വാര്‍ത്താവിചാരം | സണ്ണി കോക്കാപ്പിള്ളില്‍ | KAIROS MALAYALAM | FEBRUARY 2025


**‘Mary’ - പുതിയ ഹോളിവുഡ് സിനിമ തരുന്ന സന്ദേശം എന്ത് ?**
രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇറങ്ങിയ പാഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന സിനിമ വമ്പന്‍ ഹിറ്റ് ആവുകയും സകലരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഒരു ആത്മീയ ധ്യാനം പോലെ വിശ്വാസികള്‍ ആ സിനിമയെ ഉള്‍ക്കൊണ്ടു. കാരണം അതിന്റെ കഥ, യാഥാര്‍ഥ്യത്തോട് വളരെയേറെ അടുത്തുനില്‍ക്കുന്നു എന്നതായിരുന്നു. ദൈവവചനവും പാരമ്പര്യവും പകര്‍ന്ന വിശ്വാസ സത്യങ്ങള്‍ അതിന്റെ തനിമയോടെ ചിത്രീകരിക്കുകയും അതുവഴി ആഴമേറിയ ദൈവാനുഭവത്തിലേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോകുന്ന വിധം അതിന്റെ കഥാഘടനയും സംവിധാനവും നടീനടന്മാരുടെ അഭിനയമികവും വേറിട്ട ദൃശ്യാനുഭവം പാഷന്‍ ഓഫ് ക്രൈസ്റ്റ് പ്രദാനം ചെയ്തു.
എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് റിലീസ് ചെയ്ത ഹോളിവുഡ് ചിത്രമായ ‘Mary’ ചരിത്ര യാഥാര്‍ഥ്യങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നതായി കത്തോലിക്കാ മാധ്യമങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. അമലോല്‍ഭവ, നിത്യകന്യക, ദൈവ മാതൃത്വം, സ്വര്‍ഗാരോപിത തുടങ്ങിയ വിശ്വാസ സത്യങ്ങള്‍വഴി പരിശുദ്ധ കന്യകാമറിയത്തിന്റെ അസാധാരണത്വത്തെ നാം കൊണ്ടാടുന്നു. ഈ അസാധാരണത്വമാണ് മാതാവിനെ മറ്റു സൃഷ്ടികളില്‍ നിന്ന് വേറിട്ടതാക്കുന്നത്. എന്നാല്‍ ഇതിനെ ലഘൂകരിച്ച് ഒരു സാധാരണ സ്ത്രീയെന്ന നിലയിലേക്ക് പരിശുദ്ധ കന്യകാമറിയത്തെ ചിത്രീകരിക്കുമ്പോള്‍ മാനുഷികതയിലേക്കുള്ള പരിണാമത്തെ നിത്യസത്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. ഇതുവരെ അറിയാത്ത മറിയത്തിന്റെ ജീവചരിത്രം എന്ന ലേബലില്‍ യാഥാര്‍ഥ്യത്തെയും ഭാവനകളെയും ഇടകലര്‍ത്തി വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. സുവിശേഷങ്ങളിലും പാരമ്പര്യങ്ങളിലും സഭ അംഗീകരിച്ച വെളിപാടുകളിലും വ്യക്തമാകുന്ന പരിശുദ്ധ മറിയത്തെ പറ്റിയുള്ള ധാരണകളെ വികലമാക്കപ്പെടുകയാണ് ഇത്തരം സമീപനങ്ങളില്‍ നിന്നും വെളിവാകുന്നത്. സിനിമയിലെ ചില രംഗങ്ങള്‍ നോക്കുക: യൗസേപ്പിന്റെയും മറിയത്തിന്റേയും പ്രണയാതുരമായ രംഗങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ ഉള്ളതെന്ന് നമുക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം ഇരുവരും വിവാഹത്തിനു മുമ്പുതന്നെ തങ്ങളുടെ ബ്രഹ്‌മചര്യത്തെയും കന്യകാത്വത്തെയും ദൈവത്തിന് സമര്‍പ്പിച്ചവരാണ്. അതുകൊണ്ട് സാധാരണ ദമ്പതികളുടെ അനുഭവങ്ങള്‍ അവര്‍ക്ക് ഉണ്ടായിരിക്കുമെന്ന് വെറുതെ ശഠിക്കരുത്. സാധാരണ മനുഷ്യര്‍ ഇങ്ങനെ ആയതിനാല്‍ അവരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകും എന്നുള്ള ധാരണ വെറും മാനുഷിക ചിന്താഗതിയില്‍ നിന്നും രൂപപ്പെടുന്നവയാണ്.
നസറത്തിലെ ഭവനത്തില്‍ വച്ചാണ് കന്യകാമറിയത്തിന് ഗബ്രിയേല്‍ ദൂതന്റെ മംഗളവാര്‍ത്ത സംഭവിക്കുന്നത്. എന്നാല്‍ സിനിമയില്‍ അത് ദേവാലയത്തില്‍ വച്ച് നടക്കുന്നതായി കാണിക്കുന്നു. മറിയം മൂന്നു വയസ്സു മുതല്‍ യൗസേപ്പുമായുള്ള വിവാഹ നിശ്ചയം വരെ ദേവാലയത്തിലും അതിനുശേഷം നസ്രത്തിലെ ഭവനത്തിലും ആയിരുന്നുവെന്ന് ദൈവമനു ഷ്യന്റെ സ്‌നേഹഗീത എന്ന ഗ്രന്ഥത്തില്‍ വായിക്കാവുന്നതാണ്. അവിടെവച്ചാണ് ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷനായി മംഗളവാര്‍ത്ത നല്‍കുന്നത് (ലൂക്കാ 1, 26-36 ). ദൈവപുത്രനെ ഗര്‍ഭം ധരിക്കാനുള്ള അരുളപ്പാട് സ്വീകരിച്ച മറിയം എളിമപ്പെടുകയാണ് ചെയ്തതെന്ന പരമ്പരാഗത വിശ്വാസത്തെ തള്ളിക്കളയും വിധം സ്വയം പുകഴ്ത്തലുകളിലേക്ക് മറിയം മാറിയെന്ന് സിനിമ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു. മറിയത്തിന്റെ ഗര്‍ഭാവസ്ഥ മനസ്സിലാക്കിയ ഔസേപ്പ് പിതാവ് അസ്വസ്ഥനായെങ്കിലും സിനിമയിലെ പ്പോലെ അക്രമോത്സുകമായ പ്രകടനങ്ങളൊന്നും നടത്തിയതായി സുവിശേഷങ്ങളിലോ പാരമ്പര്യങ്ങളിലോ ഇല്ല. കേവലം വൈകാരിക തീവ്രതയ്ക്കുവേണ്ടി ഇത്തരം ഒരു രംഗം സൃഷ്ടിച്ചതാകാനാണ് സാധ്യത.
പരിശുദ്ധ കന്യകാമറിയത്തിന് പ്രസവാരിഷ്ടതകള്‍ ഉണ്ടായില്ല എന്നതാണ് പാരമ്പര്യ വിശ്വാസം. കാരണം ഗര്‍ഭാരിഷ്ടതകളും പ്രസവവേദനയും പാപത്തിന്റെ ഫലങ്ങളാണ്. ഉത്ഭവപാപത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട കന്യകാമറിയത്തിന് സാധാരണ സ്ത്രീകള്‍ക്കുണ്ടാകുന്ന സകല അനുഭവങ്ങളും ഉണ്ടാകണമെന്ന് വിചാരിക്കുന്നത് ദൈവശാസ്ത്രപരമായി തള്ളിക്കളയേണ്ടതാണ്. പരിശുദ്ധ മറിയത്തിന്റെ അമലോല്‍ഭവം എന്ന വിശ്വാസ സത്യത്തെ തള്ളിക്കളയുന്നതിന് തുല്യമാണത്. മറിയത്തെ വ്യഭിചാര കുറ്റം ആരോപിച്ച് കല്ലെറിയാന്‍ വിധിക്കുന്ന രംഗമൊന്നും സുവിശേഷവുമായി യാതൊരു ബന്ധവുമുള്ളതല്ല. യൗസേപ്പ് മറിയത്തെ, മറ്റുള്ളവരുടെ മുമ്പില്‍ അപമാനിക്കപ്പെടാന്‍ ഇട നല്‍കാതെ രഹസ്യത്തില്‍ ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് മാലാഖയുടെ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ ആ തീരുമാനം മാറ്റുകയാണ് ഉണ്ടായത് (മത്താ 1, 18-24). അതുപോലെ മറിയം സര്‍പ്പത്തിന്റെ തല തകര്‍ത്തുവെന്നു തിരുവചനം പറയുമ്പോള്‍, ഈ സിനിമയില്‍ പിശാചിനെ ഭയപ്പെട്ടു നില്‍ക്കുന്ന മറിയത്തെയാണ് കാണുന്നത്. ചുരുക്കത്തില്‍ മറിയത്തിന്റെ അറിയപ്പെ ടാത്ത രഹസ്യങ്ങള്‍ എന്ന പേരില്‍ ചിലരുടെ ഭാവനയില്‍ വിരിഞ്ഞ ചില കാര്യങ്ങളെ സത്യമാണെന്ന് പറഞ്ഞ് അവതരിപ്പിക്കുമ്പോള്‍ പരിശുദ്ധ മറിയത്തിന്റെയും യൗസേപ്പിതാവിന്റെയും ശ്രേഷ്ഠതയെ വലിച്ചു താഴെ ഇടുകയാണ് ചെയ്യുന്നത്. ദൈവിക വിഷയങ്ങള്‍ മാനുഷിക ദൃഷ്ടിയിലൂടെ നോക്കിക്കാണേണ്ടതല്ല. മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമാണത്. വിശ്വാസ സത്യങ്ങളെ മാനുഷിക ബുദ്ധിയില്‍ വായിക്കുന്നത് ഇടര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടെങ്കില്‍ അത് സമൂഹത്തില്‍ നാശമാണ് വരുത്തി വയ്ക്കുന്നത്. സാങ്കേതിക മികവുകൊണ്ട് അതിനെ അതിജീവിക്കാം എന്ന് ആരും കരുതരുത്.
___
വിശ്വാസ പരിശീലനം ചോദ്യം ചെയ്യപ്പെടുന്നു
വിശ്വാസ പരിശീലന മേഖല ഇന്ന് ചാനലുകളിലും ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി. 12 വര്‍ഷം വിശ്വാസം പരിശീലിച്ചിട്ടും അതിന്റേതായ വ്യക്തതയും അവബോധവും പലര്‍ക്കും ഇല്ലാത്തതായി കാണപ്പെടുന്നതാണ് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നു വരാന്‍ കാരണം. ഷെക്കെയ്‌ന ചാനലില്‍ ജനുവരി രണ്ടാം വാരത്തില്‍ നടന്ന ചര്‍ച്ചയും ഇത്തരം ഒന്നാണ്. പൊതുസമൂഹത്തില്‍ ഈ വിഷയത്തെപ്പറ്റി നിരവധി അഭിപ്രായങ്ങളുണ്ട്. കാലഹരണപ്പെട്ട സിലബസ്, ദൈവവചനം പഠിപ്പിക്കുന്നതിനുള്ള അലംഭാവം, ദൈവാനുഭവത്തിന്റെ പോരായ്മ എന്നൊക്കെ നിരവധി കാരണങ്ങള്‍ പലരും ചൂണ്ടിക്കാണിക്കുന്നു. പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങള്‍ പഠിപ്പിക്കുന്നതിനപ്പുറം സമകാലിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി കൊടുക്കായ്ക മൂലം ലോകത്തിന്റെ യഥാര്‍ഥ അവസ്ഥ കുട്ടികള്‍ മനസ്സിലാക്കാതെ പോവുകയും പലവിധ കെണികളിലും നിരീശ്വര പ്രസ്ഥാനങ്ങളിലും ചെന്നു പെടുകയും ചെയ്യുന്നു.
12 വര്‍ഷത്തെ വിശ്വാസ പരിശീലനത്തിന് ശേഷവും ദൈവത്തെ സ്വന്തമാക്കിയിട്ടില്ലെങ്കില്‍ അതിനുത്തരവാദിത്വം മാതാപിതാക്കള്‍ക്കും മതാധ്യാപകര്‍ക്കും ഉണ്ട്. വിശ്വാസവിരുദ്ധ പ്രസ്ഥാനങ്ങളും പ്രണയക്കെണി കളും ചുറ്റുമുണ്ടെന്ന ബോധ്യം കുട്ടികള്‍ക്ക് നല്‍കണം. ദൈവാനുഭവവും സാക്ഷ്യ ജീവിതവും ഉള്ളവര്‍ കൂടുതലായി വിശ്വാസ പരിശീലന രംഗത്തേക്ക് കടന്നു വരേണ്ടതുണ്ട്. ക്രിസ്തീയത വളര്‍ന്നതും തളര്‍ന്നതും സഭയുടെ ഉപവി പ്രവര്‍ത്തനങ്ങളും പരിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യവും യേശുവിന്റെ അനന്യതയും വിശുദ്ധരുടെ വഴികളും പാഠ്യ വിഷയങ്ങളാകണം.
വിശ്വാസ പരിശീലന മേഖല ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം യോഗ്യതയുള്ള അധ്യാപകരുടെ അഭാവമാണ്. അതുപോലെ വിശ്വാസം പരിശീലിപ്പിക്കപ്പെടാനുള്ള സാധ്യതകളും കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തേക്കാള്‍ കുറച്ചുകൂടി സമയവും പ്രോത്സാഹനവും ഈ മേഖലയ്ക്ക് ഇനിയും നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം.
___
മാര്‍ക്കോ 100 കോടി ക്ലബ്ബില്‍ പക്ഷേ...?
ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ എന്ന സിനിമ 100 കോടി ക്ലബ്ബില്‍ കടന്നു. ഒരു മലയാള സിനിമ ഈ നിലയിലേക്ക് ഉയരുന്നത് അഭിമാനകര മെങ്കിലും അതിയായ അക്രമോത്സുകത സമൂഹത്തില്‍ വരുത്തുന്ന സ്വാധീനത്തിന്റെ അനന്തരഫലത്തെപ്പറ്റി ഉദ്വേഗം ജനിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഇത്രമാത്രം കൂടിയ തരത്തിലുള്ള അക്രമത്തിന് സ്വീകാര്യത ലഭിച്ചത്. ഞെട്ടിപ്പിക്കുന്ന കൊലപാതകരംഗങ്ങള്‍ ആസ്വദി ക്കുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവന്നുവോയെന്ന് സംശയിക്കണം. സ്‌നേഹത്തിനും ബന്ധത്തിനും സാഹോദര്യത്തിനും പ്രാധാന്യം കൊടുക്കുന്ന കഥകള്‍ക്കു പകരം മനുഷ്യമനസ്സുകളില്‍ തിന്മയുടെ വിഷം കുത്തി വയ്ക്കുന്ന ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിക്കുന്നതില്‍ ആശങ്കപ്പെടേ ണ്ടതുണ്ട്. മനുഷ്യഹൃദയങ്ങളെ സ്വാധീനിക്കുന്നതില്‍ സിനിമയ്ക്ക് അതിയായ സ്വാധീനമുള്ളതിനാല്‍ സിനിമയുടെ രൂപഭാവങ്ങളെ ഗൗരവമായ രീതിയില്‍ വീക്ഷിക്കേണ്ടതുണ്ട്.

കെയ്റോസ് മാഗസിൻ അസോസിയേറ്റ് എഡിറ്ററാണ് ശ്രീ സണ്ണി കോക്കാപ്പിള്ളിൽ.



header.all-comments