വെട്ടിയൊരുക്കല്‍ | യുവ /മൈസ്റ്റോറി | ജോഷ്‌ന എം.ജെ. | KAIROS MALAYALAM | JANUARY 2025


പണ്ട് എവിടെയെങ്കിലുമൊക്കെ കളിക്കാന്‍പോയി തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ കാലിലും കൈയിലും മുള്ള്, ആര് എന്നിവയൊക്കെ തറച്ചു കയറുമായിരുന്നു. ഇത് കയറിയാല്‍ ചിലപ്പോള്‍ പുറത്തെടുക്കാന്‍ വളരെ പ്രയാസപ്പെടാറുണ്ട്. എന്നാല്‍, ഇതും കൊണ്ട് അമ്മയുടെ അടുത്തു പോയാലോ അപ്പോള്‍തന്നെ ഒരു സേഫ്റ്റി പിന്നോ സൂചിയോ കൊണ്ട് അത് എടുത്ത് തരും. ഈ സൂചി കാണുമ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങും. എന്നാല്‍ അമ്മയ്ക്കറിയാം ആ സൂചി എനിക്ക് തരാന്‍ പോകുന്ന ആ ഇത്തിരി വേദനയേക്കാള്‍ ഒരുപാട് വേദനയും അസ്വസ്ഥതയും ആ മുള്ളും ആരും അവിടെ ഇരുന്നാല്‍ എനിക്ക് ഉണ്ടാകുമെന്ന്.
ജീസസ് യൂത്തില്‍ നിന്നും എനിക്ക് കിട്ടിയിട്ടുള്ള ചില തിരുത്തലുകളും ഇങ്ങനെയാണ്. ആദ്യം വളരെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിലും പിന്നീട് അതിനേക്കാളുപരി ചിന്തിപ്പിച്ചിട്ടുണ്ട്. പലരുടെയും ഇടയില്‍ കാണുന്ന
ചെറിയ അകലങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നത് ആരെങ്കിലും നല്‍കിയ ചില തിരുത്തലുകള്‍ ആകാം... ഇവിടെയും നമ്മെ ചേര്‍ത്തു പിടിക്കാനും നമ്മിലെ തെറ്റിനെ എടുത്തുമാറ്റി മങ്ങിപ്പോയ നമ്മുടെ ചില നന്മകളെ മിനുക്കി എടുക്കാനും ജീസസ്‌യൂത്ത് മൂവ്‌മെന്റ് എന്നും റെഡിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഓരോ തിരുത്തലുകളും ഒരു ശുദ്ധീകരണമാണ്. അതിന്റെ ആവശ്യകത യെപ്പറ്റി ചിന്തിക്കുമ്പോള്‍ മനസ്സിലേക്ക് ഓടി എത്തുന്ന ഒരു വചനം ഇതാണ്. ''കാരണം, അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും''' (1 പത്രോസ് 1,7). പരീക്ഷകള്‍ ഉണ്ടാകുമ്പോഴാണ് വിശ്വാസത്തിന്റെ ആഴം എത്രമാത്രമെന്ന് നമുക്ക് അറിയാന്‍ സാധിക്കുന്നത്. ഇതുപോലെ തിരുത്തലുകളെ നാം എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതവും. തിരുത്തലുകളെ നാം എങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന് ധ്യാനിച്ചാല്‍ നമ്മിലെ സ്‌നേഹത്തിന്റെ ആഴം കാണാന്‍ സാധിക്കും. ഈ സ്‌നേഹത്തിന്റെ ആഴത്തെ നാം തട്ടിച്ചു നോക്കേണ്ടത് ക്രിസ്തുവിന്റെ സ്‌നേഹത്തോടാണ്.
വെട്ടിയൊരുക്കാതെ നില്‍ക്കുന്ന പൂന്തോട്ടങ്ങള്‍ ഏറെ ആകര്‍ഷക മായിരിക്കില്ലല്ലോ. വെട്ടിയൊരുക്കല്‍ കുറച്ചു വേദനയുള്ള ഒരു പരിപാടിയാണ്. അതുകൊണ്ടുതന്നെ അത് അക്‌സെപ്റ്റ് ചെയ്യാനും കുറച്ചു ബുദ്ധിമുട്ടാണ്.
തീയില്‍ തൊട്ടാല്‍ പൊള്ളുമെന്ന് നാം പഠിച്ചത് തീയില്‍ തൊട്ട് കൈ പൊള്ളിച്ചിട്ടല്ല. നമ്മള്‍ തീയില്‍ തൊടാതിരിക്കാന്‍ നമ്മുടെ മാതാപിതാക്കള്‍ വേണ്ട നിയന്ത്രണങ്ങള്‍ എടുക്കുകയും നമ്മെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തിരുന്നു. ആ നിയന്ത്രണങ്ങളും തിരുത്തലുകളും നമ്മളെ വേദനിപ്പിക്കാതെ നോക്കി. ഇതുപോലെയാണ് സ്വര്‍ഗസ്ഥനായ പിതാവിന്റെ ചില വെട്ടിയൊരുക്കലുകളും. നമ്മള്‍ കാണുന്നതല്ല അതിനേക്കാളുപരി നമ്മളെ കാണുന്ന തമ്പുരാന്‍ നമ്മെ വളര്‍ത്താനാണ് ചില വെട്ടിയൊരുക്കലുകള്‍ അനുവദിക്കുന്നത്. മനോഹരമായ എന്തിന്റെയും പിന്നില്‍ ഇതുപോലൊരു വെട്ടിയൊരുക്കലിന്റെ കഥ കാണന്‍ പറ്റും.
എല്ലാ പുതുവര്‍ഷവും നമ്മള്‍ പല തിരുമാനങ്ങളും എടുക്കാറുണ്ട്. ഈ വര്‍ഷം നമുക്ക് തിരുത്തലുകളെ പോസിറ്റീവായി സ്വീകരിക്കുന്ന വിധത്തില്‍ നമ്മുടെ മനസ്സിനെ ഒന്ന് പാകപ്പെടുത്താന്‍ തീരുമാനം എടുത്താലോ? കുറച്ചുകൂടി മിനുസപ്പെടാന്‍, കുറച്ചുകൂടി മൂര്‍ച്ചകൂട്ടാന്‍, കുറച്ചുകൂടി പരുവപെടാന്‍ ഈയൊരു ശീലം നമ്മെ സഹായിക്കും. നമ്മുടെ തമ്പുരാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ വളരാന്‍, അവിടന്ന് അനുവദിക്കുന്ന വെട്ടിയൊരുക്കലുകളെ പൂര്‍ണ സ്‌നേഹത്തോടെ സ്വീകരിക്കാന്‍ നമുക്ക് ഒരുങ്ങാം.

ആലുവ സെന്റ് സേവിയേഴ്സ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയും ക്യാമ്പസ് കോർഡിനേറ്ററും ആണ് ജോഷ്ന



Comments