top of page
Search

വെക്കേഷന്‍ ഫാമിലി റിട്രീറ്റ് 2026 യേശുവിനൊപ്പമുള്ള സന്തോഷകരമായ ഒരവധിക്കാലം (ജൂലൈ 10 -12) I ഫമിലിയ/മൈസ്റ്റോറി I ജോഫിന്‍ ചൊവ്വല്ലൂര്‍ I KAIROS MALAYALAM I SEPTEMBER 2026

  • smithajose4
  • 6 days ago
  • 2 min read


'

'കര്‍ത്താവ് വീട് പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്'' (സങ്കീ 127, 1). ''തൊഴിലില്ലായ്മ മൂലമുള്ള ഉത്കണ്ഠയുമായി ഞാന്‍ അസ്വസ്ഥനായിരുന്നു. ഇത് മൂലം എന്റെ കുടുംബത്തില്‍ ഒരു പിരിമുറുക്കം അനുഭവപ്പെട്ടു തുടങ്ങി. ധ്യാനവേളയിലെ വളരെ ഹൃദയസ്പര്‍ശിയായ ജീവിതാനുഭവങ്ങളും ഉപകാരപ്രദമായ ക്ലാസ്സുകളും അതിനോടൊപ്പം ദൈവത്തിന്റെ നിരുപാധിക സ്‌നേഹത്തിന്റെ ആഴമായ അനുഭവവും എനിക്ക് വലിയ സമാധാനവും പുതിയൊരു പ്രത്യാശയും ആശ്വാസവും നല്‍കി'' (ഒമാനില്‍ നിന്നുള്ള സോണിയ-ജെസ്ബിന്‍ കുടുംബം).


മിഡിലീസ്റ്റില്‍ ഉടനീളമുള്ള ജീസസ് യൂത്ത് കുടുംബങ്ങള്‍ പാക്‌സ് റിട്രീറ്റ് സെന്ററില്‍ (സെന്റ് തോമസ് കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യലേറ്റ്, ആലുവ) കൃപ നിറഞ്ഞതും സന്തോഷകരവുമായ ഒരു വെക്കേഷന്‍ ഫാമിലി റിട്രീറ്റിനായി

ഒത്തുകൂടി. 2023 മുതല്‍ ഈ ടീം മുടങ്ങാതെ നാലുവര്‍ഷമായി കേരള ഫാമിലി ടീമിന്റെ പിന്തുണയോടെ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നു.


മൂന്നുദിവസത്തെ റെസിഡന്‍ഷ്യല്‍ റിട്രീറ്റ് യഥാര്‍ഥത്തില്‍ ജീസസ് യൂത്തിന്റെ സന്തോഷകരമായ ആത്മീയതയെ മനോഹരമായി അനുഭവവേദ്യമാക്കി. അവിടെ താമസിച്ചുകൊണ്ടുള്ള ഇത്തരം റിട്രീറ്റുകള്‍ മിഡിലീസ്റ്റ് കുടുംബങ്ങള്‍ക്ക് ക്രിസ്തുവിലേക്ക് കൂടുതല്‍ ആഴപ്പെടാനുള്ള അവിസ്മരണീയ അവസരമാണ്.


ക്ലാസ്സെടുക്കാന്‍ വന്ന വ്യക്തികള്‍ പങ്കുവച്ച വ്യക്തിപരമായ അനുഭവങ്ങളും വിശ്വാസ യാത്രകളുമൊക്കെ ആ സമയത്തെ സമ്പന്നമാക്കി. ഹൃദയത്തെ തൊടുന്ന അവരുടെ സാക്ഷ്യങ്ങള്‍, പങ്കെടുത്തവരെ ആഴത്തില്‍ സ്പര്‍ശിക്കുകയും ആത്മീയ യാത്രയില്‍ എല്ലാവരെയും പ്രചോദിപ്പിക്കുകയും ചെയ്തു.


ഓരോ ദിവസത്തെയും വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും, പ്രാര്‍ഥനയുടെയും കൃപകളുടെയും അഭിഷേകം നല്‍കുന്ന നിമിഷങ്ങളായിരുന്നു. പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാന ധാരാളം ആളുകളെ ദൈവത്തിന്റെ സ്‌നേഹ സാന്നിധ്യം ആഴത്തില്‍ അനുഭവിക്കാന്‍ സഹായിച്ചു. പലരെയും യുവ മിഷണറി കുടുംബങ്ങളായി രൂപാന്തരപ്പെടുത്താന്‍ പ്രചോദിപ്പിക്കുകയും ചെയ്തു. ഓരോ കുടുംബത്തിന്റെയും വ്യത്യസ്ത സാഹചര്യങ്ങളിലെ പലതരത്തിലുള്ള വെല്ലുവിളികളെയും തടസ്സങ്ങളെയുമൊക്കെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചുള്ള സെഷനില്‍ പ്രായോഗിക ചിന്തകളും അനുഭവങ്ങളുമൊക്കെ മനസ്സിലാക്കാന്‍ ദമ്പതികള്‍ക്ക് ഏറെ സഹായകരമായിരുന്നു.


കുടുംബങ്ങള്‍ക്ക് അവരുടെ വിളിയില്‍ ദൈവത്തിന്റെ പരിപാലന കാണാനും മാര്‍ഗനിര്‍ദേശങ്ങള്‍ കേള്‍ക്കാനും സഹായിക്കുന്ന രീതിയിലെ പ്രാര്‍ഥനാ ശുശ്രൂഷകളും പങ്കുവയ്ക്കലുകളും ഈ ധ്യാനത്തിന് ഇടയില്‍ ഉണ്ടായിരുന്നത് വളരെ ഉപകാരപ്രദമായിരുന്നു.


ധ്യാനത്തിനൊപ്പംതന്നെ കുട്ടികള്‍ക്കായി ക്രമീകരിച്ചിരുന്ന പരിപാടിയായിരുന്നു ധ്യാനത്തിന്റെ മറ്റൊരു ആകര്‍ഷണം. കളികളും പാട്ടുകളും പ്രവര്‍ത്തനങ്ങളും കൂടാതെ വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന എന്നിവയിലൂടെയൊക്കെ കുട്ടികളെല്ലാം യേശുവിനോടും അവരുടെ സഹപാഠികളോടുമൊപ്പം സന്തോഷകരമായ ഒരു അവധിക്കാലം ആസ്വദിച്ചു. ''ഞാനും ഭാര്യയും, സ്റ്റാഫ് നഴ്‌സായ ലിസനും ഞങ്ങളുടെ കുട്ടിയും കൂടെയായിരുന്നു ധ്യാനത്തില്‍ പങ്കെടുത്തത്. ആറുമാസം മുമ്പ് എന്റെ ഭാര്യ ഒരു ഫാമിലി റിട്രീറ്റില്‍ പങ്കെടുക്കാന്‍ പറഞ്ഞപ്പോള്‍, മൂന്നാറിലേക്കോ ഊട്ടിയിലേക്കോ ഒരു അവധിക്കാല യാത്രയാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, ഇന്ന് മറ്റേതൊരു അവധിക്കാല പരിപാടികളേക്കാള്‍ ഏറെ ഇഷ്ടപ്പെടുന്നു ഇത്തരം ധ്യാനങ്ങള്‍. ദൈവസ്‌നേഹത്തെക്കുറിച്ചും കുടുംബജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ ഇടപെടലുകളും അതിന്റെ പ്രാധാന്യവും ജീസസ് യൂത്ത് ദമ്പതിമാരുടെ സന്തോഷകരമായ സാക്ഷ്യവും ക്ലാസ്സുകളും എന്റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു'' (ലിതോഷ്‌ക-ലിസന്‍ കുടുംബം).


വെക്കേഷന്‍ ഫാമിലി റിട്രീറ്റ് യഥാര്‍ഥത്തില്‍ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും മനോഹരമായ ഒരു ആഘോഷമായിരുന്നു. എല്ലാ കുടുംബങ്ങളെയും ആത്മീയമായി ഉന്മേഷഭരിതരാക്കുകയും പ്രിയപ്പെട്ട ഓര്‍മകള്‍ കൊണ്ട് നിറയ്ക്കുകയും ചെയ്തു. ആനന്ദകരമായ അനുഭവങ്ങള്‍ നല്‍കിയ, നല്ലവനായ ദൈവത്തിനു നന്ദി.



ജോഫിന്‍ ചൊവ്വല്ലൂര്‍



 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page