ഗോഡ്സ് ഓൺ ഇൻഫ്ലുവൻസർ | KAIROS MALAYALAM | FEBRUARY 2026

ഹലോ ഗയ്സ്, വെൽക്കം ടു മൈ യൂട്യൂബ് ചാനൽ, ഐ ആം എ ബ്ലോഗർ, ഐ ആം എ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ..... നമ്മുടെയൊക്കെ കയ്യിലുള്ള സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ ഇവ തുറന്നാൽ, എപ്പോഴും നമ്മളെ തേടിയെത്തുന്ന ശബ്ദങ്ങളിലൊന്ന് ഇവയിൽ ഏതെങ്കിലു മൊന്നായിരിക്കും.
സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരായി ആരാണുള്ളത്. ഇന്നെല്ലാത്തിന്റെയും അനന്തമായ സാധ്യതകൾ നമ്മുടെയൊരു വിരൽത്തുമ്പിലുണ്ട്. ആശയവിനിമയം, സംശയനിവാരണം, പഠനം, വിനോദം അങ്ങനെ മറ്റെന്തൊക്കെ സാധ്യതകളാണ് സമൂഹമാധ്യമങ്ങൾ നമുക്ക് മുമ്പിൽ വച്ചുനീട്ടുന്നത്.
നന്മതിന്മകൾക്കെതിരെ പ്രതികരിക്കുവാൻ ഏറ്റവും നല്ല മാർഗ്ഗമായി ഇന്ന് സമൂഹമാധ്യമങ്ങൾ മാറിയിരിക്കുന്നു. അതിനുള്ള ഉത്തമ ഉദാഹരണമാണ് നേപ്പാളിന്റെ തെരുവ് വീഥികളിൽ അരങ്ങേറിയിരിക്കുന്നത്. അഴിമതിക്കും അരാജകത്വത്തിനും എതിരെ ശബ്ദമുയർത്തിയപ്പോൾ, വായ്മൂടിക്കെട്ടിയും അടിച്ചമർത്തിയും സ്വാതന്ത്ര്യം നിഷേധിച്ചവർക്കെതിരെ ഒരു യുവതലമുറ ഇറങ്ങിത്തിരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയെങ്കിലും പ്രതികരിക്കുവാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെ തടഞ്ഞു നിർത്തിയപ്പോൾ, അവരുടെ പ്രതികരണം വളരെ വലുതായിരുന്നു, അവരാൽ ഉയർത്തപ്പെട്ട ഒരു രാഷ്ട്രീയ സമുച്ചയം തന്നെ അതിന്റെ പതനം കണ്ടു.
അങ്ങനെയെങ്കിൽ കർത്താവിന്റെ മുന്തിരി തോട്ടത്തിൽ അവന്റെ മേച്ചിൽ പുറങ്ങളിൽ നീലസമുദ്രങ്ങൾക്കും അപ്പുറം പരന്നുകിടക്കുന്ന സമതലങ്ങളിൽ, അവന്റെ "യൂത്തന്മാർ" അവന്റെ "ന്യൂജൻ പിള്ളേർ" ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളുമായി സമൂഹമാധ്യമങ്ങളുടെ അകമ്പടിയോടെ ഇറങ്ങിത്തിരിച്ചാൽ എത്രയോ പേർക്ക് ദൈവരാജ്യത്തിന്റെ സുവിശേഷം അറിയുവാൻ സാധിക്കും. എ ഐ (AI), ജെമിനി (Gemini), മെറ്റാ (Meta), അങ്ങനെ ന്യൂജൻ സാങ്കേതിക വിദ്യകൾ സുവിശേഷപ്രഘോഷണത്തിനായി ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ അത് ഒത്തിരിയധികം ആളുകൾക്ക് ഉപകാരപ്രദമായിരിക്കും.
കമ്പ്യൂട്ടർ ഉപയോഗിച്ച, ജീൻസ് ധരിച്ച, ടീഷർട്ട് ഇട്ട, ലോകത്തിന്റെ ചെറിയൊരു കോണിൽ ഇരുന്ന് ഇന്റർനെറ്റിന്റെ സഹായത്തോടെ ലോകത്ത് നടന്ന എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളും ഒരുമിപ്പിച്ച് ഒരു വെബ്സൈറ്റ് തുടങ്ങിയ, ഈശോയെയും ദിവ്യകാരുണ്യത്തെയും അത്രയധികം സ്നേഹിച്ച ഒരു ചെറുപ്പക്കാരൻ, ഒരു ചുളളൻ ചെറുക്കൻ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഇൻഫ്ലുവൻസറായി. കാർലോ അക്യുറ്റിസ്, അവനിപ്പോൾ ലോകം മുഴുവനെയും ഇൻഫ്ലുവൻസ് ചെയ്യുന്നു. ഏതെങ്കിലും ഒരു ആശ്രമത്തിന്റെയോ മിണ്ടാമഠത്തിന്റെയോ നാല് ചുവരുകൾക്കുള്ളിൽ, എപ്പോഴും പ്രാർത്ഥിച്ചും ധ്യാനിച്ചും ബൈബിൾ വായിച്ചും ഇരുന്നാൽ മാത്രമേ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുകയുള്ളൂ എന്ന പരമ്പരാഗത ചിന്താഗതികളെ തച്ചുടച്ച് വേറിട്ട ഒരു ശബ്ദമായി കാർലോ നിലനിൽക്കുന്നു.
മുഖത്തെ താടിയെല്ലിൽ പടർന്നു പിടിച്ച കാൻസർ തന്റെ ബാഹ്യസൗന്ദര്യത്തെ വികൃതമാക്കിയപ്പോഴും ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തെപ്രതി, തന്റെ ദൈവത്തോടുള്ള സ്നേഹത്തെപ്രതി തന്റെ ആന്തരിക സൗന്ദര്യം കാത്തുസൂക്ഷിച്ച ഒരു ന്യൂജൻ ഇൻഫ്ലുവൻസറാണ് "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" എന്നറിയപ്പെടുന്ന അജ്ന ജോർജ്. തന്റെ ജീവിതത്തിന്റെ യൗവനം മുഴുവൻ കർത്താവിനായി സമർപ്പിച്ച, യുവജനങ്ങളെ ജീസസ് യൂത്ത് മിഷൻ വഴിയായി ദൈവത്തിലേക്ക് അടുപ്പിച്ച് പെട്ടെന്ന് നിത്യ സമ്മാനത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ അവളുടെ ആ ദിവ്യകാരുണ്യ ഭക്തിയും സഹനശക്തിയും കൊച്ചുകൊച്ചു എഴുത്തിലൂടെയും, പ്രാർത്ഥനയിലൂടെയും, ചിത്രങ്ങളിലൂടെയും, അവൾ നമുക്ക് സമ്മാനിച്ചു കടന്നുപോകുന്നു. ജീവിതത്തിൽ കർത്താവിനെ മുറുകെ പിടിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇവളൊരു മാതൃകയാണ്.
"ഞങ്ങളൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു ഈശോയെ, ഇത്രയും സ്വീറ്റ് ആയിട്ടുള്ള ഈശോയെ, ഞങ്ങളെ നയിക്കുന്ന, എത്ര പ്രശ്നങ്ങളൊക്കെ ഉണ്ടായാലും അതിൽ നിന്നൊക്കെ ഞങ്ങളെ പൊക്കിയെടുത്തു കൊണ്ടുവരുന്ന, കൂടെയുണ്ടെന്നുപറയുന്ന, എപ്പോഴും ശക്തിപ്പെടുത്തുന്ന ഈശോയെ, ബാക്കിയുള്ളവർക്കും കിട്ടണം, ഞങ്ങളൊക്കെ അറിയുന്ന ഈ ഈശോയെ എല്ലാവർക്കും കിട്ടണം, ഈശോയ്ക്ക് ലൈഫിൽ ബെസ്റ്റ് പൊസിഷൻ കൊടുക്കണം" എന്നൊക്കെ എഴുതിവെച്ച് നമ്മെ ഇൻഫ്ലുവൻസ് ചെയ്യണമെങ്കിൽ അവൾ തീർച്ചയായും അവന്റെ തിരഞ്ഞെടുക്കപ്പെട്ട ഇൻഫ്ലുവൻസറിൽ ഒരാൾ തന്നെയാണ്.
ഫെയ്ക്ക് ഇൻഫർമേഷൻസ് നൽകുന്ന, ഫെയ്ക്ക് റോൾ മോഡൽസ് ആകുന്ന, ഫെയ്ക്ക് ഇൻഫ്ലുവൻസർമാർ ആകാതിരിക്കുവാൻ നമുക്കും ശ്രമിക്കാം.
വിശുദ്ധ കാർലോ പറഞ്ഞുവെക്കുന്നത് പോലെ “All people are born as originals, but many die as photocopies.” മനുഷ്യരൊക്കെ ഒറിജിനലായി ജനിക്കുന്നു, പക്ഷേ പലരും ഫോട്ടോകോപ്പികളായി മരിക്കുന്നു. അവന്റെ ഛായയിലും സാദൃശ്യത്തിലും ഒറിജിനലുകളായി ജനിക്കപ്പെട്ട നാം ഓരോരുത്തരും ഡ്യൂപ്ലിക്കേറ്റുകളായി മരിച്ചടക്കപ്പെടാതിരിക്കാൻ ശ്രമിക്കാം. ഈശോ അനുഗ്രഹിക്കട്ടെ.
ജിതിൻ ജോസഫ്, ഭോപ്പാൽ



Comments