വാര്‍ത്താവിചാരം | സണ്ണി കോക്കാപ്പിള്ളില്‍ | KAIROS MALAYALAM | MAY 2025


തൊഴിലുകള്‍ ഇല്ലാതാക്കിയ രാഷ്ട്രീയ മണ്ടന്മാര്‍
ദശലക്ഷക്കണക്കിന് യുവാക്കള്‍ ഏതെങ്കിലും ഒരു തൊഴിലിനുവേണ്ടി ഭൂമിയുടെ എവിടേയ്ക്കെങ്കിലും ഓടി രക്ഷപ്പെടുന്ന ഒരു ദേശത്ത് പതിനായിരങ്ങള്‍ക്കു തൊഴില്‍ കൊടുക്കാമെന്ന് പറഞ്ഞ ആളെ ഓടിച്ചു വിട്ട നാടിന്റെ പേരാണ് കേരളം. നിസ്സാര പ്രശ്‌നങ്ങളെ മുന്‍നിറുത്തി നൂറുകണക്കിന് ഫാക്ടറികള്‍ പൂട്ടിച്ച് തൊഴിലാളികളെ തെരുവിലേക്ക് ഇറക്കിവിടുന്ന, താഴ്ന്ന നിലവാരമുള്ള ബുദ്ധിയുമായി ഗീര്‍വാണമടിച്ച് നടക്കുന്ന നേതാക്കന്മാരുടെ നാട്. രാഷ്ട്രീയ മേലാളന്മാര്‍ ഭരിച്ചു മുടിച്ച നാട്. ഭരണ മികവുകൊണ്ട് ആറു ലക്ഷം കോടി രൂപ കടത്തിലാക്കി ഭരണസ്തംഭനത്തിലേക്ക് നീങ്ങുന്ന സ്ഥലം. കടം തിരിച്ചടയ്ക്കാനാവാതെ പാപ്പരായി മാറുമ്പോള്‍ ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് സംസ്ഥാനം ഒന്നാകെ തീറെഴുതി കൊടുക്കാനുള്ള സാധ്യത വിദൂരമല്ല.
കിറ്റെക്‌സിന്റെ സാരഥിയായ സാബു ജേക്കബ് തെലങ്കാനയില്‍ അമ്പതിനായിരം തൊഴിലവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇനിയും സാധ്യതകള്‍ നീണ്ടു കിടക്കുകയാണ്. വിവരംകെട്ടവരുടെ ഈഗോ നാടിന്റെ നാശം എങ്ങനെയാണ് വരുത്തി വയ്ക്കുന്നതെന്ന ഉദാഹരണമാണ് മേല്‍വിവരിച്ചത്. സിംഗപ്പൂരിന് തുല്യമായി വളരേണ്ട ഒരു നാടിനെ ഇന്നത്തെ ഗതികേടില്‍ ആക്കിയവര്‍ക്ക് ഇതിനെ ന്യായീകരിക്കാന്‍ അടിമകള്‍ക്ക് യോജിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ടാകും. വിശാലമായ കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും ഇല്ലാത്തവര്‍ ഭരണ തലങ്ങളില്‍ എത്തിയാല്‍ ഇങ്ങനെയാണ് സംഭവിക്കുന്നത്.
___
നിശ്ശബ്ദരാകുന്ന ക്രൈസ്തവര്‍
സംഘപരിവാര്‍ ശക്തികള്‍ ഭാരതത്തിലെ ക്രൈസ്തവര്‍ക്കെതിരെ ആക്ഷേപങ്ങളും ഭീഷണിയും ഉയര്‍ത്തികൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് കത്തോലിക്ക സഭയാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും ആക്ഷേപമുന്നയിക്കുന്നു. തെറ്റായ കണക്കുകള്‍ അവതരിപ്പിക്കുന്നു. അധമപ്രവൃത്തികളും ജാതി വെറികളും നടമാടിയ ഒരു ജീവിതശൈലിയെ ആര്‍ഷഭാരത സംസ്‌കാരം എന്നു മേനിപറഞ്ഞ് അവതരിപ്പിക്കുന്നു. ഇവരുടെ അക്രമം ഏറ്റുവാങ്ങാന്‍ ക്രൈസ്തവര്‍ ചെയ്ത തെറ്റ് എന്താണ്? രാജ്യം മുഴുവനും വിദ്യാലയങ്ങള്‍ സ്ഥാപിച്ച് എല്ലാ വര്‍ഗക്കാര്‍ക്കും ആധുനിക വിദ്യാഭ്യാസം നല്‍കിയത് അവരുടെ ദൃഷ്ടിയില്‍ തെറ്റാണ്. കുഷ്ഠരോഗം വന്ന് വഴിയിലേക്ക് തള്ളിയവരെ ഒന്നിച്ചുകൂട്ടി, ഒരു കൂരക്കുള്ളിലേക്ക് കൊണ്ടുവന്ന് ചികിത്സയും ഭക്ഷണവും താമസസൗകര്യവും സന്തോഷവും കൊടുത്തത് തെറ്റ്. അനാഥരായി അലഞ്ഞു നടക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിച്ചു അവര്‍ക്ക് ജീവിതമാര്‍ഗം ഉണ്ടാക്കിക്കൊടുത്തത് തെറ്റ്. നിരവധി ഭാഷകള്‍ ഉണ്ടാക്കുകയും പലതിനും വ്യാകരണം ഉണ്ടാക്കുകയും ചെയ്തത് തെറ്റ്. സമൂഹത്തില്‍ നിന്നും അകറ്റിനിറുത്തിയിരുന്ന താഴ്ന്ന ജാതിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് തെറ്റ്. രോഗം ബാധിച്ച് ചികിത്സ കിട്ടാതെ അകാലത്തില്‍ മരിച്ചുപൊയ്‌ക്കൊണ്ടിരുന്ന ജനവിഭാഗത്തെ ആശുപത്രികള്‍ സ്ഥാപിച്ച് രോഗസൗഖ്യം നല്‍കിയത് തെറ്റ്. കൃഷി ചെയ്ത് തോട്ടങ്ങള്‍ സ്ഥാപിച്ചും ഭക്ഷ്യവസ്തുക്കളും തൊഴിലും ഉണ്ടാക്കിയത് തെറ്റ്.ക്രൈസ്തവരേ, ഉണര്‍ന്ന് യഥാര്‍ഥ ചരിത്രം പഠിക്കുക. അന്ധവിശ്വാസങ്ങളും കുടിപ്പകയും നിറഞ്ഞ് തമ്മില്‍തല്ലി ചത്തുകൊണ്ടിരുന്ന നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ ഒന്നിച്ചു ചേര്‍ത്ത് ഇന്ത്യ ആക്കി മാറ്റിയതില്‍ ക്രൈസ്തവര്‍ക്കാണ് ഏറ്റവും വലിയ പങ്കുള്ളത്. ജീവിതത്തില്‍ ലക്ഷ്യവും മൂല്യവും യഥാര്‍ഥ ദൈവികതയും കണ്ടപ്പോള്‍ കുറേപേര്‍ ക്രൈസ്തവരാകുകയും ചെയ്തു. എന്നിട്ടും കേവലം രണ്ട് ശതമാനത്തില്‍ താഴെയാണ് ഭാരതത്തില്‍ ക്രൈസ്തവരുള്ളത്. എന്നാല്‍, ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സുപ്രധാന ഭാഗത്ത് ക്രൈസ്തവര്‍ വിളങ്ങി നില്‍ക്കുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ കൂടുതലും അക്രൈസ്തവരുമാണ്. ആയതിനാല്‍ എതിര്‍ ശക്തികള്‍ ഉറഞ്ഞു തുള്ളുമ്പോള്‍ പ്രത്യുത്തരം നല്‍കി അതിനെ പ്രതിരോധിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ക്രൈസ്തവര്‍ ഉണര്‍ന്നേ പറ്റൂ.
___
ജനങ്ങള്‍ മൂലം ലോകാവസാനം
ജനങ്ങള്‍ മൂലമാണ് ലോകാവസാനം എന്ന് പറയുന്നത് ഒരു അതിശയോക്തിയല്ല. ജനങ്ങളുടെ ആധിക്യമല്ല ഇല്ലായ്മയായിരിക്കും അതിനു കാരണം. ദൈവിക പദ്ധതിയില്‍ നിന്നും എന്നൊക്കെ ജനങ്ങള്‍ അകന്നിട്ടുണ്ടോ അന്നൊക്കെ ആ നാടോ വംശമോ ഇല്ലാതായിട്ടുണ്ട്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അനേകം രാജ്യങ്ങളില്‍ ജനസംഖ്യ കുത്തനെ ഇടിയും. ചില വംശങ്ങള്‍ കുറ്റിയറ്റുപോകും. ആസ്‌ട്രേലിയ, കാനഡ, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇംഗ്ലണ്ട്, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിങ്ങനെ നിരവധി രാജ്യങ്ങള്‍ അടുത്ത ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ജനസംഖ്യ വര്‍ധിക്കാത്തതിനാല്‍ നിരവധി പ്രതിസന്ധികള്‍ നേരിടാന്‍ പോവുകയാണ്. മിക്കതും ക്രിസ്ത്യന്‍ രാജ്യങ്ങളാണുതാനും.
വൈകിയുള്ള വിവാഹം, കുട്ടികളെ പ്രസവിക്കാനും വളര്‍ത്താനുമുള്ള താത്പര്യമില്ലായ്മ, വിവാഹമേ വേണ്ടെന്നുള്ള ചിന്ത, യാത്രയിലും ഭക്ഷണത്തിലും സുഖം കണ്ടെത്തല്‍, വഴിവിട്ട ലൈംഗികത എന്നിവയൊക്കെ പുതു തലമുറയെ ഇന്നത്തെ അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചു. പെറ്റുപെരുകി ഭൂമിയെ കീഴടക്കാനുള്ള ദൈവിക പദ്ധതിയെ അട്ടിമറിച്ചുള്ള മനുഷ്യന്റെ ചെയ്തികളുടെ അനന്തരഫലം സര്‍വനാശത്തിനും കാരണമാകുമെന്ന് മനസ്സിലാക്കണം. തൊഴിലുമില്ല തൊഴിലെടുക്കാന്‍ ആളുമില്ല എന്ന അവസ്ഥയിലേക്കാണ് ഇത് ജനങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത്. ലോകത്തെ നിരവധി രാജ്യങ്ങളില്‍ പ്രൈമറി സ്‌കൂളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നു. തൊഴില്‍ നഷ്ടം മാത്രമല്ല ഇവിടെ സംഭവിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ട ഉടുപ്പുകള്‍, ഭക്ഷണം, മരുന്നുകള്‍, കളിപ്പാട്ടങ്ങള്‍ എന്നുതുടങ്ങി നിരവധി മേഖലകള്‍ തകരുമ്പോള്‍ ഫാക്ടറികള്‍, വിപണന കേന്ദ്രങ്ങള്‍, ആശുപത്രികള്‍, തുടങ്ങി മിക്കവാറും തൊഴില്‍ മേഖലകള്‍ പൂട്ടേണ്ടി വരും. കുട്ടികളാണ് ലോകത്തില്‍ തൊഴില്‍ കൊണ്ടുവരുന്നത്. ഈ മേഖലകളൊക്കെ നിലനില്‍ക്കുന്നത് കുട്ടികളെ കൊണ്ടാണ്.
ഒരു തലമുറയുടെ സുഖാസ്വാദനത്തിനു വേണ്ടി മനുഷ്യകുലത്തിന്റെ ഭാവി ഭീഷണി നേരിടുന്നു. ജനങ്ങള്‍ ഉള്ളിടത്തേക്കാണ് എല്ലാം വരുന്നത്. ജനങ്ങള്‍ കുറഞ്ഞാല്‍ എല്ലാം അവിടെ നിന്നും ഒഴിവാകും. അങ്ങനെ ശൂന്യമാക്കപ്പെടുന്ന അവസ്ഥയുണ്ടാകും. അതായത് ശൂന്യതയിലേക്കുള്ള യാത്രയിലാണ് കുട്ടികളുടെ അഭാവം മനുഷ്യനെ കൊണ്ടു ചെന്നെത്തിക്കുന്നത്. ഈ യാഥാര്‍ഥ്യത്തെ തിരിച്ചറിയാന്‍ മിക്കവര്‍ക്കും കഴിയുന്നില്ല എന്നത് അത്യന്തം ഖേദകരമാണ്.

കെയ്റോസ് മാഗസിൻ അസോസിയേറ്റ് എഡിറ്ററാണ് ശ്രീ സണ്ണി കോക്കാപ്പിള്ളിൽ.



Comments