top of page

YES . . I CAN | കവര്‍‌സ്റ്റോറി |റ്റിഷാ മാത്യു | KAIROS MALAYALAM | APRIL 2025

Writer: റ്റിഷാ മാത്യു
റ്റിഷാ മാത്യു
4d
2 min read

1869 ഒക്ടോബര്‍ രണ്ടാം തീയതി ഗുജറാത്തിലെ പോര്‍ബന്ധറില്‍ ഒരു യഥാസ്ഥിതിക ബ്രാഹ്‌മണ കുടുംബത്തിലാണ് മഹാത്മാഗാന്ധി ജനിച്ചത്. പഠനത്തില്‍ വളരെ പിന്നോക്കം നിന്നിരുന്ന ഒരു വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. എന്നാല്‍, പിന്നീട് ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷക ജോലിചെയ്ത് അവിടത്തെ വര്‍ണ വിവേചനത്തിനെതിരെ പോരാടി തിരിച്ച് ഇന്ത്യയിലെത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നെടും തൂണായിമാറി അഹിംസയില്‍ അടിയുറച്ചു നിന്നുകൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയെ ആണ് ലോകം അറിയുന്നത്. എന്തായിരിക്കാം ഗാന്ധിജിയുടെ വിജയ രഹസ്യം? അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം അല്ലാതെ മറ്റെന്ത്?


പില്‍ക്കാലത്ത് മഹാത്മാക്കളായി മാറിയ ഓരോ വ്യക്തികളിലും ഈ നിശ്ചയദാര്‍ഢ്യം നമുക്ക് കാണാവുന്നതാണ്.


എന്താണ് നിശ്ചയദാര്‍ഢ്യം?


ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, പ്രശ്‌നങ്ങളെയും പ്രതിബന്ധ ങ്ങളെയും ബോധ്യത്തോടെ നേരിടാനും, നമ്മുടെ തീരുമാനങ്ങളിലും പരിഹാരങ്ങളിലും ഉദ്ദേശ്യങ്ങളിലും ഉറച്ചുനില്‍ക്കാനും, സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വേണ്ടിയുള്ള ഇച്ഛാശക്തിയെ ദൃഢനിശ്ചയം, ധൈര്യം, വിശ്വാസം, എന്നിവയോടെ പ്രയോഗിക്കാനുമുള്ള കഴിവാണ് നിശ്ചയ ദാര്‍ഢ്യം. വിജയം മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള ഒരു പ്രയാണം.


നിശ്ചയദാര്‍ഢ്യത്തിന്റെ പ്രാധാന്യം


ജീവിതത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ ആകാന്‍ നമുക്ക് കഴിയണ മെങ്കില്‍ നമ്മള്‍ നിശ്ചയദാര്‍ഢ്യം ഉള്ളവരാകണം. നിശ്ചയദാര്‍ഢ്യം ഇല്ലെങ്കിലും നമുക്ക് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയും. പക്ഷേ വിജയം കൈവരിക്കാന്‍ കഴിയില്ല.നമ്മുടെ ലക്ഷ്യത്തിലേയ്ക്കുള്ള പാതയില്‍ തടസങ്ങള്‍ ഉണ്ടായേക്കാം. വിജയം നേടുന്നതിന് കാലതാമസം ഉണ്ടായേക്കാം പക്ഷേ, നിശ്ചയദാര്‍ഢ്യമുള്ള വ്യക്തിക്ക് എല്ലാ തടസങ്ങളെയും മറികടന്ന് വിജയം നേടാനാകും.


നിശ്ചയദാര്‍ഢ്യത്തിന്റെ സവിശേഷതകള്‍


സ്ഥിരോത്സാഹം: പുരോഗതി മന്ദഗതിയിലാണെങ്കില്‍ പോലും, നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടരുക.


പ്രതിരോധശേഷി: പരാജയങ്ങളില്‍നിന്നോ തിരിച്ചടികളില്‍നിന്നോ തിരിച്ചുവരവ്.ശ്രദ്ധ: നിങ്ങളുടെ ലക്ഷ്യങ്ങളില്‍ വ്യക്തമായി നിലകൊള്ളുകയും ശ്രദ്ധ വ്യതിചലിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.


അച്ചടക്കം: ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അച്ചടക്കം പാലിക്കുകയും ചെയ്യുക.


പോസിറ്റീവ് ചിന്ത: അനിശ്ചിതത്വമോ സംശയമോ നേരിടുമ്പോഴും ശുഭാപ്തിവിശ്വാസം നിലനിറുത്തുക.


മുന്‍കൈ: ലക്ഷ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് മുന്‍കൈയെടുക്കുകയും സ്വയം ഉറപ്പിക്കുകയും ചെയ്യുക.


നമ്മുടെ മുന്‍പില്‍ നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിത വിജയം കൈവരിച്ച ഒട്ടേറെ മഹാത്മാക്കളുണ്ട്. മഹാത്മാഗാന്ധി, നെല്‍സണ്‍ മണ്ടേല, എപിജെ അബ്ദുല്‍ കലാം തുങ്ങിയവര്‍ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. അവരെല്ലാം പിന്നിട്ട വഴികള്‍ കല്ലുംമുള്ളും നിറഞ്ഞവയായിരുന്നു. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ഇല്ലാതെ പകച്ചു നില്‍ക്കുമ്പോള്‍ ഇവരുടെയൊക്ക ജീവചരിത്രങ്ങള്‍ ഒന്നോടിച്ചു നോക്കിയാല്‍ അതൊരു പ്രചോദനം ആയേക്കാം.


ഒരു ക്രിസ്തു വിശ്വാസിയുടെ ജീവിതത്തില്‍ നിശ്ചയദാര്‍ഢ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ജീവിതത്തില്‍ എത്രയൊക്കെ തടസങ്ങള്‍ ഉണ്ടായാലും പ്രതിസന്ധികള്‍ ഉണ്ടായാലും ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തില്‍ നിലനിന്നുകൊണ്ട് ഇതിനെയെല്ലാം മറികടക്കാന്‍ ഒരു ക്രിസ്തുവിശ്വാസിക്ക് കഴിയണം. ജീവിതത്തോണി ആടിയുലയുമ്പോള്‍ അമരത്ത് ക്രിസ്തു ഉണ്ടെന്നുള്ള ബോധ്യമാകണം നമ്മെ നയിക്കേണ്ടത്.


വിശ്വാസത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ വിശുദ്ധരുടെ ജീവിതം നമുക്ക് മാതൃകയാക്കാം. വിശ്വാസം നമ്മെ പ്രത്യാശയിലേക്കും പ്രത്യാശ നമ്മെ ആത്മധൈര്യത്തിലേക്കും നയിക്കുമെന്ന് വചനം പറയുന്നുണ്ടല്ലോ. ഈ ആത്മധൈര്യത്തോടെ നമുക്ക് ജീവിതത്തെ പുഞ്ചിരിയോടെ നേരിടാം.


സൈക്കോളജിസ്‌റ്റായ റ്റിഷാ മാത്യു ഭർത്താവിനും 2 മക്കൾക്കും ഒപ്പം എറണാകുളം വടുതലയിൽ താമസിക്കുന്നു.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page