വാര്‍ത്താവിചാരം I സണ്ണി കോക്കാപ്പിള്ളില്‍ I KAIROS MALAYALAM I OCTOBER 2026


ദൈവവചന വ്യാഖ്യാനത്തിന്റെ
കാലികപ്രസക്തി
ബൈബിള്‍ ദൈവവചനമാണ്, ദൈവനിവേശിതമാണ്. അതില്‍ ഒരക്ഷരം പോലും കൂട്ടിച്ചേര്‍ക്കാനോ ഇല്ലാതാക്കാനോ ആര്‍ക്കും അവകാശമില്ല.''
ബൈബിളിലെ പഴയ നിയമത്തില്‍ ശത്രുക്കളോട് പെരുമാറേണ്ടത് എങ്ങനെയെന്ന്
വിവരിച്ചിരിക്കുന്നത് ഇക്കാലത്ത് നീതിക്ക് നിരക്കുന്നതല്ല. സ്ത്രീകളുടെ അവകാശത്തെപ്പറ്റി എഴുതി വച്ചിരിക്കുന്നത് ഇന്നാരും സ്വീകരിക്കുമെന്നു തോന്നുന്നില്ല. അബ്രഹാം തന്റെ മകനായ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചു. ജപ്താ തന്റെ മകളെ ബലിയര്‍പ്പിച്ചു. ഇന്നതിന് പ്രസക്തിയുണ്ടോ? പഴയനിയമ വ്യവസ്ഥകള്‍ അക്ഷരംപ്രതി പാലിച്ചാല്‍ എന്താകും സ്ഥിതി? എങ്കിലും ദൈവവചനമാണത്.
ഗോത്ര സംസ്‌കാരത്തിന്റെ നീതിശാസ്ത്രത്തെ മനുഷ്യാവകാശ കേന്ദ്രീകൃതമായി ഈശോ ഉയര്‍ത്തി. ഭാര്യയെ ഇഷ്ടമല്ലെങ്കില്‍ ഉപേക്ഷാപത്രം നല്‍കി പറഞ്ഞുവിടാമെന്ന് മോശ കല്‍പിച്ചു. എന്നാല്‍, സ്ത്രീപുരുഷ വിവാഹം മരണംവരെ നിലനില്‍ക്കേണ്ടതാണെന്ന് ഈശോ തിരുത്തിയെഴുതി. ശത്രുവിന് ഇരട്ടി പ്രഹരം കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് പഴയനിയമം അനുശാസിക്കുമ്പോള്‍ ശത്രുവിനോട് ക്ഷമിക്കണമെന്ന് ഈശോ പഠിപ്പിച്ചു. രണ്ടും ദൈവവചനങ്ങളാണ്.
എന്നാല്‍, ഒരു ക്രൈസ്തവന്‍ ബൈബിളിനെ സമീപിക്കുന്നത്
ഒരു കാര്യത്തെപ്പറ്റി ക്രിസ്തു എന്തു പഠിപ്പിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മനുഷ്യന്റെ അവകാശങ്ങള്‍ക്കും
നീതിക്കും വിരുദ്ധമായി ഒന്നുപോലും ക്രൈസ്തവര്‍ ബൈബി
ളില്‍ നിന്ന് സ്വീകരിക്കാറില്ല. പുതിയ നിയമത്തില്‍ പൗലോസ് ശ്ലീഹാ പോലും സ്ത്രീകളുടെ അവകാശത്തിനു പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും സഭ ഇന്ന് ന്യായമായ എല്ലാ അവകാശങ്ങളും നല്‍കുന്ന വിധമാണ് മുന്നോട്ടു നയിക്കുന്നത്. ക്രൈസ്തവേതര മതപണ്ഡിതന്മാര്‍ തങ്ങളുടെ മതഗ്രന്ഥത്തില്‍ എങ്ങനെയാണ് വിവരിക്കപ്പെട്ടിട്ടുള്ളത്, അതുപോലെതന്നെ ഇന്നും ജീവിതത്തില്‍ അനുവര്‍ത്തിക്കണമെന്ന് വാദിക്കുന്നു. മതശാസനങ്ങളില്‍ ഒരു തിരുത്തും വരുത്തി ജീവിതത്തില്‍ പ്രവര്‍ത്തിക്കരുതെന്ന് അവര്‍ പറയുമ്പോള്‍ അവരെ സംബന്ധിച്ച് അത് ശരി തന്നെയാണ്. കാരണം അവര്‍ക്ക് ലഭിച്ച ദൈവിക അരുളപ്പാടുകളെ അവര്‍ അക്ഷരംപ്രതി അനുസരിക്കുന്നു. കാലമുള്ളിടത്തോളം അങ്ങനെ തന്നെ വ്യാഖ്യാനിക്കണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയുമോ? ഇതൊരു ചോദ്യമാണ്. ഇതിനുത്തരം കണ്ടെത്തേണ്ടത് ബൈബിളില്‍ നിന്നു തന്നെയാണ്.
''അവന്‍ അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോള്‍ കല്‍പിച്ചു. നിങ്ങള്‍ ജറുസലേം വിട്ടു പോകരുത്. എന്നില്‍ നിന്ന് നിങ്ങള്‍ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുക. എന്തെന്നാല്‍ യോഹന്നാന്‍ വെള്ളം കൊണ്ട് സ്‌നാനം നല്‍കി. നിങ്ങളാകട്ടെ താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനമേല്‍ക്കും'' (അപ്പ 1, 4-5).
മറ്റൊരു മതഗ്രന്ഥത്തിലും ഇങ്ങനെയൊരു സംഭവം രേഖപ്പെടു
ത്തിയിട്ടില്ല. മനുഷ്യനെയാകെ നവീകരിക്കുന്നതും ബുദ്ധിയെ

പ്രകാശിപ്പിക്കുന്നതും ജ്ഞാനം നല്‍കുന്നതുമായ പരിശുദ്ധാത്മാവിന്റെ നിറവിലാണ് ബൈബിളിനെ ക്രൈസ്തവ പണ്ഡിതര്‍ വ്യാഖ്യാനിക്കുന്നത്. പരിശുദ്ധാത്മാവ് സഭയെ നയിക്കുന്നതു കൊണ്ടും, നവീകരിച്ചു കൊണ്ടിരിക്കുന്നതുകൊണ്ടുമാണ് എല്ലാവിധ മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കുന്നതും നീതിയിലധിഷ്ഠിതമായ മാനവമൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നതും. രണ്ടായിരം വര്‍ഷം മുമ്പുള്ള നീതിയല്ല ഇന്ന് വേണ്ടത്. ദൈവവചനം ആത്മാവിന്റെ നിറവില്‍ രേഖപ്പെടുത്തപ്പെട്ടതിനാല്‍ എല്ലാ കാലത്തും ഉള്‍ക്കൊള്ളാന്‍ തക്കവിധം സഭയിലൂടെ ദൈവാത്മാവ് വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നു.
അതിനാല്‍ സഭയുടെ അനുശാസനങ്ങളില്‍ ഒന്നില്‍ പോലും വിശ്വാസികള്‍ക്ക് ആവലാതിയില്ല. സത്യത്തിലും നീതിയിലും ധാര്‍മികതയിലും തങ്ങളുടെ അവകാശങ്ങളിലോ സ്വാതന്ത്ര്യത്തിലോ സഭ കൈകടത്തുന്നതായി വിശ്വാസികള്‍ക്ക് അനുഭവപ്പെടുന്നില്ല.
ലെവലുകള്‍ മാറ്റുമ്പോള്‍ തകിടംമറിയുന്ന
ജീവിതാവസ്ഥകള്‍
ഇന്ന് കേരളം ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന സംഗതി, താമസിയാതെ വൃദ്ധരുടെ ദേശമായി ഇവിടം മാറുമോ എന്നുള്ളതാണ്. മരണനിരക്കിനെക്കാള്‍ ജനനനിരക്ക് വളരെ കുറയുന്ന ഒരവസ്ഥയില്‍ ജനസംഖ്യ ക്രമേണ ഉയരാതെ നില്‍ക്കുകയും സമൂഹത്തില്‍ വൃദ്ധരുടെ സംഖ്യ വളരെ വര്‍ധിക്കുകയും ചെയ്യും.
വയസ്സ് ചെന്നവര്‍ക്കുള്ള പെന്‍ഷന്‍, പുനരധിവാസം തുടങ്ങിയ പദ്ധതികള്‍ക്ക് കൂടുതല്‍ തുക കണ്ടെത്തേണ്ടിവരും. എന്നാല്‍, ജോലി ചെയ്യുന്നവരുടെ സംഖ്യ ഗണ്യമായി കുറയുകയും ചെയ്യും. കുറഞ്ഞ ആള്‍ക്കാര്‍ കൂടുതല്‍ പേരെ സംരക്ഷിക്കേണ്ട അവസ്ഥ വരുമ്പോള്‍ ആളോഹരി വരുമാനത്തില്‍ പ്രതിസന്ധിയുണ്ടാകും. ഇതിനെ മറികടക്കാന്‍ നിഗൂഢ താത്പര്യങ്ങളോടെ സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ കൈകൊള്ളാം. ഉദാഹരണമായി, പെന്‍ഷന്‍ പറ്റുന്ന പ്രായം ഉയര്‍ത്തി എന്ന് വയ്ക്കുക. അത് 65 വയസ്സ് എന്ന ലെവലിലേക്ക് ഉയര്‍ത്തിയാല്‍ പ്രായം ചെന്നവരുടെ സംഖ്യ ഗണ്യമായി കുറയും. അപ്പോള്‍ വൃദ്ധര്‍ക്ക് അധികം ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടി വരില്ല. റിട്ടയര്‍മെന്റ് നടത്തുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറേ വര്‍ഷത്തേക്ക് നല്‍കേണ്ടതില്ല. ഒരു വെടിക്ക് അനേകം പക്ഷികളെയാണ് കിട്ടുന്നത്. ഒറ്റ തീരുമാനം കൊണ്ട് വൃദ്ധരില്‍ നല്ലൊരു ഭാഗത്തെ മധ്യവയസ്‌കരാക്കി മാറ്റാന്‍ പറ്റുന്നു.
ഇതേ തന്ത്രം ആരോഗ്യരംഗത്ത് നടപ്പില്‍ വരുത്തിയാല്‍ രോഗികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയും. ഉദാഹരണമായി ഒരാളുടെ പ്രമേഹപരിധി 100-126ല്‍ നിന്നും 80-100 ലേക്ക് കുറച്ചാല്‍ കോടിക്കണക്കിന് വ്യക്തികളെ ഒറ്റയടിക്ക് പ്രമേഹ രോഗികളാക്കി മാറ്റാം. അത്രയും പേര്‍ക്ക് ഡോക്ടറുടെ പരിശോധന, ലാബ് പരിശോധന, മരുന്നുകള്‍ തുടങ്ങി തൊഴില്‍, വാണിജ്യ രംഗത്ത് ഉണ്ടാകാവുന്ന മുന്നേറ്റം ചില്ലറയല്ല. കൊളസ്‌ട്രോള്‍ ലെവല്‍ 200ല്‍ നിന്നും 160ലേക്ക് താഴ്ത്തിയാലും ഇതേ ഫലം ലഭിക്കും. 1980 കാലഘട്ടത്തില്‍ ഇത്തരം പരിധികള്‍ക്ക് വ്യത്യാസമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ലെവലുകള്‍ മാറിയപ്പോള്‍ സ്വാഭാവികമായി രോഗികള്‍ എന്ന പേര് വീഴുകയും കച്ചവട സാധ്യതകള്‍ വളരെ വര്‍ധിക്കുകയും ചെയ്യുന്നു.
പരിധികളുടെ മാറ്റം മറിച്ചിലുകള്‍ സമൂഹത്തെ പലവിധത്തില്‍ ബാധിക്കുന്നുണ്ട്. ചില മേഖലകളെ എടുത്തുകാണിച്ചുവെന്ന് മാത്രം. പല മാറ്റങ്ങള്‍ക്കും പിന്നില്‍ പലവിധ അജണ്ടകളുണ്ടാകാം. ജനങ്ങള്‍ക്ക് ഉപകാരമായിത്തീരാം എന്ന് നിശ്ചയിക്കുന്നവയൊക്കെ അങ്ങനെയാകണമെന്നില്ല എന്ന് സാരം.

സണ്ണി കോക്കാപ്പിള്ളില്‍
: കെയ്‌റോസ് മാസികയുടെ അസോസിയേറ്റ് എഡിറ്റര്‍, താമസം കോഴിക്കോട്. ഭാര്യ ജാന്‍സി, രണ്ട് മക്കള്‍.



Comments