top of page
Search

ചെറിയ കാര്യങ്ങളിലെ വിശ്വസ്തൻ | KAIROS MALAYALAM | JUNE 2026

  • Writer: Kairos Media
    Kairos Media
  • May 31
  • 2 min read

മറ്റുള്ളവരെ ശ്രവിക്കാൻ സമയം കണ്ടെത്തുകയെന്നത് ഒരു മനുഷ്യനെ സ്നേഹിക്കുന്നതിന്റെ ഏറ്റവും സത്യമായ പ്രകടനങ്ങളിൽ ഒന്നാണ്.



"ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും" (ലൂക്കാ സുവിശേഷം 16:10) - ഈ വചനം ഒരു ഉപദേശം മാത്രമല്ല, ഒരു ജീവിതപാതകൂടിയാണ്. വിശ്വാസത്തിൽ ശാന്തമായി വളരുന്ന ക്രിസ്തീയ ജീവിതം വലിയ പ്രകടനങ്ങളിലൂടെയല്ല; ദിവസേന നാം ചെയ്യുന്ന ചെറിയ വിശ്വസ്തതകളിലൂടെയാണ് രൂപം കൊള്ളുന്നത്. ദൈവം നമ്മെ വിളിക്കുന്നത് വലിയ വേദികളിലേക്കല്ല, മറിച്ച് നമ്മുടെ കൈകളിൽ നൽകിയിരിക്കുന്ന ചെറിയ ഉത്തരവാദിത്തങ്ങളിൽ ആത്മാർത്ഥതയോടെ നിൽക്കാനാണ്.


യേശുക്രിസ്തു നമ്മെ പഠിപ്പിച്ചതുപോലെ, "നിങ്ങളുടെ വാക്ക് 'അതെ' എന്നോ 'അല്ല' എന്നോ ആകട്ടെ" (മത്തായി സുവിശേഷം 5:37). ഈ ലളിതമായ ആഹ്വാനം ഒരു സുതാര്യമായ ജീവിതത്തിലേക്കുള്ള ക്ഷണമാണ്. വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമുള്ള, വിശ്വാസയോഗ്യമായ ഒരു വ്യക്തിത്വത്തിലേക്കുള്ള ക്ഷണം. ഇത് ഒരുദിവസം കൊണ്ട് ഉണ്ടാകുന്ന മാറ്റമല്ല; പതുക്കെ പതുക്കെ രൂപം കൊള്ളുന്ന ആത്മീയ പാകപ്പെടലാണ്.


"ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കിൽ അതൊക്കെ വ്യർത്ഥം" എന്ന് വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. അതായത്, സ്നേഹമില്ലാതെയുള്ള ഏറ്റവും വലിയ ത്യാഗങ്ങൾ പോലും അർത്ഥശൂന്യമാണ്. മറുവശത്ത്, സ്നേഹമുണ്ടെങ്കിൽ വിശ്വസ്തത സ്വാഭാവികമായി ഓരോ കാര്യത്തിലും നിറയും. അപ്പോൾ ഓരോ ചെറിയ പ്രവർത്തിയും "എനിക്കെന്നപോലെ അപരനും സഹായകമാകണം" എന്ന ചിന്ത വരും. ഇതാണ് യഥാർത്ഥ ക്രിസ്തീയ ജീവിതത്തിന്റെ ആഴം.


ഈ സത്യത്തിന് ജീവിതം തന്നെയാണ് സാക്ഷി. പല മഹാന്മാരുടെയും ജീവിതം പരിശോധിച്ചാൽ കാണാം, അവരെ ഉയരങ്ങളിലേക്ക് നയിച്ചതും ചെറിയ കാര്യങ്ങളിലെ വിശ്വസ്തതയായിരുന്നു. മദർ തെരേസ ഒരു രോഗിയുടെ വേദന കേൾക്കാനും അവനെ കരുതലോടേ കൈപിടിക്കാനും എടുത്ത ചെറിയ തീരുമാനമാണ് ലോകത്തെ സ്പർശിച്ച മഹത്തായ സേവനമായി വളർന്നത്. അബ്രഹാം ലിങ്കൺ ഒരു ചെറിയ തുക തിരികെ നൽകാൻ കിലോമീറ്ററുകൾ നടന്ന് പോയപ്പോൾ, അത് നീതിബോധത്തിന്റെ ചെറിയൊരു പ്രകടനം മാത്രമായിരുന്നു; പക്ഷേ അതാണ് അദ്ദേഹത്തിന്റെ വിശ്വാസ്യതയുടെ അടിത്തറയായി മാറിയത്. മഹാത്മാഗാന്ധി തന്റെ ചെറിയ തെറ്റുകൾ പോലും തുറന്നു സമ്മതിച്ച സത്യസന്ധതയിലൂടെ ഒരു രാജ്യത്തെ സത്യത്തിന്റെ വഴിയിൽ നയിച്ചു. ഇവരുടെ ജീവിതം നമ്മോട് പറയുന്നത്, വലിയ മഹത്വം പതുക്കെ പതുക്കെ ചെറിയ വിശ്വസ്തതകളിൽ നിന്നാണുയുരുന്നത് എന്നാണ്.


ഈ വിശ്വസ്തത നിത്യജീവിതത്തിലെ ചെറു കാര്യങ്ങളിൽ പ്രകടമാകണം. സമയനിഷ്ഠ പാലിക്കുക - മറ്റുള്ളവരുടെ സമയത്തെ മാനിക്കുന്ന സ്നേഹത്തിന്റെ ഒരു രൂപം. നമുക്ക് ഏല്പിച്ചിരിക്കുന്ന വസ്തുക്കളെയും അവസരങ്ങളെയും മാന്യമായി കൈകാര്യം ചെയ്യുക - പൊതു വസ്തുക്കൾ പോലും ശ്രദ്ധയോടെ ഉപയോഗിക്കുക. ഇത് ഉത്തരവാദിത്തത്തിന്റെ അടയാളമാണ്. അതുപോലെ, മറ്റുള്ളവരെ ശ്രവിക്കാൻ സമയം കണ്ടെത്തുകയെന്നത് ഒരു മനുഷ്യനെ സ്നേഹിക്കുന്നതിന്റെ ഏറ്റവും സത്യമായ പ്രകടനങ്ങളിൽ ഒന്നാണ്. ഈ ചെറിയ ശീലങ്ങൾ എല്ലാം കൂടി നമ്മുടെയുള്ളിൽ വിശ്വസ്തതയുടെ വിത്തുകൾ നട്ടുവളർത്തുന്നു.


അങ്ങനെ ഒരു ചെറിയ വാക്ക്, ഒരു ചെറിയ സഹായം, ഒരു ചെറിയ ശ്രദ്ധ - ഇവ ഇനി സാധാരണ കാര്യങ്ങളായിരിക്കില്ല; അവ സ്നേഹത്തിന്റെ പ്രകടനങ്ങളാകും. പതുക്കെ പതുക്കെ ഈ ചെറിയ വിശ്വസ്തതകൾ വളർന്ന്, നമ്മുടെ ജീവിതത്തിൽ വലിയ വസന്തങ്ങളായി വിരിയും. നമ്മെയും നമ്മിലൂടെ മറ്റുള്ളവരെയും മാറ്റുന്ന ദൈവിക അനുഗ്രഹമായി.


അതിനാൽ, നമുക്ക് മുന്നിലുള്ള ചെറിയ കാര്യങ്ങളെ നിസ്സാരമാക്കാതെ, സ്നേഹത്തോടും വിശ്വസ്തതയോടും കൂടി സ്വീകരിക്കാം. കാരണം, സ്നേഹത്തോടെ ചെയ്യുന്ന ചെറിയ കാര്യങ്ങളാണ് അത്ഭുതങ്ങളിലേക്കു നയിക്കുന്നത്. നമ്മുടെ ജീവിതം തന്നെ മറ്റുള്ളവർക്കൊരു വെളിച്ചമാകട്ടെ. ചെറിയ വിശ്വസ്തതകളിലൂടെ വലിയ കൃപയനുഭവിക്കുന്ന, അനേകരുടെ ഹൃദയങ്ങളിൽ വസന്തങ്ങൾ വിരിയിക്കുന്ന ഒരു ജീവിതസാക്ഷ്യം.



ഷാജി ലൂയിസ്, എറണാകുളം

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page