Kairos Media
    Kairos Media
  • May 31
  • 4 min read

പരിചയമുള്ള ചിലർക്കിടയിൽ നിന്നും പങ്കുവെച്ചു കേട്ടത് വായനക്കാർക്കായി ഇവിടെ കുറിപ്പുകളാകുന്നു. ചെറിയ കാര്യങ്ങളിലെ വിശ്വസ്തത വലിയ കാര്യം തന്നെയാണ്. പ്രായഭേദമന്യേ ഏതൊരുവനും തിരിച്ചറിയേണ്ടതും അനുവർത്തിക്കേണ്ടതുമായ ഒന്നാണ് ചെറിയ കാര്യങ്ങളിലെ വിശ്വസ്തത. മനുഷ്യർക്കിടയിൽ പരസ്പരവും അതിലുപരി ദൈവത്തോടും, ചെറിയകാര്യങ്ങളിൽ വിശ്വസ്തത പാലിക്കേണ്ടതുണ്ട്. ജീവിതയാത്രയിൽ വലിയ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അർപ്പണബോധത്തോടും നിശ്ചയദാർഢ്യത്തോടും കൂടി ചെയ്യുവാൻ ചെറിയ കാര്യങ്ങളിലെ വിശ്വസ്തത നമുക്ക് അനുഭവസമ്പത്താകും തീർച്ച. ഈ താളുകളിലെ വായനയിലൂടെയും അതിനു ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.



കുഞ്ഞു കാര്യങ്ങളിൽ നമുക്ക് വിശ്വസ്തരാകാം

"ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കും" ഈ തിരുവചനം അനുദിന ജീവിതത്തിൽ എങ്ങനെയൊക്കെ പ്രതിഫലിക്കുന്നുവെന്ന് പങ്കുവെക്കുകയാണ് കുറച്ചു കൂട്ടുകാർ. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തെ ഇത്ര സമീപസ്ഥനായി കണ്ടുമുട്ടുന്നത് എത്ര സുന്ദരവും രസകരവുമാണെന്ന് ഇതറിയുമ്പോൾ തോന്നുക സ്വാഭാവികം. വചനമായ ഈശോയെ നിത്യജീവിതത്തിൽ കണ്ടുമുട്ടാൻ കുട്ടികൾക്കും കൗമാരക്കാർക്കും ഇത് നിശ്ചയമായും ഉപകരിക്കും.

തയ്യാറാക്കിയത്: എൽസീന ജോസഫ്, ബാംഗ്ലൂർ


🕊️ കർത്താവേ കാത്തോണേ


ഓരോ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ആ ദിവസത്തെ മുഴുവൻ കാര്യങ്ങളെയും ഈശോയുടെ കയ്യിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു തുടങ്ങുമ്പോൾ അന്നത്തെ മുഴുവൻ കാര്യങ്ങളിലും തമ്പുരാൻ്റെ പരിപാലനയും സ്വരവും കേൾക്കാൻ കഴിയും. നിസ്സാരമായ ഉദാഹരണം പറയാം; ദിവസവും കോളേജിൽ ചെല്ലുമ്പോൾ എട്ടാം നിലയിലുള്ള എൻ്റെ ക്ലാസ്സിൽ ചെല്ലുന്നതിനായി ലിഫ്റ്റ് കാത്തുനിൽക്കേണ്ടി വരാറുണ്ട്. ഞാൻ നിൽക്കുന്ന വരിയിൽ ആളുകൾ കൂടുതൽ ഉള്ളത് കൊണ്ട് ചെറിയ ക്യൂ ഉള്ള സ്ഥലത്തേക്ക് മാറി നിൽക്കാൻ സ്വാഭാവികമായുള്ള പ്രവണത തോന്നും. കാരണം ക്ലാസ്സിൽ താമസിച്ചു ചെല്ലുന്നതും അറ്റൻഡൻസ് പോകുന്നതുമൊക്കെ പേടിച്ചിട്ടാണ് ഈ ടെൻഷൻ. പരിചയക്കാർ ചിലർ ചെറിയ ക്യൂവിലേക്ക് മാറുകയും ചെയ്തിട്ടുണ്ടായിരുന്നു. അവരുടെ കൂടെ പോകണോ വേണ്ടയോ എന്ന ആശങ്കയിൽ മനസ്സിൽ ഇങ്ങനെ ഈശോയോടു ചോദിക്കും, അപ്പുറത്തേക്ക് മാറണോ എന്ന്. വേണ്ട എന്നാണ് ഉള്ളിൽ കേൾക്കുന്ന സ്വരമെങ്കിൽ പിന്നെ അവിടെത്തന്നെ നിൽക്കും. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ചെറിയ ക്യൂവിൽ നിന്ന മറ്റുള്ളവരെക്കാൾ മുന്നിലായി വലിയ ക്യൂവിൽ നിന്ന ഞാൻ ക്ലാസ്സിൽ ചെല്ലും. ഈ പരിപാടി എൻ്റെ സ്കൂൾ, കോളേജ് കാലഘട്ടത്തിൽ എപ്പോഴും ക്ലിക്ക് ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂട്ടുകാർക്കും അധ്യാപകർക്കും ഇടയിൽ 'കാര്യങ്ങൾ സമയത്ത് ചെയ്തു തീർക്കുന്ന കുട്ടി' എന്ന പരിവേഷവും ഉണ്ട്. അതിൻ്റെ ഭാഗമായി പലപ്പോഴും പല വലിയ ഉത്തരവാദിത്തങ്ങളും ഏൽപ്പിച്ചിട്ടുണ്ട്. പിന്നിലെ രഹസ്യം ഇത്രയേ ഉള്ളു, നിയന്ത്രണം ഈശോയെ ഏൽപ്പിക്കുക എന്നിട്ട് കണ്ണും പൂട്ടി അനുസരിക്കുക. ബാക്കി കർത്താവ് ഏറ്റെടുത്തോളും.

— മരിയ ബോബി, കാഞ്ഞിരപ്പള്ളി


💡 അല്പസംശയത്തിന് സ്കോപ്പ് ഇല്ല


എത്ര മനോഹരമായുള്ള വചനം ആണിത്. ആകെ ഒരുകാര്യമേ ഈശോ പറഞ്ഞിട്ടുള്ളു. ചെയ്യുന്ന കാര്യത്തിൽ വിശ്വസ്തത കാണിക്കുക. പലപ്പോഴും പലകാര്യങ്ങളും ചെയ്യാനുള്ള അവസരം കിട്ടുമ്പോൾ 'ഞാൻ ഇത് ചെയ്താൽ ശരിയാകുമോ' എന്നുള്ള സംശയവും ആവശ്യമില്ലാത്ത ചില അപകർഷതാ ബോധവും ഒക്കെ ഉണ്ടാവാറുണ്ട് നമുക്ക്. എന്നാൽ കർത്താവ് ആവശ്യപ്പെട്ടത് കഴിവും മികവും ഒന്നുമല്ല, മറിച്ച് വിശ്വസ്തതയാണ്. ചെയ്യുന്ന കാര്യങ്ങളെ ദൈവകരങ്ങളിൽ സമർപ്പിച്ചു ആ ആശ്രയത്തിൽ മുന്നോട്ട് പോകുക എന്നുള്ളതാണ് ഈ ജീവിതത്തിൽ നമ്മളിൽ നിന്നും ദൈവം ആഗ്രഹിക്കുന്നത്. ബാക്കിയൊക്കെ കർത്താവ് നോക്കിക്കൊള്ളും.

— നിക്സൺ തോമസ്, തലശ്ശേരി


🌱 വിശ്വാസം എന്നാൽ സാധ്യതയാണ്


ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന ആത്മവിശ്വാസത്തിൽ നിന്നല്ലേ നമ്മൾ വലിയ കാര്യങ്ങൾ ചെയ്യാൻ പ്രചോദിതരാകുക. നിസ്സാരമെന്നു കരുതുന്ന കാര്യങ്ങൾ പോലും നമുക്ക് കിട്ടുന്ന അവസരമായി കണ്ട്, പറ്റും എന്ന ബോധ്യത്തിൽ വിശ്വസ്തതയോടെ ചെയ്തുകഴിയുമ്പോൾ നമ്മുടെ വിശ്വാസം എത്രത്തോളമുണ്ടെന്നും സ്വന്തം സാധ്യതകളെ കുറിച്ചും പരിമിതികളെ കുറിച്ചുമൊക്കെ നമുക്കുതന്നെ ഉറപ്പാക്കാനും പറ്റുമല്ലോ. ഈശോ തോമാശ്ലീഹായോട് പറഞ്ഞില്ലേ "നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ" എന്ന്.

അതുപോലെ ചെറിയ കാര്യങ്ങളിൽ വിശ്വസിച്ചാൽ നമ്മൾ തന്നെ വലിയ കാര്യങ്ങളിലും മറ്റുള്ളവർക്ക് എന്നപോലെ തന്നെ നമുക്കുതന്നെ ബോധ്യപ്പെടാനും കൂടുതൽ ഉത്സാഹത്തോടെ ചെയ്യാനും സാധിക്കും. വിശ്വാസം എന്നത് വാക്കുകളിൽ അല്ലല്ലോ, നമ്മുടെ പ്രവർത്തികളിലൂടെ വേണം നമ്മൾ തെളിയിക്കാൻ. അത് നമുക്ക് വേണ്ടി മാത്രമല്ല. കൂടെയുള്ളവർക്ക് കൂടി പ്രചോദനമാകുകയും ചെയ്യും.

— ആനിയ സാബു, ഡിഗ്രി വിദ്യാർത്ഥിനി, മരിയൻ കോളേജ് കുട്ടിക്കാനം


🪜 ചെറുപടികളായി കയറണം


പലപ്പോഴും വലിയ സ്വപ്നങ്ങൾ കാണുന്നവരാണ് നമ്മൾ. വലിയ കാര്യങ്ങൾ ചെയ്യാൻ താല്പര്യമുള്ളവർ. ചെറിയ കാര്യങ്ങളെ നിസ്സാരമായി കാണാനുള്ള പ്രവണത കൂടുതലുമാണ്. നല്ല ജോലി ആഗ്രഹിച്ചു കാത്തിരിക്കുമ്പോൾ ഒരുപക്ഷെ കിട്ടിയത് ചെറിയ ജോലിയായിരിക്കും. ആഗ്രഹിച്ച ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നതല്ലാതെ ജോലി മാത്രം കിട്ടുന്നില്ല. ഇങ്ങനെ ഒത്തിരിപ്പേരെ കണ്ടിട്ടുണ്ട്.

വിശ്വാസത്തോടെയുള്ള കാത്തിരിപ്പിന് ഫലമുണ്ടാകും എന്നുള്ളതിന് സംശയമില്ല. പക്ഷെ, വലിയത് ആഗ്രഹിച്ചിട്ടും കിട്ടിയ ചെറിയ ജോലിയെ നിറഞ്ഞമനസ്സോടെ സ്വീകരിക്കാനും അവിടെ കിട്ടിയ ഓരോ അവസരത്തെയും പരമാവധി പ്രയോജനപ്പെടുത്താനും ശ്രമിക്കുമ്പോൾ ഈ പരിചയസമ്പത്തുകളുടെയൊക്കെ അടിസ്ഥാനത്തിൽ ഒടുവിൽ ആഗ്രഹിച്ചതുപോലുള്ള ജോലിയിലേക്ക് പടിപടിയായി എത്തുന്നതാണ് എൻ്റെ അനുഭവം. ഈ തിരുവചനത്തോട് ചേർന്ന് നിൽക്കുന്നതാണ് താലന്തിൻ്റെ ഉപമ. അതിൽ ഈശോ നോക്കിയത് നിനക്ക് കിട്ടിയ താലന്ത് നീ എങ്ങനെ വിനിയോഗിച്ചു എന്നാണ്. കാര്യം സിംപിളാണ്. കർത്താവ് ഓരോ കാര്യത്തിലേക്കും നമ്മളെ വിളിക്കുന്നതും ഒരുക്കുന്നതും അവിടുന്ന് നമ്മളെ പരിശീലിപ്പിക്കുന്നതും ഇങ്ങനെ കുഞ്ഞു കാര്യങ്ങളിലൂടെയാണ്. അതിലൂടെ ഒടുവിൽ അവിടുന്ന് നമ്മുടെ ഹൃദയത്തിൻ്റെ ആഗ്രഹങ്ങൾ സാധിച്ചുതരുമെന്ന് ഉറപ്പാണ്.

— ജിജിൽ ജോർജ്ജ്, ഗ്രാഫിക് ഡിസൈനർ, ബാംഗ്ലൂർ


📝 പരീക്ഷാഹാളിൽ ഇരിക്കുമ്പോൾ ഓർക്കണം!


ഈ വചനം കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് പരീക്ഷാഹാൾ ആണ്. പ്രത്യേകിച്ചും മുതിർന്ന ക്ലാസുകളിലെ പരീക്ഷാ സമയം. പല വിഷയങ്ങളും നന്നായി പഠിച്ചിട്ട് പോകുമ്പോൾ പോലും ചോദ്യപ്പേപ്പർ കിട്ടുമ്പോൾ കണ്ണിൽ ഇരുട്ടായിരിക്കും. കൂട്ടുകാരൊക്കെ അങ്ങോട്ടുമിങ്ങോട്ടും നോക്കി പരസ്പരം ആംഗ്യങ്ങൾ കാണിച്ചും ഉത്തരം സംഘടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. ഒത്തിരി പ്രയാസമുള്ള പരീക്ഷയാണെങ്കിൽ 'പാവങ്ങൾ ജയിച്ചുപോകട്ടെ' എന്ന് വിചാരിച്ചിട്ടാവണം ചിലപ്പോൾ അധ്യാപകരും ചെറിയ പരിഗണന കാണിക്കാറുണ്ട്.

എനിക്കും സ്വാഭാവികമായുള്ള പ്രലോഭനം തോന്നുമെങ്കിലും ഈ തിരുവചനം മനസ്സിലേക്ക് ഓടിവരും. പിന്നെ അറിയാവുന്ന കാര്യങ്ങൾ വേഗം എഴുതിവെച്ച് പരീക്ഷ പൂർത്തിയാക്കി മടങ്ങും. എന്നേക്കാൾ ഉയർന്ന മാർക്ക് നേടിയ കൂട്ടുകാർ നിരവധി ഉണ്ടെങ്കിലും ജോലിയിൽ കർത്താവിൻ്റെ ഇടപെടൽ ഞാൻ അനുഭവിച്ചത് നിരവധി തവണയാണ്. അതിൻ്റെ കാരണവും ഇതുതന്നെയാണ്. ചെയ്യുന്ന കാര്യങ്ങളിൽ പുലർത്തുന്ന വിശ്വസ്തതയും ആത്മാർത്ഥതയും നമ്മുടെ മേലധികാരികളിൽ നമ്മളെ കുറിച്ച് മതിപ്പ് ഉളവാക്കും. വിശ്വസ്തതക്ക് ദൈവം പ്രതിഫലം തരുമെന്ന് നിശ്ചയമാണ്.

— ദിയ സ്റ്റെല്ല മാത്യു, ക്ലൗഡ് അനലിസ്റ്റ്, പൂനെ


❤️ മനോഭാവമാണ് പ്രധാനം!


ചെറിയ ക്ലാസുകളിൽ പഠിക്കുന്ന സമയത്ത് ടീച്ചർമാർ ഓരോ കാര്യങ്ങളും ചെയ്യുന്നതിനായി കുട്ടികളെ ഏൽപ്പിക്കുമല്ലോ. വഴക്ക് കേൾക്കാതിരിക്കാൻ വേണ്ടി കൂട്ടുകാരൊക്കെ അത് ഒരുവിധം ചെയ്തു അവസാനിപ്പിക്കും. അന്നൊക്കെ എന്നെ ഏൽപ്പിച്ചിരുന്ന കാര്യങ്ങൾ ഞാൻ വലിയ ഇഷ്ടത്തോടെയാണ് ചെയ്തിരുന്നത്. എന്നാൽ കഴിയുന്ന വിധം കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. ചെറിയ ക്ലാസ് തൊട്ട് ഇതുതന്നെയായിരുന്നു എൻ്റെ രീതി.

അങ്ങനെ ഡിഗ്രി ക്ലാസ്സിൽ എത്തിയപ്പോൾ കുറച്ചുകൂടി ഗൗരവമുള്ള ഉത്തരവാദിത്തങ്ങൾ ഡിപ്പാർട്മെൻ്റിൽ നിന്നും ആവശ്യപ്പെടുന്നതനുസരിച്ച് ചെയ്യാൻ തുടങ്ങി. അങ്ങനെ ഇരിക്കുന്ന അവസരത്തിൽ ഡിപ്പാർട്മെൻ്റ് സംഘടിപ്പിച്ച ഒരു ഫെസ്റ്റിന് വേണ്ടിയുള്ള തുകയുടെ—ഏതാണ്ട് നാലുലക്ഷം രൂപയുടെ—ഉത്തരവാദിത്തം അധ്യാപകർ എന്നെ ഏൽപ്പിച്ചു. ആദ്യം ഞാൻ അമ്പരന്നു. പിന്നെ എനിക്ക് തന്നെ മനസ്സിലായി ചെയ്യുന്ന കാര്യങ്ങളിൽ കാണിച്ചിരുന്ന വിശ്വസ്തതയും പരാതിയോ മടുപ്പോ കൂടാതെ ചെയ്യുന്നതും കൊണ്ടാണ് അവരെന്നെ ഇതിനായി തിരഞ്ഞെടുത്തതെന്ന്. പിന്നീടും എനിക്ക് ഇത്തരം വലിയ കാര്യങ്ങൾക്കുള്ള അവസരങ്ങൾ കിട്ടിയിട്ടുണ്ട്. ഏൽപ്പിച്ച കാര്യങ്ങൾ ചെയ്യുക എന്നതിനപ്പുറം 'ഹൃദയങ്ങൾ അറിയുന്ന ദൈവം' നമ്മുടെ മനോഭാവത്തെ കൂടി പരിഗണിക്കുന്നു എന്ന കാര്യം ഈ വചനം എന്നെ പഠിപ്പിച്ചിട്ടുണ്ട്.

— ജെസ്വിൻ ജസ്റ്റിൻ, എറണാകുളം


📖 തിരിച്ചറിവായിരുന്നു വചനം


ചെറുപ്പത്തിൽ ചെയ്തുപോയ ചില അബദ്ധങ്ങൾ ഇനി ആവർത്തിക്കാതിരി- ക്കാനുള്ള ഓർമ്മപ്പെടുത്തലാണ് എനിക്ക് ഈ വചനം. മതബോധനക്ലാസ്സിൽ പഠിക്കുമ്പോൾ മിഷൻ ലീഗുകുട്ടികൾക്കായി സൽപ്രവൃത്തികൾ രേഖപ്പെടുത്തുന്ന 'മാനുവൽ ബുക്ക്' എന്നൊരു കുഞ്ഞു ബുക്ക് ഉണ്ടായിരുന്നു. അതിൽ ആ ആഴ്ച ചെയ്ത പുണ്യപ്രവൃത്തികൾ, ജപമാല, സുകൃതജപം എന്നിവയൊക്കെ എത്രയെണ്ണം എന്ന തരത്തിൽ എഴുതി സൂക്ഷിക്കണ- മായിരുന്നു. പലപ്പോഴും വേദപാഠക്ലാസ്സിൽ ഇരിക്കുമ്പോഴാണ് ഈ ബുക്കിൽ എഴുതേണ്ട കാര്യം ഓർക്കാറുള്ളത്. പിന്നെ പെട്ടെന്ന് മനസ്സിൽ തോന്നിയ വിധം ഒരു നമ്പർ എഴുതുക പതിവായിരുന്നു. കൂട്ടുകാർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കിയും സംസാരിച്ചും ഒക്കെ എഴുതും. മിക്കവാറും ഒട്ടും സത്യസന്ധമല്ലാത്ത കണക്കുകളാണ് ആ പ്രായത്തിൽ എഴുതി കൊടുത്തിരുന്നത്. മുതിർന്നപ്പോഴാണ് അന്ന് ചെയ്തിരുന്ന ചെറുതല്ലാത്ത ആ തെറ്റ് എനിക്ക് ബോധ്യപ്പെടുന്നത്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ കൂട്ടുകാർ കൂടി ശ്രദ്ധിക്കുന്നുണ്ടെങ്കിൽ ആ കാര്യത്തിൽ നമുക്ക് ഉണ്ടാവേണ്ടുന്ന സത്യസന്ധത എത്ര വലുതായിരിക്കണം. കാരണം ഞാൻ ചെയ്യുന്ന തെറ്റ് അവർ ആവർത്തിക്കുമ്പോൾ എൻ്റെ തെറ്റും ഒപ്പം കൂട്ടുകാരെ തെറ്റിന് പ്രേരിപ്പിച്ചതും ചേർത്ത് ഞാൻ ഈശോയെ വേദനിപ്പിച്ചിട്ടുണ്ട്. അപ്പോൾ നന്മയുള്ളത് ചെയ്യുമ്പോൾ അതുകണ്ടു കൂട്ടുകാർ അനുകരിച്ചാൽ അത് ഈശോയ്ക്ക് നൽകുന്നത് എത്ര വലിയ സന്തോഷമായിരിക്കും. ഇന്ന് എൻ്റെ ജോലി മേഖലയിൽ ഞാൻ അത് ശ്രദ്ധിക്കാറുണ്ട്. എൻ്റെ ഉത്തരവാദിത്തങ്ങൾ മറ്റുള്ളവർക്ക് കൂടി മാതൃകയാകുന്ന വിധം മനോഹരമായി ചെയ്യാനും ഹൃദ്യതയോടെ വലുപ്പച്ചെറുപ്പം നോക്കാതെ ഉപഭോക്താക്കളോട് പെരുമാറാനുമൊക്കെ.

— ഐഡ അഗസ്റ്റിൻ, ബാങ്കിൽ ജോലി ചെയ്യുന്നു, ചെമ്പേരി



 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page