top of page
Search

ഗോഡ് ഓഫ് ഡ്രീംസ് I ഫമിലിയ/ഫാമിലികഫേ I സജീവ് പാറേക്കാട്ടില്‍ I KAIROS MALAYALAM I JULY 2026

  • smithajose4
  • Jun 30
  • 4 min read

അമൂല്യവും അപാരവും അനന്ത സ്നേഹവുമായ ദൈവത്തിൻറെ സ്വപ്നങ്ങളെ കുറിച്ചുള്ള സുന്ദരമായ ഓർമ്മപ്പെടുത്തൽ... ഫാമിലി കഫേയിൽ സജീവ് പാറേക്കാട്ടിൽ.


സ്വപ്നങ്ങളെക്കുറിച്ചുള്ള ഈ കുറിപ്പ് പൂര്‍ത്തിയായത് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തിലാണ്. യുഗാന്തംവരെ മനുഷ്യന്റെ കൂടെ വസിക്കാനുളള, എമ്മാനുവേല്‍ എന്ന് വിളിക്കപ്പെടുന്ന ദൈവത്തിന്റെ സ്വപ്നസാക്ഷാത്കാരമല്ലേ കുര്‍ബാന? അപ്പമെടുത്ത് കൃതജ്ഞതാസ്‌തോത്രം

ചെയ്ത് മുറിച്ച് കൊടുത്തശേഷം 'എന്റെ ഓര്‍മയ്ക്കായ് ഇതു ചെയ്യുവിന്‍' എന്ന അരുളപ്പാടിന്റെ അര്‍ഥം മനുഷ്യന്റെ ഓര്‍മകളില്‍ വസിക്കുന്നത് അവന്റെ സ്വപ്നമായിരുന്നു എന്നല്ലേ? ദൈവത്തിന്റെ മനുഷ്യാവതാരം പോലും മനുഷ്യന്റെ വീണ്ടെടുപ്പ് എന്ന അവിടത്തെ സ്വപ്നപദ്ധതിയിലേക്കുള്ള ആദ്യ ചുവടല്ലേ? പീഡകള്‍ സഹിച്ച് കുരിശില്‍ മരിക്കുകയും മഹത്വത്തോടെ ഉയിര്‍ക്കുകയും ചെയ്ത ദൈവപുത്രന്‍ ആ സ്വപ്നത്തെ കാലമുള്ള കാലത്തോളം പ്രതിഷ്ഠിച്ചില്ലേ? 'ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനാപാത്രങ്ങളാക്കി' എന്നത് ആ സ്വപ്നത്തിന്റെ വിജയഘോഷമല്ലേ? വാനമേഘങ്ങളില്‍ അവന്‍ വീണ്ടും വരുമെന്ന വാക്ക്, ഒരു വാഗ്ദാനം എന്നതിലുപരി നമ്മെ പ്രചോദിപ്പിക്കുന്ന സ്വപ്നമല്ലേ? 'എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍' എന്ന സ്വാഗതവചനവും കുഞ്ഞാടിന്റെ വിരുന്ന് എന്ന മെറ്റെഫറും ജീവന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെടുന്ന നമ്മുടെ പേരുകളും നമുക്ക് ലഭിക്കാനിരിക്കുന്ന 'മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടവും' എല്ലാം നമ്മെ ഉത്തേജിപ്പിക്കുന്ന സ്വപ്നങ്ങളല്ലേ? ഇങ്ങനെ നോക്കിയാല്‍ സ്വപ്നങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടില്ലാത്ത യാതൊന്നും ദൈവ - മനുഷ്യബന്ധത്തിലില്ല എന്ന് വെളിപ്പെടും. നമ്മുടെ ദൈവം സ്വപ്നങ്ങളുടെ ദൈവമാണ്; ഗോഡ് ഓഫ് ഡ്രീംസ്. സ്വപ്നങ്ങളുടെ തമ്പുരാന്‍! എന്നാല്‍, സര്‍വശക്തനെങ്കിലും ദൈവത്തിന്റെ സ്വപ്നങ്ങള്‍ വള്‍നെറെബിളാണ്. മനുഷ്യന്റെ മേധാ - ഇച്ഛാശക്തികള്‍ക്കു (Intellect & will) മുമ്പില്‍ അത് വള്‍നെറെബിളാണ്. നമുക്കല്ലാതെ മറ്റാര്‍ക്കും സ്വപ്നങ്ങളുടെ തമ്പുരാനെ പരാജയപ്പെടുത്താനാവില്ല എന്നര്‍ഥം.


മുന്‍പൊരിക്കല്‍ ചോദിച്ച അതേ ചോദ്യം കഴിഞ്ഞ രാത്രിയിലും മകള്‍ ആവര്‍ത്തിച്ചു. 'അല്ല, ഈ പിതാവിന് മനുഷ്യനെ രക്ഷിക്കണമെന്ന് നിര്‍ബന്ധമായിരുന്നെങ്കില്‍ പിതാവുതന്നെ ഭൂമിയില്‍ അവതരിച്ച് കുരിശില്‍ മരിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? അതല്ലേ ഹീറോയിസം? അത് ചെയ്യാതെ സ്വന്തം മോനെ മരിക്കാനായി ഭൂമിയിലേക്ക് പറഞ്ഞു വിടുന്നു; ആ മോന്‍ പീഡകള്‍ ഏറ്റ് കുരിശില്‍ പിടഞ്ഞ് മരിക്കുന്നു; മരണനേരത്ത് പിതാവിനെ വിളിച്ച് നിലവിളിക്കുന്നു; പിതാവ് അപ്പോഴും സൈലന്റായി ഇരിക്കുന്നു! അതൊരു ഫെയര്‍ ആയ പരിപാടിയാണോ?' ചിരിച്ചു തള്ളേണ്ട ചോദ്യമല്ല. പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢരഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ ഘടനയെയും സത്തയെയും (constitution & composition) അഭിസംബോധന ചെയ്യുന്ന ചോദ്യമാണ്! ഈ 'ജെന്‍സി'കള്‍ ഇങ്ങനെയാണ്. ഉള്ളില്‍ വരുന്നതെന്തും ഉറക്കെ ചോദിക്കും. ഉത്തരം ലഭിച്ചില്ലെങ്കില്‍ 'അറിയില്ല അല്ലേ?' എന്ന് ട്രോളും. ഉത്തരം തൃപ്തികരമല്ലെങ്കില്‍ thumps down കാണിക്കും. പഴയ തലമുറകള്‍ അവിവേകം എന്ന് മുദ്രയടിച്ചിരുന്ന അത്തരം പലതും അവരുടെ സഹജഭാവങ്ങളാണ്. പരിഭവിക്കേണ്ടതില്ല. അതാണവര്‍!


ചോദ്യത്തിന് എന്ത് ഉത്തരം പറയും!?


കുഞ്ഞേ! നീ ചോദിച്ചത് പരിശുദ്ധ ത്രിത്വത്തിന്റെ പരമാനന്ദരഹസ്യത്തെ തൊടുന്ന ചോദ്യമാണ്. വിശുദ്ധ അഗസ്റ്റിനെപ്പോലെയുള്ള മഹാമനുഷ്യരെ പോലും കുഴക്കിയ ചോദ്യമാണ്. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഒരു ദൈവം; മൂന്നാളുകള്‍ എന്ന് സഭ പഠിപ്പിക്കുന്നതിനെ ഒരു സ്വപ്നം മൂന്നു റോളുകള്‍

എന്നും മനസ്സിലാക്കാം. നമ്മില്‍ നിന്ന് വിഭിന്നമായി, ത്രിത്വത്തിലെ ഓരോരുത്തര്‍ക്കും വെവ്വേറെ സ്വപ്നങ്ങളില്ല. മൂന്നാളുകള്‍ക്കും കൂടി ഒറ്റ സ്വപ്നമേയുള്ളൂ. അവരുടെ സഹവാസത്തിന്റെ കെമിസ്ട്രി നമുക്ക് അജ്ഞാതമാണെങ്കിലും അവരുടെ സ്വപ്നങ്ങളുടെ പാറ്റേണ്‍ യേശു നമുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. 'ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചു പോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല' എന്ന ഒറ്റ വചനത്തിലുണ്ട് പരമപരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകള്‍ക്കും കൂടിയുളള ഒറ്റ സ്വപ്നത്തിന്റെ സാരസര്‍വവും. 'എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും' എന്നതും ആ സ്വപ്നത്തിന്റെ സവിശേഷമായ വിളംബരമാണ്. പിന്നെ, ത്രിത്വത്തിലെ ആളത്തങ്ങളുടെ പങ്കിനെയും പങ്കാളിത്തത്തെയും വിലയിരുത്താനും വിധിക്കാനും വെറും പൊടിയായ മനുഷ്യന് കഴിയില്ല.'


മറുപടി തൃപ്തികരമായോ എന്നറിയില്ല. എന്തായാലും humps down ഉണ്ടായില്ല !


്വപ്നങ്ങളുടേതുമാണ്. അതേ, ദൈവം സ്‌നേഹം മാത്രമല്ല; സ്വപ്നങ്ങളും ഉള്‍ച്ചേര്‍ന്നതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ സ്വപ്നശാലി ദൈവമാണ്. ഓരോ മനുഷ്യനും ദൈവത്തിന്റെ മൗലികമായ സ്വപ്നങ്ങളുടെ നിക്ഷേപവും സമാഹാരവുമാണ്. ദൈവം എന്തിന് മനുഷ്യനെ സൃഷ്ടിച്ചു എന്നതിന്റെ ലളിതമായ ഉത്തരം, സ്വപ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ എന്നതാണ്. സ്വന്തം ഛായാസാദൃശ്യങ്ങളിലാണ് ആ സ്വപ്നം അവിടന്ന് മെനഞ്ഞത്. ഏദന്‍ ആ സ്വപ്നങ്ങളുടെ ആദ്യപരീക്ഷണ ശാലയായി. എന്നാല്‍, കറുത്ത സ്വപ്നങ്ങളെ സ്‌നേഹിച്ച വഞ്ചകനും നുണയനുമായ ഒരാളുടെ മോഹന വാഗ്ദാനങ്ങളില്‍ വീണ ആദിമാതാപിതാക്കള്‍ ആ സ്വപ്നങ്ങള്‍ തകര്‍ത്തു. പറുദീസാ നഷ്ടം എന്നത് സ്വപ്നങ്ങളുടെ നഷ്ടമാണ്. അത് മനുഷ്യന്റെ മാത്രം നഷ്ടമല്ല; മുന്‍പ്

സൂചിപ്പിച്ചതുപോലെ ഏറ്റവും വലിയ സ്വപ്നശാലിയായ ദൈവത്തിന്റെയും നഷ്ടമാണ്. അറിവിന്റെ വൃക്ഷത്തിലും ജീവന്റെ വൃക്ഷത്തിലും അവിടന്ന് ഒളിപ്പിച്ചത് തന്റെ സ്‌നേഹസ്വപ്നങ്ങളുടെ ഒരു പ്രപഞ്ചത്തെയായിരുന്നു. ആദ്യപാപം ഉടച്ചത് ആ പ്രപഞ്ചത്തെയാണ്. ദൈവൈക്യത്തിന്റെ വസന്തത്തേക്കാള്‍ ദൈവനിഷേധത്തിന്റെ കൊടും വേനല്‍ മനുഷ്യന്‍ ഇഷ്ടപ്പെട്ടു. തിരുസാന്നിധ്യത്തിന്റെ തണലിനേക്കാള്‍ പാപത്തിന്റെ ഇലച്ചാര്‍ത്തുകളില്‍ മറഞ്ഞിരിക്കാന്‍ അവന്‍ തീരുമാനിച്ചു. അതാണ് പറുദീസാനഷ്ടം.


എന്നാല്‍, സ്‌നേഹസ്വപ്നങ്ങളുടെ സമൃദ്ധിയുള്ള ദൈവം, മനുഷ്യന്‍ തകര്‍ത്ത സ്വപ്നങ്ങളെ പുനര്‍നിര്‍മിച്ചു. ദൈവത്തിന്റെ സ്വപ്നങ്ങള്‍ നിറയെ തോട്ടങ്ങളാണ്. ഏദന്‍ മാത്രമല്ല ബേത്‌ലെഹെമും കാല്‍വരിയുമെല്ലാം തോട്ട

ങ്ങള്‍ തന്നെയാണ്! ദൈവസ്‌നേഹത്തിന്റെ നിത്യവസന്തങ്ങള്‍ പൂത്തുലഞ്ഞ തോട്ടങ്ങള്‍! ഏദനില്‍ മനുഷ്യന്‍ തകര്‍ത്ത സ്വപ്നങ്ങളെല്ലാം ബേത്‌ലെഹെമിലൂടെയും കാല്‍വരിയിലൂടെയും അവിടന്ന് വീണ്ടെടുത്തു. ഇനിയാര്‍ക്കും അത് തകര്‍ക്കാനാവില്ല. പണ്ടുകാലത്ത് കുട്ടികള്‍ കളിക്കാറുള്ള ആ കളിയിലെ പാട്ട് ഓര്‍മയില്ലേ? 'ആരെ നിങ്ങള്‍ക്കാവശ്യം പാതിരാത്രിയില്‍? ആരു വന്നുകൊണ്ടുപോകും പാതിരാത്രിയില്‍?' ഒന്നോര്‍ത്താല്‍ ആ ഗാനത്തിന്റെ സാക്ഷാത്കാരമാണ് ഇന്‍കാര്‍ണേഷന്‍ അഥവാ മനുഷ്യാവതാരം! ദൈവത്തിന് ആവശ്യമുള്ളത് മനുഷ്യവംശത്തെയായിരുന്നു. കൊണ്ടുവരാനായി ആദ്യം അയച്ചത് പൂര്‍വപിതാക്കന്‍മാരെയും പ്രവാചകന്‍മാരെയുമായിരുന്നു. ഒടുവില്‍, മനുഷ്യനെ സ്വയം തേടി വരാന്‍ അവിടന്ന് തിരുമനസ്സായി. അങ്ങനെ ദൈവം തന്നെയായ പുത്രന്‍; പുത്രന്‍ തന്നെയായ ദൈവം നമ്മിലൊരുവനായി.


ജീവന്റെ ഗ്രന്ഥം എന്നൊക്കെ വിളിക്കുമെങ്കിലും വേദപുസ്തകം സത്യത്തില്‍ ദൈവത്തിന്റെ സ്വപ്നങ്ങളുടെ പുസ്തകമാണ്. അത് വായിച്ചെടുക്കാനുള്ള കൃപയുടെ അക്ഷരമാലയാണ് വിശ്വാസം. അത് പഠിച്ചാല്‍ ജീവിതം സ്വച്ഛമായി ഒഴുകുന്ന അരുവിയാകും; ശ്രുതിമധുരമായ ഗാനമാകും. എത്രയോ മനുഷ്യരാണ് ആ സ്വപ്നങ്ങളുടെ പുസ്തകത്തില്‍നിന്ന് മിഴി നീട്ടുന്നത്! നമുക്ക്

വേണമെങ്കില്‍ നോഹയെയും അബ്രാഹത്തെയും പോലെ ദൈവത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാം. പ്രവാചകരെപ്പോലെ ആ സ്വപ്നങ്ങളുടെ കാവല്‍ക്കാരാകാം. യൂദാസിനെപ്പോലെ അതിനെ അട്ടിമറിക്കാം. ഉപമയിലെ ധൂര്‍ത്തപുത്രനെപ്പോലെയും ഉപമകളില്ലാത്ത സാവൂളിനെപ്പോലെയും ആ സ്വപ്നങ്ങളുടെ സ്‌നേഹാശ്ലേഷത്തിലേക്ക് തിരികെ അണയാം. പ്രത്യേകം പരാമര്‍ശിക്കേണ്ട രണ്ട് വ്യക്തികളാണ് സാറയും മറിയവും. അവര്‍ രണ്ട് വ്യക്തികള്‍ മാത്രമല്ല; രണ്ട് സാധ്യതകളും നിലപാടുകളുമാണ്. ദൈവം തന്റെ സ്വപ്നങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ ഒന്നുകില്‍, സാറയെപ്പോലെ മറഞ്ഞിരുന്ന് ചിരിക്കാം. അല്ലെങ്കില്‍ മറിയത്തെപ്പോലെ 'ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ' എന്ന് ഉത്തരം നല്‍കാം.


അസംഭാവ്യതയും അവിശ്വസനീയതയുമാണ് ചിരിപ്പിക്കുന്നത്. വിശ്വാസവും ദൈവാശ്രയബോധവുമാണ് ദൈവഹിതത്തെ സര്‍വാത്മനാ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ചിരിക്കുന്നതല്ല തെറ്റ്; ചിരിച്ചശേഷം ചിരിച്ചില്ലെന്ന് പറയുന്നതാണ്. ദൈവത്തിന്റെ സ്വപ്നങ്ങള്‍ അങ്ങനെയാണ്. ചിലപ്പോള്‍ നമ്മെ ചിരിപ്പിക്കും; മറ്റു ചിലപ്പോള്‍ കരയിപ്പിക്കും; എല്ലായ്‌പ്പോഴും അത്ഭുതപ്പെടുത്തും. ഇതാ, ഞാന്‍ എന്ന് ഏറ്റുപറഞ്ഞ് തിരുമുമ്പില്‍ കുമ്പിടുന്നതാണ് നമുക്ക് അഭികാമ്യം. അതിന് കൂടാരവാതിലിന്റെ മറവില്‍ നിന്നിറങ്ങി മുഖാഭിമുഖം നില്‍ക്കണം. സംശയങ്ങളും ചോദ്യങ്ങളും അവിടത്തോട് ഉന്നയിക്കണം. കടക്ക് പുറത്ത് എന്ന് അവിടന്ന് ഒരിക്കലും പറയില്ല; അകത്ത് വന്നോട്ടെ എന്ന് ചോദിക്കുകയേ ഉള്ളൂ! വീട്ടില്‍ പോയി ചോദിക്കാന്‍ ആരോടും പറയില്ല; ആരുടെയും, വീട്ടില്‍ വന്ന് ഉത്തരം തരികയേയുള്ളൂ!


വേദപുസ്തകം എന്ന സ്വപ്നങ്ങളുടെ ഗ്രന്ഥത്തില്‍ ഇതള്‍ വിടരുന്നത് കേവലം ഈ ലോകജീവിതം മാത്രമല്ല; നമ്മുടെ ശാശ്വതജീവിതം കൂടിയാണ്. നിത്യത മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് പരിഹസിക്കുന്ന ദൈവനിഷേധകരുണ്ട്. അവരും തന്റെ സ്വപ്നമണ്ഡലത്തിലേക്ക് വരണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. യേശു പറഞ്ഞതുപോലെ, പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തേക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിക്കുന്നത് ദൈവത്തിന്റെ സ്വപ്നങ്ങളുടെ നിരാസമാണ്. ജീവനെക്കാള്‍ മരണത്തെയും സത്യത്തെക്കാള്‍ അസത്യത്തെയും നീതിയെക്കാള്‍ അനീതിയെയും സ്വര്‍ഗത്തെക്കാള്‍ ലോകത്തെയും സ്‌നേഹിക്കുന്നതും സ്വപ്നനിരാസമാണ്. 1975 ല്‍ പുറത്തിറങ്ങിയ നസീര്‍ - ഷീല ചലച്ചിത്രമാണ് 'പ്രിയമുള്ള സോഫിയ.' അതിലെ ഒരു ഗാനത്തിന്റെ വരികള്‍ ഇപ്രകാരമാണ് :


പച്ചക്കുരുത്തോലക്കൊടികളുമായി ഞങ്ങള്‍ ഉച്ചത്തില്‍ വാഴ്ത്തുന്നു നിന്‍ നാമം,


ഓശാന ഓശാന, ദാവീദിന്‍ പുത്രന്നോശാന


നിര്‍ധനരില്ലാത്ത നിന്ദിതരില്ലാത്ത ശ്രീ ക്രിസ്തുരാജ്യത്തിന്നോശാന.''


നമ്മുടെ സ്വപ്നങ്ങളെല്ലാം സമാഹരിക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിലും ക്രിസ്തുരാജ്യത്തിലുമാണ്. ആ സ്വപ്നത്തിന് ജീവിതം സമര്‍പ്പിക്കാനും ആ സ്വപ്നം പ്രഘോഷിക്കാനുമാണ് നാം മാമ്മോദീസായും തൈലാഭിഷേ

കവും സ്വീകരിച്ചത്. 'ഒരുനാള്‍ ഞാനും യേശുവിനെപ്പോല്‍ വളരും വലുതാകും; യേശുവിനെപ്പോല്‍ വളര്‍ന്നു വലുതായി നന്മകള്‍ ചെയ്തീടും' എന്നാരംഭിക്കുന്ന ആ നിര്‍മലഗാനം കുഞ്ഞുങ്ങളെ കബളിപ്പിക്കാ

നുള്ള സൂത്രമല്ല! എത്ര വളര്‍ന്നാലും ദൈവത്തിന്റെ കുഞ്ഞുങ്ങള്‍ തന്നെയായിരിക്കേണ്ട നാമോരോരുത്തരും സാക്ഷാത്കരിക്കേണ്ട കിനാവും കടമയുമാണ്. പറുദീസ പാഴ്ക്കിനാവല്ലെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുന്ന മനുഷ്യരെയാണ് ഗോഡ് ഓഫ് ഡ്രീംസ് തന്റെ സ്വപ്നങ്ങളുടെ അക്ഷയഖനി ഭരമേല്‍പ്പിച്ചിരിക്കുന്നത്.


സജീവ് പാറേക്കാട്ടില്‍ എറണാകുളം ലിസി ഹോസ്പിറ്റലിലെ പബ്ലിക് റിലേഷന്‍സ് മാനേജര്‍ ആണ്.ഭാര്യ ജിന്‍സി.രണ്ടു മക്കള്‍.



 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page