top of page

യേശുവിലേക്കോ അതോ ജീസസ് യൂത്തിലേക്കോ യുവാക്കളെ കൊണ്ടുവരേണ്ടത് ? | ഫ്രം ദി ഹാര്‍ട്ട് | ഡോ. എഡ്‌വേര്‍ഡ് എടേഴത്ത്‌ | KAIROS MALAYALAM | APRIL 2025

Writer: ഡോ. എഡ്‌വേര്‍ഡ് എടേഴത്ത്‌
ഡോ. എഡ്‌വേര്‍ഡ് എടേഴത്ത്‌
5 days ago
3 min read


ജീസസ് യൂത്ത് നേതാക്കളുടെ ഒരു പ്രാദേശിക കൂട്ടായ്മയ്ക്കിടെ മരിയ ഒരു ചോദ്യം ഉന്നയിച്ചു: ''എന്റെ ഇടവകയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു. അവിടെ യുവാക്കളോടൊത്തായിരിക്കുമ്പോള്‍ എന്തുവേണം, അവരെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവന്നാല്‍ പോരെ, അതല്ലാതെ ജീസസ് യൂത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടോ?''


എല്ലാവരും കുറച്ചുനേരം നിശ്ശബ്ദരായിരുന്നു. തുടര്‍ന്ന് മറ്റൊരാളും ഏതാണ്ട് ഇതേ ചോദ്യം തന്നെ ഉയര്‍ത്തി: ''അതേ, യുവാക്കളോടൊത്തുള്ള പ്രവര്‍ത്തനത്തില്‍, അവരെ നമ്മുടെ മുന്നേറ്റത്തിലേക്കു കൊണ്ടുവരിക എന്നൊരു ലക്ഷ്യത്തിന്റെ ആവശ്യമുണ്ടോ?''


ഈ ചോദ്യം എവിടെ നിന്നാണ് വരുന്നതെന്ന് ഞാന്‍ ആലോചിച്ചു. നമ്മുടെ കൂട്ടായ്മകളില്‍ ആളുകളെ ചേര്‍ക്കാന്‍ ആരെങ്കിലും അമിത തീക്ഷ്ണത കാട്ടുന്നത് കണ്ടിട്ടാണോ? അതോ, ഒരു ജീസസ് യൂത്ത് ആണെന്ന് മറ്റുള്ളവര്‍ അറിയുന്നതിലുള്ള നാണക്കേടും അത് മറച്ചുവച്ച് പ്രവര്‍ത്തിക്കാനുള്ള തത്രപ്പാടും കാരണമാണോ ഇത്?


ആ പ്രചോദനം എന്തുതന്നെ ആയാലും അതിനും അപ്പുറം ആ ചോദ്യം ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് ഞാന്‍ കരുതുന്നു. ഒന്നാമതായി, യേശുവിലേക്ക് വരുന്നതും ജീസസ് യൂത്തില്‍ വരുന്നതും തമ്മില്‍ ഒരു വൈരുധ്യമുണ്ടോ? പിന്നെ മറ്റുള്ളവരെ ജീസസ് യൂത്തിലേയ്ക്കു കൊണ്ടുവരുന്നതിന്റെ പ്രാധാന്യം എന്താണ്?


രണ്ടും ഒത്തുപോകാന്‍ പ്രയാസമാണോ?


ജോര്‍ജാണ് മരിയയുടെ ചോദ്യത്തിനോട് പ്രതികരിച്ചത്. ''അവരെ യേശുവിലേക്ക് കൊണ്ടുവരുന്നതും ജീസസ് യൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതും തമ്മില്‍ ഒരു പൊരുത്തക്കേടുണ്ടോ? എന്റെ അഭിപ്രായത്തില്‍ യേശുവുമായുള്ള ബന്ധത്തില്‍ വളരാന്‍ യുവാക്കളെ നമ്മുടെ മുന്നേറ്റത്തിലേയ്ക്ക് കൊണ്ടുവരുന്നതല്ലേ ഏറ്റവും നല്ലത്? അതുകൊണ്ടുതന്നെ എവിടെയെങ്കിലും നാം ജീസസ് യൂത്തിനെ പരിചയപ്പെടുത്തുമ്പോള്‍ ഇന്നത്തെക്കാലത്ത് യേശുവില്‍ ജീവിക്കാന്‍ ഉചിതമായ ഒരു മാര്‍ഗമായിട്ടല്ലേ നമ്മള്‍ അതിനെ അവതരിപ്പിക്കാറ്? അത് ശരിയുമല്ലേ?''


എന്നാല്‍, മരിയ വിട്ടുകൊടുത്തില്ല: ''വിശ്വാസത്തില്‍ ആഴപ്പെടാന്‍ ഒരേയൊരു മാര്‍ഗം ജീസസ് യൂത്ത് ആണോ? കത്തോലിക്കാ സഭയില്‍ വിശ്വാസ വളര്‍ച്ചയ്ക്ക് എത്രയോ വഴികളുണ്ട്.''


ഇത്രയുമായപ്പോള്‍ ഒന്ന് ഇടപെടാമെന്ന് ഞാനും കരുതി: ''തീര്‍ച്ചയായും, സഭയിലെ മറ്റു മുന്നേറ്റങ്ങളുടെ പ്രത്യേകതകളും നന്മകളും തിരിച്ചറിഞ്ഞ് അവരുമായി നാം ബന്ധപ്പെടേണ്ടതും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതും അത്യാവശ്യമാണ്. അതോടൊപ്പം നമ്മുടെ മുന്നേറ്റത്തെ അറിയുകയും ഇഷ്ടപ്പെടുകയും മറ്റുള്ളവര്‍ അവിടെ വരാന്‍ ആഗ്രഹിക്കുകയും ചെയ്യേണ്ടതല്ലേ? അവിടെ കുറവുകള്‍ ഉണ്ടാകാം, പക്ഷേ, മറ്റൊരു കൂട്ടായ്മയിലും അനുഭവിക്കാത്ത എന്തോ പ്രത്യേകതകളാണല്ലോ ഇവിടെ താത്പര്യപൂര്‍വം പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ദൈവാത്മാവിന്റെ ഒരു പ്രത്യേക പ്രവര്‍ത്തനം നാം ഇവിടെ കാണുന്നു. അതുകൊണ്ടുതന്നെ ഏറെ സമയവും പരിശ്രമവും ഇതിനായി മാറ്റിവയ്ക്കുകയും ചെയ്യുന്നു.''


മറ്റുള്ളവരെ നാം ചെറുതായി കാണേണ്ട. ഒപ്പം സ്വന്തം കുടുംബത്തെ അംഗീകരിക്കാനും അതിനെ ഇഷ്ടപ്പെട്ട് അതിന്റെ നന്മ മറ്റുള്ളവരുമായി പങ്കിടാനും ഒരു മടിയും വിചാരിക്കേണ്ടതുമില്ല.


സന്തോഷ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യണം


ഒരു ചെറുപ്പക്കാരന്റെ അനുഭവം ഞാന്‍ ഓര്‍ത്തു. ജീസസ് യൂത്തില്‍ സജീവ പ്രവര്‍ത്തകനായിരുന്നു ജോണ്‍. ജോലിക്കായി വേറൊരു നാട്ടിലേയ്ക്കുപോയി. അവിടെയും നല്ല ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ, കുറച്ച് സമയത്തിനുശേഷം ജോണ്‍ അവിടെ സജീവമായിരുന്ന മറ്റൊരു കത്തോലിക്കാ ഗ്രൂപ്പിലേയ്ക്ക് മാറുകയും ജീസസ് യൂത്ത് ബന്ധങ്ങള്‍ ഏതാണ്ട് ഇല്ലാതാകുകയും ചെയ്തു. കുറേക്കൂടെ ആകര്‍ഷകമായ രീതികള്‍ അവിടെ കണ്ടതാണ് ആ മാറ്റത്തിന് കാരണമായത്. അതേക്കുറിച്ച് കേട്ടപ്പോള്‍ അതൊരു പ്രശ്‌നമായി എനിക്ക് തോന്നിയതുമില്ല.


വര്‍ഷങ്ങള്‍ കടന്നുപോയി. പിന്നീട് ഞാന്‍ ജോണിനെ കാണുമ്പോള്‍ ഒരു കാര്യം അയാളെ അലട്ടുന്നത് കണ്ടു. ജീസസ് യൂത്ത് അതിനിടെ അവിടെ ഏറെ വളരുകയും സുന്ദരമായ അനേകം കാര്യങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതിലൊന്നും തനിക്ക് പങ്കില്ല എന്ന വിഷമം ആ ചെറുപ്പക്കാരനെ ഏറെ അസ്വസ്ഥനാക്കി. ഒരു കുടുംബത്തിന്റെ വളര്‍ച്ച കാണുമ്പോള്‍ അതില്‍ എന്റെ പങ്ക് ഞാന്‍ നിര്‍വഹിച്ചില്ലല്ലോ എന്നു പരിതപിക്കുന്ന ഒരു നല്ല മകനെ പോലെ.


**പാഠം 1:** കര്‍ത്താവിനെ കണ്ടുമുട്ടി ആ ബന്ധത്തില്‍ വളരുക എന്നത് ഉള്ളില്‍ ഒതുങ്ങുന്ന ആത്മീയതയല്ല. പൗലോസ് ശ്ലീഹ പലപ്രാവശ്യം ഊന്നിപ്പറയുന്നതുപോലെ, ഒരു വിശ്വാസ കൂട്ടായ്മയില്‍ സജീവമാകുന്നത് ആ യാത്രയുടെ അവിഭാജ്യ ഭാഗമാണ്. മറ്റുള്ളവരെ ഞാന്‍ യേശുവിന്റെ പക്കലേക്ക് കൊണ്ടുവരുമ്പോഴും അവരുടെ ചോദ്യങ്ങളും സംശയങ്ങളും പരിഹരിച്ച് ഈശോയെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാന്‍ സഹായിക്കുക എന്നത് ആദ്യപടി മാത്രമാണ്. ഒപ്പം, തുടരുന്ന ഒരു വിശ്വാസയാത്രയ്ക്ക് അവര്‍ ഒരു സ്‌നേഹ കൂട്ടായ്മയുടെ ഭാഗമാകണം, അവിടെ വിശ്വാസ ജീവിതം പങ്കുവയ്ക്കപ്പെടുകയും വേണം. ഇത് എല്ലാ വിശ്വാസ യാത്രകള്‍ക്കും ബാധകമാണ്, ഏറെ പ്രത്യേകമായി ജീസസ് യൂത്ത് പശ്ചാത്തലത്തില്‍.


**പാഠം 2:** ഓരോ കുടുംബത്തിനും കൂട്ടായ്മയ്ക്കും നിരവധി ദാനങ്ങളും നന്മകളും ഉണ്ട്, അതോടൊപ്പംതന്നെ പല പോരായ്മകളും. എന്നാല്‍, ഒരു സമൂഹത്തോടൊപ്പം യാത്ര ചെയ്യാന്‍ തീരുമാനിച്ചാല്‍ അതിന്റെ ബലഹീനതകളും പരാജയങ്ങളും താഴ്മയോടെ സ്വീകരിക്കുന്നതിനൊപ്പം സൗന്ദര്യവും ശക്തിയും തിരിച്ചറിയുകയും വേണം. ഒരു കൂട്ടായ്മയുടെ ഭാഗമാകാന്‍ തീരുമാനിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അതോടെ വന്നുചേരുന്ന ഒരു കടമ കൂട്ടായ്മയുടെ രീതികളെയും അതിലെ അംഗങ്ങളെയും അറിഞ്ഞു സ്‌നേഹിക്കുക എന്നതാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. അത് വേണ്ട രീതിയില്‍ പ്രകടിപ്പിച്ച് എന്റെ വലിയ സംഭാവന നല്‍കണം. ഒപ്പം അഭിമാനപൂര്‍വം അതിനെ വളര്‍ത്തുകയും വേണം.


**പാഠം 3:** യഥാര്‍ഥ സുവിശേഷവത്കരണം എന്നാല്‍ ഞാന്‍ നന്നായി അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു നല്ല കുടുംബത്തിന്റെ ഭാഗമാകാന്‍ മറ്റുള്ളവരെ ക്ഷണിക്കുക എന്നതാണ്. യേശുവിനെ സൈദ്ധാന്തികമായി പരിചയപ്പെടുത്തുക അതിലെ ഒരു വശം മാത്രം. ക്രിസ്തു ഗാത്രത്തെ പരിചയപ്പെടുത്തി മറ്റുള്ളവരെ അതിലേക്ക് ആനയിക്കുകയാണ് അതിന്റെ തുടര്‍ച്ച. ജീസസ് യൂത്ത് കൂട്ടായ്മ അത്തരം സുവിശേഷവത്കരണത്തിനുള്ള സുന്ദരമായ ഒരു വേദിയാണ്.

ഇന്നത്തെ പ്രതിസന്ധി: ആര്‍ക്കും ഒന്നിന്റെയും ഭാഗമാകേണ്ട


മരിയയുടെ ചോദ്യവും തുടര്‍ന്നുള്ള ചര്‍ച്ചയും, ബന്ധങ്ങളും സ്‌നേഹ കൈമാറ്റവും ഇല്ലാത്ത ഒരു സൈദ്ധാന്തിക ക്രിസ്തീയ ജീവിതത്തിന്റെ അപകടത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടനല്‍കി. ''ഞാന്‍ യേശുവിനെ അനുഗമിക്കുന്നു, പ്രാര്‍ഥിക്കുന്നു, നല്ല ജീവിതം നയിക്കുന്നു. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്?'' എന്നാല്‍, കര്‍ത്താവ് നമ്മെ ക്ഷണിക്കുന്നത് ആ ജീവിതത്തിലേക്കാണോ? ഇന്നത്തെ പഠന-കേന്ദ്രീകൃത ബൗദ്ധിക ആത്മീയ യാത്രയും സ്വന്ത യു-ട്യൂബ് പഠന സംസ്‌കാര വളര്‍ച്ചയും വര്‍ധിച്ചുവരുന്ന നഗരജീവിത ശൈലിയും ഒക്കെ കൂടെ ഒരു പ്രത്യേക ക്രൈസ്തവ ജീവിത രീതി വളര്‍ത്തുന്നുണ്ടോ? അവിടെ ഒരു യഥാര്‍ഥ ക്രിസ്തീയ സമൂഹത്തില്‍ നിന്ന് ഞാന്‍ വിച്ഛേദിക്കപ്പെടുന്നു, ഒപ്പം സൗകര്യപ്രദവും ഞാനും ദൈവവും മാത്രമുള്ള ഒരു ജീവിതത്തിലേയ്ക്കു ഞാന്‍ ഒതുങ്ങുകയും ചെയ്യുന്നു.


പ്രതിബദ്ധതയിലേക്കുള്ള വിളി യേശുവിനെ എന്റെ ജീവിതത്തിന്റെ കര്‍ത്താവും നിയന്താവുമായി സ്വീകരിക്കാനാണ്. എന്നാല്‍, ഇത് സ്വാര്‍ഥമായ ഒരു ആധ്യാത്മികതയില്‍ ഒതുങ്ങില്ല. സമൂഹ പശ്ചാത്തലത്തില്‍ സ്‌നേഹിക്കാനും ജീവിക്കാനുമുള്ള ഒരു ആഹ്വാനമാണ് അത്. യഥാര്‍ഥ വചനം മാംസമാകല്‍. അങ്ങനെ, യേശുവിനോടുള്ള എന്റെ പ്രതിബദ്ധത പരീക്ഷിക്കപ്പെടുന്നത് ഞാന്‍ ഇപ്പോള്‍ ഇവിടെ കാണുന്ന മനുഷ്യരുടെ ഇടയില്‍ എങ്ങനെ ജീവിക്കുന്നു എന്നതിലൂടെയാണ്.


മരിയയോടും അവളുടെ സുഹൃത്തിനോടും ഞാന്‍ പറയാന്‍ ആഗ്രഹിച്ചത് ഇതാണ്: ''നമ്മള്‍ എല്ലാവരെയും ജീസസ് യൂത്തിലേക്ക് കൊണ്ടുവരരുത്; എന്നാല്‍, നമ്മള്‍ മറ്റു യുവാക്കളുമായി സജീവമായി ഇടപഴകുകയും, ഒപ്പം നമ്മുടെ സ്‌നേഹക്കൂട്ടായ്മയില്‍ അനുഭവിക്കുന്ന ക്രിസ്തീയ ജീവിതത്തിന്റെ ഭംഗി പങ്കിടാന്‍ തയ്യാറാകുകയും വേണം. ആ സൗന്ദര്യവും സ്‌നേഹവും ആരെയെങ്കിലും ഇങ്ങോട്ട് ആകര്‍ഷിക്കുകയാണെങ്കില്‍, നാം അവരെ തടയരുത്. നാം കണ്ടെത്തിയ വലിയ സന്തോഷം അവരും അനുഭവിക്കട്ടെ.


ജീസസ് യൂത്ത്‌ മുന്നേറ്റത്തിന്റെ തുടക്കക്കാരിൽ പ്രധാനിയായ ലേഖകൻ അന്തർദേശീയ പ്രഭാഷകനും എഴുത്തുകാരനുമാണ് . 2018ൽ ഷെവലിയർ പട്ടം ലഭിച്ചു.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page