top of page

WE SHALL OVERCOME..| കവര്‍‌സ്റ്റോറി | ഡോ. സെമിച്ചൻ ജോസഫ് | KAIROS MALAYALAM | APRIL 2025

Writer: ഡോ. സെമിച്ചൻ
ഡോ. സെമിച്ചൻ
4 days ago
1 min read

ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ദുരന്തങ്ങളുടെ ഘോഷയാത്രകള്‍ നമ്മെ തകര്‍ക്കുമ്പോള്‍, ഇനി ഒന്നിനും കഴിയില്ല എന്ന് ആവര്‍ത്തിച്ച് സ്വയം തീര്‍ക്കുന്ന ലാവണങ്ങള്‍ക്കുള്ളില്‍ നാം ഒതുങ്ങുമ്പോള്‍. കുരിശിന്റെ വഴിത്താരയില്‍ രണ്ടാം സ്ഥലത്ത് ആബേലച്ചന്‍ കുറിച്ചിട്ട വരികള്‍ എന്റെയും നിന്റെയും കര്‍ണപുടങ്ങളില്‍ മാറ്റൊലി തീര്‍ക്കുന്നു.


''ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടന്നു മുന്നോട്ടു നീങ്ങുന്നു... ഈശോയുടെ ചുറ്റും നോക്കുക... സ്‌നേഹിതന്മാര്‍ ആരുമില്ല... യൂദാസ് അവിടത്തെ ഒറ്റിക്കൊടുത്തു... പത്രോസ് അവിടത്തെ പരിത്യജിച്ചു... മറ്റു ശിഷ്യന്മാര്‍ ഓടി ഒളിച്ചു... അവിടത്തെ അത്ഭുതപ്രവൃത്തികള്‍ കണ്ടവരും അവയുടെ ഫലം അനുഭവിച്ചവരും ഇപ്പോള്‍ എവിടെ?... ഓശാന പാടി എതിരേറ്റവരും ഇന്നു നിശ്ശബ്ദരായിരിക്കുന്നു... ഈശോയെ സഹായിക്കുവാനോ, ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല''


പ്രതിസന്ധികളുടെ ഇത്തരം നാല്‍ക്കവലകളില്‍ ദിശയറിയാതെ നാം ഉഴലുമ്പോള്‍ നമ്മില്‍ നിന്നും ഉണ്ടാകേണ്ടത് നിരാശയുടെ ദീര്‍ഘനിശ്വാസങ്ങളല്ല മറിച്ച് തിരിച്ചറിവിന്റെ സൂക്ഷ്മമായ ചുവടുകളാണ്. ''പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാന്‍ കഴിവവുള്ളവണ്ണം ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രേ മനുഷ്യരെപ്പാരിലയച്ചതീശന്‍'' എന്ന കവിവാക്യം നമുക്കോര്‍ക്കാം.


വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമ മലയാളി പ്രേക്ഷക സമൂഹം ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രവാസി ജീവിതമാണ് സിനിമയുടെ പശ്ചാത്തലം. മനുഷ്യാധ്വാനത്തിന്റെ അത്ഭുത പ്രതിഭാസമായ ദുബായിയാണ് കഥാ ഭൂമി. ഇന്നും തുടരുന്ന മലയാളിയുടെ പ്രവാസത്തിന്റെ ഉയര്‍ച്ച താഴ്ചകളെ അതിന്റെ കഠിനമായ വഴികളെ ഒട്ടും അതിശയോക്തി കലര്‍ത്താതെ അവതരിപ്പിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കായി.


ജേക്കബിന്റെ കുടുംബമാണ് സിനിമയിലെ സ്വര്‍ഗരാജ്യം. ജേക്കബ് എന്ന പ്രവാസി മലയാളിവ്യവസായിയുടെ കുടുംബത്തിന്റെ സന്തോഷവും ബിസിനസും തകര്‍ന്നടിയുന്നിടത്തുനിന്ന് തിരിച്ചു പിടിക്കേണ്ടി വരുന്ന മകന്‍ ജെറി ജേക്കബിന്റെയും അമ്മ ഷെര്‍ളി ജേക്കബിന്റെയും ഇച്ഛാശക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ഗള്‍ഫിലെ വമ്പന്‍

ബിസിനസ്മാന്‍ ജേക്കബിനെ സ്റ്റീല്‍ ബിസിനസ്സ് ഡീലില്‍ ചതിച്ച് പതിമൂന്നു കോടിയുമായി സുഹൃത്ത് മുങ്ങുമ്പോള്‍ വീഴുകയാണ് സന്തോഷത്തിന്റെ സ്വര്‍ഗരാജ്യം. വിശ്വാസവഞ്ചനക്കേസില്‍ ഇന്റര്‍പോളില്‍ നിന്ന് രക്ഷപെട്ടു ലിബിയയില്‍ അഭയം തേടുന്ന ജേക്കബിനെ ബിസിനസിന്റെ ബാലപാഠമറിയാത്ത മകന്‍, അമ്മയുടെ സഹായത്തോടെ സഹോദരങ്ങളുടെ കൂട്ടായ പരിശ്രമത്തില്‍ ഓഫീസും ലൈസെന്‍സുമൊന്നുമില്ലാതെ നിശ്ചയദാര്‍ഢ്യം കൊണ്ട് കടംവീട്ടി രക്ഷിക്കുന്ന സംഭവകഥയാണ് ഈ സിനിമയെ ഇത്രമേല്‍ പ്രിയപ്പെട്ടതാക്കുന്നത്.


കേവലം ഒരു സിനിമയെക്കുറിച്ച് ഇത്രമേല്‍ പറയേണ്ട കാര്യം ഉണ്ടോ എന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. സകലതും അവസാനിച്ചു എന്ന് തോന്നുന്നിടത്ത് പ്രതീക്ഷയുടെ വെള്ളിവെളിച്ചം സമ്മാനിക്കുന്ന ഇത്തരം കലാസൃഷ്ടികള്‍ നമുക്ക് വലിയ ആശ്വാസവും സാന്ത്വനവുമാണ്.


'സ്വന്തം സ്വപ്നങ്ങളുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിവുള്ളവര്‍ക്കാണ് വരാനിരിക്കുന്ന വസന്തങ്ങള്‍' എന്നുപറഞ്ഞത് അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന എലിനോര്‍ റൂസ്വെല്‍റ്റ് ആണ്. അതെ കുരിശുയാത്രയ്ക്കും ദുഃഖ വെള്ളികള്‍ക്കുമപ്പുറം നമ്മെക്കാത്ത് ഉയിര്‍പ്പിന്റെ തെളിമയുള്ള വസന്തങ്ങള്‍ കാത്തിരിക്കുന്നു. നിശ്ചയദാര്‍ഢ്യത്തോടെ ആ സ്വര്‍ഗരാജ്യത്തെ നമുക്ക് എത്തിപ്പിടിക്കാം.


പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹസ്ഥാപകനും ആണ് ലേഖകൻ

 
 
 

Comments

Couldn’t Load Comments
It looks like there was a technical problem. Try reconnecting or refreshing the page.

Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page