വഴിയിൽ സ്റ്റക്ക് ആയിപ്പോയോ? എന്നിട്ടത് അറിയുന്നുമില്ലേ ? I ഫ്രം ദി ഹാര്‍ട്ട് I ഡോ. എഡ്‌വേര്‍ഡ് എടേഴത്ത് I KAIROS MALAYALAM I OCTOBER 2026

ഫ്രം ദി ഹാർട്ട് പംക്തിയിൽ ഡോ. എഡ്വേർഡ് എടേഴത്ത് പങ്കുവെക്കുന്നത്, നമ്മുടെ യാത്രയിൽ തീക്ഷ്ണത മന്ദീഭവിച്ചു പോകാതെ, പുതുവഴികളിലേക്ക് കണ്ണു തുറക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ രണ്ടു സംഭാഷണങ്ങള്‍ എന്നെ ഏറെ ചിന്തിപ്പിച്ചു. ഒപ്പം ജീസസ് യൂത്ത് കൂട്ടായ്മകളില്‍ ഒരു ചിന്തയുണര്‍ത്തണമെന്നും ഉള്ളില്‍ തോന്നി. നാമെല്ലാം ജീവിത യാത്രയിലാണ് എന്ന് പറയാറുണ്ടല്ലോ. എന്നാല്‍, യാത്രമറന്ന് വഴിയില്‍ കുടുങ്ങിപ്പോയിട്ട്, മുന്നോട്ടു പോകുന്നു എന്ന നാട്യം മാത്രമാ
ണെങ്കിലോ? ദൂരെയുള്ള ലക്ഷ്യസ്ഥാനം മറന്ന്, എവിടെയോ സുഖമായി ഇരിപ്പായി എന്നത് ശ്രദ്ധിക്കാന്‍പോലും നാം മറന്നുപോയാലോ?
ഞാന്‍ സൂചിപ്പിച്ച രണ്ടു സംഭാഷണങ്ങള്‍ പരസ്പരബന്ധമില്ലാത്ത രണ്ടു കാര്യങ്ങളെക്കുറിച്ചായിരുന്നു. ആദ്യത്തേത് ഒരു കാലത്ത് ഏറെ ചൈതന്യമുണ്ടായിരുന്ന ഒരു യുവജനകൂട്ടായ്മ സാവധാനം
മങ്ങിപ്പോയതിനെക്കുറിച്ച്; പിന്നെ, പ്രദക്ഷിണങ്ങളുടെ അര്‍ഥമെന്താ
ണെന്ന് ചോദിച്ചുകൊണ്ടുള്ള ഒരു ഫോണ്‍ വിളി.
തുടക്കം ഒരു കോഫി ഷോപ്പില്‍
ഒരു നഗരത്തില്‍ ജീസസ്‌യൂത്ത് തുടങ്ങിയത് എല്ലാ ചൊവ്വാഴ്ചയും ഒരു കോഫി ഷോപ്പില്‍ ഒത്തുകൂടിക്കൊണ്ടാണ്. ഒരാള്‍ തന്റെ കൂട്ടുകാരോട് ഈ ആശയം പറഞ്ഞു; അങ്ങനെ അവര്‍ ആ വലിയ റെസ്റ്റോറന്റിന്റെ ഒരു മൂലയില്‍ ആഴ്ചതോറും കൂടിത്തുടങ്ങി. വന്നവരില്‍ ഏറെയും ഇന്ത്യയില്‍നിന്നു കുടിയേറിയ വിദ്യാര്‍ഥികളായിരുന്നു. അവരെ സംബന്ധിച്ച് അത് ഒത്തുചേരാനുള്ള ഒരിടമായിരുന്നു. കൂട്ടുകാരെ കണ്ടെത്താന്‍, നല്ലൊരു സ്‌നേഹശൃംഖല വളര്‍ത്താന്‍, പുതിയൊരു നാട്ടിലെ ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ പ്രാര്‍ഥനയുടെ ഒരു താങ്ങു കിട്ടാന്‍, ആത്മീയ ജീവിതത്തിന്റെ ഭംഗി വീണ്ടും തിരിച്ചറിയാന്‍.
അങ്ങനെ കൂട്ടായ്മ പതുക്കെ വളര്‍ന്നു. കോഫി ഷോപ്പില്‍ ഒതുങ്ങാത്തത്ര വലുതായപ്പോള്‍ അവര്‍ പള്ളിയിലേക്കു മാറി. ഇടവക ഹാളില്‍ നല്ല കസേരകളുണ്ടായിരുന്നു, പ്രൊജക്ടറുണ്ടായിരുന്നു, എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, പ്രാര്‍ഥിക്കാന്‍ കൂടുതല്‍ സമയവും. കുറച്ചുകാലം കൂടെ കൂട്ടായ്മ വളര്‍ന്നു. പിന്നെ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി.
സാവധാനം എന്തൊക്കെയോ ചോര്‍ന്നുപോയി
കൂട്ടായ്മ പള്ളിയിലേക്കു വന്നപ്പോള്‍ അതു കൂടുതല്‍ ഔപചാരികമായി. സൗഹൃദത്തിന്റെ ഊഷ്മളത എങ്ങനെയോ കുറഞ്ഞു. കോഫി ഷോപ്പില്‍ അതു വളരെ യുവത്വമുള്ളതായിരുന്നു; പള്ളി ഹാളില്‍ എന്തോ ഒരു വ്യത്യാസം.
പിന്നെ കൂടുതല്‍ മാറ്റങ്ങള്‍ വന്നു. പലരും ജോലി അന്വേഷിക്കാന്‍ തുടങ്ങി; ചിലര്‍ ജോലിത്തിരക്കിലായി. ഞാന്‍ അവരുമായി ചര്‍ച്ചയ്ക്ക് കൂടിയത് ആ പള്ളി ഹാളിലായിരുന്നു. 'ഇപ്പോള്‍ ഞങ്ങളെ കണ്ടില്ലേ,' അവരില്‍ ഒരാള്‍ എന്നോടു പറഞ്ഞു. 'മുന്നോട്ടു കൊണ്ടുപോകാന്‍ പാടുപെടുന്ന ഒരു ചെറിയ കൂട്ടം.' എല്ലാം മാറി. ജീവിതങ്ങള്‍ മാറി, സാഹചര്യങ്ങള്‍ മാറി. ആ ആദ്യകാല യാത്ര ഇന്നു സുന്ദരമായ ഒരു ഓര്‍മ മാത്രം. കൂട്ടായ്മ ഇപ്പോഴും ആ കോഫി ഷോപ്പിന്റെ പേരുതന്നെ പേറുന്നു; പക്ഷേ, അതു തീര്‍ത്തും വ്യത്യസ്തമായ ഒരു കൂട്ടമാണ്.
പ്രദക്ഷിണത്തെക്കുറിച്ച് ഒരു ഫോണ്‍ വിളി
കഴിഞ്ഞൊരു ദിവസം ഒരു ഫോണ്‍ വന്നു. സഭയിലെ പ്രദക്ഷിണങ്ങളുടെ അര്‍ഥം എന്താണ്? ഒരു ജീസസ് യൂത്ത് റീജിയണല്‍ പരിപാടി ആസൂത്രണം ചെയ്യുകയാണ്. ഉദ്ഘാടനത്തിനു തൊട്ടുമുന്‍പ് ഒരു പ്രദക്ഷിണം വേണം എന്ന നിര്‍ദേശമുണ്ട്. പക്ഷേ, പ്രദക്ഷിണം യഥാര്‍ഥത്തില്‍ എന്താണ്?
അതു വളരെ മനോഹരമായ ഒരു ചര്‍ച്ചയിലേക്കു നയിച്ചു. പ്രദക്ഷിണങ്ങള്‍ പ്രധാനമാണ്. എന്നും അങ്ങനെയായിരുന്നു. ക്രിസ്തുവിനു മുന്‍പുള്ള കാലത്തുപോലും ഇസ്രായേല്‍ വിശുദ്ധ പേടകവുമായുള്ള തങ്ങളുടെ പ്രദക്ഷിണങ്ങളെ വിലമതിച്ചിരുന്നു; വിജയാവസരങ്ങളിലും പ്രദക്ഷിണങ്ങള്‍ ഉണ്ടായിരുന്നു. സഭയില്‍, ആഘോഷമായ വിശുദ്ധ കുര്‍ബാന പലപ്പോഴും ഒരു പ്രദക്ഷിണത്തോടെയാണ് ആരംഭിക്കുന്നത്. ക്രിസ്തുരാജന്റെ പ്രദക്ഷിണം, ഓശാന ഞായറിലെ പ്രദക്ഷിണം എപ്പോഴുമുണ്ട്. എന്നാല്‍, അവയുടെ അര്‍ഥമെന്ത്?
പ്രദക്ഷിണം ജീവിതം തന്നെയാണ്
പ്രദക്ഷിണം ജീവിതത്തിന്റെ പ്രതിഫലനമാണ്. നാം നിരന്തരം നമ്മുടെ ലൗകിക സാഹചര്യങ്ങളില്‍നിന്നു സ്വര്‍ഗത്തിലേക്ക്, പരിശുദ്ധിയിലേക്ക് യാത്ര ചെയ്യുകയാണ്. ദൈവത്തിലേക്ക്, വിശുദ്ധ സാന്നിധ്യത്തിലേക്ക് നാം ചലിച്ചുകൊണ്ടിരിക്കണം എന്ന് ഓരോ പ്രദക്ഷിണവും ഓര്‍മിപ്പിക്കുന്നു. കുരിശിന്റെ വഴി പ്രാര്‍ഥിക്കുമ്പോഴും നമുക്കിതു മനസ്സിലാകും: നിശ്ചലമായി നില്‍ക്കുന്നതിനു പകരം പ്രാര്‍ഥന തന്നെ ഒരു യാത്രയാകുമ്പോള്‍ അത് എത്ര മനോഹരമാകാം.
എന്റെയുള്ളില്‍ തങ്ങിയ ചിന്തയിതായിരുന്നു: ജീവിതം പ്രദക്ഷിണമാകണം. നാം വഴിയില്‍ തങ്ങി പോകരുത്. എപ്പോഴും ചലിക്കണം, മുന്നോട്ടു പോകണം. യേശു പറഞ്ഞത് ഓര്‍ക്കണം, 'പോകുവിന്‍.'
ഞാന്‍ മുന്നോട്ടാണോ?
അതാണ് ആദ്യത്തെ ചോദ്യം. എന്റെ ജീവിതത്തില്‍, എന്റെ വ്യക്തിപരമായ ആത്മീയതയില്‍, ഞാന്‍ ചലിക്കുന്നുണ്ടോ, അതോ ടുങ്ങിക്കിടക്കുകയാണോ? നിരന്തര മാനസാന്തരം, ജീവിത നവീകരണം വേണ്ടേ? ജീവിതത്തിലും ആത്മീയതയിലും പുതിയ വഴികളും പുത്തനിടങ്ങളും കണ്ടെത്തി, പുതിയ ആളുകളുമായി ബന്ധപ്പെട്ട്, പുതുമയോടെ മുന്നേറണ്ടേ?
ജീസസ് യൂത്തില്‍ ഒരു ശീലമുണ്ട്. ഒരു വെല്ലുവിളി ഉണ്ടായാല്‍ ഒത്തുകൂടും, പ്രാര്‍ഥിക്കും, വിലയിരുത്തും, പരസ്പരം ശ്രവിക്കും. ഈ സിനഡല്‍ പ്രക്രിയയുടെ പിന്നിലെ ചൈതന്യം ലളിതമാണ്: എന്നും ചുറ്റുപാടും മാറ്റങ്ങള്‍ വരും. ആളുകളുടെ ജീവിതം മാറുന്നു; കൂട്ടായ്മകള്‍ അടിമുടി മാറും. ഈ മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നു തിരിച്ചറിയാന്‍ നാം പരിശുദ്ധാ
ത്മാവിന്റെ നിര്‍ദേശം തേടണം. എന്നിട്ട്, പുതു വഴികളില്‍ മുന്നേറണം.
നിരന്തരം വീശുന്ന കാറ്റിനോടുള്ള ഈ തുറവിയാണ് ജീസസ് യൂത്ത് ചൈതന്യത്തെ വളര്‍ത്തുന്നത്. മാറ്റങ്ങളും വെല്ലുവിളികളും, വഴിയില്‍ ''സ്റ്റക്ക്'' ആകാതെ പുതുവഴികള്‍ തേടാന്‍ കര്‍ത്താവ് തരുന്ന പ്രചോദനങ്ങളല്ലേ?
കൂട്ടായ്മയില്‍ മാറാത്തതും മാറേണ്ടതും
നമുക്കു ചുറ്റുമുള്ള ലോകത്തും നമ്മുടെ ജീവിതത്തിലും കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു; ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍ നാം തങ്ങിപ്പോകും. ''ഈ കാലത്തെ വ്യാഖ്യാനിക്കാന്‍'' യേശു വെല്ലുവിളിച്ചപ്പോള്‍ (ലൂക്കാ 12, 56), ചുറ്റുമുള്ള മാറ്റങ്ങളെക്കുറിച്ചു ബോധവാന്മാരാകാനും നവീകരിക്കപ്പെട്ട് ജീവിതം പുതുതായി തുടങ്ങാനുമാണ് അവിടന്ന് ആവശ്യപ്പെട്ടത്. അത് മാത്രമല്ല. ചുറ്റുമുള്ള മാറ്റങ്ങള്‍ വായിച്ചെടുത്ത് മാറിയ കാലത്തിലും ചുറ്റുപാടിലും പ്രസക്തിയോടെ ചുവടുകള്‍ വയ്ക്കാന്‍ അവിടന്നു ശിഷ്യന്മാര്‍ക്കു പരിശുദ്ധാത്മാവിനെയും നല്‍കി. നാം ആത്മാവിന് ചെവിയോര്‍ക്കണം.
തുടക്കം മുതല്‍തന്നെ യേശുവിന്റെ ശിഷ്യന്മാര്‍ക്ക് ഒന്നറിയാമായിരുന്നു, ഒരു കാലത്തിലും ഒരു സ്ഥലത്തിലും കുടുങ്ങിക്കിടക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന്; ഭൂമിയുടെ അതിരുകളോളവും കാലത്തിന്റെ അവസാനത്തോളവും അവര്‍ അയയ്ക്കപ്പെട്ടു. യുഗങ്ങളിലൂടെയും ഭൂഖണ്ഡങ്ങളിലൂടെയുമുള്ള യാത്രയില്‍ സഭ പലതും മാറ്റാന്‍ തയ്യാറായി;
പക്ഷേ, ചിലതു മാറാതിരിക്കാനും അവര്‍ ശ്രദ്ധിച്ചു. ക്രിസ്തീയ
ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാന നല്ലൊരു ഉദാഹരണമാണ്.
നൂറ്റാണ്ടുകളിലൂടെയും സംസ്‌കാരങ്ങളിലൂടെയും അതിന്റെ രൂപവും രീതിയും വളരെയേറെ മാറി; എങ്കിലും അതില്‍ ക്രിസ്തു, ശിഷ്യന്മാര്‍ക്കു കൈമാറിയ ചിലത് സഭ ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചു, ആ ഘടകങ്ങള്‍ മാറാതെ തുടര്‍ന്നു.
എന്റെ ചിന്ത ജീസസ് യൂത്തിനെക്കുറിച്ചായിരുന്നു. പല സ്ഥലങ്ങളിലും മുളച്ചുപൊന്തുന്ന യുവജനങ്ങളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മകളെ നോക്കുമ്പോള്‍, അവര്‍ ചെയ്യുന്നതിലും പ്രാര്‍ഥനാ രീതിയിലും മാറാതെ കുടുങ്ങിപ്പോയാല്‍ അവ പ്രസക്തിയില്ലാതാകുമെന്നത് ഉറപ്പാണ്, ആളുകള്‍
പതുക്കെ വരാതാകും, പല ശ്രമങ്ങള്‍ക്കൊടുവില്‍ കൂട്ടായ്മയും അപ്രത്യക്ഷമാകും. മറുവശത്ത്, മനുഷ്യഹൃദയം തേടുന്ന ചില കാതലായ കാര്യങ്ങളുണ്ട്, ആളുകള്‍ യഥാര്‍ഥത്തില്‍ ഒത്തുകൂടുന്നത് അവയ്ക്കുവേണ്ടി
യാണ്. ദൈവത്തിന്റെ ആനന്ദകരമായ സാന്നിധ്യം, സൗഖ്യത്തിന്റെ സ്പര്‍ശം, കരുതലും പങ്കുവയ്ക്കലുമുള്ള സ്‌നേഹം, ഫലമണിയാനുള്ള മിഷണറി പ്രചോദനം. ഇവ ഒരു കൂട്ടായ്മയില്‍ ഇല്ലാതായാല്‍, ആ ഒത്തുചേരലിന് അര്‍ഥമില്ല. മാറാന്‍ പാടില്ലാത്തത് ഏതെന്നും മാറേണ്ടത് ഏതെന്നും തിരിച്ചറിയുമ്പോഴാണ് ഒരു കൂട്ടായ്മ ജീവനോടെ നിലനില്‍ക്കുന്നത്, ബാക്കിയെല്ലാം മാറ്റാന്‍ തയ്യാറായി, കാതല്‍ ഒരിക്കലും നഷ്ടപ്പെടുത്താതെ ശ്രദ്ധിച്ച് മുന്നേറണം.
എപ്പോഴും പ്രവര്‍ത്തന നിരതനായ പിതാവ്
അതുകൊണ്ടാണ് യേശു പറയുന്നത്: ''എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തന നിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു'' (യോഹ 5, 17). സൃഷ്ടിച്ചുകൊണ്ട്, നവീകരിച്ചുകൊണ്ട്, പുതു വഴികള്‍ തുറന്നുകൊണ്ട്.
ഒരുപക്ഷേ, കോഫി ഷോപ്പിന്റെ പേരുള്ള ആ ചെറിയ കൂട്ടായ്മയുടെ കഥ തളര്‍ച്ചയുടെ കഥയേ അല്ല; അതൊരു ക്ഷണമാണ്. നാം എവിടെ നിന്നുപോയി എന്നു തിരിച്ചറിയാനും, വീണ്ടും പ്രദക്ഷിണത്തില്‍ ചേരാനുമുള്ള ക്ഷണം.
ചോദ്യം ഇതാണ്: എന്റെ ജീവിതത്തിലും ഞാന്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയിലും
ഈ അന്വേഷണവും പുനഃസൃഷ്ടിയും എത്രത്തോളം നടക്കുന്നുണ്ട്?

ഡോ. എഡ്‌വേര്‍ഡ് എടേഴത്ത്
ലേഖകന്‍ ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ തുടക്കക്കാരില്‍ പ്രധാനി. അന്തര്‍ദേശീയ പ്രഭാഷകനും എഴുത്തുകാരനുമാണ്. 2018ല്‍ ഷെവലിയര്‍പട്ടം സ്വീകരിച്ചിട്ടുണ്ട്.



Comments