അതിഥി ദേവോ ഭവ: | കവര്‍സ്റ്റോറി | സാജന് സി എ | KAIROS MALAYALAM | JUNE 2025


ദൈവ മനുഷ്യബന്ധത്തിന്റെ ഊടുംപാവും നെയ്തെടുക്കുന്ന രക്ഷാകര ചരിത്രത്തിന്റെ അനുപമവും അവര്‍ണനീയവുമായ കാഴ്ചകളാണ് ബൈബിളില്‍ നിറഞ്ഞുനില്ക്കുന്നത്. ലേഖനത്തിന്റെ
തലക്കെട്ടില്‍ സൂചിപ്പിച്ചപോലെ ആതിഥേയനെപോലെ മനുഷ്യനെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചു സ്നേഹിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിന്റെയും അവിടത്തെ അത്യുജ്വലമായ പ്രവര്‍ത്തനങ്ങളുടെയും അനശ്വരമായ ചരിത്രം... ഉണ്ടായിരുന്നവരും ഇപ്പോഴുള്ളവരും ഇനി വരാനിരിക്കുന്നവരുമായ സകലമനുഷ്യര്‍ക്കും വേണ്ടിയുള്ള ദൈവത്തിന്റെ രക്ഷാകര ചരിത്രം... അതിന്റെ സുവര്‍ണ ശോഭയാണ് ബൈബിളിലുടനീളം മിന്നിത്തിളങ്ങി പ്രകാശം ചൊരിയുന്നത്. അതില്‍തന്നെ, കാവ്യാത്മകവും സൗഖ്യദായകവുമായ ഗീതകങ്ങള്‍ ആണല്ലോ സങ്കീര്‍ത്തനങ്ങള്‍. 150 സങ്കീര്‍ത്തനങ്ങളും ലോകം മുഴുവന്‍ സംഗീത സാന്ദ്രമായി മനുഷ്യമനസ്സുകളില്‍ അലയടിച്ചു കൊണ്ടിരിക്കുന്നു. ബൈബിള്‍ വായിച്ചിട്ടുള്ളവരില്‍ ഒരാള്‍പോലും ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം വായിക്കാത്തതായുണ്ടാവില്ല. അതില്‍ തന്നെയുള്ള അഞ്ചാം വാക്യം ധ്യാനവിഷയമാക്കുകയാണ് ഇവിടെ.
എന്റെ ശത്രുക്കളുടെ മുന്പില് അവിടന്ന് എനിക്ക് വിരുന്നൊരുക്കുന്നു
നമ്മുടെ ജീവിതയാത്രയില്‍ നാം നേരിടുന്ന വെല്ലുവിളികള്‍, പ്രയാസങ്ങള്‍, സങ്കടങ്ങള്‍, ആധികള്‍, വ്യാധികള്‍ തുടങ്ങി ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങള്‍ എല്ലാംതന്നെ... പലപ്പോഴും നമ്മെ തോല്‍പ്പിക്കാനും തകര്‍ക്കുവാനും പോരുന്നവയാണ്. എന്നാല്‍, ദൈവോന്മുഖരായി ജീവിക്കുന്നവര്‍ക്ക് മുന്നിലുയരുന്ന ഈ 'ശത്രുക്കളുടെ' മുമ്പില്‍ ദൈവത്തിന്റെ കരുണയും സ്നേഹവും പരിപാലനയുമൊക്കെ അനുഗ്രഹമായി പെയ്തിറങ്ങി, ഒരു വിരുന്നു കണക്കെ നമുക്ക് അനുഭവവേദ്യമാകുന്നുണ്ട്.
ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ക്കും സ്നേഹിക്കുന്നവര്‍ക്കും ദൈവവചനമനുസരിച്ച് ജീവിതം നയിക്കുന്നവര്ക്കുമൊക്കെ യാതൊന്നും പ്രതിബന്ധമാവില്ല. പാതയില്‍ പ്രകാശമായി ദൈവവചനം നമ്മെ നയിക്കുമ്പോള്‍ ഒരു ശത്രുവിനും നമ്മെ തകര്‍ക്കാനാവില്ല. ദൈവവചനത്തിന്റെ അലൗകികമായ ശക്തി നമ്മെ പൊതിഞ്ഞ് കാത്തു പരിപാലിക്കും. ഈ ഒരു തിരിച്ചറിവില്‍ നിന്നാണ് അഞ്ചാം വാക്യത്തെ നാം ധ്യാനവിഷയം ആക്കേണ്ടത്. അപ്പോള്‍ നമുക്കും പറയാനാകും: 'എന്റെ ശത്രുക്കളുടെ മുമ്പില്‍ അവിടെനിക്ക് വിരുന്നൊരുക്കുന്നു' എന്ന്.
എന്റെ ശിരസ്സ് തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു
തൈലംകൊണ്ട് കഴുക, അഭിഷേകം ചെയ്യുക എന്നൊക്കെയുള്ളത് പുരാതനകാലത്ത് ആദരവിന്റെയും ആചാര മര്യാദയുടെയും പ്രകടനമായിരുന്നു. കൂടാതെ അനുഗ്രഹത്തിന്റെയും സൗഖ്യം നല്കുന്നതിന്റെയും അടയാളവുമായിരുന്നു ഈ തൈലാഭിഷേകം. യാത്ര കഴിഞ്ഞെത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവരെ ആശ്വസിപ്പിക്കാനും ക്ഷീണം മാറ്റി ഉന്മേഷരാക്കാനും സുഗന്ധദ്രവ്യങ്ങള്‍ കലര്‍ത്തിയ തൈലം തലയില്‍ പൂശുന്ന പതിവ് പണ്ടുകാലത്ത് ഉണ്ടായിരുന്നത്രേ (ലൂക്ക 7, 46). ഇന്നിത്തരം ആചാരങ്ങളൊക്കെ അജ്ഞാതമാണെന്നും അന്യം നിന്നു
പോയിയെന്നും വേണം അനുമാനിക്കാന്‍.
ദൈവം തന്റെ കരുണയുള്ള സ്നേഹവും സംരക്ഷണവും ദാനമായി നല്‍കുന്നതും അത് നമ്മില്‍ നിറഞ്ഞൊഴുകി നമ്മെ അഭിഷേകം ചെയ്യുന്നതുണ് ഇവിടെ അര്‍ഥമാക്കുന്നത്. ദൈവംതന്നെ നേരിട്ട് നമ്മെ സ്വീകരിക്കുകയും ആതിഥേയന്റെ മനസ്സോടെ നമ്മെ പരിചരിക്കുന്നതും പരിപാലിക്കുന്നതുമാണ് ദാവീദ് രാജാവിന്റെ ഈ സങ്കീര്‍ത്തന ഗീതകങ്ങള്‍ നമ്മോട് പറയുന്നത്. നമുക്കും ഈ അഭിഷേകാനുഭവം ലഭിച്ചുകൊണ്ടിരിക്കുന്നു. കാരുണ്യവാനായ ദൈവത്തിന്റെ മുഖമാണ് ഇവിടെ ദൃശ്യമാകുന്നത്. ദൈവസ്വഭാവത്തിന്റെ സത്തതന്നെ കാരുണ്യമാണ്. ഇത് അറിയാതെ ജീവിക്കുന്നതാണ് മനുഷ്യന്റെ ദുര്യോഗം. ഇതറിയുന്നവര്‍ ഈ ഭൂമിയില്‍ത്തന്നെ സ്വര്‍ഗം അനുഭവിക്കുന്നവരാണ്.
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു
ദൈവസ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതിനിധീകരിക്കുന്നതാണ് പാനപാത്രം. ദൈവ പരിപാലനയുടെ സമൃദ്ധിയാണ് ഇവിടെ വരച്ചു കാണിക്കുന്നത്. ജീവിതം മുഴുവന്‍ നിറഞ്ഞുതുളുമ്പുന്നത് ഈ ദൈവാനുഗ്രഹങ്ങളാണ്. അറിയാതെയും അറിഞ്ഞിട്ട് അറിയാത്ത മണ്ണിലും ചിലപ്പോള്‍ അവഗണിച്ചും ജീവിക്കുന്നതാണ് മനുഷ്യപ്രകൃതം. നാമിതില്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു എന്ന് തിരിച്ചറിയണം. പ്രതികൂല സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും ദൈവം കൂടെയുള്ളതും പരിപാലിക്കുന്നതും ഈ കവിഞ്ഞൊഴുകലിന്റെ അടയാളമാണ്.
''എന്റെ ശത്രുക്കളുടെ മുന്പില് അവിടന്നെനിക്ക് വിരുന്നൊരുക്കുന്നു, എന്റെ ശിരസ്സ് തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു, എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു... ''സങ്കീര്‍ത്തകനായ ദാവീദിനൊപ്പം നമുക്കും അനുഭവിച്ചറിയാം ദൈവസ്നേഹത്തിന്റെ ആഴങ്ങള്‍. പിന്നെ ഈ വരികള്‍ നമ്മുടെ തന്നെ ഹൃദയത്തില്‍നിന്ന് ഉദ്ഘോഷിക്കും, കവിഞ്ഞൊഴുകും. അങ്ങനെ മറ്റുള്ളവര്‍ക്കും നമ്മെക്കണ്ട്, നമ്മുടെ ജീവിതംകണ്ട് പറയാനാകട്ടെ: 'കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.'

കെയ്റോസ് മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്ററാണ് ലേഖകൻ



Comments