ഉന്മേഷമുള്ളവരാകണോ ? | കവര്‍സ്റ്റോറി |മരിയ ഫ്രാൻസിസ്ക | KAIROS MALAYALAM | JUNE 2025


പത്താം ക്ലാസ്സിലെ സയന്‍സ് ടെക്സ്റ്റ് ബുക്ക് പഠിച്ചിട്ടുള്ള എല്ലാവരുടെയും മനസ്സിലുള്ള പേരായിരിക്കും മൈറ്റോകോണ്‍ട്രിയ, എടിപി മോളിക്യൂള്‍സ് എന്നൊക്കെയുള്ളത്. ഇവയുടെ ഉപയോഗം എന്താണ് അഥവാ പ്രാധാന്യം എന്താണ് എന്ന് ഓര്‍മയുണ്ടോ? മൈറ്റോകോണ്‍ട്രിയ പവര്‍ഹൗസ് ഓഫ് സെല്‍ എന്നാണ് അറിയപ്പെടുന്നത്. അങ്ങനെ തന്നെയാണ് താനും. എടിപി മോളിക്യൂള്‍സ് എനര്‍ജി പ്രൊഡ്യൂസ് ചെയ്യാന്‍ സഹായിക്കുന്നവയാണ്. ഇത് ഒരു സയന്‍സ് ക്ലാസ്സ് ആക്കാന്‍ അല്ല ഉദ്ദേശിക്കുന്നത്, പറഞ്ഞുവരുന്നത് എനര്‍ജിയെ പറ്റിയാണ്. ഏറ്റവും ചെറുതായ കോശങ്ങളുടെ ഉള്ളിലാണ് നമുക്ക് ആവശ്യമായ എനര്‍ജി ഉത്പാദിപ്പിക്കപ്പെടുന്നത്. അതായത് ഓരോ കോശത്തിനും അതിന്റെ പ്രാധാന്യവും അത് പുറപ്പെടുവിക്കുന്ന ഊര്‍ജവുമുണ്ട്.
ദാവീദ് രാജാവ് ഇപ്രകാരം പാടുന്നു ''കര്‍ത്താവേ എന്റെ ശക്തിയുടെ ഉറവിടമേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.'' ഒന്നാലോചിച്ചു നോക്കിയേ, ശാരീരികമായി ശക്തി ഉണ്ടായിരിക്കുകയും എന്നാല്‍, നന്മ ചെയ്യാനും മനുഷ്യത്വത്തോടെ കൈകള്‍ വിരിക്കാനും ശക്തിയില്ലാതെ പോകുന്ന അവസ്ഥ. ദൈവമാണ് ഇതിനെല്ലാമുള്ള ശക്തിയുടെ സ്രോതസ്സ് എന്ന് വചനം നമ്മെ ഓര്‍മിപ്പിക്കുന്നു. ദൈവസ്‌നേഹം ഇതിനെല്ലാം എന്നെ പ്രേരിപ്പിക്കുന്നു, നിര്‍ബന്ധിക്കുന്നു എന്ന് കത്തോലിക്കാ സഭയിലെ വിശുദ്ധരെല്ലാം ഒരുപോലെ ഏറ്റു പറഞ്ഞത് അറിയാമല്ലോ? എത്ര ആരോഗ്യത്തോടെയിരുന്നാലും നന്മയല്ല ലക്ഷ്യമെങ്കില്‍, സ്‌നേഹമല്ല നമ്മുടെ പ്രവൃത്തികളുടെ അടിസ്ഥാനമെങ്കില്‍ ഈ ആരോഗ്യവും ശാരീരിക ക്ഷമതയും എത്ര വ്യര്‍ഥമാണ്. ഈയിടെ നമ്മുടെയെല്ലാം മനസ്സിനെ കീഴടക്കിയ ചിത്രമാണ് അവസാനമായി നമ്മുടെ സ്വന്തം ഫ്രാന്‍സിസ് പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്നും ലോകം മുഴുവനെയും ആശീര്‍വദിച്ചത്. ഇവിടെ ശാരീരിക ആരോഗ്യം തോറ്റിടത്ത് ദൈവസ്‌നേഹം പ്രേരിപ്പിക്കുന്ന ഉന്മേഷത്താല്‍ പാപ്പ പ്രവര്‍ത്തനനിരതനാവുകയാണ്. ഇതല്ലേ യഥാര്‍ഥമായ ശക്തിയും ഉന്മേഷവും! പൗലോസ് ശ്ലീഹാ അനര്‍ഥങ്ങളുടെയും രോഗങ്ങളുടെയും പീഡനങ്ങളുടെയും മധ്യത്തിലും ലോകം മുഴുവന്‍ ഓടി നടന്നു ക്രിസ്തുവിനെ പ്രഘോഷിച്ചത് ഈ ഉന്മേഷത്തോടെയല്ലേ!?
അങ്ങനെയെങ്കില്‍ നമ്മുടെ കാര്യം എന്താണ്? എന്റെ ശക്തിയുടെ ഉറവിടം എവിടെയാണ്? എനിക്ക് ഉന്മേഷം നല്‍കുന്നത് കേവലം നശ്വരമോ ഭൗതികമോ ആയ സ്രോതസ്സാണോ?
അതോ അനശ്വരമായ ദൈവസ്‌നേഹമാണോ? ആ ദൈവസ്‌നേഹമല്ലേ നമ്മെ ശക്തിപ്പെടുത്തുന്നത്?
തന്റെ നാമത്തെ പ്രതി നീതിയുടെ പാതയില്‍ അവിടന്ന് നമ്മെ നടത്തുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ ഉടനീളം തന്റെ നാമത്തെപ്രതി പ്രവര്‍ത്തിക്കുന്ന ദൈവത്തെ നാം കണ്ടുമുട്ടുന്നുണ്ട്. 'നിങ്ങള്‍ എന്റെ നാമം വഹിക്കുന്നതുകൊണ്ട്' എന്ന് അവിടന്ന് കൂട്ടിച്ചേര്‍ക്കുന്നു. ദൈവത്തിനുവേണ്ടി ഒരിക്കലെങ്കിലും അവിടത്തെ കൃപയാല്‍ നമ്മള്‍ നിലകൊണ്ടിട്ടുണ്ടെങ്കില്‍, നമ്മുടെ നെറ്റിയില്‍ ക്രിസ്തുവിന്റെ ലേബല്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍, നാം ദൈവത്തിനുള്ളവരാണ്. നമ്മുടെ പ്രവൃത്തികള്‍മൂലം മറ്റുള്ളവര്‍ നമ്മള്‍ ക്രിസ്തുവിന്റേതാണെന്ന് അറിയാന്‍ ദൈവം ഇടയാക്കിയിട്ടുണ്ടെങ്കില്‍ അവിടത്തെ നാമം പേറുന്ന ജനം എന്ന ഒറ്റക്കാരണത്താല്‍ എങ്ങനെ അവിടത്തേക്ക് നമ്മുടെ നേരെ മുഖം മറയ്ക്കാന്‍ സാധിക്കും? നമ്മെ നീതിയുടെ പാതയില്‍ എന്നും കൈപിടിച്ച് നടത്തേണ്ടത് അവിടത്തെ ഉത്തരവാദിത്ത്വം തന്നെയായി മാറുകയല്ലേ? തിന്മയിലേക്ക് വ്യതിചലിക്കാന്‍ ഇടയായാല്‍ അതിന്റെ എല്ലാ പേരുദോഷവും അവിടത്തെ നാമത്തിനാണല്ലോ.
സംഭവം വളരെ എളുപ്പമാണ്. നാം ദൈവത്തിന്റെതാണ് എന്ന് അംഗീകരിക്കുക. നമ്മെത്തന്നെ അവിടത്തെ മുന്നിലേക്ക് ഏല്‍പിക്കുക. ദൈവത്താല്‍ സ്‌നേഹിക്കപ്പെടാനും അവിടത്തെ ഹിതമനുസരിച്ച് നടത്തപ്പെടാനും വിട്ടുകൊടുക്കുക. 'ഇപ്പൊ ശരിയാക്കിത്തരാം' എന്നും പറഞ്ഞ് നമ്മുടെ ജീവിതത്തിന്റെ സ്റ്റിയറിങ്ങ് ഒരിക്കലും സ്വയം ഏറ്റെടുക്കാന്‍ തുനിയരുത്. അങ്ങനെ ഒരു മണ്ടത്തരം കാണിച്ച് കാര്യങ്ങള്‍ എല്ലാം കുളമാക്കാന്‍ മുതിരാതിരിക്കുക. ദൈവത്തിന് എല്ലാം അറിയാമല്ലോ, ദൈവത്തോടു ചേര്‍ന്നുനിന്ന് ആ സ്‌നേഹമനുഭവിച്ച് ദൈവികമായ സമാധാനത്തില്‍ ആയിരിക്കുക. അവിടന്ന് ഉന്മേഷം നല്‍കുകയും നീതിയുടെ പാതയില്‍ നയിക്കുകയും ചെയ്തുകൊള്ളും. നമുക്കും സങ്കീര്‍ത്തകനോടൊപ്പം ഏറ്റുപറയാം: ''അവിടന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു; തന്റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു'' (സങ്കീ 23, 3).

ബിരുദ വിദ്യാർത്ഥിനിയായ മരിയ ഫ്രാൻസിസ്ക , എറണാകുളം സോണൽ ടീൻസ് മിനിസ്ട്രി കോഡിനേറ്റർ ആണ്.



Comments