യുവജനങ്ങളുടെ ആന്തരിക യാത്ര അടുത്തറിഞ്ഞു കൂടെ നിൽക്കണം | ഫ്രം ദി ഹാര്‍ട്ട് | ഡോ. എഡ്‌വേര്‍ഡ് എടേഴത്ത് | KAIROS MALAYALAM | JUNE 2025


കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പൈതങ്ങളുടെ പേരിലുള്ള പള്ളിയിലാണ് ഞാന്‍ കുര്‍ബാനയില്‍ പങ്കെടുത്തത്. തലേദിവസം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളും ഏഴാം ക്ലാസ്സുകാരും ദിവ്യബലിക്ക് നേതൃത്വം നല്‍കി. ആ കുട്ടികള്‍ക്കുവേണ്ട പരിഗണനനല്‍കി എല്ലാം ക്രമീകരിച്ചത് കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. അധ്യാപകരും മുതിര്‍ന്നവരും അവരെ ഊഷ്മളമായി സ്വാഗതം ചെയ്ത് ഒപ്പമിരുന്നു. കാര്‍മികനായ വൈദികന്റെ സംസാരരീതി സന്തോഷവും സ്‌നേഹവും നിറയുന്നതായിരുന്നു, എന്നാല്‍, ഒട്ടും നീട്ടാതെയും ബോറടിപ്പിക്കാതെയും. ബലിമധ്യേയുള്ള പ്രസംഗം കുട്ടികളുടെ പങ്കാളിത്തത്തോടെ ആയിരുന്നു. ചില ഭാഗങ്ങള്‍ കുട്ടികള്‍ വായിച്ചു. അത് അവര്‍ ഇരുന്നുതന്നെ വായിച്ചതും നന്നായി. ആളുകള്‍ തിങ്ങിനിറഞ്ഞ ആ പള്ളിയില്‍ മറ്റുള്ളവരുടെ മുന്നില്‍ വന്നു വായിക്കുക പല കൗമാരക്കാര്‍ക്കും പ്രയാസമാകും. അവരുടെ ആ മാനസികാവസ്ഥ മനസ്സിലാക്കി എല്ലാം ക്രമീകരിച്ചത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. യുവ മനസസ്സുകള്‍ക്കൊപ്പമുള്ള ഏറെ സുന്ദരമായ അനുയാത്ര!
അപക്വതയും കുറേയൊക്കെ അനുവദിക്കണ്ടേ?
ക്ലാസ്സിലെ കുട്ടികളോട് ചിലപ്പോഴൊക്കെ ഞാന്‍ ചോദിക്കാറുണ്ട്: ''മാതാപിതാക്കള്‍ക്ക് എന്താണ് ഞാന്‍ പറഞ്ഞുകൊടുക്കേണ്ടത്?'' അവരുടെ പല പ്രതികരണങ്ങളില്‍ ഒന്ന്: ''അവരുടെ വലിയ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ ഞങ്ങളെ ദയവായി നിര്‍ബന്ധിക്കാതിരിക്കുക.'' എന്നിട്ട് അവര്‍ അത് വിശദീകരിക്കും, മുതിര്‍ന്നവര്‍ അവരുടെ ബാല്യകാലം മറക്കും, എന്നിട്ട് അവര്‍ക്ക് ആകാതിരുന്നതെല്ലാം എത്തിപ്പിടിക്കാന്‍ ഞങ്ങളോട് പറയും. ''ദയവായി ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുക!''
ഒരുകാര്യം പ്രത്യേകം ഓര്‍ക്കണം, നാമെല്ലാം ഒരു യാത്രയിലാണ്, പക്വതയിലേക്കുള്ള വളര്‍ച്ചയുടെ പാതയില്‍. എന്റെയോ മറ്റുള്ളവരുടെയോ ഒക്കെ അപൂര്‍ണതകള്‍ കാണുമ്പോള്‍ പ്രത്യേകം ഇത് ഓര്‍ക്കണം. അവിടെ അനുഭാവപൂര്‍വം അനുയാത്ര ചെയ്യുകയാണ് നമ്മുടെ ദൗത്യം. ജപ്പാന്‍കാരുടെ ഒരു വാക്ക് - 'ഡോജോ' അത് ആയോധനകലയുടെ പരിശീലന കളരിയാണ്. പക്ഷേ 'വഴിയില്‍ ഒരിടം' എന്നും അതിനര്‍ഥമുണ്ട്. ക്രിസ്തീയ പൂര്‍ണതയിലേയുള്ള നീണ്ട യാത്രയുടെ ഒരു പ്രത്യേക ഘട്ടത്തിലാണ് നമോരോരുത്തരും എന്നോര്‍ത്താല്‍ ആരുടെയും അപക്വത അംഗീകരിക്കാന്‍ എളുപ്പമാകും. വി. പൗലോസിന്റെ വാക്കുകള്‍ ഓര്‍ക്കുന്നത് നല്ലതാണ്: ''എനിക്കത് ലഭിച്ചു കഴിഞ്ഞു എന്നോ ഞാന്‍ പൂര്‍ണനാണ് എന്നോ അല്ല. ക്രിസ്തു എന്നെ സ്വന്തമാക്കി കഴിഞ്ഞതിനാല്‍ ഞാനും അവനെ എന്റേതാക്കാന്‍ പ്രയാണം ചെയ്യുന്നു'' (ഫിലി 3, 12). നല്ലൊരു ജീസസ് യൂത്ത് രീതി എന്താകണം? പക്വത പോരാത്ത പെരുമാറ്റംകണ്ട് സമചിത്തത വെടിയാതെ അയാള്‍ 'വഴിയില്‍ ഒരിടത്ത്' മാത്രമാണ് എന്നോര്‍ത്ത് സന്തോഷപൂര്‍വം ബന്ധം സ്ഥാപിക്കുക, സൗഹൃദം പുലര്‍ത്തുക.
കഴിഞ്ഞ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ യുവസഹചമായ ചാപല്യങ്ങളുടെ മുന്നില്‍ എന്റെ സംശയങ്ങള്‍ക്കും എതിര്‍പ്പിനും അപ്പുറം എന്നില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ച് സഹയാത്രികരായ അനേകരെ ഓര്‍ക്കുന്നു. കോളേജ് ജീവിതത്തിന് മുന്‍പായിരുന്നു എന്റെ ആദ്യ നവീകരണ അനുഭവം. അതു നയിച്ച വൈദികനുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു: ''എനിക്ക് വിശ്വാസമില്ല; പ്രാര്‍ഥിക്കാറുമില്ല.'' എന്നാല്‍, ഒട്ടും കുറ്റപ്പെടുത്താതെ ഏറെ പ്രോത്സാഹനം തരുന്ന അദ്ദേഹത്തിന്റെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ആദ്യ കരിസ്മാറ്റിക് നേതൃസംഗമത്തില്‍ എന്റെ ഭാവവും വേഷവും ഒക്കെ ഏറെ വിചിത്രമായിരുന്നു. മറ്റുള്ളവരെ ഒന്ന് ചുമ്മാ വെല്ലുവിളിക്കാന്‍. നൂറോളം വരുന്ന നേതാക്കളില്‍ ആരും എന്നെ തിരുത്താന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല ആദ്യ സംസ്ഥാനതല ടീം (കെഎസ്ടി) രൂപീകരിച്ചപ്പോള്‍ യുവജന പ്രതിനിധിയായി ടീമില്‍ ഉള്‍പ്പെടുത്തിയത് എന്നെയായിരുന്നു. നല്ലരീതിയില്‍ പിടിച്ചുകുലുക്കി എന്നെ പ്രതിബദ്ധതയില്‍ വളര്‍ത്തിയ അനേക അനുഭവങ്ങളില്‍ ഒന്ന്.
പക്വതയിലേക്കുള്ള പരിണാമങ്ങള്‍ എന്നില്‍ വരുത്തിയത് പ്രധാനമായും തിരുത്തലും വിമര്‍ശനവും ആയിരുന്നോ? തീര്‍ച്ചയായും അല്ല. മറിച്ച് പ്രധാനപ്പെട്ടവര്‍ എന്ന് ഞാന്‍ കരുതിയ മുതിര്‍ന്നവര്‍ നല്‍കിയ സീമാതീതമായ അംഗീകാരവും ഹൃദ്യമായ പ്രോത്സാഹനവും വിശ്വാസ ജീവിതത്തിലും നേതൃത്വത്തിലും പടിപടിയായി മുന്നേറാന്‍ എനിക്ക് ഇടവരുത്തി. ഒരുകാര്യം തീര്‍ച്ച, യുവാക്കളുടെ വ്യക്തിത്വ രൂപീകരണത്തിലെ ഏറ്റവും പ്രധാന കാര്യം അവര്‍ ആദരിക്കുന്ന മുതിര്‍ന്നവരുടെ ഔദാര്യപൂര്‍വമായ അംഗീകാരവും പ്രോത്സാഹനവും തന്നെയാണ്.
യാത്രയുടെ ഘട്ടങ്ങള്‍ തിരിച്ചറിയാനാകുമോ?
യൗവന കാലം, പലതും ശ്രമിച്ചു നോക്കുന്ന ഒരു സമയമാണ്. വിവിധ അനുഭവങ്ങളോ വൈകാരിക പ്രതികരണങ്ങളോ ഒക്കെ ആകാമത്. നല്ല സന്തോഷത്തില്‍ നിന്ന് വിഷാദത്തിലേക്കോ, വലിയ സ്‌നേഹത്തില്‍ നിന്ന് ഏകാന്തതയിലേക്കോ, ആവേശത്തില്‍ നിന്ന് തളര്‍ച്ചയിലേയ്‌ക്കോ ഒക്കെ പെട്ടെന്ന് ഇവര്‍ മാറുകയാണെങ്കില്‍ അതില്‍ ഒട്ടും അതിശയിക്കാനില്ല. ഇത്രനാളും നന്നായി പെരുമാറിയ ഒരു കുട്ടി ഒരു ദിവസം പൊട്ടിത്തെറിക്കുന്നതും ഗ്രൂപ്പില്‍ നല്ല നേതൃത്വം വഹിച്ച ഒരാള്‍ ഒരു പ്രധാന ഘട്ടത്തില്‍ കാണാതാവുന്നതും ഒക്കെ അപ്രതീക്ഷിതമല്ല. കൂട്ടുകാരെയൊക്കെ പ്രയാസപ്പെടുത്തുന്ന യുവജന പ്രണയങ്ങളും ചില ഗ്രൂപ്പ് സംഘര്‍ഷങ്ങളും എല്ലാം ഇത്തരം യുവസഹജ ചാഞ്ചാട്ടങ്ങളുടെ സൂചനകള്‍ തന്നെ.
എപ്രകാരമാണ് യുവജന ശുശ്രൂഷകര്‍ ഈ അപക്വതകളെ ആന്തരിക ''വഴിയിലെ ഇടങ്ങള്‍'' ആയി തിരിച്ചറിഞ്ഞ് പറ്റിയ സഹയാത്രികരാകുന്നത്? ആദ്യമായി ഇതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല എന്നറിയുക. അനുകമ്പായാര്‍ന്ന ക്ഷമാപൂര്‍വമായ കൂടെനടപ്പാണ് അവര്‍ക്കുവേണ്ടത്. വിധിക്കുന്നതിലുപരി അവരെ ശ്രവിക്കാന്‍, അംഗീകരിക്കാന്‍, പ്രോത്സാഹിപ്പിക്കാന്‍, പിന്നെ സാവധാനം വെല്ലുവിളിക്കാന്‍ കൂടെയുണ്ടാകണം.
നമ്മുടെ അടുത്തുവരുന്ന പലര്‍ക്കും കലുഷിതമായ ഒരു ജീവിത യാത്രയാകും പങ്കുവയ്ക്കാന്‍ ഉണ്ടാകുക. ഗ്രൂപ്പില്‍ ഏറെ നന്നായി ഇടപെടുന്ന ജോണ്‍ എന്നോട് സംസാരം തുടങ്ങിയത് തന്നെ ഇങ്ങനെയാണ്, ''എന്താ പറയുക, എല്ലാം കുത്തഴിഞ്ഞ അവസ്ഥയിലാണ്.'' ഞാന്‍ ചിന്തിച്ചു, ഇവനെ ഏറെ സ്‌നേഹിക്കുന്ന പിതാവ് ഇതല്ല കാണുന്നത് എന്ന് എങ്ങനെ ജോണിനെ പറഞ്ഞു മനസ്സിലാക്കും? ഈ ആന്തരിക തകര്‍ച്ചയില്‍ നിന്ന് മുഖം തിരിക്കാന്‍ കര്‍ത്താവില്‍ ആനന്ദിക്കാന്‍, അതാണ് ദൈവേഷ്ടം. ''നിരാശ തോന്നേണ്ട അവസ്ഥയിലൊന്നും അല്ല നീ. ഇത് യാത്രയുടെ ഒരു ഘട്ടത്തിലെ നിന്റെ മാനസികാവസ്ഥ മാത്രമാണ്. കുറച്ചുകൂടെ നിന്റെ ജീവിതത്തിലെ സമൃദ്ധി കാണാനും സ്‌നേഹിക്കുന്ന ദൈവത്തിന്റെ അത്ഭുത കരം തിരിച്ചറിയാനും എങ്ങനെ സാധിക്കും?''
സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ യേശു ചെയ്തതും ഇതുതന്നെ അല്ലേ? വിശ്വാസ യാത്രയുടെ ഒരു ഘട്ടത്തില്‍ കണ്ടുമുട്ടിയ മനുഷ്യരെ യേശു അടുത്ത പടികളിലേയ്ക്ക് കരംപിടിച്ചു നയിച്ചു. അവിടെ കാണുന്ന ചില ഘട്ടങ്ങള്‍: ആദ്യപടി, അന്വേഷകന്‍ അല്ലെങ്കില്‍ സത്യവും സാന്ത്വനവും ഒക്കെ തിരയുന്നവര്‍, പിന്നെ തന്നില്‍ വിശ്വാസമര്‍പ്പിച്ചവര്‍, ഒരു പടികൂടെ കടന്ന് അവിടത്തെ പിന്‍ചെന്ന ശിഷ്യര്‍, അതിനുമപ്പുറം ദൗത്യ ബോധ്യത്തോടെ അയക്കപ്പെട്ടവര്‍. ആന്തരിക യാത്രയുടെ ഇത്തരം നാലഞ്ച് ഘട്ടങ്ങള്‍ മനസ്സിലാക്കി യുവാക്കളുടെ ആഗ്രഹങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നടുവില്‍ ചൂണ്ടുപലകകളാകുകയാണ് നമ്മുടെ മിഷണറി ദൗത്യം. ഞാന്‍ കണ്ടുമുട്ടുന്ന യുവതിയും യുവാവും ഇപ്പോള്‍ ഇതില്‍ ഏതെങ്കിലും പടിയില്‍ ആകും, മുന്നേറാന്‍ തീര്‍ച്ചയായും അറിഞ്ഞോ അറിയാതെയോ ഏറെ ശ്രമിക്കുന്നവരാണ് അവര്‍ ഓരോരുത്തരും. ചിലപ്പോഴെങ്കിലും കളിക്കാരെക്കാള്‍ വിവേകമുള്ള കാഴ്ചക്കാര്‍ക്കാണ് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കുക.
അവിടെ ഒരു ചോദ്യമുയരാം, മേല്‍പറഞ്ഞ യാത്രാ ഘട്ടങ്ങളും ലേബലുകളും ആവശ്യമില്ലാത്ത ഒരു തരംതിരിവാണോ? മനുഷരെ ഇപ്രകാരം വിധിക്കാനും പിന്നെ പേരുവിളിക്കാനും ഒക്കെ തുടങ്ങിയാലോ? ഏതൊരു സഹായ സമീപനത്തിനും പ്രശങ്ങളുണ്ട്, ആ പോരായ്മകള്‍ കാണുന്നതും നല്ലതുതന്നെ. ഒപ്പം നമ്മെ സമീപിക്കുന്നവരുടെ ആന്തരിക യാത്ര അനുഭാവപൂര്‍വം മനസ്സിലാക്കി അടുത്ത വളര്‍ച്ചാഘട്ടത്തിലേയ്ക്ക് മുന്നേറാന്‍ അവരെ പ്രോല്‍സാഹിപ്പിക്കുക നമ്മുടെ പ്രധാന സ്‌നേഹ ദൗത്യമാണ്. ഈ ഘട്ടങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തപ്പോള്‍ ഫാ. ജെയിംസ് സൂചിപ്പിച്ച ഒരുകാര്യം കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കി: ''അന്വേഷണ ഘട്ടത്തില്‍ നിന്ന് ഒരാള്‍ ഒരു ചെറു സഹായം ലഭിച്ചാല്‍ വിശ്വാസ, ശിഷ്യത്വ ഘട്ടങ്ങളിലേയ്ക്ക് മുന്നേറും. പക്ഷേ,
ഈ പടികള്‍ കയറുമ്പോഴും അയാളുടെ അന്വേഷണം ഇല്ലാതാകുന്നില്ല.'' യാത്ര തുടരുന്നു. പല ചാപല്യങ്ങളും തുടരുന്നു, ചിലപ്പോള്‍ അവ താലന്തുകളും ആകും. ഇത് യാത്രയില്‍ ആയിരിക്കുന്നവരും സഹായിക്കുന്നവരും മനസ്സില്‍ കരുതുന്നത് നല്ലത്.
യുവസഹജമായ ചാപല്യങ്ങളും അത്തരം കൂട്ടുകെട്ടുകളും ഉണര്‍ത്തുന്ന സാധാരണ പ്രതികരണം എന്താണ്? കുറ്റപ്പെടുത്തലും ശകാരവും തിരുത്തലും അകറ്റിനിറുത്തലും ഒക്കെ. പക്ഷേ അവിടെ ആര്‍ക്കെങ്കിലുമൊക്കെ ഒരു ആന്തരിക യാത്രയുടെ അല്ലെങ്കില്‍ എന്തൊക്കെയോ കണ്ടെത്താനുള്ള ശ്രമത്തിന്റെ സൂചനകള്‍ തിരിച്ചറിയാന്‍ പറ്റിയാല്‍, അവരുമായി ബന്ധപ്പെടാന്‍ സാധിച്ചാല്‍, സ്‌നേഹപൂര്‍വം കൂടെ നടക്കാന്‍ ശ്രമിച്ചാല്‍ എന്തൊക്കെയോ സംഭവിക്കും. മുന്നോട്ട് നോക്കുമ്പോള്‍, വരും നാളുകളില്‍ സുന്ദരമായ കുടുംബങ്ങളും ഊര്‍ജസ്വലമായ ഒരു മിഷണറി സഭയും കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ സംഭാവനയും കൂടെ ആകും അത്.ലേഖകന്‍ ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ തുടക്കക്കാരില്‍ പ്രധാനി. അന്തര്‍ദേശീയ പ്രഭാഷകനും എഴുത്തുകാരനുമാണ്. 2018ല്‍ ഷെവലിയര്‍പട്ടം സ്വീകരിച്ചിട്ടുണ്ട്.

ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ തുടക്കക്കാരിൽ പ്രധാനിയായ ലേഖകൻ അന്തർദേശീയ പ്രഭാഷകനും എഴുത്തുകാരനുമാണ് . 2018ൽ ഷെവലിയർ പട്ടം ലഭിച്ചു.



Comments