top of page

WONDERFUL TEAM WITH WONDERFUL GOD | യുവ/മൈസ്റ്റോറി | അജയ് ഡോനറ്റസ് പ്രേം | KAIROS MALAYALAM | MAY 2025

Writer: അജയ് ഡോനറ്റസ് പ്രേം
അജയ് ഡോനറ്റസ് പ്രേം
5 days ago
2 min read

ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയില്‍ എന്റെ ഒരു ദിവസം ആരംഭിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുന്ന ഒരു കാര്യമേയുള്ളൂ ദൈവത്തിന്റെ പരിപാലനയും കൃപയും. വൈകീട്ട് ഉറങ്ങുമ്പോഴാകട്ടെ 'ഈ ദിവസം പിന്നിടുമ്പോള്‍ കൃപകൊണ്ടല്ലാതെ ഞാന്‍ ഇന്നിവിടെ എത്തുമായിരുന്നോ?' ഉറങ്ങുമ്പോഴും ഉണരുമ്പോഴും എന്നെ നയിക്കുന്ന ചിന്തകള്‍ ഇതാണ്.


ഞാന്‍ നടത്തുന്ന സംരംഭം, ഞാന്‍ ചെയ്യുന്ന ജോലി, ഇത് എന്റെ ജീവിതം മാത്രമല്ല; എന്റെ വിളിയുമാണ് എന്ന ഉറച്ചബോധ്യം എപ്പോഴും എന്റെ ഉള്ളില്‍ ഉണ്ട്. മറ്റുള്ളവര്‍ക്ക് ഒരുപക്ഷേ ഇത് ഒരു ബിസ്സിനസ് ആകാം. പക്ഷേ എന്റെ കണ്ണില്‍, ഇത് ദൈവം എന്നെ വിശ്വസിച്ചു കൈമാറിയ ഒരു ഉത്തരവാദിത്വമാണ്. തമ്പുരാന്റെ ശക്തിയിലും കാരുണ്യത്തിലും ആശ്രയിക്കാതെ ഒരു ദിവസം പോലും എനിക്ക് മുന്നോട്ടു നീങ്ങുവാന്‍ സാധിക്കുകയുമില്ല.


ഞാന്‍ ഒരു സംരംഭകനായി വളരുന്നതിന്റെയെല്ലാം പിന്നില്‍ ദൈവത്തിന്റെ വ്യക്തവും ശക്തവുമായ ഇടപെടലുണ്ടായിരുന്നു. ഋരസേെലശി Eckstein Ventures LLP എന്നാണ് ഞങ്ങളുടെ കമ്പനിയുടെ പേര്. കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ആരംഭ നാളുകള്‍ മുതല്‍ തന്നെ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലും സാന്നിധ്യവും ഞങ്ങള്‍ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദൈവം തന്ന കഴിവുകളും അവസരങ്ങളും ദൈവരാജ്യ മഹത്ത്വത്തിനായി തന്നെ ഉപയോഗിക്കാന്‍ ദൈവം ഈ തൊഴിലിലൂടെ ഞങ്ങളെ അനുവദിച്ചു. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് ദൈവത്തിന് ആലയം പണിയാന്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു. അരുണാചല്‍ പ്രദേശില്‍ ഇറ്റാനഗര്‍ രൂപതയുടെ അനേകം സ്ഥാപനങ്ങളും പള്ളികളും ഡിസൈന്‍ ചെയ്യാന്‍ ദൈവം അവസരം നല്‍കി. എറണാകുളത്തും തൃശൂരുമായി അഞ്ചു വീടുകള്‍ ഞങ്ങള്‍ ഇതുവരെ പണിതു കഴിഞ്ഞു. ഒരെണ്ണം പണിതുകൊണ്ടിരിക്കുന്നു. എന്റെ ഈ ചെറുപ്രായത്തില്‍ ഇത്രയധികം കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ എനിക്ക് ദൈവകൃപ ഒന്ന് മാത്രമേ മുതല്‍ക്കൂട്ടായിട്ടുണ്ടായിരുന്നുള്ളൂ. തുടക്കക്കാരനെന്ന നിലയില്‍ പല അബദ്ധങ്ങളിലും ചെന്ന് ചാടിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിലെ പോരായ്മകള്‍, ശ്രദ്ധയില്ലായ്മ, ഒക്കെയും സംഭവിച്ചിട്ടുണ്ട്. പക്ഷേ, എന്റെ തമ്പുരാന്‍ ആ സമയങ്ങളിലെല്ലാം എന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് എന്നെ വഴിനടത്തിയെന്ന് മാത്രമല്ല ഇതിനെല്ലാം പരിഹാരം കണ്ടെത്താനും സഹായിച്ചിട്ടുണ്ട്. ഇപ്പോഴും പല കാര്യങ്ങളും ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു. പല പ്രതിസന്ധികളും ഇപ്പോഴും മുന്നിലുണ്ട്. പക്ഷേ, ചെങ്കടലില്‍ പാത തുറന്നവന്‍, എന്റെ പ്രതിസന്ധികളുടെയും പ്രശ്‌നങ്ങളുടെയും നടുവിലൂടെ എന്നെ കൈപിടിച്ചു നയിച്ചു കൊണ്ടിരിക്കുന്നത് ഞാനെന്നും നന്ദിയോടെ കാണുന്നുണ്ട്.


തുടങ്ങുമ്പോള്‍ ഞങ്ങള്‍ മൂന്ന് പേരെ ഉണ്ടായിരുന്നുള്ളു. പക്ഷേ ഇന്ന് ഓഫീസില്‍ ഞങ്ങള്‍ പത്തുപേരുടെ ഒരു ടീം ആയി. ഒരു കുടുംബം പോലെതന്നെ എന്നുപറയാം. ഈ കാലഘട്ടത്തിന്റെ പൊതുവിലുള്ള വര്‍ക്ക്പ്രഷര്‍ ഒന്നും ഞങ്ങളുടെ കൂടെയുള്ളവര്‍ക്ക് ഞങ്ങള്‍ കൊടുക്കാറില്ല. എല്ലാവരും വളരെ ഡെഡിക്കേറ്റഡ് ആയിതന്നെയാണ് തങ്ങളുടെ ജോലികള്‍ നിര്‍വഹിക്കുന്നത്. സമ്മര്‍ദം ഇല്ലാത്തതുകൊണ്ടുതന്നെ അവരുടെ എല്ലാം പ്രോഡക്റ്റിവിറ്റി പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ട്. ഞാന്‍ എന്റെ ജോലിയില്‍ അഭിമാനം കൊള്ളുന്നത് എന്റെ മാത്രം വിജയം കൊണ്ടല്ല. എന്റെ കൂടെയുള്ളവരുടെ സന്തോഷവും സംതൃപ്തിയും കൊണ്ടുമാണ്. ദൈവം എന്നെ പരിപാലിക്കുന്നതിലും കരുതുന്നതിലുമാണ് എന്റെ അഭിമാനം. ''അവിടന്ന് സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു'' (സഭാപ്രസംഗകന്‍ 3, 11).


കോഴിക്കോട് NIT യില്‍ നിന്നുമാണ് ഞാന്‍ ആര്‍ക്കിടെക്ചര്‍ ബിരുദം നേടിയത്. അവിടന്നാണ് ഞാന്‍ ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ ഭാഗമാവുന്നതും. അന്നു മുതല്‍തന്നെ ഞാന്‍ ചെയ്യുന്ന ജോലിയിലൂടെ മിഷന്‍ ചെയ്യണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. ദൈവ പദ്ധതിയില്‍ അതങ്ങനെതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ ആലയം ഡിസൈന്‍ ചെയ്യാനും പണിയാനും അവിടന്ന് എനിക്ക് അവസരം നല്‍കിയത് വലിയൊരു അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്.


ജോലി എനിക്ക് പ്രിയപ്പെട്ടത് മാത്രമല്ല അത് ദൈവം കൂടെനില്‍ക്കുന്ന ഒന്നാണെന്നുള്ളതാണ് അതിന്റെ മഹത്ത്വം. ഈ യാത്ര ഇനി എവിടേക്കെത്തുമെന്നു എനിക്കറിയില്ല. പക്ഷേ, അതെന്തായാലും ദൈവം വഴിനടത്തുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ കമ്പനി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ഒരു മാര്‍ച്ച് 19-നാണ്. യൗസേപ്പിതാവിന്റെ തിരുനാളിന്റെ അന്ന്. അതിന്റെ ബാക്കി പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവുന്നത് മാര്‍ച്ച് 25 മംഗളവാര്‍ത്ത തിരുനാളിനാണ്. ഇത് തികച്ചും യാദൃച്ഛികം ആയിരുന്നു. അന്നുമുതല്‍ ഇന്നുവരെ യൗസേപ്പിതാവും മാതാവും കൂടിയുണ്ടെന്നുള്ള ഒരു ബലം കരുത്ത് പകരുന്നു.


ഞാന്‍ ജോമോന്‍ സാറിന്റെ അടുത്താണ് ആദ്യം ജോലിക്കായി എത്തുന്നത്. അത് ദൈവനിശ്ചയം പോലെ ആയിരുന്നു. അദ്ദേഹം ഒരു തികഞ്ഞ ജീസസ് യൂത്താണ്. ഞാന്‍ എന്റെ ജോലി സംബന്ധമായ മേഖലകളിലും ആത്മീയ മേഖലകളിലും അദ്ദേഹത്തില്‍നിന്നും ഒത്തിരി കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. പിന്നീട് ഞാനും സാറിന്റെ രണ്ടാമത്തെ മകന്‍ ജെഫും കൂടെ ഇപ്പോഴത്തെ കമ്പനി തുടങ്ങി. ആരംഭത്തില്‍ ഞങ്ങള്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. നേരത്തെ ഞാന്‍ പറഞ്ഞതുപോലെ മാതാവിന്റെയും യൗസേപ്പിതാ വിന്റെയും ഇടപെടല്‍ എന്നോണമാണ് എനിക്ക് അജയെ കിട്ടുന്നത്. അജയ് ജയന്‍ ഞങ്ങള്‍ക്ക് ഒരു മുതല്‍ ക്കൂട്ടായിരുന്നു. പുറകെ അശ്വിന്‍, അന്‍ഷാ, ഡെനീറ്റ, കൃഷ്ണ, മാളവിക, ജോസഫ്, ബിമല്‍, അക്ഷയ്, ഒടുവില്‍ സനല്‍ ചേട്ടന്‍. ഇങ്ങനെ കഴിവും ഡെഡിക്കേഷനും ഉള്ള കുറേപ്പേരെ ദൈവം ഞങ്ങള്‍ക്ക് തന്നു. അവരാണ് എന്റെ ഡ്രീം ടീം. അവരിലൂടെയാണ് ഇന്ന് ഞങ്ങള്‍ എല്ലാം ചെയ്യുന്നതും. I am always grateful to God for these wonderful people around me.


ദൈവ തൃക്കരങ്ങളില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ നമ്മുടെ ജീവിതവും തൊഴിലുമെല്ലാം മനോഹരവും അനുഗ്രഹപ്രദവുമായി മാറും. സംശയമില്ല.


ആർക്കിടെക്ട് ആയ അജയ് ഡോനറ്റസ് പ്രേം കളമശ്ശേരിയിലുള്ള എക്‌സ്റ്റയിൻ Ventures LLP യുടെ മാനേജിംഗ് പാർട്ണർമാരിൽ ഒരാളാണ്.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page