അവലോസുണ്ട | സ്മാർട്ട് കിഡ്സ് | സെറീൻ ഏയ്ഞ്ചൽ | KAIROS MALAYALAM | MAY 2025

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം അബിയുടെ കൈയില്‍ അവലോസുണ്ട ഉണ്ടാകും. ചെറിയ ഒരു സ്റ്റീല്‍ പാത്രത്തില്‍ രണ്ടോ മൂന്നോ എണ്ണം കൊണ്ടുവരും. സ്‌കൂളില്‍ കൂട്ടുകാര്‍ പലപ്പോഴും ഇത് കണ്ടിട്ടുണ്ട്. കൂട്ടുകാര്‍ അബിയെ വിളിക്കുന്ന കളിപ്പേര് പോലും അവലോസുണ്ട എന്നാണ്.
'എടാ ഉണ്ടേ, അവലോസുണ്ടേ, ഇങ്ങു വന്നേ.. എന്നിങ്ങനെ കൂട്ടുകാര്‍ വിളിക്കുമ്പോള്‍ അബിക്കു പരാതിയില്ല. തന്നെയുമല്ല അവനത് കേള്‍ക്കുമ്പോള്‍ ഒരിഷ്ടവുമുണ്ട്.
അബിയും കൂട്ടുകാരും ഏഴാം ക്ലാസ്സില്‍ പഠനം തുടങ്ങിയപ്പോഴാണ് അവന് അവലോസുണ്ട എന്ന പേരുവീണത്. വൈകിട്ട് ക്ലാസ്സ് വിട്ടാല്‍ വീടെത്തുന്നതിനുമുമ്പ് അവന് കഴിക്കാനാണ് ഈ ഉണ്ടകളെന്ന് കൂട്ടുകാര്‍ക്കറിയാം. ഉച്ചയ്ക്ക് ചോറുണ്ണുന്നുണ്ട് അതിനു പുറമെയാണ് ഈ ഉണ്ടതീറ്റ. അബിയെ കണ്ടാലും പറയും ഒരു അവലോസുണ്ടയാണെന്ന്. ഒരിക്കല്‍ വിവരമറിഞ്ഞ ക്ലാസ്സ് ടീച്ചര്‍ ചോദിച്ചപ്പോഴും അബി ഉണ്ടക്കൊതിയുടെ കാര്യം പറഞ്ഞു.
ഒരിക്കല്‍ സ്‌കൂള്‍ അവധിയായിരുന്ന ഒരു ശനിയാഴ്ച അബിയുടെ ക്ലാസ്സ് ടീച്ചര്‍ തന്റെ സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ വഴിയില്‍ വച്ച് അബിയെ കണ്ടു. അവന്‍ ഇട്ടിരിക്കുന്ന വേഷം യൂണിഫോമല്ല. കൈയില്‍ ഒരു പ്ലാസ്റ്റിക് കവറുമുണ്ട്. അവധി ദിനത്തില്‍ റോഡില്‍ വച്ച് അവനെ കണ്ടപ്പോള്‍ ടീച്ചര്‍ ഒന്നു സംശയിച്ചു. ടീച്ചറിന്റെ സ്‌കൂട്ടര്‍ ദൂരെ മാറ്റി നിറുത്തി ടീച്ചറവനെ ശ്രദ്ധിച്ചുകൊണ്ട് കുറച്ചകലെയായി അവനെ പിന്തുടര്‍ന്നു. മെയിന്‍ റോഡില്‍ നിന്ന് ഒരു വളവ് തിരിഞ്ഞ് ഒരു ചെറു റോഡിലൂടെ നടന്ന് അവന്‍ നീങ്ങുകയാണ്. വലിയ തിരക്കൊന്നും ഇല്ലാത്ത വഴി. ടീച്ചറുടെ മനസ്സില്‍ പല വിചാരങ്ങള്‍ കുമിഞ്ഞുകൂടി. ഈ കാലഘട്ടം അത്ര പന്തിയല്ല. ലഹരി നുരഞ്ഞു പൊന്തുന്ന കാലമാണ്. കുട്ടികളാണ് പ്രധാന കണ്ണികള്‍. എന്തുമാത്രം ജാഗ്രത കാണിച്ചാലും കുട്ടികള്‍ പെട്ടു പോകാറുണ്ട്. അബിയെങ്ങാനും അത്തരത്തില്‍... ടീച്ചറുടെ ചിന്തകള്‍ കാടുകയറി. നെഞ്ചിടിപ്പോടെ ടീച്ചര്‍ അവനെ പിന്തുടര്‍ന്നു. അവന്‍ തിരിഞ്ഞു നോക്കിയാല്‍ പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ ടീച്ചര്‍ തന്റെ കുട നിവര്‍ത്തി പിടിച്ചിട്ടുണ്ട്.
ചെറുറോഡില്‍ നിന്ന് ഒരു ഇടവഴി കയറി തൊട്ടടുത്ത ഒരു പഴയ വീട്ടിലേക്ക് അബി കയറിപോയി. ഒറ്റനോട്ടത്തില്‍ ആള്‍താമസം ഇല്ലാത്ത വീടാണെന്ന് തോന്നും. കതകില്‍ മുട്ടി കാത്തുനിന്നെങ്കിലും ഉടനെ കതക് തള്ളിത്തുറന്ന് അവനകത്തേക്ക് കടന്നു. ടീച്ചര്‍ നെഞ്ചിടിപ്പോടെ വാതിലിന്റെ മറവില്‍ നിന്ന് അവനെ ശ്രദ്ധിച്ചുകൊണ്ട് അകത്തേക്ക് നോക്കി നിന്നു. കൈയിലെ പൊതിയില്‍ നിന്ന് ഒരു ചെറിയ ചോറ്റുപാത്രം പുറത്തെടുത്ത് അകത്ത് കട്ടിലില്‍ കിടന്നിരുന്ന ഒരു അമ്മാമ്മയ്ക്ക് അവന്‍ പാത്രത്തിനകത്തുനിന്ന് അവലോസുണ്ട എടുത്തു കൊടുക്കുന്നു. സാവധാനം എഴുന്നേറ്റ് കട്ടിലില്‍ ഇരുന്ന അമ്മാമ്മ അവന്റെ കൈയില്‍ നിന്ന് സന്തോഷത്തോടെ അവലോസുണ്ട വാങ്ങി തിന്നു തുടങ്ങി. ചിരിച്ചുകൊണ്ട് അമ്മാമ്മ അബിയെ തലോടി. എന്തൊക്കെയോ വിശേഷങ്ങള്‍ പറഞ്ഞ് അവര്‍ ഇരുവരും ചിരിക്കുന്നുണ്ടായിരുന്നു. കൊതിയോടെ അവന്റെ കൈയില്‍നിന്ന് അവലോസുണ്ട വാങ്ങി കഴിക്കുന്ന അമ്മാമ്മയെയും അടുത്തിരിക്കുന്ന അബിയേയും ടീച്ചര്‍ തന്റെ മൊബൈലില്‍ പകര്‍ത്തി. ഫോട്ടോയെടുത്ത് സൂം ചെയ്തു നോക്കുന്ന ടീച്ചറിന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ത്തുള്ളികള്‍ മൊബൈലിന്റെ സ്‌ക്രീനില്‍ പതിഞ്ഞു. സന്തോഷവും അഭിയോടുള്ള അഭിമാനവും മനസ്സില്‍ നിറഞ്ഞപ്പോള്‍ ടീച്ചര്‍ ഓര്‍ത്തു: ''എടാ അവലോസുണ്ടേ, നീ ഇതിനായിരുന്നല്ലേ ഇടയ്ക്കിടെ ക്ലാസ്സില്‍ ഉണ്ട കൊണ്ടുവന്നിരുന്നത്. വൈകിട്ട് നിനക്ക് തിന്നാന്‍ ആണെന്ന് പറഞ്ഞു നീ കൊണ്ടുവന്നിരുന്ന ഈ ഉണ്ടകള്‍ ഈ അമ്മമ്മയ്ക്ക് കൊടുക്കാന്‍ ആയിരുന്നല്ലേടാ ഉണ്ടേ. തിങ്കളാഴ്ച നീ ക്ലാസ്സിലേക്ക് വാടാ, നിനക്കുള്ള സമ്മാനം ഞാന്‍ വച്ചിട്ടുണ്ട്.''
സന്തോഷം അടക്കാനാവാതെ ടീച്ചര്‍ അകത്തേക്ക് കടന്നു ചെന്ന് അബിയോടും അമ്മയോടും വിശേഷങ്ങള്‍ ചോദിച്ചു. ടീച്ചര്‍ എങ്ങനെ ഇവിടെയെത്തി എന്നതോര്‍ത്ത് അബിക്ക് അത്ഭുതമായി. ടീച്ചര്‍ വിശദമായി രണ്ടുപേരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അബിയുടെ അമ്മയാണ് അമ്മാമ്മയ്ക്ക് ഉണ്ട കൊടുക്കാനായി അവനെ പറഞ്ഞ് ഏല്‍പ്പിച്ചിരിക്കുന്നത്. അബിയുടെ അമ്മയ്ക്ക് പരിചയമുള്ള അമ്മാമ്മയാണ്. ആരുമില്ല സഹായത്തിന്. രണ്ടോ മൂന്നോ ഉണ്ടകള്‍ കൊടുത്താല്‍ അമ്മയ്ക്ക് അത് രണ്ടു ദിവസത്തേക്ക് ഉണ്ടാവും. തീരുമ്പോള്‍ വീണ്ടും അബിയുടെ കൈയില്‍ അവലോസുണ്ട കൊടുത്തുവിടും. ഇതൊരു പതിവായിരുന്നു. നിറഞ്ഞ കണ്ണുകളോടെ അബിയെ ഓര്‍ത്ത് അഭിമാനം തോന്നിയ ടീച്ചര്‍ അവരോട് യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി. തിങ്കളാഴ്ച ക്ലാസ്സില്‍ വരുമ്പോള്‍ പറയാനായി പുതിയ ഒരു കഥയുമായി ടീച്ചര്‍ തന്റെ യാത്ര തുടര്‍ന്നു.



Comments