top of page
Search

ഏത്തപ്പഴം I സ്മാര്‍ട്ട് കിഡ്‌സ് I KAIROS MALAYALAM I JULY 2026

  • smithajose4
  • Jun 30
  • 2 min read

സ്മാർട്ട് കിഡ്സിൽ സെറീൻ എയ്ഞ്ചലിന്റെ കുഞ്ഞു കൂട്ടുകാർക്കുള്ള സുന്ദരമായ കുട്ടിക്കഥ... 'ഏത്തപ്പഴം'


ചിത്രീകരണം: വെങ്കി കഥ: സെറീന്‍ ഏയ്ഞ്ചല്‍

പിങ്കിമോള്‍ ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് കഥകള്‍ വായിക്കുകയാണ്. പിങ്കിയുടെ പപ്പ വാങ്ങി കൊടുത്ത കഥ പുസ്തകങ്ങള്‍ പലതും ആശുപത്രിയിലെ അവളുടെ മുറിയില്‍ മേശപ്പുറത്ത് ഇരിക്കുന്നുണ്ട്. ഇടയ്ക്കിടെ പനിവരുന്ന പ്രകൃതമാണവള്‍ക്ക്. ഇത്തവണ പനിയൊരല്പം കൂടിപ്പോയി. പ്രതിരോധശേഷിയും ആരോഗ്യവുമൊക്കെ കുറവായതിനാല്‍ ഏത്തപ്പഴം

ദിവസേന കഴിക്കണം, പാലും മുട്ടയും ഇടയ്ക്ക് കഴിക്കണം, നന്നായി വെള്ളം

കുടിക്കണമെന്നൊക്കെ ഡോക്ടര്‍ ആന്റി പറഞ്ഞിട്ടുണ്ട്. ഏത്തപ്പഴവും പാലും പിങ്കിപ്പെണ്ണിന് ഒട്ടും താത്പര്യമില്ല. പപ്പയും അമ്മയും അക്കാര്യത്തില്‍ അവളോടു പറഞ്ഞു പറഞ്ഞു തോറ്റിരിക്കുകയാണ്. പക്ഷേ, ഡോക്ടര്‍

നിര്‍ബന്ധപൂര്‍വം പറഞ്ഞിരിക്കുന്നതിനാല്‍ അതെല്ലാം കഴിക്കാതെ ഇനി തരമില്ല. രണ്ടാം ക്ലാസ്സിലേക്ക് പാസ്സായിരിക്കുന്ന പിങ്കിമോള്‍ക്ക് ചിത്രം വരയ്ക്കാനും ഡാന്‍സ് കളിക്കാനും ഏറെ ഇഷ്ടമാണ്. സ്‌കൂളില്‍ അതിനാണവള്‍ക്ക് സമ്മാനവും ലഭിക്കുന്നത്. പിങ്കിമോളെ അമ്മയും പപ്പയും പുന്നാരിച്ച് പിങ്കിപ്പെണ്ണെന്നാണ് വിളിക്കുന്നത്. മറ്റൊരു രസകരമായ കാര്യം പിങ്കി പെണ്ണിന്റെ ഇഷ്ട നിറവും പിങ്ക് തന്നെ. ബാര്‍ബി ഡോളുകളുമായുള്ള അവളുടെ ചങ്ങാത്തം എടുത്തു പറയേണ്ടതാണ്. ഡ്രോയിങ് പുസ്തകത്തില്‍ വരച്ചിരിക്കുന്നതില്‍ കൂടുതലും ബാര്‍ബി ഡോളുകളുടെ ചിത്രങ്ങളാണ്.


പിങ്കി ആശുപത്രിയില്‍ വന്നിട്ട് മൂന്നു ദിവസമായി. നാലാം ദിവസമായ ഇന്ന്

ഡിസ്ചാര്‍ജ് ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത്. പുറത്തുപോയി തിരിച്ചു വരുന്ന പപ്പയുടെ കൈകളിലെ കവറിലേക്ക് അവള്‍ സൂക്ഷിച്ചു നോക്കി. കവറില്‍ ഏത്തപ്പഴമാണ്. അത് കണ്ടതേ അവളുടെ മുഖം ശോകമായി. ഡോക്ടര്‍ പറഞ്ഞ കാര്യം ഓര്‍ത്തപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ സ്വയം ആശ്വസിച്ചു.


ആശുപത്രി കിടക്കയില്‍ അവള്‍ക്ക് അരികിലായി അമ്മയും കുഞ്ഞനുജനും ഉണ്ടായിരുന്നു. അനുജന്‍ പീറ്ററിനെ അവര്‍ പീറ്റു എന്നാണ് വിളിക്കുന്നത്. പീറ്റു പക്ഷേ പിങ്കിയെ പോലെയല്ല. അവന് ഏത്തപ്പഴം ഇഷ്ടമാണ്. പാലും മുട്ടയുമൊക്കെ കഴിക്കുകയും ചെയ്യും. അവന്‍ ഇടയ്‌ക്കൊക്കെ അവരുടെ

എല്ലാവരുടെയും മുമ്പില്‍ വന്നു നിന്നുകൊണ്ട് ആ കുഞ്ഞിക്കൈകളിലെ മസ്സിലൊക്കെ വീര്‍പ്പിച്ച് അവരെ കാണിക്കും. അന്നേരം, ദേ ബാഹുബലി വന്നിരിക്കുന്നു എന്നുപറഞ്ഞ് പിങ്കി അവനെ കളിയാക്കും.


ഏത്തപ്പഴം കൊണ്ടുവന്ന അവളുടെ പപ്പ അതില്‍ നിന്ന് ഒരെണ്ണം എടുത്ത് അവള്‍ക്ക് നല്‍കി. ഒട്ടും താത്പര്യമില്ലാതെ അവളത് വാങ്ങി കൈയില്‍ പിടിച്ചു. ഇഷ്ടക്കേടിന്റെ സങ്കടം പറഞ്ഞ് പഴം കഴിക്കാതിരിക്കാന്‍ അവള്‍ അമ്മയുടെ അടുത്ത് പല ഉപായങ്ങളും പറഞ്ഞു നോക്കി. പക്ഷേ രക്ഷയില്ല, അമ്മ അടുത്തുവന്ന് അതിന്റെ ഗുണഗണങ്ങള്‍ അവളെ പറഞ്ഞു മനസ്സിലാക്കി. ''ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉപകാരമുള്ള ഫ്രൂട്ട് ആണ് ഏത്തപ്പഴം. തന്നെയുമല്ല നാരുകള്‍ അടങ്ങിയ പഴവര്‍ഗമായതുകൊണ്ട് വയറിനും ദഹനത്തിനും ഒക്കെ അത് സഹായിക്കും. പ്രോട്ടീന്‍ ഉള്ളതിനാല്‍ ആരോഗ്യമുണ്ടാകാനും അത് ധാരാളം.'' അങ്ങനെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും അമ്മ അവളോട് പറഞ്ഞ് മനസ്സിലാക്കി. ഇതാദ്യമായിട്ടല്ല അമ്മ അവളോട് പറഞ്ഞു കൊടുക്കുന്നത്. പക്ഷേ, ആശുപത്രി കിടക്കയില്‍ ഇനിയിത് അനുസരിക്കാതെ അവള്‍ക്ക് മറ്റൊരു വഴിയുമില്ല. എന്തായാലും അവസാനം ആശുപത്രിയില്‍ വച്ചുതന്നെ അവള്‍ ഏത്തപ്പഴം കഴിച്ചു. ആരും പറയാതെ തന്നെ കവറില്‍ നിന്ന് ഒരു പഴമെടുത്ത് പീറ്റു കഴിച്ചു തുടങ്ങി. എന്നിട്ട് കഴിക്കുന്നതിനിടയില്‍ കണ്ണുകൊണ്ടും തലകൊണ്ടുമൊക്കെ ഗോഷ്ടി കാണിച്ച് അവന്‍ പിങ്കിയെ കളിയാക്കുന്നുണ്ടായിരുന്നു.


മൊബൈല്‍ ഫോണില്‍ എന്തോ ഒരു പ്രത്യേക കാര്യം കണ്ടു കൊണ്ട് അവളുടെ പപ്പ, പുറത്തെ വരാന്തയില്‍ നിന്ന് അവളുടെ ബെഡിനരികിലേക്ക് വന്നു. പിങ്കിപ്പെണ്ണേ, നിന്റെ രണ്ടാം ക്ലാസ്സിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ടീച്ചറിന്റെ ഒരു മെസ്സേജ് വന്നിട്ടുണ്ട്. അടുത്തയാഴ്ച സ്‌കൂളില്‍ ഒരു എക്‌സിബിഷന്‍ നടക്കുന്നു. 'കുട്ടികളുടെ ആരോഗ്യം' അതാണ് എക്‌സിബിഷന്റെ വിഷയം. കുട്ടികളുടെ ചിത്രപ്രദര്‍ശനമുണ്ട്. വലിയൊരു ചാര്‍ട്ട് പേപ്പറില്‍ ഏത്തപ്പഴത്തിന്റെ ഒരു ചിത്രം വരച്ച് ഭംഗിയായി കളര്‍ ഒക്കെ കൊടുത്ത് അതിന്റെ ഗുണങ്ങളൊക്കെ എഴുതി തയ്യാറാക്കി കൊണ്ടുവരാന്‍ ടീച്ചര്‍ പറഞ്ഞിരിക്കുന്നു.


പപ്പ ഇതു പറഞ്ഞു കേട്ടപ്പോള്‍ അമ്മയും പീറ്റുവും അവരുടെ മുമ്പിലിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. ടീച്ചറിന്റെ മെസ്സേജ് കേട്ട പിങ്കിയുടെ ചമ്മല്‍ കണ്ട അവര്‍ മൂവരും ചിരിയടക്കാന്‍ കഴിയാതെ പൊട്ടിച്ചിരിച്ചു. അതു കണ്ടപ്പോള്‍ അവള്‍ക്ക് സങ്കടം കൂടി. ഈ ഏത്തപ്പഴം തന്നെ എന്തിനാണ് ഞാന്‍ വരക്കുന്നത്. ആപ്പിളോ ഓറഞ്ചോ വരച്ചുകൂടെ? ചിരിയും സങ്കടവും നിറഞ്ഞ അവളുടെ ചോദ്യത്തിന് മുന്നില്‍ ചിരിക്കുകയല്ലാതെ അവര്‍ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ടീച്ചറിന്റെ മെസ്സേജ് അനുസരിച്ച് ഏത്തപ്പഴം തന്നെ വരച്ചു കൊണ്ടുപോകുവാന്‍ അവര്‍ അവളെ പറഞ്ഞു ബോധ്യപ്പെടുത്തി ആശ്വസിപ്പിച്ചു.


ഇതിനിടയിലാണ് അവളുടെ ആന്റിയും അങ്കിളും പിങ്കിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്. ആന്റിയും അങ്കിളും അകത്തേക്ക് കയറിവന്ന് അവളുടെ ബെഡിനരികില്‍ നിന്നു. സുഖാന്വേഷണങ്ങള്‍ ചോദിക്കുന്നതിനിടയില്‍ അവളുടെ കൈകളിലേക്ക് അവര്‍ ഒരു കവര്‍ നീട്ടി. പിങ്കി കവറിലേക്ക് നോക്കി. ഇതാ വീണ്ടും ഏത്തപ്പഴം. പിന്നീട് മുറിയില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുകയായിരുന്നു.


ഈ ഏത്തപ്പഴം കണ്ടുപിടിച്ചവനെ തല്ലിക്കൊല്ലണം എന്ന് പറഞ്ഞ് അവള്‍ വീണ്ടും മുറിയിലെ ടിവിയിലെ പരിപാടികളിലേക്ക് കണ്ണും നട്ട് തിരിഞ്ഞു കിടന്നു. തൊട്ടപ്പുറത്ത് ആന്റിയും അങ്കിളും എല്ലാവരോടൊപ്പം വര്‍ത്തമാനത്തില്‍ മുഴുകി. പിങ്കിയുടെ മനസ്സില്‍ മാത്രം വലിയൊരു ഏത്തപ്പഴം ചോദ്യചിഹ്നമായി നിറഞ്ഞുനിന്നു.


 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page