top of page

വിശ്വാസ പരിശീലനത്തിലൂടെ വിശ്വാസ രൂപീകരണം | യുവ/മൈസ്റ്റോറി | ജെസ്‌ന ജിജു | KAIROS MALAYALAM | JUNE 2025

Writer: ജെസ്‌ന ജിജു, അബ്ബാസിയ, കുവൈറ്റ്
ജെസ്‌ന ജിജു, അബ്ബാസിയ, കുവൈറ്റ്
Nov 11
2 min read

'രക്ഷാകരമായ ദൈവസ്‌നേഹം പകരുന്ന ഇടങ്ങളാകണം മതബോധന ക്ലാസ്സുകള്‍. തത്ത്വചിന്തകളെക്കാള്‍, സുവിശേഷം പങ്കുവയ്ക്കപ്പെടുന്ന ഇടങ്ങളായി മതബോധന ക്ലാസ്സുകള്‍ മാറണം.' ഫ്രാന്‍

സിസ് പാപ്പയുടെ വാക്കുകളെ അന്വര്‍ഥമാക്കിയ ഇടമായിരുന്നു എനിക്ക് പ്രിയപ്പെട്ട കുവൈറ്റിലെ ഞങ്ങളുടെ സെന്റ് ഡാനിയല്‍ കമ്പോണി ഇടവകയിലെ വേദപാഠ ക്ലാസ്സുകള്‍. ജീവിതത്തിന്റെ ഏതൊരു അവസ്ഥയിലും 'യേശു എന്നെ സ്‌നേഹിക്കുന്നു' എന്ന യാഥാര്‍ഥ്യം എനിക്ക് മനസ്സിലാക്കിത്തന്ന ഇടമായിരുന്നു അത്.


ദേവാലയത്തോട് അടുത്ത് താമസിക്കുവാനും, എപ്പോഴും ദേവാലയത്തിനുള്ളില്‍ ആയിരിക്കുവാനും ആഗ്രഹിച്ച, ഒരു ശൈശവകാലം എനിക്കുണ്ടായിരുന്നു. ഞാന്‍ താമസിക്കുന്നിടത്തുനിന്നും മീറ്ററുകള്‍ക്കപ്പുറത്തുള്ള ദേവാലയത്തില്‍ നിന്നും ഉയരുന്ന സപ്രാ പ്രാര്‍ത്ഥനയുടെ സംഗീത ധ്വനി കേട്ടുണരുന്ന എന്റെ ബാല്യകാലം. അവിടെ നിന്നുയരുന്ന വിശ്വാസപ്രഘോഷണ ക്ലാസ്സുകളും, അവിടെ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയും, യഥാര്‍ഥത്തില്‍ എനിക്ക് ആത്മീയ വിരുന്നായിരുന്നു. മതബോധന ക്ലാസ്സുകളുടെ ആദ്യ വര്‍ഷങ്ങള്‍ സമ്മാനിച്ച വിശ്വാസ പരിശീലന കളരികള്‍, എന്നിലെ അഗാധമായ ക്രിസ്തീയ വിശ്വാസത്തിന്റെ തീക്ഷ്ണതയെ ഉജ്ജ്വലിപ്പിക്കുന്നവയായിരുന്നു.


രണ്ടാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ മതബോധന ഡയറക്ടറായി എത്തിയ ഫാദര്‍ പ്രകാശ് കാഞ്ഞിരത്തിങ്കലിന്റെ നിര്‍ദേശാനുസരണം ദിവസേന ദിവ്യബലിയില്‍ പങ്കുകൊള്ളാനും ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിനുശേഷം എന്നും വിശുദ്ധ കുര്‍ബാന യോഗ്യതയോടെ സ്വീകരിക്കുവാനും എനിക്ക് സാധിച്ചത്, ഈ ഇടവകയിലെ മതബോധന അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങളിലൂടെയാണെന്നത് സ്‌നേഹത്തോടെ സ്മരിക്കുന്നു.


മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സുഹൃത്തിന്റെ കുട്ടിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങിയിറങ്ങിയ, അപ്പയുടെയും അമ്മയുടെയും മുമ്പില്‍നിന്നും ഓടിയിറങ്ങി, ദേവാലയത്തില്‍ എത്തി, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിച്ചത് വിശുദ്ധ കുര്‍ബാനയെ കുറിച്ച് ഇവിടത്തെ മതബോധന ക്ലാസ്സുകളില്‍നിന്നും ലഭിച്ച, ആത്മബോധത്തില്‍ നിന്നുമായിരുന്നു എന്നത് വളരെ സന്തോഷകരമാണ്. ബാഹ്യമായ ആഘോഷങ്ങളെക്കാള്‍ ഉപരിയായ ആഘോഷമാണ് ദിവ്യബലി എന്ന് ബാല്യകാലത്തുതന്നെ എന്നെ പഠിപ്പിച്ചുതന്ന ഇവിടത്തെ അധ്യാപകരെ എന്നും നന്ദിയോടെ ഓര്‍ക്കുന്നു.


അറിവിലും ആത്മീയതയിലും മുമ്പില്‍ നില്‍ക്കുന്ന മതാധ്യാപകരുടെ ശിക്ഷണത്തില്‍, തിരുസഭാചരിത്രത്തെ കുറിച്ചും വിശുദ്ധ കുര്‍ബാനയുടെ മഹനീയതയെ കുറിച്ചും മനസ്സിലാക്കിയത് മുതിര്‍ന്ന ക്ലാസ്സുകളിലാണ്. പരിശുദ്ധ കുര്‍ബാന ക്രിസ്തുരഹസ്യങ്ങളുടെ അനുസ്മരണവും ആഘോഷവുമാണെന്നു പഠിപ്പിച്ചത് ഒമ്പതാം ക്ലാസ്സിലെ അധ്യാപകനായിരുന്നു. വിശുദ്ധ കുര്‍ബാന എന്നാല്‍, മിശിഹായുടെ മൗതിക ശരീരമാകുന്ന സഭ ശിരസ്സായ മിശിഹായോടൊപ്പം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുന്ന ആരാധനയാണ് എന്ന പന്ത്രണ്ടാം പിയൂസ് പാപ്പയുടെ മനോഹരമായ വാക്കുകള്‍ അധ്യാപകരിലൂടെ ഞങ്ങള്‍ക്ക് ലഭിച്ചപ്പോള്‍, സഭയുടെ സര്‍വശക്തിയും നിര്‍ഗളിക്കുന്ന വിശുദ്ധ കുര്‍ബാനയെപ്പറ്റി ആഴത്തില്‍ പഠിക്കുവാനുള്ള പ്രേരണ എന്നില്‍ ജനിച്ചു.


10, 11, 12 ക്ലാസ്സുകളില്‍ പവിത്രമായ കുടുംബങ്ങള്‍ രൂപീകരിക്കുന്നതില്‍ ഓരോ വ്യക്തിക്കുമുള്ള ധാര്‍മികമായ ഉത്തരവാദിത്വത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും, ഞങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമായി. ഒപ്പം സുരക്ഷിതമായ സമൂഹ രൂപീകരണത്തില്‍ വ്യക്തിക്കുള്ള പങ്കിനെക്കുറിച്ചും ലഹരി വിമുക്തമായ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ ഓരോ വിദ്യാര്‍ഥിക്കും നല്‍കാവുന്ന സംഭാവനകളെ കുറിച്ചും, വ്യക്തമായ വീക്ഷണം ഞങ്ങള്‍ക്ക് ലഭിച്ചു. ഇക്കൊല്ലം പന്ത്രണ്ടാം ക്ലാസ്സ് പാസ്സായ ഞങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍മയില്‍ നില്‍ക്കുവാന്‍ ഉതകുംവിധം മനോഹരമായ ഒരു കോണ്‍വെക്കേഷന്‍ ഒരുക്കിയ സിറോ-മലബാര്‍ കാറ്റക്കിസം സെന്ററിന് നന്ദിയുടെ നറുമലരുകള്‍ അര്‍പ്പിക്കുന്നു.


ഇനി മുമ്പോട്ടുള്ള ജീവിതത്തില്‍, യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ച്, സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനും ധാര്‍മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഒരു നവ സമൂഹ രൂപീകരണത്തിനായി യത്‌നിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കിയെടുത്ത, എന്റെ പ്രിയപ്പെട്ട സെന്റ് ഡാനിയേല്‍ കമ്പോണി ഇടവകയേയും പ്രിയ ബഹുമാനപ്പെട്ട വൈദികരെയും മതാധ്യാപകരെയും സ്മരിച്ചുകൊണ്ട്, ആ നല്ല ഓര്‍മകളിലൂടെ ഞങ്ങള്‍ ജീവിത പ്രയാണം തുടരുവാന്‍, സര്‍വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.



പ്ലസ് ടു വിദ്യാർഥിനിയായ ലേഖിക മാതാപിതാക്കളോടൊപ്പം കുവൈറ്റിൽ താമസം.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page