ആത്മശോധന | പാഥേയം | സാജന്‍ സി എ | KAIROS MALAYALAM | APRIL 2025


ഒരിക്കല്‍ ഒരു സെമിനാറിനിടെ ക്ലാസ്സെടുത്തു കൊണ്ടിരുന്നയാള്‍ പറഞ്ഞു: നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 10 കാര്യങ്ങള്‍ ഒന്ന് കുറിക്കാമോ? ചെയ്യാന്‍ പോകുന്ന കാര്യങ്ങളോ, ആഗ്രഹങ്ങളോ, സ്വപ്നങ്ങളോ, തീരുമാനങ്ങളോ എന്തുമാകാം. ആര്‍ക്കും അധികം ആലോചിക്കേണ്ടി വന്നില്ല. എത്രയോ കാര്യങ്ങളായിരിക്കും ഓരോരുത്തരുടെയും ജീവിതത്തില്‍ ഉണ്ടാവുക. ഒരുപാട് സ്വപ്നങ്ങളും പ്ലാനുകളുമൊക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാവരും എഴുതിക്കഴിഞ്ഞു. അടുത്തിരിക്കുന്നവരോട് പരസ്പരം പങ്കുവയ്ക്കാനും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ആവശ്യങ്ങളും സ്വപ്നങ്ങളും ഗംഭീരമായിരുന്നു, വളരെ ജനുവിന്‍. ക്ലാസ്സെടുത്തയാള്‍ എല്ലാവരെയും അനുമോദിച്ചു.
പിന്നീടദ്ദേഹം എല്ലാവരോടുമായി ചോദിച്ചു: നിങ്ങള്‍ എഴുതിയിരിക്കുന്ന പത്തു കാര്യങ്ങളില്‍ എവിടെയെങ്കിലും ദൈവമുണ്ടോ? പെട്ടെന്ന് ഹാള്‍ നിശ്ശബ്ദമായി. നിമിഷങ്ങള്‍ നീണ്ട നിശ്ശബ്ദതയില്‍ അദ്ദേഹം തുടര്‍ന്നു, എന്തേ നിങ്ങള്‍ക്കു മൗനം. പത്താമത്തേതായിപ്പോലും നമുക്ക് ദൈവമില്ലല്ലേ. നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യത്തില്‍ പോലും ദൈവം ഇല്ലല്ലോ. പിന്നെങ്ങനെയാണ് നമ്മുടെ ജീവിതത്തില്‍ കാര്യങ്ങള്‍ നടക്കുക! എങ്ങനെയാണ് ദൈവത്തിനു പ്രവര്‍ത്തിക്കാനാവുക!? സത്യത്തില്‍, എഴുതിയ ആരുടെയും ജീവിതസ്വപ്നങ്ങളിലും ആവശ്യങ്ങളിലും ദൈവമില്ലായിരുന്നു. ഒരു ശരാശരി മനുഷ്യപ്രകൃതമാണിത്. ഇതിനു മാറ്റം വരണം.
ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും ആശ്രയിക്കുന്നുവെന്നും പറയുന്നവരും, അങ്ങനെ വേണമെന്ന് ഉപദേശിക്കുന്നവരുമായ നാമൊക്കെ ജീവിതത്തില്‍ ആത്മശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയമാണിത് എന്നുതോന്നുന്നു. ദൈവം സ്‌നേഹമാണെന്നും ദൈവമെല്ലാം നന്മയ്ക്കായി മാറ്റുമെന്നുമൊക്കെ വാക്കുകളിലൂടെ നാം പറയുമ്പോഴും പ്രായോഗിക ജീവിതത്തില്‍ ഇതെത്രമാത്രം പ്രാക്ടിക്കലായി നമ്മള്‍ അനുഭവിക്കുന്നുണ്ട് എന്നത് ആത്മശോധനയ്ക്കുള്ള സംഗതിയാണ്. പറയുന്നതും വിശ്വസിക്കുന്നതുമൊക്കെ കാര്യത്തോട് അടുക്കുമ്പോള്‍ നാം പോലുമറിയാതെ മറന്നു പോകുന്നതും 'ബുദ്ധിപൂര്‍വം' നമ്മള്‍തന്നെ കാര്യങ്ങള്‍ ചെയ്തു 'മിടുക്കരാവുന്നതും' പലരുടെയും ജീവിതത്തില്‍ കാണുന്ന സാധാരണ സംഭവങ്ങളാണ്. വേണ്ട രീതിയില്‍ ഫലപ്രാപ്തിയില്ലാതെ വരികയും ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടക്കാതെ വരുകയും പിന്നീട് ഒടുവില്‍മാത്രം ദൈവത്തില്‍ ആശ്രയിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നതുമൊക്കെ എത്രയോ മൗഢ്യമാണ്. 'നൂറു കാര്യങ്ങളില്‍ ഒന്നാമത്തേത് ദൈവമാണെങ്കില്‍ ബാക്കി 99 കാര്യങ്ങളും സുന്ദരമായി നടക്കുന്നത് അത്ഭുതത്തോടെ മാത്രമേ നമുക്ക് കാണാനാവൂ. കാരണം, വിശ്വാസം എന്നൊക്കെ പറയുന്നത് അഗ്‌നിയില്‍ സ്ഫുടം ചെയ്‌തെടുക്കേണ്ട നമ്മുടെ ആത്മഭാവമല്ലേ!?
കുട്ടികളോട് പറയുന്ന ഒരു കഥയുണ്ട്. രാജകൊട്ടാരത്തില്‍ രാജകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ രാജാവ് ഒരു കല്‍പന പുറപ്പെടുവിച്ചു. പിറന്നാള്‍ ദിനത്തില്‍ വരുന്നവര്‍ക്കെല്ലാം ഒരു പ്രത്യേക സമ്മാനം നല്‍കുന്നു. കൊട്ടാരത്തിലെ സ്വര്‍ണമോ രത്‌നങ്ങളോ പട്ടുവസ്ത്രങ്ങളോ എന്നുവേണ്ട ഏതു വസ്തുവില്‍ തൊട്ടാലും അതവര്‍ക്ക് സ്വന്തം. അങ്ങനെ പിറന്നാള്‍ ദിനത്തില്‍ ജനം കൊട്ടാരത്തിലേക്ക് ഒഴുകിയെത്തി. വിലപിടിപ്പുള്ള തൊടുന്ന സാധനങ്ങളെല്ലാം ഓരോന്നോരോന്നായി സമ്മാനമായി അവര്‍ കൊണ്ടു പോകുന്നു. ഒരു പെണ്‍കുട്ടി വിഷാദിച്ച് മാറി നില്‍ക്കുന്നതുകണ്ട് സമ്മാനങ്ങളെടുക്കാന്‍ രാജാവ് അവളെ പ്രചോദിപ്പിച്ചു. മെല്ലെയവള്‍ നടന്നു ചെന്ന് രാജകുമാരനെ തൊട്ടു. രാജാവ് അമ്പരന്നു. പെണ്‍കുട്ടിയുടെ പ്രവൃത്തി രാജാവിനെ ധര്‍മസങ്കടത്തിലാക്കിയെങ്കിലും രാജാവ് തന്റെ വാക്ക് നിറവേറ്റി. രാജകുമാരനെ അവള്‍ക്കു നല്‍കി. അതോടെ രാജകുമാരനും രാജാവിന്റെ സകല സ്വത്തുക്കളും അവളുടേതും കൂടിയായി. അങ്ങനെ രാജകുമാരനെ തൊട്ട അവള്‍ക്ക് രാജ്യവും സ്വന്തം.
ആദ്യമേ തന്നെ ദൈവത്തെ കൂട്ടുപിടിച്ചാല്‍ പിന്നെയുള്ള മറ്റൊന്നിന്റെയും പുറകേ നമ്മള്‍ അലയേണ്ടി വരില്ലയെന്നത് സത്യമായ കാര്യം. സര്‍വത്തിന്റെയും ഉടയവനായ ക്രിസ്തുവിനോട് നമുക്കു ചേര്‍ന്ന് നില്‍ക്കാം. ക്രിസ്തു നമ്മുടെ ജീവിതത്തില്‍ ഒന്നാമതാവട്ടെ. അങ്ങനെയെങ്കില്‍ സകല അലച്ചിലുകളും അസ്വസ്ഥതകളും ഒന്നുംനമ്മെ തൊട്ടുതീണ്ടുക പോലുമില്ല. ജീവിതത്തിന്റെ കേന്ദ്രബിന്ദു ക്രിസ്തു ആകുമ്പോള്‍ പിന്നീടുള്ളതെല്ലാം അവനില്‍ നിന്നായിരിക്കും ഒഴുകിയെത്തുന്നത്. നമുക്കും നമ്മുടെ ജീവിതത്തിലെ സുപ്രധാനമായ പത്ത് കാര്യങ്ങളെഴുതാം. ഇതിലെവിടെയാണ് ക്രിസ്തു? സ്വയം പരിശോധന നടത്താം.

കെയ്റോസ് മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായ ലേഖകൻ ഭാര്യയോടും നാലു മക്കളോടും ഒപ്പം എറണാകുളത്ത് താമസിക്കുന്നു.



Comments