top of page
Search

കുഴി മന്തി I കഥ: സെറീന്‍ ഏയ്ഞ്ചല്‍ I KAIROS MALAYALAM I AUGUST 2026

  • smithajose4
  • Jul 31
  • 2 min read

നാലാം ക്ലാസ്സുകാരിയാണ് സിന്ധു സന്തോഷ്. മന്തിക്കൊതിച്ചിയെന്നാണ്

വീട്ടുകാരും കൂട്ടുകാരും അവളെ വിളിക്കുന്നത്. വിളിപ്പേര് കേട്ടാലറിയാം എന്താണങ്ങനെ

വിളിക്കാന്‍ കാരണമെന്ന്. അവള്‍ക്കും അതില്‍ പരാതിയില്ല. ആ വിളി കേള്‍ക്കുമ്പോള്‍

ചെറിയ ചമ്മലോടെ അവള്‍ ചിരിച്ചു മയങ്ങും. അവളുടെ ഇഷ്ട ഭക്ഷണം കുഴിമന്തിയാണെന്നത് ഇനി പ്രത്യേകം പറയേണ്ടല്ലോ. നമ്മുടെ മന്തിക്കൊതിച്ചിക്ക് രണ്ടാം ക്ലാസ്സുകാരനായ അനുജന്‍ ബിഞ്ചുവും ആറാം ക്ലാസ്സുകാരിയായ ചേച്ചി ചിഞ്ചുവുമുണ്ട്. പപ്പയുമമ്മയും സിന്ധുവിന് മാത്രമേ ഇങ്ങനെയൊരു ചെല്ലപ്പേര് ഇട്ടിട്ടുള്ളൂ.


അമ്മയുടെ അടുക്കളയിലെ പാചക തിരക്കിനിടയില്‍ ചട്ടിയിലേക്കും പാത്രങ്ങളിലേക്കുമൊക്കെ എത്തിനോക്കാന്‍ ചെല്ലുന്നത് മന്തിക്കൊതിച്ചിയായ സിന്ധുക്കുട്ടി മാത്രമാണ്. അല്‍പം പാചകവിധികളൊക്കെ ഇവള്‍ക്കുമറിയാം. പപ്പടം വറുക്കാനും ചായയുണ്ടാക്കാനും, വേണ്ടിവന്നാല്‍ മുട്ട പൊരിക്കാനും ബുള്‍സൈ ഉണ്ടാക്കാനും സിന്ധു റെഡി.


അങ്ങനെ ഒരു ശനിയാഴ്ച, പപ്പയെ മുന്‍കൂട്ടി ചട്ടംകെട്ടിയതനുസരിച്ച് കുഴിമന്തി വാങ്ങാനായി സിന്ധുവും പപ്പയുംകൂടെ സ്‌കൂട്ടറില്‍ യാത്രതിരിച്ചു. ചാറ്റല്‍ മഴ ഉണ്ടായിരുന്നതിനാല്‍ രണ്ടുപേരും റെയിന്‍ കോട്ട് ഇട്ടിട്ടുണ്ടായിരുന്നു. ഒരു കിലോമീറ്റര്‍ അടുത്ത് തന്നെയുണ്ട് മന്തിക്കട. കടയുടെ പരിസരത്തേക്ക് എത്തിയതേ, അവള്‍ക്ക് മന്തിയുടെ മണം മൂക്കില്‍ അടിച്ചു. കണ്ണുകള്‍ വിടര്‍ന്നു, ഹായ് നല്ല മണം...! ഹോട്ടലിനു മുന്നില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ കൊതിയോടെ ചിരിച്ചുകൊണ്ടവള്‍ സ്‌കൂട്ടറില്‍ നിന്നിറങ്ങി. പപ്പയോടൊപ്പം അകത്തു ചെന്ന് ഓര്‍ഡര്‍ കൊടുത്ത് കാത്തിരുന്നു. പത്തുമിനിറ്റിനുള്ളില്‍ ചൂടുള്ള മന്തിയുടെ കിറ്റുമായി ഒരാള്‍ വന്നു. അവള്‍ കിറ്റ് വാങ്ങി പപ്പയോടൊപ്പം ഹോട്ടലിനു പുറത്തേക്കിറങ്ങി. ഹോട്ടലിന്റെ ഗേറ്റിനടുത്തായി ഒരമ്മ രണ്ടു മക്കളോടൊപ്പം

ഭിക്ഷയാചിച്ച് ഇരിക്കുന്നുണ്ടായിരുന്നു. കിറ്റുമായി പപ്പയോടൊപ്പം നടന്നുനീങ്ങുന്ന അവളെ കണ്ടപ്പോള്‍ ദയനീയതയോടെ ആ അമ്മയും കുട്ടികളും അവളെ നോക്കി. എന്തെങ്കിലും തരണമേയെന്ന ഭാവത്തില്‍ കൈകള്‍ നീട്ടി. അവളതുകണ്ടപ്പോള്‍ സങ്കടപ്പെട്ട് പപ്പയോട് പറഞ്ഞു. പപ്പ അത് ഗൗനിക്കാതെ, വേഗം പോകാമെന്ന് പറഞ്ഞ് അവളുമായി വണ്ടിയുടെ അടുക്കലേക്ക് നീങ്ങി. ഭിക്ഷ യാചിക്കുന്ന ആ കുടുംബത്തെ അവള്‍ വീണ്ടും തിരിഞ്ഞുനോക്കി. അവര്‍ക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങിച്ചു കൊടു

ക്കാന്‍, വണ്ടിയില്‍ കയറുന്നതിനിടയില്‍ അവള്‍ പപ്പയോട് പറഞ്ഞു നോക്കി.

രക്ഷയില്ല, പപ്പ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.


വണ്ടി ഒരല്‍പം നീങ്ങിയപ്പോള്‍ സിന്ധു പപ്പയുടെ തോളില്‍ തട്ടി, റെയിന്‍ കോട്ടിന്റെ കവര്‍ ഹോട്ടലില്‍ വച്ചു മറന്നുപോയ കാര്യം പറഞ്ഞു.

ഉടനെതന്നെ റെയിന്‍കോട്ട് എടുക്കാനായി സ്‌കൂട്ടര്‍ തിരിച്ചു ഹോട്ടലിലെത്തി. സിന്ധുക്കുട്ടി വണ്ടിയുടെ അടുത്തുതന്നെ നിന്നു.

റെയിന്‍കോട്ട് എടുക്കാനായി പപ്പ ഹോട്ടലിനകത്തേക്ക് നടന്നു. തിരികെ വന്നപ്പോള്‍ സിന്ധുവിനെ കാണാനില്ല. ചുറ്റും നോക്കിയ

പ്പോള്‍ അതാ നില്‍ക്കുന്നു മന്തിയുടെ കിറ്റുമായി അവള്‍, ഭിക്ഷ യാചിക്കുന്ന അമ്മയുടെ അരികില്‍. അവളുടെ പപ്പ അവള്‍ക്കരികിലേക്ക് എത്തുന്ന നേരത്ത് കൈയിലിരുന്ന കുഴിമന്തിയുടെ കിറ്റ് അവള്‍ ആ അമ്മയ്ക്ക് നേരെ നീട്ടി. കൂടെയുള്ള രണ്ടു കുഞ്ഞുങ്ങളും കൊതിയോടെ അവളെ നോക്കുന്നു

ണ്ടായിരുന്നു. ആ അമ്മ അവളില്‍നിന്ന് കിറ്റ് വാങ്ങാന്‍ മടിച്ചു; അവള്‍ നിര്‍ബന്ധിച്ച് മടിയിലേക്കു വച്ചുകൊടുത്തു. അച്ഛന്‍ വന്ന്

ശകാര രൂപേണ ഇതെന്താണ് ഈ ചെയ്യുന്നതെന്ന് ചോദിച്ചുകൊണ്ട് അവളെ നോക്കി. അവളുടെ മുഖത്തെ തെളിച്ചവും അവരോടുള്ള സഹാനുഭൂതിയും അച്ഛന്‍ കണ്ടു. അപ്പോള്‍ നിനക്ക് കുഴിമന്തി വേണ്ടേ എന്നു ചോദിച്ചപ്പോള്‍ ഇന്ന് വേണ്ടെന്നും ഈ കുഴിമന്തി ഈ അമ്മയും കുഞ്ഞുങ്ങളും കഴിക്കട്ടെയെന്നും അവള്‍ പറഞ്ഞു. നമ്മള്‍ക്കിനി വേറെ ഭക്ഷണമൊന്നും വാങ്ങേണ്ടെന്നും അവള്‍ പപ്പയോടു പറഞ്ഞു. നിശ്ശബ്ദനായി അവളെയും

വിളിച്ചുകൊണ്ട് ഹോട്ടലിനകത്തേക്ക് നടന്ന പപ്പയോട് അവള്‍ വീണ്ടും പറഞ്ഞു: ''പപ്പാ ഇന്നിനി നമുക്ക് കുഴിമന്തി വേണ്ട. ആ അമ്മയെയും കുഞ്ഞുങ്ങളെയും സഹായിക്കാനും അവരുടെ വിശപ്പ് മാറ്റാനും

കഴിഞ്ഞല്ലോ അതുമതി. ഇന്നെനിക്ക് നമ്മുടെ വീട്ടിലെ ഭക്ഷണം മതി. കുഴിമന്തി വേറൊരു ദിവസം മതി. നമുക്ക് വീട്ടിലേക്ക് പോകാം.

പാവങ്ങളെ സഹായിക്കണമെന്നും വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കണമെന്നും പപ്പയും അമ്മയും പറഞ്ഞിട്ടില്ലേ. ഞങ്ങളുടെ വേദപാഠ ക്ലാസ്സിലെ ടീച്ചറും ഇടയ്ക്കിടെ ഞങ്ങളോടിത് പറയാറുണ്ട്.'' അവളുടെ വര്‍ത്തമാനം കേട്ടുകൊണ്ട് അവളെയുമായി പപ്പ തിരികെ വീട്ടിലേക്ക് മടങ്ങി.


അങ്ങനെ മന്തിക്കൊതിച്ചി, മാലാഖ കൊച്ചായി. പപ്പയോടൊപ്പം സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് അവള്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വീണ്ടും ആ കുടുംബത്തെ അവള്‍ തിരിഞ്ഞുനോക്കി. സന്തോഷമുള്ള ആ കുടുംബത്തിന്റെ മുഖം കണ്ടപ്പോള്‍, അങ്ങനെ ഒരു സഹായം ചെയ്യാന്‍ കഴിഞ്ഞതിനെയോര്‍ത്ത് അവള്‍ ഈശോയ്ക്ക് നന്ദി പറഞ്ഞു.



 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page